Asianet News MalayalamAsianet News Malayalam

അഞ്ചു തവണ എംപിയായ സ്വന്തം തട്ടകത്തില്‍ എന്‍ ഡി എ കണ്‍വീനര്‍ എട്ടുനിലയില്‍ പൊട്ടിയതിന്റെ യഥാര്‍ത്ഥ കാരണം!

അപൂര്‍ണ്ണമായ, ഒരു ജോര്‍ജ് ഫെര്‍ണാണ്ടസ് അഭിമുഖ അനുഭവം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ എസ് സുരേഷ് കുമാര്‍ എഴുതുന്നു

George Fernandes interview experience by AS Suresh Kumar
Author
New Delhi, First Published Jan 29, 2019, 12:54 PM IST

ചോദ്യകര്‍ത്താവിനു നേരെ ഏതാനും നിമിഷം ഫെര്‍ണാണ്ടസ് നോക്കിയിരുന്നു. ഓര്‍മ പാളുന്ന മനസും വഴങ്ങാത്ത നാവും കൂട്ടിച്ചേര്‍ത്ത് മറുപടി പറയുമ്പോള്‍ ഒന്നു വിതുമ്പി. 'അവര്‍ എന്നെ കറിവേപ്പില പോലെ കളഞ്ഞു... പക്ഷേ, ഞാന്‍ ജയിക്കും.. എനിക്കു ജയിക്കണം...' പത്രക്കാരന് ചോദ്യം ചോദിക്കാന്‍ കണ്ണടച്ചു കൊടുത്ത വിശ്വസ്തന്, സംഗതി പാളിയോ എന്ന് അത്രയുമായപ്പോഴേക്ക് സംശയമായി. 'ഇല്ല.. ഇതുമതി.. സാറിനു വയ്യ' എന്നു വിലക്കി വണ്ടിയുടെ ഡോര്‍ ബലമായി അടക്കാന്‍ അയാള്‍ തുടങ്ങുമ്പോള്‍ പക്ഷേ, ഫെര്‍ണാണ്ടസ് വീണ്ടും സംസാരിക്കാന്‍ വാക്കും വരിയും തേടുകയായിരുന്നു.

George Fernandes interview experience by AS Suresh Kumar

ജോര്‍ജ് ഫെര്‍ണാണ്ടസ് ആരാണെന്ന് പത്രക്കാരോട് പറയേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ വേഷപ്പകര്‍ച്ചകളും കയറ്റിറക്കങ്ങളും അടുത്തു കണ്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ 'ദി ഹിന്ദു'വിലെ ജോര്‍ജ് ജേക്കബിനൊപ്പം പ്രസംഗം റിപ്പോര്‍ട്ടു ചെയ്യാന്‍ പോയപ്പോള്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് വി.പി സിങ് നയിക്കുന്ന മുന്നണിയുടെയും ജനതാദളിന്റെയും നേതാവായിരുന്നു. എറണാകുളത്ത് സമതാപാര്‍ട്ടി നേതാവായി എത്തിയ ഫെര്‍ണാണ്ടസിനെയാണ് മലയാള മനോരമയിലെ മാര്‍ക്കോസ് ഏബ്രഹാമും മംഗളത്തിലെ ചന്ദ്രഹാസനുമൊക്കെയൊപ്പം കേട്ടെഴുതിയത്. വീണ്ടുമൊരിക്കല്‍ കൊച്ചിയില്‍ മാതൃഭൂമിയിലെ ടി. അരുണ്‍കുമാര്‍ അടക്കമുള്ള പത്രസംഘത്തിനൊപ്പം പോയത് പ്രതിരോധമന്ത്രിയായ ഫെര്‍ണാണ്ടസിന്റെ ഔദ്യോഗിക പരിപാടിക്കാണ്. ഡല്‍ഹിയില്‍ എത്തുമ്പോഴേക്ക് ബി.ജെ.പി മന്ത്രിസഭയെ മുന്നോട്ടു നയിക്കുന്ന പ്രധാന നേതാവും എന്‍.ഡി.എ കണ്‍വീനറുമായി നില്‍ക്കുന്ന ഫെര്‍ണാണ്ടസ് എന്ന വടവൃക്ഷത്തെയാണ് കണ്ടത്. ലാളിത്യം പ്രകടമാക്കി പാര്‍ലമെന്റിലേക്ക് പഴയ പ്രീമിയര്‍ പത്മിനി കാര്‍ സ്വയം ഓടിച്ചത്തെുന്ന പതിവ് നിര്‍ത്തിയിരുന്നു.

