സാധാരണയായി പുരോഹിതരെ നന്മയുടെ പ്രതീകങ്ങളായിട്ടാണ് സമൂഹം കണ്ടു വരുന്നത്. എന്നാൽ, ചിലരെങ്കിലും തങ്ങളുടെ സ്ഥാനമാനങ്ങൾ മറയാക്കി കുറ്റകൃത്യങ്ങൾ നടത്താറുണ്ട്. ഹാൻസ് ഷ്മിത്ത് അത്തരമൊരാളായിരുന്നു. അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക കത്തോലിക്കാ പുരോഹിതനാണ് അയാൾ. രഹസ്യമായി ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും, ഗർഭിണിയാക്കുകയും, ഒടുവിൽ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു എന്നതാണ് അയാളുടെ മേൽ ചുമത്തപ്പെട്ട കുറ്റം. ആ കുറ്റത്തിന്, ഒടുവിൽ അയാൾക്ക് വധശിക്ഷ ലഭിക്കുകയും ചെയ്തു. എന്നാൽ യഥാർത്ഥത്തിൽ അത് അയാൾ ചെയ്ത അനേകം കുറ്റകൃത്യങ്ങളിൽ ഒന്ന് മാത്രമായിരുന്നു. തിരുവസ്ത്രം ധരിച്ച അയാളുടെ പ്രവൃത്തികൾ പിശാചിന്റേതായിരുന്നു. അയാളുടെ കുറ്റകൃത്യങ്ങളുടെ പട്ടിക നീണ്ടതായിരുന്നു. 

കുട്ടിക്കാലത്ത് തന്നെ ഷ്മിത്തിന്റെ പ്രവൃത്തികളിൽ അസ്വഭാവികത പ്രകടമായിരുന്നു. 1881 -ൽ ജർമ്മൻ പട്ടണമായ അഷാഫെൻബർഗിലാണ് അയാൾ ജനിച്ചത്. കുട്ടിയായിരിക്കുമ്പോൾ എന്നും ഉച്ചകഴിഞ്ഞ് അയാൾ അറവുശാല സന്ദർശിക്കുമായിരുന്നു. അവിടെയുള്ള പശുക്കളെയും പന്നികളെയും അറക്കുന്ന കാഴ്ച ഷ്മിത്തിന് വല്ലാത്ത ആനന്ദം നൽകി. ഇത് കൂടാതെ മറ്റൊരു താല്പര്യവും അവനുണ്ടായിരുന്നു, മതം. റോമൻ കത്തോലിക്കാ ആചാരാനുഷ്ഠാനങ്ങൾ അവനെ വളരെ ആകർഷിച്ചു. കുട്ടിക്കാലത്ത് വീട്ടിലിരുന്ന് സ്വയം ഒരു പുരോഹിതനായി വേഷം മാറി കളിക്കുമായിരുന്നു അവൻ. രക്തവും, മതവും അവന്റെ രണ്ട് ബാല്യകാല അഭിനിവേശങ്ങളായി മാറി. അത് ക്രമേണ അസ്വസ്ഥമായ രീതിയിൽ അവനിൽ വളരാൻ തുടങ്ങി. 

ഒടുവിൽ തന്റെ 25 -ാമത്തെ വയസ്സിൽ ഷ്മിത്ത് 1904 -ൽ ജർമ്മനിയിൽ പുരോഹിതനായി നിയമിതനായി. അടുത്ത നാല് വർഷം ജർമ്മനിയിൽ സേവനമനുഷ്ഠിച്ചു. പക്ഷേ, ഉന്നതരുമായുള്ള തർക്കങ്ങളുടെ പേരിൽ സ്ഥലംമാറ്റപ്പെട്ടു. വേശ്യകളുമായുള്ള സഹവാസവും, ആൺകുട്ടികളെ പീഡിപ്പിക്കുന്നതും അയാൾ ഒരു ശീലമാക്കി. അയാളുടെ ഈ സ്വഭാവം കൊണ്ട് തന്നെ അയാളെ എടുക്കാൻ ജർമ്മനിയിലെ ഒരു ഇടവകയും തയ്യാറായില്ല. ഇത് അയാളെ അമേരിക്കയിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചു. മിഡ്‌ടൗൺ മാൻഹട്ടന്റെ കിഴക്കുവശത്തുള്ള സെന്റ് ബോണിഫേസ് പള്ളിയിൽ ഒടുവിൽ അയാൾ എത്തിപ്പെട്ടു. അവിടെ അയാളെക്കൂടാതെ, ഓസ്ട്രിയയിൽ നിന്നുള്ള ഒരു വീട്ടുജോലിക്കാരിയായ അന്ന ഓമുള്ളറും ഉണ്ടായിരുന്നു. അയാൾ അവരുമായി അടുപ്പത്തിലായി. എന്നാൽ സംഭവം അറിഞ്ഞിട്ടോ എന്തോ അയാളെ വെസ്റ്റ് ഹാർലെമിലെ സെന്റ് ജോസഫ് പള്ളിയിലേക്ക് വീണ്ടും സ്ഥലം മാറ്റി. 

