Asianet News MalayalamAsianet News Malayalam

പ്രിയപ്പെട്ട കുട്ടികളേ, ഇതാ നിങ്ങള്‍ക്കൊരു കഥ!

ഹാപ്പി-ശ്രീബാല കെ മേനോന്‍ എഴുതുന്ന  കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു


 

Happy Childrens novel by Sreebala K Menon
Author
Thiruvananthapuram, First Published Dec 19, 2018, 5:19 PM IST

പ്രിയപ്പെട്ട കൂട്ടുകാരേ, 
ഇതാ നിങ്ങള്‍ക്കൊരു ക്രിസ്മസ് സമ്മാനം. 
നല്ല ഭംഗിയുള്ള, ചിരി വരുന്ന ഒരു കുട്ടിക്കഥ. 
കഥ എന്നു പറയുമ്പോള്‍, അങ്ങനെ ഒരു കുഞ്ഞിക്കഥയല്ല. 
വല്യ ആള്‍ക്കാര് ഇതിനെ പറയുന്നത് നോവല്‍ എന്നാണ്. 
കുട്ടികള്‍ക്കു വേണ്ടി ഇഷ്ടത്തോടെ എഴുതുന്ന നല്ല നീളമുള്ള കഥ. 
ഒറ്റ ദിവസം കൊണ്ടൊന്നും തീര്‍ന്നുപോവില്ല. 
അടുത്ത 15 ദിവസം കൊണ്ടാണ് ഈ കഥ പറയുക. 

സിനിമയിലും പുസ്തകങ്ങളിലുമൊക്കെ നിങ്ങളുടെ അച്ഛനും അമ്മയ്ക്കുമൊക്കെ അറിയാവുന്ന ഒരു ആന്റിയെയാണ് ഇനി പരിചയപ്പെടുത്തുന്നത്. 
പേര് ശ്രീബാല. എഴുതുമ്പോ പേരിനിത്തിരി നീളം കൂടും. 
ശ്രീബാല കെ മേനോന്‍.

 
ആള് കഥയെഴുതും. നല്ല രസമുള്ള കോമഡിക്കഥ എഴുതിയുണ്ടാക്കും. 
സിനിമ പിടിക്കും. സിനിമയ്ക്ക് കഥ ഉണ്ടാക്കും. 
അതൊക്കെ ചെയ്യുന്നതിന് ശ്രീബാല ആന്റിക്ക് കുറേക്കുറേ സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്. 

അപ്പോ ഇനി കഥയെക്കുറിച്ച് പറയാം. 
ഇതൊരു കുഞ്ഞിക്കുട്ടിയുടെ കഥയാണ്. 
പേര് നൂനു. നൂനു ഒരു ഒറ്റക്കുട്ടിയാണ്. 
എന്നു വെച്ചാല്‍, കൂടെക്കളിക്കാന്‍ ചേട്ടനും അനിയനും ചേച്ചിയും അനിയത്തിയും ഒന്നുമില്ല. 
നൂനു മാത്രമല്ല. നൂനുവിന് ഒരു പട്ടിക്കുട്ടി ഉണ്ട്. 
ഒരു ഭംഗിയുള്ള പട്ടിക്കുട്ടി. 
നൂനു അതിനെ ഹാപ്പി എന്നാ വിളിക്കുക. 
ഹാപ്പിക്ക് പറയാന്‍ ഒരു രസികന്‍ കഥയുണ്ട്. 
അതിപ്പോ പറയില്ല. വഴിയേ മനസ്സിലാവും. 

ഇക്കഥയില്‍ നൂനുവും ഹാപ്പിയും മാത്രമല്ല. 
അപ്പയും അമ്മയും അപ്പൂപ്പനും, അമ്മൂമ്മയും സപ്ലി മാമനും അങ്ങനെ കുറേകുറേ ആളുകള്. 
അവരുടെ എല്ലാവരുടെയും ഭംഗിയുള്ള ചിത്രങ്ങള്‍ വരച്ചത് ഒരു വരയാന്റിയാണ്. 
പേര് സുമി കെ രാജ്. 

അപ്പോ തുടങ്ങുകയല്ലേ...!
എല്ലാവരും എല്ലാ ദിവസവും വായിക്കണം. 
അച്ഛനെയും അമ്മയെയും നിര്‍ബന്ധിച്ച് വായിപ്പിക്കണം. 
ഒരു ദിവസം വായിച്ചാല്‍ അവരും നിര്‍ത്തില്ല. 
വായിച്ചു കഴിഞ്ഞാ ചിലതൊക്കെ ശ്രീബാല ആന്റിയോട് പറയാനുണ്ടാവും. 
അങ്ങനെ ഉണ്ടെങ്കില്‍ അത് submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ പറഞ്ഞാ മതി. 
നിങ്ങളുടെ കത്തുകളെല്ലാം ഞങ്ങള്‍ ആന്റിക്ക് എത്തിച്ചുകൊടുക്കാം. 