'തീപ്പൊരി തൊഴിലാളി നേതാവ'്, 'സോഷ്യലിസ്റ്റ് സിംഹം' എന്നിങ്ങനെ നീളുന്ന പല വിശേഷണങ്ങള്‍ പല തലമുറക്കാരായ പത്രക്കാരെക്കൊണ്ട് പേരിനൊപ്പം കാലാകാലങ്ങളില്‍ മാറ്റിയെഴുതിപ്പിച്ചാണ് ജോര്‍ജ് ഫെര്‍ണാണ്ടസ് വൈദിക സെമിനാരി വിട്ട്, ട്രേഡ് യൂനിയന്‍ കളിച്ച്, അധികാര രാഷ്ട്രീയവും കടന്ന് 84 ലെത്തിയത്. ഇത്തവണ പക്ഷേ, ലോക്‌സഭാ തെരഞ്ഞെടുപ്പു ചിത്രത്തില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് എവിടെയുമില്ല. ഭാര്യ ലൈലാ കബീറിന്റെ വീട്ടിലാണ്. അക്കാര്യം അദ്ദേഹത്തിനു തന്നെ അറിയില്ല. 

അല്‍ഷൈമേഴ്‌സും പാര്‍ക്കിന്‍സണ്‍സും ഒരു മനുഷ്യനെ ഒന്നിച്ചു പിടികൂടിയാല്‍? അതിന്റെ തുടര്‍ച്ചയായി എത്തിയ അവകാശത്തര്‍ക്കങ്ങളിലൂടെയാണ് 25 വര്‍ഷത്തെ ഇടവേളക്കു ശേഷം ഫെര്‍ണാണ്ടസിന്റെ ജീവിതത്തിലേക്ക് ഭാര്യ ലൈല തിരിച്ചെത്തിയത്. സന്തത സഹചാരിയായി ഫെര്‍ണാണ്ടസിനെയും ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും സ്ഥാവര-ജംഗമ സ്വത്തുക്കളെയും നോക്കിനടത്തിയിരുന്ന ജയാ ജയ്റ്റ്‌ലി ഔട്ട്. മംഗലാപുരത്തു നിന്ന് എത്തിയ സഹോദരങ്ങളും പരിശ്രമിച്ചു തോറ്റു. കോടതി പറഞ്ഞ വ്യവസ്ഥകള്‍ക്ക് വിധേയമായി വല്ലപ്പോഴും ഫെര്‍ണാണ്ടസിനെ ചെന്നുകണ്ട് മടങ്ങാം. ചുറ്റുവട്ടത്തെ തര്‍ക്ക-വ്യവഹാരങ്ങളൊന്നും ഇന്ന് ഫെര്‍ണാണ്ടസിനെ ബാധിക്കുന്ന കാര്യമല്ല. ദേശീയ രാഷ്ട്രീയ ഗതി തന്നെ ഒരു കാലത്ത് നിയന്ത്രിച്ച മനുഷ്യന്‍ ഒന്നുമറിയാതെ, ജീവച്ഛവമായി, വെറുതെ കണ്ണുമിഴിച്ചിരിക്കുന്നു.

