Asianet News MalayalamAsianet News Malayalam

നൂനുവിന്റെ സംശയങ്ങള്‍

ഹാപ്പി. ശ്രീബാല കെ മേനോന്‍ എഴുതുന്ന കുട്ടികള്‍ക്കുള്ള നോവല്‍ തുടരുന്നു. ഭാഗം 8

Happy Childrens Novel by Sreebala K Menon part 8
Author
Thiruvananthapuram, First Published Dec 26, 2018, 2:54 PM IST

നൂനു അപ്പയുടെ കാലില്‍ കിടക്കുന്ന ഹാപ്പിയെ നോക്കി. ഇതൊന്നും അറിയാതെ ഹാപ്പി അവിടെക്കിടന്ന് സുഖമായി ഉറങ്ങുന്നു. നൂനുവിന് പെട്ടെന്ന് ഹാപ്പിയോട് ഒരുപാട് സ്‌നേഹം വന്നു. നൂനു അപ്പയുടെ മടിയില്‍ നിന്നിറങ്ങി ഹാപ്പിയുടെ അടുത്ത് ഇരുന്ന് തലയില്‍ തലോടി. ഹാപ്പി കണ്ണു തുറന്ന് നൂനുവിനെ നോക്കി വാലാട്ടി കൈയ്യില്‍ ഒരു നക്കും വച്ച് കൊടുത്ത് വീണ്ടും കണ്ണടച്ച് ഉറങ്ങാന്‍ തുടങ്ങി.

Happy Childrens Novel by Sreebala K Menon part 8

അപ്പ ഓഫീസില്‍ നിന്ന് വന്നപ്പൊ നൂനു പനിയൊക്കെ മാറി കുളിച്ച് സുന്ദരിക്കുട്ടിയായി ഇരിക്കുകയായിരുന്നു. അമ്മൂമ്മയും, അപ്പൂപ്പനും നടക്കാന്‍ പോയി. ലില്ലി ആന്റി കുളിക്കാനും. നൂനുവും ഹാപ്പിയും ടിവിയില്‍ ഡോറയെ കണ്ട് ചിരിക്കുന്നു. അപ്പ അടുക്കളയില്‍ കയറി കാപ്പി ഉണ്ടാക്കി നൂനുവിന്റെ കൂടെ സോഫയില്‍ വന്നിരുന്നു. നൂനു അപ്പയുടെ മടിയില്‍ കയറി ഇരുന്നു. ഹാപ്പി അപ്പയുടെ കാലില്‍ തല വച്ച് ഉറങ്ങാനുള്ള വട്ടം കൂട്ടി.

നൂനു അപ്പയുടെ അടുത്ത് പതിവുപോലെ സംശയചോദ്യങ്ങള്‍ ചോദിക്കാനാരംഭിച്ചു.

'ഹാപ്പിയുടെ വീടെവിടെയാ?'

'അങ്ങ് ദൂരെ ദൂരെ ഒരു രാജ്യത്ത്. ഇവിടുന്ന് പ്ലെയിനില്‍ കയറി പോണം.'

'ഹാപ്പിയുടെ അപ്പയും അമ്മയും അവിടെയാണോ താമസം?'

'അതെ'

'പിന്നെ ഹാപ്പി എന്താ അവരുടെ കൂടെ താമസിക്കാത്തേ?'

'ഹാപ്പിയെ ഒരാള്‍ മേടിച്ച് കപ്പലില്‍ കയറ്റി ഇങ്ങോട്ട് കൊണ്ടു പോന്നു.'

'നൂനുവിനെ എന്താ ആരും മേടിച്ച് കൊണ്ടുപോവാത്തത്?'

അപ്പ അത് കേട്ട് ഉറക്കെ ചിരിച്ചു.

'നൂനുവിനെ എന്താ ആരും മേടിച്ച് കൊണ്ടുപോവാത്തത്?'