അപ്പോ എല്ലാവരും ഒന്നിങ്ങ് വന്നേ!

Happy Childrens novel by Sreebala K Menon

  
നൂനു എന്ന ഒറ്റക്കുട്ടി

നൂനുവിന്റെ വീട്ടില്‍ നൂനു മാത്രമേ ഉള്ളൂ ഒരു ചെറിയ കുട്ടി. അപ്പ, അമ്മ, അപ്പൂപ്പന്‍, അമ്മൂമ്മ, എല്ലാവരും വലിയവരാണ്. നൂനുവിന്റെ അപ്പക്ക് രണ്ട് അനിയത്തിമാരുണ്ട്. ജാസ്മിനും, ഡെയ്‌സിയും. നൂനു അവരെ വലിയാന്റി , കുഞ്ഞാന്റി എന്ന് വിളിക്കും. അമ്മയ്ക്ക് ഉണ്ട് ഒരു ചേട്ടനും അനിയനും. സുഭാഷ് മാമനും, സുമേഷ് മാമനും. നൂനുവിന്റെ അപ്പൂപ്പന് ഏഴ് ചേട്ടന്‍മാരും രണ്ട് അനിയത്തിമാരും ഉണ്ട്. 

അപ്പൂപ്പന്‍ കുട്ടിയായിരുന്നപ്പോള്‍ അവരുടെ വീട്ടില്‍ പത്ത് കുട്ടികള്‍. നൂനുവിന് അത് ആലോചിക്കാനേ വയ്യ. പത്ത് കുട്ടികള്‍ ഉള്ള ഒരു വീട്! അപ്പൂപ്പന്‍ പറയും 'ഭക്ഷണം റെഡിയായാല്‍ അമ്മ ഒരു അലുമിനിയം കിണ്ണത്തില്‍ വടി കൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കും. അപ്പൊ പത്ത് പേരും ഓടി വന്ന് നിരനിരയായി നിലത്ത് ഇരിക്കും. പ്ലേറ്റ് വയ്ക്കും അമ്മ. അതില്‍ രാവിലെ കഞ്ഞിയും പുഴുക്കും, ഉച്ചയ്ക്ക് ചോറും മീന്‍ കൂട്ടാനും, ഓരോ മീന്‍ വറുത്തതും, രാത്രി കഞ്ഞിയും തേങ്ങ ചമ്മന്തിയും പപ്പടം ചുട്ടതും നെയ്യും വിളമ്പി തരും'. 

ഇതു കേള്‍ക്കുമ്പോ നൂനുവിന് തന്റെ പ്ലേ സ്‌ക്കൂള്‍ ഓര്‍മ്മ വരും.

ഇതു കേള്‍ക്കുമ്പോ നൂനുവിന് തന്റെ പ്ലേ സ്‌ക്കൂള്‍ ഓര്‍മ്മ വരും. സ്മാര്‍ട്ട് കിഡ്‌സ് എന്നാണ് പ്ലേ സ്‌കൂളിന്റെ പേര്. അവിടെ നൂനുവിനെ കൂടാതെ ആറ് ബോയ്‌സും, അഞ്ച് ഗേള്‍സും ഉണ്ട്. പ്ലേ സ്‌ക്കൂളില്‍ പോവുമ്പോള്‍ യൂണിഫോറം ഇടണം. ഇളം വയലറ്റ് നിറത്തില്‍ വെള്ള ചെറിയ പൂക്കളുള്ള ഉടുപ്പാണ് യൂണി ഫോറം. ബോയ്‌സിന് കത്രിക്കയുടെ നിറമുള്ള ട്രൗസറും ഇളം വയലറ്റ് ടീ ഷര്‍ട്ടും. 

സ്‌കൂളില്‍ പോകുമ്പോള്‍ ഭക്ഷണം കൊണ്ട് പോകണ്ട. രാവിലെ പാല് മാത്രം കുടിച്ചിട്ടാണ് നൂനു പോവുക. സ്‌കൂളിന്റെ മുന്‍വശത്ത് കോളിംഗ് ബെല്ലിന്റെ താഴെ അന്നത്തെ ഭക്ഷണത്തിന്റെ ലിസ്റ്റ് എഴുതി ഒട്ടിച്ചിട്ടുണ്ടാവും ടീച്ചര്‍. പേരന്റ്‌സിന് കാണാന്‍. എന്നും രാവിലെ കോളിംഗ് ബെല്ലടിക്കുന്നതിന് മുമ്പ് അമ്മയോട് അത് വായിച്ച് തരാന്‍ പറയും നൂനു. അമ്മ ഉറക്കെ വായിക്കും: 

ബ്രേക്ഫാസ്റ്റ്: ദോശ, ചമ്മന്തി
സ്‌നാക്‌സ് (11 മണി): പൂച്ചയുടെ ഷേപ്പുള്ള പത്ത് ചെറിയ ബിസ്‌ക്കറ്റ്
ലഞ്ച്: ചോറ്, സാമ്പാറ്, കാബേജ് തോരന്‍, മീന്‍ 
സ്‌നാക്‌സ് (4 മണി) ചോക്കലേറ്റ് മില്‍ക്ക്, കുക്കീസ്.