അഞ്ചു വര്‍ഷം മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ ഫെര്‍ണാണ്ടസ് ഇങ്ങനെയായിരുന്നില്ല. രോഗങ്ങളുടെ പിടിയിലേക്ക് പൂര്‍ണമായും വഴുതിയിട്ടില്ല. അതിന്റെ തുടക്കം പിന്നിട്ടു കഴിഞ്ഞിട്ടും രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹത്തിന് മനസില്ലായിരുന്നു. അതുകൊണ്ടാണ് ബിഹാറിലെ സ്വന്തം തട്ടകമായ മുസഫര്‍പൂരില്‍ വീണ്ടും മത്സരിക്കണമെന്ന് വാശി പിടിച്ചത്. അടിയന്തരാവസ്ഥയില്‍ തടവില്‍ കിടന്നത് തെരഞ്ഞെടുപ്പില്‍ പുതിയ ഊര്‍ജമാക്കി 1977ലും, പിന്നീടൊരു നാലു പ്രാവശ്യവും ഫെര്‍ണാണ്ടസ് മത്സരിച്ചു ജയിച്ച സ്ഥലമാണ് മുസഫര്‍പൂര്‍. ജനതാദള്‍-യുവില്‍ സര്‍വപ്രതാപിയായി മാറിക്കഴിഞ്ഞ നിതീഷ്‌കുമാറിനു പക്ഷേ, ഫെര്‍ണാണ്ടസിന് വീണ്ടും ടിക്കറ്റു കൊടുക്കാന്‍ മനസ്സില്ലായിരുന്നു. എന്‍.ഡി.എ കണ്‍വീനര്‍ക്കു വേണ്ടി ബി.ജെ.പിയും സമ്മര്‍ദം ചെലുത്തി നോക്കിയതാണ്. ക്യാപ്ടന്‍ ജയ്‌നാരായണ്‍ പ്രസാദിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ നിതീഷ് ഉറച്ചുനിന്നു. ശിഷ്യന്റെ ധിക്കാരത്തിന് വഴങ്ങരുതെന്നാണ് പാര്‍ട്ടിയിലെ വിമതര്‍ ഫെര്‍ണാണ്ടസിനെ എരിവു കയറ്റിയത്. ജോര്‍ജ് ഫെര്‍ണാണ്ടസ് അങ്ങനെ മുസഫര്‍പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി. ബിഹാറില്‍ തെരഞ്ഞെടുപ്പു റിപ്പോര്‍ട്ടു ചെയ്യാന്‍ പോകുമ്പോള്‍ മനസില്‍ മുഴുവന്‍ ആ സ്വതന്ത്രനായിരുന്നു. ദേശാഭിമാനിയിലെ വി.ബി. പരമേശ്വരനൊപ്പം 2004ലെ തെരഞ്ഞെടുപ്പു കാലത്ത് മുസഫര്‍പൂരില്‍ പോയതാണ്. അന്ന് സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ കാര്യമായി ചുറ്റിയടിക്കേണ്ട കാര്യം പോലുമുണ്ടായിരുന്നില്ല. ദേശീയ നേതാവിനെ വിജയിപ്പിക്കേണ്ടത് മുസഫര്‍പൂരുകാരുടെ, ജനതാദള്‍-യുവിന്റെ, അഭിമാന പ്രശ്‌നമായിരുന്നു. ഇക്കുറി വിമതനായി മാറിയ ഫെര്‍ണാണ്ടസിന്റെ പ്രചാരണം നേരിട്ട് കാണണമെന്നും പറ്റിയാല്‍ ഇന്റര്‍വ്യൂ തരപ്പെടുത്തണമെന്നുമായിരുന്നു മനസില്‍ ഉറപ്പിച്ചത്.

ആറേഴു സ്വീകരണ കേന്ദ്രങ്ങളില്‍ തെണ്ടി. എവിടെ? സ്ഥാനാര്‍ഥിയുടെ പൊടിപോലുമില്ല

സ്ഥാനാര്‍ത്ഥിയെ കണ്ടെത്തല്‍
സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ തന്നെ ശരിക്കും അലഞ്ഞു. ജനതാദള്‍-യുവിന്റെ പാര്‍ട്ടി സംവിധാനങ്ങളുടെ അകമ്പടിയൊന്നും ഫെര്‍ണാണ്ടസിനില്ല. മണ്ഡലത്തില്‍ ഏതു ഭാഗത്താണെന്ന ഊഹം പറയാന്‍ മാത്രമാണ് മുസഫര്‍പൂരിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലുള്ളവര്‍ക്ക് കഴിഞ്ഞത്. പിന്നെ ഒരു പോക്കായിരുന്നു. പറഞ്ഞു കേട്ട ആറേഴു സ്വീകരണ കേന്ദ്രങ്ങളില്‍ തെണ്ടി. എവിടെ? സ്ഥാനാര്‍ഥിയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ബിഹാറിലെ ഉച്ചവെയിലേറ്റ് പൊള്ളി നില്‍ക്കുമ്പോള്‍ അതാ, ഫെര്‍ണാണ്ടസിന്റെ വരവറിയിക്കുന്ന പ്രചാരണ വാഹനം പൊടിപറത്തി കടന്നുവരുന്നു. വഴിയില്‍ തടഞ്ഞു നിര്‍ത്തി ചോദിച്ചു. സ്ഥാനാര്‍ഥി ഉടനടി അടുത്തൊരു ഗ്രാമത്തില്‍ എത്തുമത്രേ. അവിടെ എത്തുന്ന വഴി വായില്‍ തോന്നിയ മാതിരിയൊക്കെ പറഞ്ഞ്, കോളാമ്പി വെച്ച ജീപ്പുകാര്‍ കടന്നുപോയി. ഹിന്ദി തന്നെ നല്ല പിടിയില്ല. അന്നേരമാണ് നാട്ടുമ്പുറം ബിഹാറിയുടെ ഒടുക്കത്തെ ഹിന്ദി. ബന്ധപ്പെടാന്‍ ഒരു ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോഴാണ് ശരിക്കും വശംകെട്ടത്. നയന്‍ എയ്റ്റ് ഫോര്‍ ത്രീ.. എന്നിങ്ങനെ നമ്പര്‍ പറയാനൊന്നും അയാള്‍ക്കറിയില്ല. എട്ടു ലക്ഷത്തി മുപ്പത്തി മൂവായിരത്തി... എന്ന ക്രമത്തിലാണ് ഫോണ്‍നമ്പര്‍ വന്നത്. അയാള്‍ പറഞ്ഞതും, ഞങ്ങള്‍ കേട്ടതും വെറുതെ. ബീഹാറിലും യു.പിയിലുമൊക്കെ ചെന്ന് ഫോണ്‍ നമ്പര്‍ കൃത്യമായി എഴുതിയെടുക്കാന്‍ കഴിയണമെങ്കില്‍ അപാര പാണ്ഡിത്യം തന്നെ വേണം; ഉന്നീസ് സൗ നിന്യാന്‍ മേ.. എന്നിങ്ങനെ തുടങ്ങിവെയ്ക്കുന്ന ചരിത്രവും.