Happy Childrens Novel by Sreebala K Menon part 8

'നൂനുവിനെ എന്താ ആരും മേടിച്ച് കൊണ്ടുപോവാത്തത്?'

'നൂനുവിന് ഇവിടെ താമസിക്കുന്നത് ഇഷ്ടമല്ലേ?'

'അതെ'

'പിന്നെ എന്തിനാ വേറെ ആര്‍ക്കെങ്കിലും നമ്മള് നൂനൂനെ കൊടുക്കുന്നേ?'

'ഹാപ്പിക്ക് അപ്പയേയും അമ്മയേയും ഇഷ്ടമില്ലാത്തത് കൊണ്ടാണോ ഇങ്ങോട്ട് വന്നത്?'

'അല്ല'
                                
'പിന്നെന്തിനാ വന്നത്?'
                      
'ഹാപ്പി ഒരു ആനിമല്‍ അല്ലേ. ആനിമല്‍സിനെ മനുഷ്യര്‍ പെറ്റ്‌സായി വളര്‍ത്തും. അപ്പൊ ചിലര്‍ അത് ഒരു ബിസിനസ് ആക്കും. അവര് പട്ടിക്കുട്ടികള്‍ ഉണ്ടാവുമ്പൊ കാശ് വാങ്ങി അവരെ വില്ക്കും.'

'അപ്പൊ ഹാപ്പിയുടെ അപ്പയ്ക്കും അമ്മയ്ക്കും ഹാപ്പി പോവുമ്പൊ സങ്കടാവില്ലേ?'

'സങ്കടാവും'

' അവര് ഹാപ്പിയെ അന്വേഷിക്കുന്നുണ്ടാവോ?'

'ചിലപ്പൊ'

'നമ്മുടെ വീട്ടിലാണ് ഹാപ്പി എന്ന് അവര്‍ക്ക് അറിയാമോ?'

'നമുക്ക് അവരുടെ  ഫോണ്‍ നമ്പറും വാങ്ങി ഹാപ്പി നമ്മുടെ കൂടെ ഇരിക്കുന്ന ഫോട്ടോ അയച്ചു  കൊടുക്കാം.'

'അപ്പൊ അവര് ഇങ്ങോട്ട് വരോ ഹാപ്പിയെ കാണാന്‍?'

'അവരോട് പ്ലെയിനില്‍ കയറി ഹാപ്പിയെ കാണാന്‍ വരാന്‍ പറയാം.'

'അവര് വരുമ്പൊ നൂനു സ്‌ക്കൂളില്‍ പോവൂല. ലീവ് എടുത്ത് ഹാപ്പി ഫാമിലീടെ കൂടെ ഇരിക്കും'

'ഓക്കെ'

നൂനു അപ്പയുടെ കാലില്‍ കിടക്കുന്ന ഹാപ്പിയെ നോക്കി. ഇതൊന്നും അറിയാതെ ഹാപ്പി അവിടെക്കിടന്ന് സുഖമായി ഉറങ്ങുന്നു. നൂനുവിന് പെട്ടെന്ന് ഹാപ്പിയോട് ഒരുപാട് സ്‌നേഹം വന്നു. നൂനു അപ്പയുടെ മടിയില്‍ നിന്നിറങ്ങി ഹാപ്പിയുടെ അടുത്ത് ഇരുന്ന് തലയില്‍ തലോടി. ഹാപ്പി കണ്ണു തുറന്ന് നൂനുവിനെ നോക്കി വാലാട്ടി കൈയ്യില്‍ ഒരു നക്കും വച്ച് കൊടുത്ത് വീണ്ടും കണ്ണടച്ച് ഉറങ്ങാന്‍ തുടങ്ങി.

(അടുത്ത ഭാഗം നാളെ)

ഹാപ്പി മുഴുവന്‍ ഭാഗങ്ങളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം. 

(ഹാപ്പിയെക്കുറിച്ചുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും അഭിപ്രായങ്ങള്‍ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കൂ.)

Follow Us:
Download App:
  • android
  • ios