ആ സമയത്ത് തന്നെ, നഗരത്തിലെ ഒരു ദന്തരോഗവിദഗ്ദ്ധനുമായി ഷ്മിത്തിന് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം അന്നയുമായുള്ള ബന്ധത്തേക്കാൾ കൂടുതൽ താൻ ആസ്വദിച്ചിരുന്നതായി അയാൾ പിന്നീട് പറയുകയുണ്ടായി. എന്നിരുന്നാലും അന്നയെ ഉപേക്ഷിക്കാൻ അയാൾക്ക് താത്പര്യമുണ്ടായിരുന്നില്ല. ആ ബന്ധം അവർ തുടർന്നു. പിന്നീട് 1913 ഫെബ്രുവരി 26 -ന് അവർ ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു. ഒടുവിൽ അവൾ ഗർഭിണിയായി. എന്നാൽ, ഒരു കത്തോലിക്കാ പുരോഹിതന് നിഷിദ്ധമായ കാര്യങ്ങളായിരുന്നു അതെല്ലാം. 

അന്നയെ ബലിയർപ്പിക്കാൻ തന്നോട് ദൈവം കല്പിക്കുന്നതായി അയാൾക്ക് തോന്നി. പതുക്കെ പതുക്കെ ആ ശബ്‍ദം ഉച്ചത്തിലാകുന്നതായി അയാൾക്ക് അനുഭവപ്പെട്ടു. ഷ്മിത്ത് പറയുന്നതനുസരിച്ച്, 1913 സെപ്റ്റംബർ 2 -ന് “ദൈവത്തിന്റെ കല്പന” നിറവേറ്റാൻ ഒടുവിൽ അയാൾ തീരുമാനിച്ചു. അന്ന് രാത്രി ഷ്മിത്ത് അവളുടെ അപ്പാർട്ട്മെന്റിലേക്ക് പോയി. അവിടെ ഉറങ്ങിക്കിടന്ന അന്നയുടെ കഴുത്ത് അയാൾ മുറിച്ചു. രക്തം ഒഴുകുന്ന ആ ശരീരവുമായി അയാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. കൂടാതെ, ബലിയർപ്പിച്ച ശേഷം അവളുടെ രക്തവും അയാൾ കുടിക്കുകയും ചെയ്തു. തുടർന്ന് അവളുടെ ശരീരം മുഴുവൻ അയാൾ കഷണങ്ങളാക്കി. തുടർന്ന് അയാൾ ആ ഭാഗങ്ങൾ എല്ലാം കൊണ്ടുപോയി ഹഡ്‌സൺ നദിയിലൊഴുക്കി. 

മൃതദേഹം പൊതിഞ്ഞ തലയിണയിലെ പ്രൈസ് ടാഗ് ഉപയോഗിച്ച് കൊലയാളിയെ പൊലീസ് കണ്ടെത്തി. ഇൻസ്പെക്ടറെ കണ്ട ഷ്മിത്ത് പൊട്ടിത്തെറിച്ചു. അയാൾ അലറി വിളിച്ചു കൊണ്ട് പറഞ്ഞു: “ഞാൻ അവളെ കൊന്നു! ഞാൻ അവളെ സ്നേഹിച്ചതുകൊണ്ടാണ് ഞാൻ അവളെ കൊന്നത്!” ഒടുവിൽ നീണ്ട വിചാരണയ്ക്ക് ശേഷം ജൂറി അയാൾ കുറ്റക്കാരനെന്നു കണ്ടെത്തി. അയാളെ ഇലക്ട്രിക് കസേരയിൽ ഇരുത്തി വധിക്കാൻ കോടതി വിധിച്ചു. അങ്ങനെ ഭ്രാന്തനായ ആ പുരോഹിതന്റെ ജീവിതം 1916 ഫെബ്രുവരി 18 -ന് ന്യൂയോർക്കിലെ ജയിലിൽ വച്ച് അവസാനിച്ചു. ഒരുപാട് കോളിളക്കം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു അത്. അദ്ദേഹം സഭയുടെ ചരിത്രത്തിലെ ഒരിക്കലും മായ്ക്കാൻ സാധിക്കാത്ത ഒരു ഇരുണ്ട അധ്യായമായി.