Asianet News MalayalamAsianet News Malayalam

ഇനി വ്യാജമദ്യം വില്‍ക്കേണ്ട, തേനീച്ച വളര്‍ത്തലിലേക്ക് തിരിഞ്ഞ് ബാരാബംകി, പ്രതീക്ഷയോടെ ജനങ്ങള്‍...

ചയൻപുർവായിൽ മാത്രം അനധികൃത മദ്യപാനം മൂലം ഭർത്താവിനെ നഷ്ടപ്പെട്ട 32 വിധവകളുണ്ട്. എന്നാൽ, തന്റെ പുരുഷനെ കൊന്ന ആ തൊഴിൽ തന്നെ തുടർന്നും ചെയ്യാൻ അവർ നിർബന്ധിതരാവുന്നു.

From hooch to honey,  the families in barabanki  to bring in historical change
Author
Barabanki, First Published Nov 4, 2020, 4:40 PM IST

ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 27 കിലോമീറ്റർ അകലെയായിട്ടാണ് ബാരാബംകി ജില്ല സ്ഥിതിചെയ്യുന്നത്. ഒരുകാലത്ത് കറുപ്പ് കൃഷി ചെയ്യുന്നതിന്‍റെ പേരിൽ ലോകമെമ്പാടും കുപ്രസിദ്ധിയാർജ്ജിച്ച സ്ഥലമായിരുന്നു ഇത്. എന്നാൽ, പിന്നീട് കാലാവസ്ഥാവ്യതിയാനവും, കടുത്ത നിയന്ത്രണങ്ങളും വന്നതോടെ ആളുകൾ കറുപ്പ് കൃഷി ഉപേക്ഷിച്ച് അനധികൃത മദ്യക്കച്ചവടത്തിലേക്ക് കടന്നുതുടങ്ങി. എല്ലാക്കാലവും ഒരു തലവേദനയായിരുന്ന അവിടം പക്ഷേ ഇപ്പോൾ പുതിയൊരു മാറ്റത്തിന്‍റെ പാതയിലാണ്. കാലങ്ങളായി അനധികൃത മദ്യക്കച്ചവടം നടത്തി ഉപജീവനം കഴിച്ചിരുന്ന ജനങ്ങൾ ഇപ്പോൾ അത് ഉപേക്ഷിച്ച് തേനീച്ച വളർത്തലിലേക്ക് മാറുകയാണ്. ബാരാബംകിയുടെ ചരിത്രത്തിൽ തന്നെ വലിയൊരു ചുവടുവയ്പ്പാണ് ഇത്.  

ബാരാബംകി ജില്ലയിലെ രാംനഗർ പൊലീസ് സ്റ്റേഷന് സമീപമുള്ള 12 കുഗ്രാമങ്ങളിൽ ഒന്നാണ് ചയൻപുർവാ. നിരവധി കുടുംബങ്ങളെ നശിപ്പിക്കുകയും നിരവധി ജീവിതങ്ങളെ കൊലയ്ക്ക് കൊടുക്കുകയും ചെയ്‍ത വ്യാജവാറ്റിന് പേരുകേട്ട ഇടമാണ് ഇത്. ഇത് ഉണ്ടാക്കുന്നത് സ്ത്രീകളാണ്. ജീവിക്കാൻ മറ്റ് മാർഗ്ഗങ്ങൾ കാണാതെ കഷ്ടപ്പെടുന്ന സ്ത്രീകളുടെ മുന്നിൽ ഇതല്ലാതെ വേറെ വഴികളില്ലായിരുന്നു. പലരും ഗതികേടുകൊണ്ട് അനധികൃതവാറ്റ് നിർമ്മിക്കാൻ നിർബന്ധിതരായവരാണ്. എന്നിരുന്നാലും, ഈ വ്യാജമദ്യം നിരവധി പുരുഷന്മാരുടെ ജീവൻ അപഹരിച്ചു. അക്കൂട്ടത്തിൽ സ്വന്തം ഭർത്താക്കന്മാരും ഉൾപ്പെട്ടു. കാലാകാലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തുകയും കുറ്റകൃത്യത്തിന് സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ 15 വർഷമായി ഇവിടങ്ങളിൽ അനധികൃത മദ്യവ്യാപാരം നടക്കുന്നു. രാത്രിയുടെ ഇരുട്ടിൽ നടക്കുന്ന പൊലീസ് റെയ്‌ഡുകളും, അനധികൃത മദ്യം പിടിച്ചെടുക്കലും, അറസ്റ്റും, ജയിൽവാസവും എല്ലാം ഒരു സ്ഥിരം കാഴ്ചയാണ് ഇവിടെ. അതും കൂടാതെ നിരവധി കൗമാരക്കാരായ ആൺകുട്ടികളാണ് അനധികൃത മദ്യം കഴിച്ച് ഇവിടെ വർഷം തോറും മരണപ്പെടുന്നത്. മറ്റ് ചിലർ നാഡീവ്യവസ്ഥ തകരാറിലായി ആരോഗ്യപ്രശ്‍നങ്ങളിലേക്ക് പോകുന്നു.  

