Asianet News MalayalamAsianet News Malayalam

അമ്മ

ഹാപ്പി. ശ്രീബാല കെ മേനോന്‍ എഴുതുന്ന കുട്ടികള്‍ക്കുള്ള നോവല്‍ തുടരുന്നു. ഭാഗം 13

happy kids novel sreebala k menon part 13
Author
Thiruvananthapuram, First Published Dec 31, 2018, 11:45 AM IST

യൂണിഫോമിട്ട പോലീസിനെ കണ്ട് നൂനു ഒറ്റ ചാട്ടത്തിന് അമ്മയുടെ  പിന്നിലൊളിച്ചു. അവിടെ നിന്ന് എത്തി നോക്കിയപ്പോള്‍ കണ്ടു ഒരു വെളു വെളാ വെളുത്ത ആളും, ഒരു വലിയ പട്ടിയും. പട്ടിയുടെ തൊട്ടടുത്ത് ഹാപ്പി. ഹാപ്പിയെ ആ പട്ടി നക്കി തുടയ്ക്കുന്നുണ്ട്. ഹാപ്പി തിരിച്ചു നക്കി 'ങീ ങീ ' എന്ന് കരഞ്ഞ് നിപ്പുണ്ട്. 

happy kids novel sreebala k menon part 13

രാവിലെ പ്ലേ സ്‌കൂളില്‍ പോവാന്‍ നൂനുവിന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. 

അപ്പയും അമ്മയും അപ്പൂപ്പനും ലില്ലി ആന്റിയും ഹാപ്പിയെ തിരഞ്ഞ് നടക്കുന്നു. മുന്നിലെ വാതില്‍  അടക്കാന്‍ മറന്നത് കൊണ്ട് ഹാപ്പി ഓടി പോയി എന്ന് അമ്മൂമ്മ നൂനുവിനോട് പറഞ്ഞു. അപ്പ അമ്മയുടെ സ്‌കൂട്ടറെടുത്ത് കൊണ്ട് പോയി അടുത്തുള്ള കുറേ വീടുകളില്‍ 'ഹാപ്പി ഇവിടെങ്ങാനും വന്നോ' എന്ന് ചോദിച്ചു. ഹാപ്പിയെ കാണാത്തതു കൊണ്ട് അമ്മ കരച്ചിലാണ്. ഒളിപ്പിക്കാന്‍ സപ്ലി കൊണ്ടുപോയതാണ് എന്ന് അമ്മയോട് പറഞ്ഞാലോ എന്ന് നൂനു ചിന്തിച്ചു. പിന്നെ സപ്ലി 'മദര്‍ പ്രോമിസ്' വാങ്ങിയതല്ലേ എന്ന് ഓര്‍ത്തപ്പോ മിണ്ടാതിരുന്നു. പ്ലേ സ്‌ക്കൂളിലും നൂനു ആരോടും മിണ്ടിയില്ല.

റസിയ ടീച്ചര്‍ വന്ന് 'അഥീനയ്ക്ക് സുഖമില്ലേ' എന്ന് ചോദിച്ചു. അതിനും നൂനു മറുപടി ഒന്നും പറഞ്ഞില്ല.

അപ്പൂപ്പനാണ് നൂനുവിനെ സ്‌കൂളില്‍ നിന്നു വിളിച്ചു കൊണ്ട് പോവാന്‍ വന്നത്. അപ്പൂപ്പന്‍ വന്നാല്‍ നൂനുവിന് വലിയ സന്തോഷമാണ്. ഓട്ടോറിക്ഷയില്‍ കയറി വീട്ടില്‍ പോവാം. ഓട്ടോയില്‍ നൂനു ഇരിക്കില്ല. കമ്പിയില്‍ പിടിച്ച് നിന്ന് കാഴ്ചകളൊക്കെ കണ്ട് അങ്ങ് രസിക്കും. അന്ന് നൂനുവിന് ഓട്ടോറിക്ഷയില്‍ കയറിയപ്പോഴും വലിയ സന്തോഷം ഒന്നും വന്നില്ല. അമ്മ ഇപ്പഴും കരയുന്നുണ്ടാവുമോ എന്ന് ഓര്‍ത്ത് നൂനുവിന് വീട്ടില്‍ പോവാനേ തോന്നിയില്ല.  