ജീപ്പുകാര്‍ പറഞ്ഞ വഴിയും വേറെ വഴിയും തേടിപ്പിടിച്ച്, ഒരു നാട്ടുമ്പുറ ചെമ്മണ്‍പാതയുടെ മൂന്നും കൂടിയ കവലയില്‍ എത്തുമ്പോള്‍ ഒരു സ്ഥാനാര്‍ത്ഥി വരുന്നതിന്റെ ചില്ലറ ആളും അലങ്കാരങ്ങളും കാണാറായി. പിന്നെയും ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് സ്ഥാനാര്‍ഥി വന്നത്. ബൈക്കുകള്‍ നാലഞ്ചെണ്ണം മുന്‍പേ. പിന്നെ അര ഡസന്‍ വാഹനങ്ങള്‍. ബാഗില്‍ നിന്ന് ഡയറിയും പോക്കറ്റില്‍ നിന്ന് പേനയുമൂരി റിപ്പോര്‍ട്ടിങ്ങിന് സജ്ജമായതു വെറുതെ. സ്ഥാനാര്‍ഥിയുടെ വാഹനങ്ങളും അകമ്പടിയുമെല്ലാം കവലയില്‍ നിര്‍ത്താതെ തന്നെ ഓടിച്ചു പോയി. സമയക്കുറവുള്ളതിനാല്‍ സ്ഥാനാര്‍ഥി നില്‍ക്കാതെ പോവുകയാണെങ്കിലും, വോട്ടു ചെയ്യുന്ന കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന അഭ്യര്‍ഥന കോളാമ്പി മൈക്കിലൂടെ ഒഴുകിയലിഞ്ഞു. ഇളിഭ്യരായി ജനക്കൂട്ടവും പറഞ്ഞു പിരിഞ്ഞു തുടങ്ങുകയാണ്. പിന്നെ കാത്തുനിന്നിട്ടു കാര്യമില്ല. സ്ഥാനാര്‍ഥിയുടെ വാഹനങ്ങള്‍ക്കു പിന്നാലെ വണ്ടിയില്‍ വെച്ചുപിടിച്ചു. ബിഹാറിലെ ഏതോ മുക്കണാംകുന്നുകള്‍ വഴി തെറ്റിത്തെറിച്ചും ഇളകിയാടിയും വണ്ടി എവിടെയും നിര്‍ത്താതെ പോവുകയാണ്. മൂന്നു മണിയോളമത്തെിയപ്പോള്‍ ഒരു പ്രമാണിയുടെ വീടിനു മുമ്പില്‍ വാഹനങ്ങള്‍ നിന്നു. പുല്ലു മേഞ്ഞ് ദാരിദ്ര്യം വിളിച്ചു പറയുന്ന കൂരകള്‍ക്കു ശേഷം ഓടും കോണ്‍ക്രീറ്റുമുള്ള ഒരു ഒറ്റയാന്‍ വീട്. തിക്കിത്തിരക്കി മുറ്റത്തേക്ക് കടന്നുചെല്ലുമ്പോഴേക്ക് ജോര്‍ജ് ഫെര്‍ണാണ്ടസും ഒപ്പം വാഹനത്തില്‍ ഉണ്ടായിരുന്നവരും വീടിനു മുന്‍വശത്ത് കളപ്പുര പോലത്തെ കെട്ടിടത്തിലേക്ക് കയറിപ്പൊയ്ക്കഴിഞ്ഞിരുന്നു.

