ഗാന്ധിജി ഒരിക്കലും ഒരു സംഗീതാരാധകനായിരുന്നില്ല. എന്നിരുന്നാലും, ദിലീപ് റോയുടെയും, എം എസ് സുബ്ബലക്ഷ്മിയുടെയും ശബ്ദത്തെ അദ്ദേഹം വളരെ സ്നേഹിച്ചിരുന്നു. അദ്ദേഹത്തെ ആകർഷിച്ചിരുന്നത് ഭജനകളിലെ ഈണങ്ങളായിരുന്നില്ല, മറിച്ച് അതിൻ്റെ അർത്ഥപുഷ്ടിയും, വരികളുമാണ്. സമ്മേളനങ്ങളിൽ അദ്ദേഹം ഇതേക്കുറിച്ച് വിശദമായി സംസാരിക്കുമായിരുന്നു. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ മദ്ധ്യകാല ഭജനകളെ ആകർഷണീയമാക്കുന്നത് അതിൻ്റെ സന്ദേശത്തിലെ ലാളിത്യവും, ഭാഷാപരമായ ആവിഷ്കാകാരവുമാണ്. തുക്കാറാമിലെ മറാത്തി ഭജനകൾ അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടതായിരുന്നു. ആ ഭജനകളിൽ നിലനിന്നിരുന്ന ശുദ്ധവും അചഞ്ചലവുമായ ഭക്തിഭാവത്തെ അദ്ദേഹം പ്രകീർത്തിച്ചിരുന്നു. ഭജനകള്‍ തെരഞ്ഞെടുക്കുന്നതിൽ വിഭാഗീയതയൊന്നും ഗാന്ധിജിക്കുണ്ടായിരുന്നില്ല. അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിൽ പ്രാർത്ഥന ഒരിക്കലും ഒരു സമുദായത്തിൽ മാത്രം ഒതുങ്ങി നില്കുന്നതായിരുന്നില്ല. 

സാമുദായിക അക്രമത്തിനെതിരെ പോരാടുകയും, പഞ്ചാബിലെയും ബംഗാളിലെയും വിഭജനത്തിൻ്റെ തീ അണയ്ക്കാൻ ശ്രമിക്കുകയും ചെയ്ത ഗാന്ധിജിക്ക് പക്ഷേ, 1946 ഉം 1947 ഉം കഷ്ടത നിറഞ്ഞതായിരുന്നു. ആ വർഷങ്ങളിൽ അദ്ദേഹം സ്വയം ആശ്വസിക്കാനും, ശ്രോതാക്കളുമായി ശുദ്ധമായ ഭക്തിയുടെ ആശയവിനിമയം നടത്താനുമായി സംഗീതത്തെ  ഉപയോഗിച്ചിരുന്നു. അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്കും, അജ്ഞതയിൽ നിന്ന് സത്യത്തിലേക്കും ജനങ്ങളെ നയിക്കാനായി അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട രാംദുൻ എന്നറിയപ്പെടുന്ന 'രഘുപതി രാഘവ' എന്ന ഭജന പ്രസംഗ വേദികളിൽ അദ്ദേഹം പാടി. കൂട്ടായ ജനങ്ങളുടെ ഇച്ഛയ്ക്കനുസരിച്ചുള്ള ഒരു മാതൃകാപരമായ രാജ്യം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലേക്ക് നയിക്കാനായി അദ്ദേഹം തൻ്റെ ഭജനയെ ഉപയോഗപ്പെടുത്തി. അവരോടൊപ്പം ഗാന്ധിജിയും തൻ്റെ  സ്വപ്നങ്ങളുടെ രാമരാജ്യത്തിലേക്കുള്ള ഒരു കവാടമായി ഭജനയെ കണ്ടു. 

തൻ്റെ അനുയായികളെല്ലാം പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു, കാരണം ഇത് അവരുടെ ശത്രുതയുടെയും മുൻവിധിയുടെയും ഇല്ലാതാക്കി ഹൃദയത്തെ ശുദ്ധീകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. ഈ വ്യക്തിപരമായ ശ്രമങ്ങൾ ബംഗാളിലെ നൊഖാലിയിലെ സാമുദായിക തീപിടുത്തങ്ങളെ ശമിപ്പിക്കുകയും, ചില പ്രമേയങ്ങൾ കൊണ്ടുവരികയും ചെയ്തു. എന്നിരുന്നാലും, ഒരു ബഹു-വിശ്വാസ പ്രാർത്ഥന എന്ന നിലയിൽ ഇത് ആളുകൾക്ക് എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. 1947 -ൽ ഗാന്ധിയുടെ പ്രാർത്ഥനാ യോഗങ്ങൾ ഗൗരവമേറിയതും വിയോജിപ്പുള്ളതുമായതായിത്തീർന്നു. മുസ്ലീം വിശ്വാസപ്രകടനമായ 'കലിമ'യെ തൻ്റെ പ്രഭാഷണത്തിലുള്‍പ്പെടുത്തിയതും, അതുപോലെതന്നെ വിവിധ സമുദായങ്ങൾ അടങ്ങുന്ന ജനക്കൂട്ടത്തിനിടയില്‍ 'രാംദുൻ' ആലപിക്കുന്നതും പലരുടെയും പ്രതിഷേധത്തിന് ഇടയാക്കി. 

ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗം അദ്ദേഹത്തിന് ഒട്ടും സ്വീകാര്യമായിരുന്നില്ല. അക്രമവും, സാമുദായിക വിദ്വേഷവും, ഭൂരിപക്ഷ പ്രവണതകളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതേവർഷം ഓഗസ്റ്റിൽ, അക്രമത്തിൻ്റെയും വിയോജിപ്പിൻ്റെയും വിനാശകരമായ രംഗങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചപ്പോൾ അദ്ദേഹം ഹിന്ദു ഭൂരിപക്ഷ പ്രവണതകളെ പരസ്യമായി വിമർശിക്കുകയുണ്ടായി. 1947 ഓഗസ്റ്റ് 19 -ന്, ഹിന്ദു ഭൂരിപക്ഷത്തിന് കീഴ്‌പെടുകയല്ലാതെ മുസ്ലീങ്ങൾക്ക് മറ്റൊരു മാർഗ്ഗമില്ലെന്നും, പ്രാർത്ഥന നടത്തുമ്പോൾ പള്ളികൾക്ക് മുന്നിൽ മുഴങ്ങുന്ന സംഗീതം നിശബ്ദമായി സഹിക്കേണ്ടി വരുമെന്നും തൻ്റെ ഒരു മുസ്ലീം സുഹൃത്ത് പറഞ്ഞതിൽ അദ്ദേഹം ദുഃഖം പ്രകടിപ്പിക്കുകയുണ്ടായി. പാക്കിസ്ഥാനിലായാലും, ഹിന്ദുസ്ഥാനിലായാലും ഓരോ ഭൂരിപക്ഷവും എന്താണോ ശരിയായത്, മാനുഷികമായത് അത് ചെയ്യുമെന്ന് ഗാന്ധി പ്രതീക്ഷിച്ചിരുന്നു. 

അഹിംസയെക്കുറിച്ചും, പൊതുജന പങ്കാളിത്തത്തെ കുറിച്ചും ആശയവിനിമയം നടത്താൻ ഗാന്ധിജി പൊതു പ്രാർത്ഥനാ യോഗങ്ങൾ തെരഞ്ഞെടുത്തു. പ്രതിഷേധത്തിനിടയിലെ പ്രാർത്ഥനയും, പ്രതിഷേധത്തിൻ്റെയും, വിയോജിപ്പിൻ്റെയും അഹിംസാത്മക പ്രകടനവും അദ്ദേഹത്തിൻ്റെ  പ്രാർത്ഥന പ്രസംഗങ്ങളിൽ വിഷയമായി. 1947 ഒക്ടോബർ 30 -ന്, പ്രാർത്ഥന തുടരാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ഒരാളുടെ പെരുമാറ്റത്തിൽ ഗാന്ധിജി അസ്വസ്ഥനാവുകയും, യോഗം ചേരുന്നതിൽ വിമുഖത പ്രകടിപ്പിക്കുകയും ചെയ്തു. ആ വ്യക്തിയുടെ പെരുമാറ്റം അദ്ദേഹത്തെ വേദനിപ്പിച്ചു. പക്ഷേ, ഇത്തരം വിമർശനങ്ങളുടെ പേരിൽ ഖുർആൻ വായന ഉപേക്ഷിക്കാനോ, തൻ്റെ പ്രിയപ്പെട്ട ഭജനയായ രാംദുൻ ആലപിക്കുന്നത് നിർത്താനോ അദ്ദേഹം തയ്യാറായില്ല. 

ചർച്ച പെട്ടെന്നു അവസാനിപ്പിച്ച അദ്ദേഹം, ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കാനും, എതിർപ്പുകൾ വ്യക്തമായി പ്രകടിപ്പിക്കാനും അവിടെയുണ്ടായിരുന്നവരോട് ആവശ്യപ്പെട്ടു. പ്രാർഥനായോഗങ്ങളിൽ തുടരാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, ഏത് സാഹചര്യത്തിലും അക്രമത്തിന് വഴിപ്പെടരുതെന്ന് ഉറപ്പ് നൽകാൻ ഗാന്ധിജി അവരോടു ആവശ്യപ്പെട്ടു. ഇന്ത്യയുടെ സാമൂഹിക ഐക്യത്തിനും, സമാധാനത്തിനും തടസ്സമായി നിന്ന പ്രതിബന്ധങ്ങളെക്കുറിച്ച് അദ്ദേഹം അതീവ ദുഃഖിതനായിരുന്നു.  