നൂനു പറയും 'വേഗം കോളിങ്ങ് ബെല്‍ അടിക്ക് അമ്മാ'. അമ്മ ബെല്‍ അടിക്കും. നൂനു ചാടി തുളളി ചിരിച്ച് മറിഞ്ഞ് അകത്തേക്ക് പോകും. 

വൈകുന്നേരം അമ്മ ഓഫീസില്‍ നിന്നും നൂനുവിനെ വിളിക്കാന്‍ വരുമ്പോള്‍ ചോക്കലേറ്റ് മില്‍ക്കിന്റെ പത മണമുള്ള ചുണ്ടില്‍ കുക്കീസ് കടിച്ച് പിടിച്ച് നൂനു ജാഡയില്‍ ബാഗും തൂക്കി അമ്മയ്ക്കു മുമ്പേ ഗേറ്റിനടുത്തേക്ക് ഓടും. 

അന്നത്തോടെ പ്ലേ സ്‌കൂളില്‍ ഫുഡിന്റെ ലിസ്റ്റ് എഴുതുന്ന പരിപാടി ടീച്ചര്‍ നിര്‍ത്തി. 

ഒരു ദിവസം കോളിങ്ങ് ബെല്ല് അടിക്കുന്നതിന് മുമ്പ് അമ്മ നൂനുവിന് വായിച്ചു കൊടുത്തു. 

ബ്രേക്ഫാസ്റ്റ്: വെജിറ്റബിള്‍ ഉപ്പുമാവ്, പഴം
സ്‌നാക്‌സ് (11 മണി) സൂപ്പ്
ലഞ്ച്: ചപ്പാത്തി,  കുറുമ, ഫ്രൂട്ട് സാലഡ്
സ്‌നാക്‌സ് (4 മണി ) സാന്റ് വിച്ച്, ലൈം ജൂസ്  

നൂനു പറഞ്ഞു: കോളിംഗ് ബെല്ല് അടിക്കണ്ട. നമുക്ക് വീട്ടീ പോവാം. നൂനൂന് ഈ ഫുഡ് വേണ്ടാ....

നൂനു പറഞ്ഞത് കേള്‍ക്കാതെ അമ്മ കോളിംഗ് ബെല്‍ അടിച്ചു. നൂനു അമ്മയുടെ കൈ കടിച്ചു. കണ്ണട അടിച്ചു താഴെയിട്ടു. നിലത്തു വീണു ഉരുണ്ടു. റസിയ ടീച്ചറും ആയയും കൂടെ നൂനുവിനെ എടുത്ത് പൊക്കി ക്ലാസ്സിലേക്ക് കൊണ്ടു പോയി. 

അന്നത്തോടെ പ്ലേ സ്‌കൂളില്‍ ഫുഡിന്റെ ലിസ്റ്റ് എഴുതുന്ന പരിപാടി ടീച്ചര്‍ നിര്‍ത്തി. 

നൂനു അറിയാതെ എപ്പോഴോ ഉറങ്ങിപ്പോയി.

അമ്മയുടെ ഫോണില്‍ എല്ലാ ദിവസവും ലിസ്റ്റ് ടീച്ചര്‍ അയക്കുന്ന കാര്യം അപ്പയോട് അമ്മ പറയുന്നത് നൂനു കേട്ടു. കൂടെ ഒറ്റക്കുട്ടിയായതിന്റെ പ്രശ്‌നമാണ് എന്ന് റസിയ ടീച്ചര്‍ പറഞ്ഞു എന്ന് പറയുന്നതും. 

എന്താണ് പ്രശ്‌നം എന്ന് മാത്രം നൂനുവിന് മനസ്സിലായില്ല. രാത്രി കിടക്കുമ്പൊ നാളെ സ്‌കൂളില്‍ ചോക്കലേറ്റ് മില്‍ക്കും കുക്കീസും ഉണ്ടാവുമോ എന്ന് ആലോചിച്ച് നൂനു അറിയാതെ എപ്പോഴോ ഉറങ്ങിപ്പോയി.

(രണ്ടാം ഭാഗം നാളെ. മറക്കാതെ വായിക്കണേ)

എന്തിനാണ് നൂനൂന്റെയും ഹാപ്പീടെയും കഥ എഴുതിയത്? അതിനുത്തരം ശ്രീബാല ആന്റി പറയുന്നത് ഈ വീഡിയോയില്‍ കാണാം

Follow Us:
Download App:
  • android
  • ios