പത്രക്കാരന് ഔചിത്യമോ? അഞ്ചു കൊല്ലം മുമ്പ് 'ബ്രേക്കിങ്' വാശി ഇന്നത്തെയത്രത്തോളം ആയിട്ടില്ലെന്നു വേണമെങ്കില്‍ അവകാശപ്പെടാമെന്നു മാത്രം. പക്ഷേ, വാതില്‍ക്കല്‍ പ്രവര്‍ത്തകര്‍ പറഞ്ഞു-'ജോര്‍ജ് സാബ് ഭക്ഷണം കഴിക്കുകയാണ്'.

അന്നേരമാണ് സമയബോധമുണ്ടായതെന്നു പറഞ്ഞു കൂടാ. മണി മൂന്നായി വിശപ്പ് വയറ്റില്‍ കെട്ടടങ്ങി തുടങ്ങിയിരുന്നു. നോക്കുമ്പോള്‍ അവിടെ ഒരഞ്ഞൂറു പേരെങ്കിലുമുണ്ട്. എല്ലാവര്‍ക്കും പൂരിയും ഉരുളക്കിഴങ്ങ് സബ്ജിയും വിതരണം ചെയ്തു വരികയാണ്. ജോര്‍ജ് സാബ് മുസഫര്‍പൂരില്‍ എത്തുമ്പോള്‍, വല്ലപ്പോഴും വരാറുള്ള ഒരു സോഷ്യലിസ്റ്റ് നേതാവിന്റെ വീടാണിത്. പ്രവര്‍ത്തകര്‍ ഒത്തുകൂടും. ഫെര്‍ണാണ്ടസ് അവരുടെ പരാതിയും അഭിപ്രായങ്ങളുമൊക്കെ കേള്‍ക്കും. ചിലപ്പോള്‍ രാത്രി വൈകിയും സോഷ്യലിസ്റ്റ് ചര്‍ച്ച കസറും. അന്ന് അവിടെ കിടന്ന് പിറ്റേന്ന് പോയ എത്രയോ ദിവസങ്ങളുണ്ടത്രേ. മംഗലാപുരത്തു നിന്നു പുറപ്പെട്ട് ബോംബെയിലും ഡല്‍ഹിയിലുമൊക്കെ ചരിത്രം സൃഷ്ടിച്ച് മുന്നേറിയ ജോര്‍ജ് സാബിനോട് ബിഹാറുകാര്‍ക്കുള്ള ആരാധന, ചെറു പാത്രങ്ങളിലെ പൂരിയും സബ്ജിയുമായി മല്ലടിച്ചുകൊണ്ടു തന്നെ, കൈയില്‍ കിട്ടിയ പത്രക്കാരോട് വിവരിക്കാന്‍ നാട്ടുമ്പുറത്തുകാര്‍ തള്ളിക്കയറിവന്നു. സാബിനെ കാണാനും രണ്ടു വാക്കു കേള്‍ക്കാനും രാവിലെ തന്നെ കളപ്പുര വീടിനു മുന്നില്‍ കാത്തുനില്‍ക്കുന്നവരാണ് അവരില്‍ പലരും. പൂരി കിട്ടിയാലും ഇല്ലെങ്കിലും അവര്‍ സാബിനെ ഒരു നോക്കു കാണാതെ തിരിച്ചു പോവില്ല.

ചാരിയിട്ട കതകിന്റെ പാളിക്കിടയിലൂടെ നോക്കുമ്പോള്‍ കുര്‍ത്ത-പൈജാമക്കാരന്‍ ഒന്നാന്തരം ഉറക്കത്തിലാണ്.

