പിന്നീടാണ്, നമ്മള്‍ നമ്മുടേതായ ജീവിതം ജീവിച്ചു തുടങ്ങിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്മ വീണ്ടും സ്വപ്നങ്ങള്‍ കണ്ടുതുടങ്ങി. മൂന്ന് കിടപ്പുമുറികളുള്ള, മൂന്ന് സ്റ്റെപ്പുകള്‍ കയറിയെത്തുന്ന ഒരു വീട് വേണം എന്നതായിരുന്നു അന്നത്തെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം.
മുംബൈ: മാതാപിതാക്കളുടെ സ്വപ്നം എല്ലാവര്‍ക്കും വലുതാണ്. എന്നാല്‍, അവരുടെ സ്വപ്നം പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് അവര്‍ ഈ ലോകത്തുനിന്ന് യാത്രയായാലോ? ആ അനുഭവം പറയുകയാണ് സിനിമാ പ്രൊഡ്യൂസറായ ഗുണീത് മോംഗ. കഠിനാധ്വാനത്തിലൂടെ സിനിമാ മേഖലയില്‍ ഇടം പിടിച്ചയാളാണ് ഗുണീത്. ലഞ്ച് ബോക്സ് അടക്കമുള്ള പ്രശസ്തമായ സിനിമകളുടെയൊക്കെ പിറകില്‍ അവരുടെ സാന്നിധ്യമുണ്ട്. 'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ്ബുക്ക് പേജിലാണ് ഗുണീത് ആ പഴയ കാലം ഓര്‍ത്തെടുക്കുന്നത്.
ഒരു വീട് അമ്മയുടെ സ്വപ്നമായിരുന്നു. അതിനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിരുന്നു. പതിനാറാമത്തെ വയസു മുതല്‍ ഒരുപാട് ജോലി ചെയ്തു. അങ്ങനെ കഷ്ടപ്പെട്ട് വീടുണ്ടാക്കി പക്ഷെ, അവിടെ ജീവിക്കാന്‍ അമ്മക്കും അച്ഛനുമായില്ല എന്നും ഗുണീത് പറയുന്നു. ഒപ്പം, എങ്ങനെയാണ് താനീ സിനിമാ ലോകത്ത് ഇടം കണ്ടെത്തിയതെന്നും.
ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: ദില്ലിയില്‍, ഒരു പഞ്ചാബി മിഡില്‍ ക്ലാസ് ഫാമിലിയിലാണ് ഞാന്‍ ജനിച്ചത്. ലോകത്തിന്‍റെ കണ്ണില്‍ ഞങ്ങള്‍ സന്തോഷത്തില്‍ ജീവിക്കുന്നവരായിരുന്നു. പക്ഷെ, അടച്ചിട്ട വാതിലിനപ്പുറം എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഒരു വലിയ വീട്ടിലെ, ചെറിയ ഒറ്റമുറി മാത്രമായിരുന്നു എന്‍റെ കുടുംബത്തിന് അനുവദിച്ചിരുന്നത്. കാരണം, അവിടെ സ്വത്തിനുവേണ്ടി സഹോദരങ്ങള്‍ തമ്മില്‍ വഴക്കായിരുന്നു. ഒരിക്കല്‍ വഴക്ക് രൂക്ഷമായപ്പോള്‍ അവര്‍ അമ്മയെ പച്ചയോടെ കത്തിക്കാനാണ് നോക്കിയത്. അച്ഛന്‍ അപ്പോള്‍ തന്നെ പൊലീസിനെ വിളിച്ചതുകൊണ്ടാണ് രക്ഷപ്പെട്ടത്. അപ്പോള്‍ തന്നെ നമ്മളവിടെ നിന്ന് ഓടിരക്ഷപ്പെട്ടു.
പിന്നീടാണ്, നമ്മള്‍ നമ്മുടേതായ ജീവിതം ജീവിച്ചു തുടങ്ങിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്മ വീണ്ടും സ്വപ്നങ്ങള്‍ കണ്ടുതുടങ്ങി. മൂന്ന് കിടപ്പുമുറികളുള്ള, മൂന്ന് സ്റ്റെപ്പുകള്‍ കയറിയെത്തുന്ന ഒരു വീട് വേണം എന്നതായിരുന്നു അന്നത്തെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. അങ്ങനെയൊരു വീട് അമ്മക്കായി വാങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. അതിനായി പതിനാറാമത്തെ വയസില്‍ ഞാന്‍ വിവിധ ജോലികള്‍ ചെയ്തു തുടങ്ങി. തെരുവുകളില്‍ ചീസ് വിറ്റു, പിവിആറില്‍ അനൌണ്‍സറായി, അവതാരികയായി... അങ്ങനെ പലതും.