അദ്ദേഹത്തിൻ്റെ പ്രാർത്ഥനാ യോഗങ്ങളിൽ ആലപിച്ച ഗാനങ്ങളിലെ ഇന്ത്യ വെറുമൊരു സ്വപ്നമായിത്തീരുകയും, അദ്ദേഹം നേരിൽ കണ്ട ഇന്ത്യ തീർത്തും വ്യത്യസ്‍തമാവുകയുമാണ് ഉണ്ടായത്. 1947 ഒക്ടോബർ 31 -ന്, തൻ്റെ വീക്ഷണത്തിൽ, രണ്ടോ മൂന്നോ എതിരാളികൾക്കുവേണ്ടി തന്നോടൊപ്പം പ്രാർത്ഥിക്കാനും തന്നെ കേൾക്കാനുമായി ഒത്തുകൂടിയ 300 പേരെ നിരാശരാക്കിയത് ഒരു തരത്തിലുള്ള അക്രമമാണെന്ന് അദ്ദേഹം പറഞ്ഞു.  

“ഇവിടെയോ, പുറത്തോ പ്രതിഷേധിക്കുന്നവരോട് ആരും ദേഷ്യപ്പെടരുത്. അവരോട് ഒന്നും എതിർത്ത്  പറയരുത്. നിങ്ങൾക്കിത് സമ്മതമാണെങ്കിൽ ഞാൻ പ്രാർത്ഥനയും ഖുർആൻ പാരായണവും തുടരാം. നിങ്ങൾ ഭൂരിപക്ഷമായതിനാൽ, പ്രതിഷേധിക്കുന്ന ആളുകളെ നിങ്ങൾക്ക് അവഗണിക്കാമെന്ന് കരുതരുത്. നിങ്ങൾക്ക് അവഗണിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾ അക്രമത്തിൻ്റെ പാത പിന്തുടരുകയാണ്. ന്യൂനപക്ഷത്തിലുള്ള ആളുകളെക്കുറിച്ച് നമ്മൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണം” അദ്ദേഹം പറഞ്ഞു. 

ദിലീപ് റോയ് നടത്തിയ പ്രഭാത ഭജനിൻ്റെ ശാന്തത അദ്ദേഹം ഉൾക്കൊണ്ടു. ‘അദ്ദേഹത്തിൻ്റെ സ്വരമാധുരമായ ശബ്ദവും ആലാപന ശൈലിയും എന്നെ സന്തോഷിപ്പിച്ചു. പ്രകടിപ്പിച്ച വികാരം അസാധാരണമല്ല. പക്ഷേ, അത് അവതരിപ്പിച്ച രീതിയെ നമ്മൾ കല എന്ന് വിളിക്കുന്നു’ അദ്ദേഹം പറഞ്ഞു. ഗാന്ധിയെ സംബന്ധിച്ചിടത്തോളം, ഉയർന്ന ഒരു ജീവിതത്തെക്കുറിച്ചുള്ളതായിരുന്നു കല. അത്‌ അഹിംസയുടെയും സർഗ്ഗാത്മകതയുടെയും ഒരു കൂടിച്ചേരലാണ്‌. ഖുർആൻ പോലുള്ള ഗ്രന്ഥങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ആഴത്തിൽ പരിശോധിക്കുന്നതിനും സമഗ്രമായ വായനയുടെയും ആഴത്തിലുള്ള ശ്രവണത്തിൻ്റെയും നേട്ടങ്ങൾ ആശയവിനിമയം നടത്തുന്നതിനുള്ള ഏറ്റവും നല്ല അവസരമായിരുന്നു പ്രാർത്ഥനാ യോഗങ്ങൾ... ഖുർആൻ വായിക്കുന്നതിലൂടെ താൻ ഹിന്ദുമതവുമായി കൂടുതൽ അടുപ്പത്തിലാണെന്നും, ആളുകൾ അദ്ദേഹത്തെ ശ്രദ്ധിക്കാൻ തയ്യാറല്ലെങ്കിൽ അവർക്ക് പോകാൻ സ്വാതന്ത്ര്യമുണ്ടെന്നും, 1947 നവംബർ 2 -ന് അദ്ദേഹം പറഞ്ഞു.

“ഞാൻ മഹാത്മാവായതിനാലോ, ഞാൻ രാജ്യത്തിന് സേവനം ചെയ്തതിനാലോ അവർ എന്നെ കാണാൻ ആഗ്രഹിക്കുന്നതിനാലോ അവർ ഇത് സഹിക്കേണ്ട കാര്യമില്ല. അതുകൊണ്ടാണ് നിങ്ങൾ പ്രാർത്ഥന നടത്താൻ ആഗ്രഹിക്കുന്നുവോ എന്ന് ഞാൻ ചോദിക്കുന്നത്.” അതിനെ പ്രോത്സാഹിപ്പിക്കുന്ന ഏക യുക്തി സത്യത്തിൻ്റെയും അഹിംസയുടെയും തത്വങ്ങളിലുള്ള വിശ്വാസമായിരുന്നു.

(കടപ്പാട്: Singing Gandhi's India: Music And Sonic Nationalism, Lakshmi Subramanian)