Asianet News MalayalamAsianet News Malayalam

അയിലത്തലയും മൂന്ന് പൂച്ചകളും

ഹാപ്പി. ശ്രീബാല കെ മേനോന്‍ എഴുതിയ കുട്ടികള്‍ക്കുള്ള നോവല്‍ തുടരുന്നു. ഭാഗം 7

happy childrens novel by sreebala k menon
Author
Thiruvananthapuram, First Published Dec 25, 2018, 12:38 PM IST

ഹാപ്പി മീനുകളെ കൊതിയോടെ നോക്കി. പക്ഷേ അടുത്തേക്ക് ചെല്ലുകയോ ഒന്നും കട്ടെടുക്കുകയോ ചെയ്തില്ല. പൂച്ചകള്‍ മൂന്നും മതിലിന്റെ  പുറത്ത് വന്ന് നിന്ന് 'മ്യാവൂ' കരഞ്ഞതല്ലാതെ ഇപ്പറത്തോട്ട് വരാന്‍ ധൈര്യം കാണിച്ചില്ല. പനി കാരണം പ്ലേ സ്‌കൂളില്‍ പോവാതിരുന്ന നൂനു ഇതെല്ലാം കണ്ട് മിണ്ടാതെ അമ്മൂമ്മയുടെ അടുത്ത് നിന്നു. 

happy childrens novel by sreebala k menon

ഒരാഴ്ച കഴിഞ്ഞപ്പൊ ഹാപ്പിയെ കെട്ടിയിടാതെയായി. കഴുത്തില്‍ ഒരു ബെല്‍ട്ട് മാത്രം ബാക്കിയായി. ചുവപ്പ് നിറത്തിലുള്ള ഒരു സറ്റൈലന്‍ ബോ ഉള്ള ബെല്‍റ്റ്. ഹാപ്പിക്കും മനസ്സിലായി ഇനി ഇതാണ് തന്റെ വീടെന്ന്. വരാന്തയില്‍ ഒരു ചവിട്ടിയില്‍ കെട്ടിയിട്ട നിലയില്‍ ജീവിച്ച ഹാപ്പി പതിയെ നടന്ന് വീടിനകത്തേക്ക് കയറി. എല്ലായിടവും മണത്ത് നടന്നിട്ടൊടുവില്‍ ടി വി കണ്ടു കൊണ്ടിരുന്ന അപ്പൂപ്പന്റെ അടുത്തെത്തി. അപ്പൂപ്പന്റെ ശ്രദ്ധ കിട്ടാന്‍ ആദ്യം കീ കീ എന്ന് ഒച്ച വെച്ചു. പിന്നെ ബൗ ബൗ എന്ന് കുരച്ചു. അപ്പൂപ്പന്‍ ടി വി യില്‍ നിന്ന് കണ്ണെടുത്ത് ഹാപ്പിയെ നോക്കി. ഹാപ്പി പിന്‍കാലില്‍ ഇരുന്ന് മുന്‍കാലുകളിലൊന്ന് അപ്പൂപ്പന്റെ നേരെ നീട്ടി. അപ്പൂപ്പന്‍ ഹാപ്പിയുടെ നേരെ കുനിഞ്ഞ് ആ കൈ സ്വീകരിച്ചു.