കോളേജിലായിരിക്കുമ്പോള്‍ സിനിമയില്‍ ജോലി ചെയ്യാനായി ഞാന്‍ മുംബൈയിലേക്ക് വന്നു. കോര്‍ഡിനേറ്ററായിട്ടാണ് തുടങ്ങിയത്. പിന്നീട് പ്രൊഡക്ഷന്‍ മാനേജരായി. എന്‍റെ കയ്യിലെത്ര പണം വന്നാലും അതെല്ലാം ഞാന്‍ മാതാപിതാക്കള്‍ക്ക് കൊടുത്തു. നമുക്കൊരു സ്വപ്നമുണ്ടായിരുന്നു പൂര്‍ത്തിയാക്കാന്‍.
മെല്ലെമെല്ലെ പണം സമ്പാദിച്ച് ഞങ്ങളൊരു വീട് ബുക്ക് ചെയ്തു. പക്ഷെ, അത് തയ്യാറാകുമ്പോഴേക്കും എനിക്കെന്‍റെ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടു. ആറ് മാസത്തിനുള്ളിലായിരുന്നു അവരുടെ മരണം. അമ്മക്ക് കാന്‍സറും, അച്ഛന് കിഡ്നി സംബന്ധിയായ പ്രശ്നവുമായിരുന്നു. നമ്മുടെ സ്വപ്നവീട് ഒടുവില്‍ പൂര്‍ത്തിയായി. പക്ഷെ, അവര്‍ക്ക് അവിടെ ജീവിക്കാനായില്ല.
എനിക്കൊരു മാറ്റം വേണമായിരുന്നു. ഞാന്‍ ആ വീട് വിറ്റു. ബാഗുമെടുത്ത് നേരെ ബോംബെയിലേക്ക് വന്നു. ഇവിടെ ജോലി ചെയ്തു തുടങ്ങി. എന്‍റെ എല്ലാ ഊര്‍ജ്ജവും ഞാന്‍ സിനിമയില്‍ ചെലവഴിച്ചു. സംവിധായകരുടെ സ്വപ്നമായി മാറി എന്‍റെയും സ്വപ്നം. ഞാനെന്‍റെ സ്വന്തം കാലില്‍ നിന്നു. ദിവസം നാല് മണിക്കൂര്‍ മാത്രമൊക്കെയാണ് ഉറങ്ങിയത്. ഓരോ സിനിമയും വെല്ലുവിളിയായിരുന്നു. പക്ഷെ, അതൊക്കെ ഞാനിഷ്ടപ്പെട്ടു. എന്‍റെ അമ്മയും അച്ഛനും ഏതെങ്കിലും ലോകത്തിരുന്ന് എന്നെ അഭിനന്ദിക്കുന്നതു കേള്‍ക്കാന്‍ ഞാനാഗ്രഹിച്ചു. അച്ഛനൊരിക്കല്‍ സ്കൂളില്‍ നിന്ന് അമേരിക്കയിലേക്ക് ട്രിപ്പിന് വിടാനായി അദ്ദേഹത്തിന്‍റെ സ്വര്‍ണം വിറ്റത് എനിക്കോര്‍മ്മ വന്നു. ഞാനീ ലോകം മുഴുവന്‍ കാണണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.
അതുകൊണ്ട്, എനിക്ക് സന്തോഷമുണ്ടാകുന്ന സമയങ്ങളില്‍, അത് ഓസ്കാര്‍ അവാര്‍ഡിന്‍റെ വേദിയിലേക്ക് റെഡ് കാര്‍പെറ്റിലൂടെ പോകുന്നതായാലും, ലഞ്ച് ബോക്സിന്‍റെയും അതുപോലുള്ള സിനിമകളുടെയും സന്തോഷമായാലും, എന്‍റെ സ്വന്തം പ്രൊഡക്ഷന്‍ ഹൌസ് നിലവില്‍ വന്ന സമയത്തായാലും ഒക്കെ ഞാനാഗ്രഹിച്ചിരുന്നത് എന്‍റെ അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നുവെങ്കില്‍ എന്നുമാത്രമാണ്.
പക്ഷെ, അവരെവിടെയാണെങ്കിലും സമാധാനത്തിലായിരിക്കും എന്നെനിക്കറിയാം. എന്നെങ്കിലും, ഞാനവരെ കണ്ടുമുട്ടുമ്പോള്‍ അവരെന്‍റെ പുറത്തുതട്ടി 'വെല്‍ ഡണ്‍' എന്നു പറയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ ഞാന്‍ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. ഞാനോര്‍ക്കുന്നത്, അവര്‍ക്ക് സന്തോഷം നല്‍കിയ സമയത്തെ കുറിച്ചാണ്. ഞാന്‍ സ്വപ്നങ്ങളെ കടമെടുക്കുന്നത് നിര്‍ത്തിയിരിക്കുന്നു. ഞാനിപ്പോള്‍ ഞാന്‍ മാത്രമാണ്. എന്തെങ്കിലും അതില്‍ സംഭവിക്കാനുണ്ടാകാം. ഭാവി എനിക്ക് വേണ്ടി എന്താണ് കാത്തുവച്ചിരിക്കുന്നതെന്നറിയാന്‍ എനിക്ക് തിടുക്കമുണ്ട്.
