Asianet News MalayalamAsianet News Malayalam

അടിച്ചാലും ഇടിച്ചാലും എന്ത് ചെയ്‍താലും നോവില്ല, പരിക്കില്ല; ഉരുക്ക് വയറുണ്ടായിരുന്ന മനുഷ്യന്‍...

ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അദ്ദേഹം ഏത് വേദനയെയും താങ്ങുന്ന വയറിനുടമയായിരുന്നു. കൂട്ടുകാരുമായി മദ്യപിച്ചിരിക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ ഈ കഴിവ് ആദ്യമായി മനസ്സിലായത്.

Frank Cannonball Richards, the man who had an 'iron gut'
Author
United States, First Published Jul 19, 2020, 3:26 PM IST

നമ്മൾ ചില സിനിമകളിൽ കാണാറുണ്ട് നായകൻ കൈകൊണ്ട് വെടിയുണ്ട പിടിക്കുന്നതും, ഒറ്റയടിക്ക് പത്തറുപത്ത് പേരെ ഇടിച്ചു വീഴ്ത്തുന്നതും. അതെല്ലാം കണ്ട് നമ്മൾ ചിരിച്ച് തള്ളാറുമുണ്ട്. എന്നാൽ, സത്യത്തിൽ അങ്ങനെയൊക്കെ സാധ്യമാണോ? അതിനെ കുറിച്ച് വ്യക്തമായ അറിവില്ലെങ്കിലും, വർഷങ്ങൾക്ക് മുൻപ് പീരങ്കിയെ പോലും പ്രതിരോധിക്കാൻ ശേഷിയുള്ള ഒരാൾ ജീവിച്ചിരുന്നു. സിനിമയിലല്ല, ജീവിതത്തിൽ! അദ്ദേഹത്തിന്റെ പേര് തന്നെ ഫ്രാങ്ക് കാനോൺബോൾ റിച്ചാർഡ്‍സ് എന്നായിരുന്നു. കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും സംഭവം സത്യമാണ്.

ഏറ്റവും ശക്തമായ വയറുള്ള ഒരാൾ എന്ന പേരിലാണ് അദ്ദേഹം പ്രസിദ്ധനായത്. ശക്തമായ വയർ എന്ന് പറഞ്ഞത്, എന്ത് കഴിച്ചാലും ദഹിക്കുന്ന എന്നർത്ഥത്തിലല്ല. മറിച്ച് എത്ര ശക്തമായ ആഘാതമുണ്ടായാലും അതിനെ താങ്ങാൻ ശേഷിയുള്ള വയർ എന്ന അർത്ഥത്തിലാണ്. ആണുങ്ങൾ അദ്ദേഹത്തിന്റെ വയറ്റിന്റെ പുറത്ത് നിന്ന് ചാടുകയോ, ഒരു തടി അല്ലെങ്കിൽ മറ്റെന്തെങ്കിലുമൊക്കെ ഉപയോഗിച്ച് വയറ്റിൽ ശക്തമായി അടിക്കുകയോ ചെയ്യാറുണ്ട്. സാധാരണ നിലയ്ക്ക് ഒരാൾ മരിക്കാൻ ഇത് ധാരാളമാണ്. എന്നാൽ, അവിടെ അതൊന്നും ഏശിയില്ല. ഒടുവിൽ 47 കിലോ ഭാരമുള്ള പീരങ്കിയുണ്ട വരെ അദ്ദേഹം നേരിട്ടു. റിച്ചാർഡ്‍സിന് ഒരു ബുദ്ധിമുട്ടും തോന്നിയില്ല. അതോടെ അദ്ദേഹത്തിന്റെ കഴിവ് ലോകം അംഗീകരിക്കാൻ തുടങ്ങി.

ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അദ്ദേഹം ഏത് വേദനയെയും താങ്ങുന്ന വയറിനുടമയായിരുന്നു. കൂട്ടുകാരുമായി മദ്യപിച്ചിരിക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ ഈ കഴിവ് ആദ്യമായി മനസ്സിലായത്. വയറ്റിൽ അടിച്ചുകൊണ്ട് തന്നെ വേദനിപ്പിക്കാൻ കഴിയില്ലെന്ന് റിച്ചാർഡ്‍സ് സുഹൃത്തുക്കളെ വെല്ലുവിളിച്ചു. തുടർന്ന്, റിച്ചാർഡ്‌സ് തന്റെ സുഹൃത്തുക്കളോട് വയറ്റിൽ ഇടിക്കാൻ പറഞ്ഞു. ആ ഇടികൾ ഒരു സാധാരണ മനുഷ്യനെ തറയിൽ വീഴ്ത്താൻ പ്രാപ്‍തമായിരുന്നു. എന്നാൽ, അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല. അദ്ദേഹം അപ്പോഴും ചിരിച്ചുകൊണ്ട് തന്നെയിരുന്നു. പിന്നീട് സുഹൃത്തുക്കളോട് പൈപ്പുകളും മരക്കഷ്‍ണങ്ങളും ഉപയോഗിച്ച് തന്റെ മധ്യഭാഗത്തേക്ക് ശക്തമായി അടിക്കാൻ ആവശ്യപ്പെട്ടു. താമസിയാതെ റിച്ചാർഡ്‌സിന്റെ 'ഉരുക്കുവയർ' മതിയായ പ്രാദേശിക പ്രശസ്‍തി നേടാൻ തുടങ്ങി. ഒടുവിൽ വെളിയിൽ ഇറങ്ങുമ്പോൾ ആളുകൾ അദ്ദേഹത്തെ കണ്ട് ഓടിവരാൻ തുടങ്ങി. "ഞങ്ങളും വയറ്റിൽ ഇടിച്ചോട്ടെ" അവർ ചോദിക്കും. ജീവിതകാലത്ത് ആർക്കും റിച്ചാർഡ്‌സിനെ തോൽപ്പിക്കാൻ സാധിച്ചിരുന്നില്ല. ജീവിതത്തിൽ സൂപ്പർ കവചം നേടിയ ചരിത്രത്തിലെ ആദ്യത്തെ മനുഷ്യൻ ഇയാളാണെന്ന് പല വിദഗ്ധരും അനുമാനിക്കുന്നു.  

ഇത്തരത്തിൽ ജീവിതം മുന്നോട് പോയപ്പോൾ, അദ്ദേഹത്തിന് ഒരു ആശയം തോന്നി. എന്നാൽ പിന്നെ ഇത് ഒരു തൊഴിലാക്കിയാലോ? അങ്ങനെ അദ്ദേഹം ഇത്തരം പരിപാടികൾ പല സ്റ്റേജുകളിലും അവതരിപ്പിച്ചു. പൊതുജനങ്ങളെ പഞ്ച് ചെയ്യാൻ അനുവദിച്ചതിനു പുറമേ, ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യനായ ജാക്ക് ഡെംപ്‌സിയെയും റിച്ചാർഡ്‍സ് ക്ഷണിക്കുകയുണ്ടായി. അതും ഒറ്റതവണയല്ല, തുടർച്ചയായി 75 തവണയാണ് ഡെംപ്‌സി റിച്ചാർഡ്‌സിനെ ഇടിച്ചത്. ഡെംപ്‌സി ആ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ ബോക്സർമാരിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ഒരിടിക്ക് ആൾ താഴെ വീഴുമായിരുന്നു. അങ്ങനെയുള്ള 75 ഇടികളാണ് റിച്ചാർഡ്‍സ് യാതൊരു ബുദ്ധിമുട്ടുമില്ലാതെ നേരിട്ടത്.  

ക്രമേണ ആളുകളുടെ താല്‍പര്യം കുറഞ്ഞുതുടങ്ങിയോ എന്ന് ഭയന്ന അദ്ദേഹം കൂടുതൽ വിചിത്രമായ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. വയറ്റിൽ ചാടാനും, ഹാമർ ഉപയോഗിച്ച് അടിക്കാനും, ഒടുവിൽ പ്രത്യേകമായി നിർമ്മിച്ച പീരങ്കി ഉപയോഗിച്ച് തന്നെ വീഴ്ത്താനും അദ്ദേഹം ആളുകളോട് ആവശ്യപ്പെട്ടു. ഓ! ഒറ്റത്തവണയാകും ഇതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. എന്നാൽ അല്ല. രണ്ടു പ്രാവശ്യം അദ്ദേഹം ഈ സാഹസം ചെയ്‌തു. മറ്റെല്ലാ കലാപരിപാടികളും ഒരു പതിറ്റാണ്ടിലേറെ കാലം പിന്തുടർന്നു. എന്നാൽ പതിറ്റാണ്ടുകളുടെ ഈ പ്രകടനത്തിൽ നിന്ന് ഒരിക്കലും ഒരു തരത്തിലുള്ള പരിക്കുകളും അദ്ദേഹം അനുഭവിച്ചിട്ടില്ലെന്ന് മാത്രമല്ല, 81 വയസ്സുവരെ ജീവിക്കുകയും ചെയ്‍തു.  


 

Follow Us:
Download App:
  • android
  • ios