അവര്‍ ഷേക്ക് ഹാന്റ് ചെയ്തു. അപ്പൂപ്പന്‍ ഹാപ്പിയെ തലോടി. കുറേ നേരം മുതുകത്ത് തലോടിയ ശേഷം കൈ പിന്‍വലിച്ചപ്പൊ ഹാപ്പി മലര്‍ന്ന് കിടന്ന് കൊടുത്തു. അപ്പൂപ്പന്‍ അവിടേയും തലോടി ഹാപ്പിയെ സന്തോഷിപ്പിച്ചു. ഒടുവില്‍ കൈ എടുത്തപ്പോ ഹാപ്പി അപ്പൂപ്പന്റെ കാലില്‍ തല വെച്ച് ഉറക്കമായി. ഹാപ്പി ഉറങ്ങുന്ന നേരമത്രയും അപ്പൂപ്പന്‍ കാല് അനക്കാതെ വെച്ചു. അമ്മൂമ്മ ഒരുപാട് തവണ അടുക്കളയില്‍ നിന്നും വിളിച്ചു പറഞ്ഞു, 'ദേ ചായ എടുത്ത് വച്ചിരിക്കുന്നു. അത് തണുക്കും. എടുത്ത് കുടിക്ക്.'-കുറേ നേരം വിളിച്ചിട്ടും അപ്പൂപ്പനെ കാണാതായപ്പോള്‍ അമ്മൂമ്മ സ്വീകരണ മുറിയിലേക്ക് ചെന്നു. അപ്പൂപ്പന്റെ കാലില്‍ കിടന്ന് ഉറങ്ങുന്ന ഹാപ്പിയേയും, ഹാപ്പിയെ ശല്യപ്പെടുത്താതിരിക്കാന്‍ ടി വി ശബ്ദമില്ലാതെ കാണുന്ന അപ്പൂപ്പനേയും കണ്ട് അമ്മൂമ്മ മൂക്കത്ത് വിരല്‍ വെച്ചു. അപ്പൂപ്പന്‍ അമ്മൂമ്മയെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് മൊബൈല്‍ എടുത്ത് കൈയ്യില്‍ കൊടുത്തു. 'ഒരു ഫോട്ടോ എടുക്ക്'. 

പുറത്ത് ലില്ലി ആന്റി മീന്‍ വെട്ടിക്കൊണ്ടിരിക്കുകയാണ്

അമ്മൂമ്മ ഹാപ്പിയുടേയും അപ്പൂപ്പന്റെയും ഫോട്ടോ എടുത്തു. അപ്പൂപ്പന്‍ അപ്പോള്‍ തന്നെ അത് ഫാമിലി ഗ്രൂപ്പില്‍ ഇട്ടു. ഹാപ്പി വീട്ടിലെത്തിയ വിവരം ആന്റിമാരും, അങ്കിള്‍മാരും, നൂനുവിന്റെ മറ്റ് കസിന്‍സും അറിഞ്ഞു.

തിരിച്ച് അമ്മൂമ്മ അടുക്കളയിലേക്ക് ചെല്ലുമ്പോള്‍ പുറത്ത് ലില്ലി ആന്റി മീന്‍ വെട്ടിക്കൊണ്ടിരിക്കുകയാണ്. അമ്മൂമ്മ ഒരു മുറത്തില്‍ ചുവന്ന ചീരയെടുത്ത് അരിയാനായി ലില്ലിയാന്റിയുടെ അടുത്തേക്ക് നടന്നു. ആന്റിയുടെ ചുറ്റും വലിയ രണ്ട് മൂന്ന് പൂച്ചകള്‍ മീന്‍ തല കിട്ടാനായി പാത്തും പതുങ്ങിയും നിപ്പുണ്ട്.

'അയിലേടെ തലയാണ്. ഇത് എന്റെ കൈയില്‍ നിന്നും മേടിച്ചെടുക്കാമെന്ന് ഒരു പൂച്ചയും വിചാരിക്കണ്ട. ഇത് കറി വെച്ച് ഞങ്ങള് കഴിക്കും. അതിന്റെ മുള്ളോ  വാലോ ബാക്കിയുണ്ടെങ്കില്‍ തരാം. ഇപ്പൊ പോ എല്ലാം.'

ഇത് കേട്ടിട്ടും ഒരു പൂച്ചയും പോയില്ല. എല്ലാം അവിടെ തന്നെ ചുറ്റി പറ്റി നിന്നു. ഇതിനിടെ കറുകറുത്ത ഒരു കാക്കയും വന്നു. കാക്ക ഒരു മീന്‍ കൊത്താന്‍ താഴ്ന്നു പറന്നു. ലില്ലിയാന്റി കാക്കയെ കൈ കൊണ്ട് ആട്ടി കളഞ്ഞ് തിരിയുമ്പോഴേക്കും പൂച്ച ഒരു മീന്‍ തലയും തട്ടിയെടുത്ത് പാഞ്ഞ് മതിലും ചാടി അപ്പുറത്തേക്ക് പോയി. ലില്ലിയാന്റി കൈയ്യില്‍ കിട്ടിയ കല്ലൊക്കെ എടുത്ത് ബാക്കി പൂച്ചകളെ എറിഞ്ഞോടിക്കാന്‍ ശ്രമിച്ചു. ഒന്നും പോയില്ല. രണ്ടും ദൂരെ മാറി മീനിനെത്തന്നെ നോക്കി നിലയുറപ്പിച്ചു. പെട്ടെന്നാണ് ചീര അരിഞ്ഞ് കൊണ്ടിരുന്ന അമ്മൂമ്മയുടെ സൈഡിലൂടെ ഹാപ്പി പാഞ്ഞ് വന്നത്.