ചയൻപുർവായിൽ മാത്രം അനധികൃത മദ്യപാനം മൂലം ഭർത്താവിനെ നഷ്ടപ്പെട്ട 32 വിധവകളുണ്ട്. എന്നാൽ, തന്റെ പുരുഷനെ കൊന്ന ആ തൊഴിൽ തന്നെ തുടർന്നും ചെയ്യാൻ അവർ നിർബന്ധിതരാവുന്നു. എന്നാൽ, സ്ത്രീകളുടെ ഈ ഗതികേട് മനസ്സിലാക്കിയ ബാരാബംകി പൊലീസ് സൂപ്രണ്ട് അരവിന്ദ് ചതുർവേദി രണ്ടുമാസം മുമ്പ് 'ഓപ്പറേഷൻ റിജുവനേഷൻ' എന്നൊരു സംരംഭം ആരംഭിക്കുകയുണ്ടായി. ഗ്രാമത്തിലെ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉയർച്ചയെ ലക്ഷ്യം വച്ചുള്ളതായിരുന്നു ഇത്. അവരെ ഈ ചെളിക്കുണ്ടിൽ നിന്ന് കൈപിടിച്ച് കയറ്റാൻ അദ്ദേഹവും സംഘവും നൂതനപദ്ധതികൾ അവർക്ക് പരിചയപ്പെടുത്തി. അതിലൊന്നാണ് തേനീച്ച കച്ചവടം. എസ്‍പിയും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും ഗ്രാമവാസികളുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തി തേനീച്ച വളർത്തൽ ഇതര തൊഴിലായി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. തേനീച്ചവളർത്തലിൽ നിന്ന് മാന്യമായ ജീവിതം നയിക്കാമെന്നും തങ്ങൾക്ക് മെച്ചപ്പെട്ട ഭാവി ഉറപ്പാക്കാമെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ ഉദ്യോഗസ്ഥർ നടത്തി. അങ്ങനെ വിഷക്കച്ചവടത്തിൽ നിന്ന് തേൻ കച്ചവടത്തിലേയ്ക്ക് പതുക്കെ സ്ത്രീകൾ തിരിയാൻ തുടങ്ങി. 

From hooch to honey,  the families in barabanki  to bring in historical change

ഇതിന്റെ ഭാഗമായി ചയൻപുർവായിലെ തെരഞ്ഞെടുത്ത ഒരുകൂട്ടം സ്ത്രീകൾക്ക് തേൻ ബോക്സുകൾ വിതരണം ചെയ്‍തുവെന്ന് ചതുർവേദി പറഞ്ഞു. "അവർ തേൻ ഉത്പാദിപ്പിക്കുകയും 5,000-6,000 രൂപ സമ്പാദിക്കുകയും ചെയ്യും, ഇത് അവർ മദ്യക്കച്ചവടത്തിൽ നിന്ന് ഉണ്ടാക്കുന്നതിനേക്കാൾ കൂടുതലാണ്. ഈ മാസം ആരംഭത്തിൽ ഞങ്ങൾ ഇത് ഒരു പൈലറ്റ് പ്രോജക്റ്റായി ആരംഭിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ഞങ്ങൾ ഗ്രാമത്തിലെ എല്ലാ സ്ത്രീകൾക്കും തേൻ ഉൽപാദിപ്പിക്കുന്ന ബോക്സുകൾ വിതരണം ചെയ്യും. ഈ സ്ത്രീകൾക്ക് തേൻ ഉൽപാദന പരിശീലനം ലഖ്‌നൗവിൽ നിന്നുള്ള വിദഗ്ധർ നൽകും. ഇത് സാമൂഹിക പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” അദ്ദേഹം പറഞ്ഞു. അതുകൂടാതെ, സ്ത്രീകൾ ദീപാവലി കണക്കിലെടുത്ത് തേനീച്ചമെഴുക് ഉപയോഗിച്ച് ചിരാതുകളും തയ്യാറാക്കുന്നു. ഒരു വിളക്കിന്റെ വില 5.50 രൂപയും നൂറു വിളക്കുകളുടെ വില 550 രൂപയുമാണ്. കൂടാതെ, വെള്ളത്തിൽ കിടക്കുന്ന ഫ്ലോട്ടിംഗ് ലാമ്പുകളും സ്ത്രീകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഒരു വിളക്കിന് പത്ത് രൂപയാണ്. ഇത് പ്രചരിപ്പിക്കുന്നതിനും അവ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനുമായി, ബാരാബംകി ജില്ലാ ഭരണകൂടവും പൊലീസ് ഭരണകൂടവും സംയുക്തമായി പ്രസിദ്ധീകരിച്ച ലഘുലേഖകൾ ജനങ്ങൾക്ക് അയച്ചുകൊടുക്കുന്നു. 

From hooch to honey,  the families in barabanki  to bring in historical change

ചയൻപുർവാ ഗ്രാമത്തിന്റെ നല്ല മാറ്റങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ചതുർ‌വേദി തന്റെ സംരംഭം കൂടുതൽ വിപുലീകരിക്കാൻ തീരുമാനിക്കുകയാണ്. തേനീച്ചവളർത്തൽ പരിശീലനം നേടിയ നിമിത് സിങ്ങിനോട് ജില്ലയിലെ 23 പൊലീസ് സ്റ്റേഷനുകളിൽ സർവേ നടത്തിയശേഷം പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് അദ്ദേഹം. 18 പൊലീസ് സ്റ്റേഷനുകളിലായി തേനീച്ചവളർത്തലിന് മതിയായ സ്ഥലം അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. തേൻ ഉപയോഗിച്ച് മദ്യത്തിന്റെ വിഷം നിർവീര്യമാക്കാൻ ബാരാബംകിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കുറ്റകൃത്യരഹിതമായ ജീവിതം നയിക്കാനും ദുഷിച്ച ബിസിനസ്സിൽ നിന്ന് പുറത്തുവരാനും സ്ത്രീകളെ സഹായിക്കാൻ തന്നാലാവുന്നത് ചെയ്യാൻ ഇറങ്ങിത്തിരിച്ച ഈ ഉദ്യോഗസ്ഥർക്ക് കൊടുക്കണം ഒരു സല്യൂട്ട്. 

Follow Us:
Download App:
  • android
  • ios