ഉറക്കത്തില്‍നിന്നും പ്രചാരണ വാഹനത്തിലേക്ക് 
ഭക്ഷണം കഴിക്കാന്‍ അകത്തേക്കു പോയ സാബ് പിന്നെയും ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കാത്തുനില്‍ക്കുന്നവര്‍ക്കു മുഖം കൊടുത്തില്ല. ജനക്കൂട്ടം ഒരുവിധം വിശപ്പടക്കി തലങ്ങും വിലങ്ങും നടക്കുന്നു. ചര്‍ച്ചയിലാണോ, വിശ്രമത്തിലാണോ എന്നറിയാന്‍ കളപ്പുരയിലേക്ക് തള്ളിക്കയറിച്ചെന്നു. പത്രക്കാരായതു കൊണ്ട് ഇക്കുറി അവിടെ കാവല്‍ നിന്ന ജനതാദളുകാര്‍ അല്‍പം ഇളവു കാട്ടി. പതുക്കെ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ മുറിയുടെ വാതില്‍ക്കലത്തെി ചാരിയിട്ട കതകിന്റെ പാളിക്കിടയിലൂടെ നോക്കുമ്പോള്‍ കുര്‍ത്ത-പൈജാമക്കാരന്‍ ഒന്നാന്തരം ഉറക്കത്തിലാണ്. ദീര്‍ഘയാത്രയായിരുന്നതിനാല്‍ അര മണിക്കൂര്‍ നേരത്തേക്ക് വിശ്രമിക്കാന്‍ കിടന്നതാണെന്ന് ഒപ്പമുണ്ടായിരുന്നവര്‍ വിശദീകരിച്ചു. തെരഞ്ഞെടുപ്പിലെ സാധ്യതകളെക്കുറിച്ച് അടക്കിയ ശബ്ദത്തില്‍ അവര്‍ വാചാലരായി. ജോര്‍ജ് സാബ് നിന്നുകൊടുത്താല്‍ മതി, മുസഫര്‍പൂരുകാര്‍ വിജയിപ്പിക്കും. ബിഹാറി വികാരമൊന്നും ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ കാര്യത്തിലില്ല. എത്രയോ വര്‍ഷങ്ങളായി അടുപ്പമുള്ള മണ്ഡലമാണ്. നിതീഷ്‌കുമാറിന് തക്ക തിരിച്ചടി മുസഫര്‍പൂരിലുള്ളവര്‍ കൊടുക്കുക തന്നെ ചെയ്യുമെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. പക്ഷേ, അവരുടെ ആവേശത്തിനൊത്ത വിധം ഫെര്‍ണാണ്ടസിന് ഓടാന്‍ വയ്യെന്ന് വീണ്ടുമൊരു രണ്ടു മണിക്കൂര്‍ കൂടി കാത്തുനിന്നപ്പോള്‍ ബോധ്യമായി. സ്ഥാനാര്‍ഥി ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റിട്ടില്ല. വിളിച്ചുണര്‍ത്താന്‍ ആര്‍ക്കും ധൈര്യം പോരാ. കാത്തുനില്‍പ് നീണ്ടപ്പോള്‍ കളപ്പുര വീടിനു മുറ്റത്തെ ആവേശവും അലിഞ്ഞ് ഇല്ലാതായി തുടങ്ങി.

ആറ്-ആറേകാല്‍ മണിയായപ്പോള്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് കണ്ണു തുറന്നു. തപ്പിപ്പിടിച്ച് ഒരുവിധം എഴുന്നേറ്റു. സന്ദര്‍ശക പ്രമാണിമാരില്‍ ഏതാനും പേര്‍ ചെന്നു കണ്ടു. കണ്ണടയെടുത്തു വെച്ച് അവരെ തിരിച്ചറിയാന്‍ ശ്രമിക്കുകയായിരുന്നു ഫെര്‍ണാണ്ടസ്. ആരോടും ഒന്നും പറഞ്ഞില്ല. ഒന്നും പറയാന്‍ ആവതുണ്ടായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിപുലമായി ഓടി നടക്കാനോ, വോട്ടുപിടിക്കാനോ ഫെര്‍ണാണ്ടസിനു വയ്യ. ഒരുവിധത്തില്‍ തപ്പിപ്പിടഞ്ഞ് എഴുന്നേറ്റ സ്ഥാനാര്‍ഥിയുമായി മടങ്ങാനുള്ള ചിട്ടവട്ടം കൂട്ടുകയാണ് ഒപ്പമുള്ളവര്‍. അന്നേരമാണ് സ്ഥാനാര്‍ഥിയുടെ ജീപ്പിലേക്ക് വിശദമായി കണ്ണോടിച്ചത്. കാലു നീട്ടിവെച്ച് അധികം ഇളകി കുലുങ്ങാതെ ചാരിക്കിടക്കാന്‍ പാകത്തില്‍ മുന്‍സീറ്റ് മൊത്തത്തില്‍ പൊളിച്ചു പണിതിട്ടുണ്ട്. രണ്ടു മൂന്നു സഹായികള്‍ക്ക് പിന്നിലിരിക്കാം. അതില്‍ ഫെര്‍ണാണ്ടസിനെ ഇരുത്തി, സ്ഥാനാര്‍ഥിയുടെ ദേഹസ്ഥിതി സമ്മതിക്കുന്നതിനനുസരിച്ച് മണ്ഡലത്തിലൂടെ ചുറ്റിക്കറങ്ങുക മാത്രമാണ് ചെയ്യുന്നത്. എവിടെയും ഇറങ്ങുന്നില്ല. വണ്ടി നിര്‍ത്തുക പോലും ചെയ്യുന്നില്ല. എ.സി വണ്ടിയിലിരുന്ന് ചില്ലു തുറക്കാതെ, ഒപ്പമുള്ളവര്‍ പറയുമ്പോള്‍ കവലകളില്‍ കാത്തുനില്‍ക്കുന്നവര്‍ക്കു നേരെ ഫെര്‍ണാണ്ടസ് കൈയുയര്‍ത്തിക്കാട്ടും. കഴിഞ്ഞു. കുറെ ബൈക്കുകളും മറ്റ് അകമ്പടി വാഹനങ്ങളും കോളാമ്പി മൈക്കും ഉണ്ടാക്കുന്ന ബഹളത്തോടെ സ്ഥാനാര്‍ഥി അടുത്ത സ്ഥലത്തേക്ക്.