'ബൗ ബൗ ബൗ ബൗ', കാണാന്‍ കുഞ്ഞനാണെങ്കിലും കുര നല്ല ശബ്ദത്തിലായിരുന്നു. ആ കുര കേട്ടപ്പാടെ എല്ലാ പൂച്ചകളും മതില് ചാടി അപ്പുറത്തേക്ക് മറിഞ്ഞു. ലില്ലിയാന്റിക്ക് സന്തോഷമായി.

'മിടുക്കന്‍. ഇന്ന് നിനക്ക് ഞാന്‍ മീന്‍ ഉപ്പും മഞ്ഞളും ഇട്ട് വേവിച്ച് തരും'

ഹാപ്പി മീനുകളെ കൊതിയോടെ നോക്കി. പക്ഷേ അടുത്തേക്ക് ചെല്ലുകയോ ഒന്നും കട്ടെടുക്കുകയോ ചെയ്തില്ല. പൂച്ചകള്‍ മൂന്നും മതിലിന്റെ  പുറത്ത് വന്ന് നിന്ന് 'മ്യാവൂ' കരഞ്ഞതല്ലാതെ ഇപ്പറത്തോട്ട് വരാന്‍ ധൈര്യം കാണിച്ചില്ല. പനി കാരണം പ്ലേ സ്‌കൂളില്‍ പോവാതിരുന്ന നൂനു ഇതെല്ലാം കണ്ട് മിണ്ടാതെ അമ്മൂമ്മയുടെ അടുത്ത് നിന്നു. 

ഹാപ്പിയെ കാണാന്‍ അപ്പുറത്തെ വീട്ടിലെ അപ്പു ചേട്ടനും, കണ്ണന്‍ ചേട്ടനും മതിലിന്റെ മുകളിലൂടെ എത്തി വലിഞ്ഞു നോക്കി.

അമ്മൂമ്മ തിരിഞ്ഞ് നോക്കിയപ്പൊ നൂനുവിനെ ആ ഏരിയയിലൊന്നും കാണാനില്ല

happy childrens novel by sreebala k menon

Illustration: Sumi K Raj

'അപ്പു, കണ്ണാ എന്താ ഇങ്ങോട്ടേക്കൊന്നും വരാത്തത് ഇപ്പൊ?'

'വന്നാ.... ', കണ്ണന്‍ മടിച്ചു മടിച്ചു പറയാതെ നിന്നു.

'വന്നാ അടിച്ചു കണ്ണ് പൊട്ടിക്കും എന്ന് നൂനു ഭീഷണിപ്പെടുത്തി. മാമനെക്കൊണ്ട് ഇടിച്ച് സൂപ്പാക്കും എന്നും പറഞ്ഞു. ഞങ്ങള്‍ക്ക് പേടിയാ.' അപ്പു പറഞ്ഞു.  
  
'ആണോ നൂനു? അങ്ങനെ പറഞ്ഞോ?'

എന്ന് ചോദിച്ച് അമ്മൂമ്മ തിരിഞ്ഞ് നോക്കിയപ്പൊ നൂനുവിനെ ആ ഏരിയയിലൊന്നും കാണാനില്ലായിരുന്നു. ഒന്നും അറിയാത്ത ഭാവത്തില്‍ നൂനു അപ്പൂപ്പന്റെ മടിയില്‍ തല വച്ച് പാവം  പനിക്കുട്ടിയായി കിടന്നു.

ഹാപ്പി മുഴുവന്‍ ഭാഗങ്ങളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം. 

(ഹാപ്പിയെക്കുറിച്ചുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും അഭിപ്രായങ്ങള്‍ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കൂ.)


 

Follow Us:
Download App:
  • android
  • ios