വേച്ചുവേച്ച് ഫെര്‍ണാണ്ടസ് കളപ്പുരയുടെ പടിയിറങ്ങി. ഒപ്പമുള്ളവര്‍ പിടിച്ചിട്ടുണ്ട്. ഫെര്‍ണാണ്ടസ് സംസാരിക്കുന്നില്ലെന്നും, മടങ്ങുകയാണെന്നും പറഞ്ഞതോടെ കാത്തുനിന്നവര്‍ നിരാശരായി. നടന്നു വരുന്നതിന്റെ അവശത കണ്ടപ്പോള്‍, കയര്‍ക്കാന്‍ തുടങ്ങിയവര്‍ അടങ്ങി. പത്രക്കാരന് ഔചിത്യം പാടില്ലെന്ന് മനസു പറഞ്ഞു. പാര്‍ട്ടിയുടെ കൈത്താങ്ങില്ലാതെ ഒറ്റക്കു മത്സരിക്കുന്ന എന്‍ ഡി എ കണ്‍വീനറോട് ചോദിക്കാന്‍ മനസില്‍ കരുതി വെച്ച വലിപ്പമുള്ള ചോദ്യങ്ങളൊന്നും പുറത്തേക്ക് എടുക്കേണ്ടി വന്നില്ല. എങ്കിലും ഫെര്‍ണാണ്ടസിനെ ഒരുവിധം വാഹനത്തില്‍ കയറ്റിയിരുത്തിയതിന്റെ ആശ്വാസത്തില്‍ നില്‍ക്കുന്ന വിശ്വസ്തന്റെ ആനുകൂല്യത്തില്‍ കടന്നുചെന്ന് ചോദിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിമതനായി നില്‍ക്കേണ്ടി വന്നത്? ഒറ്റക്കു മത്സരിക്കാന്‍ തീരുമാനിച്ചത്? ചോദ്യകര്‍ത്താവിനു നേരെ ഏതാനും നിമിഷം ഫെര്‍ണാണ്ടസ് നോക്കിയിരുന്നു. ഓര്‍മ പാളുന്ന മനസും വഴങ്ങാത്ത നാവും കൂട്ടിച്ചേര്‍ത്ത് മറുപടി പറയുമ്പോള്‍ ഒന്നു വിതുമ്പി. 'അവര്‍ എന്നെ കറിവേപ്പില പോലെ കളഞ്ഞു... പക്ഷേ, ഞാന്‍ ജയിക്കും.. എനിക്കു ജയിക്കണം...' പത്രക്കാരന് ചോദ്യം ചോദിക്കാന്‍ കണ്ണടച്ചു കൊടുത്ത വിശ്വസ്തന്, സംഗതി പാളിയോ എന്ന് അത്രയുമായപ്പോഴേക്ക് സംശയമായി. 'ഇല്ല.. ഇതുമതി.. സാറിനു വയ്യ' എന്നു വിലക്കി വണ്ടിയുടെ ഡോര്‍ ബലമായി അടക്കാന്‍ അയാള്‍ തുടങ്ങുമ്പോള്‍ പക്ഷേ, ഫെര്‍ണാണ്ടസ് വീണ്ടും സംസാരിക്കാന്‍ വാക്കും വരിയും തേടുകയായിരുന്നു. അങ്ങനെ ഏതാനും വാക്കുകള്‍ കൂടി വേച്ചുവീഴുന്നതിനിടയില്‍ വണ്ടി പതിയെ മുന്നോട്ടു നീങ്ങി. ഇരുട്ടു വീഴുന്നതിന് മുമ്പേ മുസഫര്‍പൂരില്‍ തിരിച്ചത്തൊനുള്ള തിടുക്കത്തോടെ വാഹനവ്യൂഹം പൊടിപറത്തി കടന്നുപോയി.

ഒരു വര്‍ഷം കാലാവധിയില്ലാത്ത രാജ്യസഭാ സീറ്റായിരുന്നു ഗുരുദക്ഷിണ.

ജോര്‍ജ് ഫെര്‍ണാണ്ടസിന് സംഭവിച്ചത് 
ആ തെരഞ്ഞെടുപ്പില്‍ ഫെര്‍ണാണ്ടസ് പത്രക്കാരോടും വോട്ടര്‍മാരോടും ഒന്നും തന്നെ സംസാരിച്ചില്ല. അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി എട്ടോ പത്തോ പേര്‍ പ്രചാരണം നയിച്ചു. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ജയ്‌നാരായണ്‍ പ്രസാദ് 195,091 വോട്ടുനേടി എം.പിയായി. അതിനിടയിലും ജോര്‍ജ് ഫെര്‍ണാണ്ടസിന് 22,804 വോട്ടുകിട്ടി. സട കൊഴിഞ്ഞ സിംഹത്തെ, പാര്‍ട്ടിക്ക് അതീതമായി ശരിക്കും സ്‌നേഹിക്കുന്നവരായി മുസഫര്‍പൂരില്‍ അത്രയും പേര്‍ അപ്പോഴും ഒരുപക്ഷേ, ഇപ്പോഴുമുണ്ടെന്ന അര്‍ഥം അതില്‍ നിന്ന് നമുക്ക് വേണമെങ്കില്‍ വായിച്ചെടുക്കാം. പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് എതിരു നിന്നിട്ടും ഫെര്‍ണാണ്ടസിനൊരു കൈത്താങ്ങു നല്‍കാന്‍ നിതീഷ്‌കുമാര്‍ തീരുമാനിച്ചത് അതുകൊണ്ടു കൂടിയായിരിക്കണം.

ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടുമേള മുഴക്കം കാതില്‍ അലിഞ്ഞു തീരുന്നതിനു മുമ്പേ, 2009 ആഗസ്റ്റ്  നാലിന് ജോര്‍ജ് ഫെര്‍ണാണ്ടസ് വീണ്ടുമൊരിക്കല്‍ക്കൂടി പാര്‍ലമെന്റിലേക്ക് വേച്ചും താങ്ങിപ്പിടിച്ചുമായി കയറിവന്നു. ലോക്‌സഭാ സീറ്റ് നിഷേധിച്ച നേതാവിന് നിതീഷ് രാജ്യസഭയുടെ വാതില്‍ തുറന്നു കൊടുത്തു. രേഖകളില്‍ കൈയൊപ്പിടുവിക്കുന്നതിനേക്കാള്‍, വിരലടയാളം പതിപ്പിക്കുന്നതാണ് ഭേദമെന്ന സ്ഥിതിയായിട്ടുണ്ടായിരുന്നു, അപ്പോഴേക്ക്. ഒരു വര്‍ഷം കാലാവധിയില്ലാത്ത രാജ്യസഭാ സീറ്റായിരുന്നു ഗുരുദക്ഷിണ. കൃഷ്ണമേനോന്‍ മാര്‍ഗിന്റെ ഔദ്യോഗിക ബംഗ്‌ളാവില്‍ തുടരാനും ചികിത്സാ സഹായം സര്‍ക്കാറില്‍ നിന്ന് കിട്ടാനുമൊക്കെയുള്ള സഹായമായിരുന്നു അത്. ആ ബംഗ്‌ളാവിനുള്ളില്‍, ഫെര്‍ണാണ്ടസ് ആരുടെ സ്വന്തമെന്ന കലഹം നടന്നതോ, പിന്നെ അവിടെ നിന്ന് ലൈല സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയതോ, അതിനിടയില്‍ രാജ്യസഭാംഗത്വവും രാഷ്ട്രീയം തന്നെയും അകന്നകന്നു പോയതോ ഫെര്‍ണാണ്ടസ് അറിഞ്ഞില്ല. ഇപ്പോഴിതാ രാജ്യത്ത് ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇതാദ്യമായി അദ്ദേഹമറിയാതെ നടന്നിരിക്കുന്നു! ബാക്കിയൊക്കെ പോട്ടെ. അവസാനം പറഞ്ഞത് തിരിച്ചറിഞ്ഞിരുന്നെങ്കില്‍, കുര്‍ത്തയെടുത്തിട്ട് ഒന്നു കറങ്ങി വരാന്‍ പഴയ പ്രീമിയര്‍ പത്മിനി അദ്ദേഹം തെരഞ്ഞേനെ.

(കേരള പത്രപ്രവര്‍ത്തക യൂണിയന്റെ 'പത്രപ്രവര്‍ത്തകന്‍' മാസികയില്‍ അഞ്ചു വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ചത്)

Follow Us:
Download App:
  • android
  • ios