വീട്ടിലെത്തിയപ്പോള്‍ പുറത്ത് കുറേ വലിയ ഷൂസുകള്‍.

അന്ന് നൂനുവിന് ഓട്ടോറിക്ഷയില്‍ കയറിയപ്പോഴും വലിയ സന്തോഷം ഒന്നും വന്നില്ല 

happy kids novel sreebala k menon part 13

Illustration: Sumi K Raj

ആരൊക്കെയോ വന്നിട്ടുണ്ട്. അതില്‍ സപ്ലിയുടെ ഓറഞ്ച് ഷൂവും ഉണ്ട്. നൂനു അപ്പൂപ്പയുടെ കൈയിലെ പിടി വിട്ട് അകത്തേക്കോടി. അവിടെ സോഫയില്‍ ഒരു പോലീസ്. 

യൂണിഫോമിട്ട പോലീസിനെ കണ്ട് നൂനു ഒറ്റ ചാട്ടത്തിന് അമ്മയുടെ  പിന്നിലൊളിച്ചു. അവിടെ നിന്ന് എത്തി നോക്കിയപ്പോള്‍ കണ്ടു ഒരു വെളു വെളാ വെളുത്ത ആളും, ഒരു വലിയ പട്ടിയും. പട്ടിയുടെ തൊട്ടടുത്ത് ഹാപ്പി. ഹാപ്പിയെ ആ പട്ടി നക്കി തുടയ്ക്കുന്നുണ്ട്. ഹാപ്പി തിരിച്ചു നക്കി 'ങീ ങീ ' എന്ന് കരഞ്ഞ് നിപ്പുണ്ട്. 

അപ്പയും, വെളുത്ത അങ്കിളും, പോലീസും എന്തൊക്കെയോ ഉറക്കെ പറയുന്നുണ്ട്. സപ്ലി മാത്രം ഒന്നും പറയാതെ മുഖം കുനിച്ച് നില്‍ക്കുന്നു. കുറേ കഴിഞ്ഞപ്പോള്‍ പോലീസുകാരന്‍ എഴുന്നേറ്റു. വെളുത്ത അങ്കിളും. ആ അങ്കിള്‍ വലിയ പട്ടിയുടെ തലയില്‍ രണ്ട് തട്ട്. അത് എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ഹാപ്പിയും പിന്നാലെ പോയി. അമ്മ കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി. അപ്പൂപ്പനും അപ്പയും നൂനുവും ഗേറ്റ് വരെ അവരുടെ കൂടെ പോയി. 

അല്ലാതെ നീ അറിഞ്ഞോണ്ട് മോഷ്ടിച്ച മുതല് വാങ്ങിയതല്ലല്ലോ

ദൂരെ കിടന്ന ഒരു ജീപ്പ് ഗേറ്റിന്റെ മുന്നില്‍ വന്ന് നിന്നു. ജീപ്പില്‍ പോലീസുകാരനും, വെളുത്ത അങ്കിളും കയറി. പുറകേ വലിയ പട്ടിയും. ഹാപ്പിയെ വെളുത്ത അങ്കിള്‍  എടുത്ത് മടിയില്‍ വെച്ചു. ജീപ്പ് മുന്നോട്ട് നീങ്ങിയപ്പോള്‍ നൂനു 'ഹാപ്പി പോണ്ടാ, ഹാപ്പി പോണ്ടാ'    എന്ന് പറഞ്ഞ് ഉറക്കെ കരഞ്ഞു.  

'ഹാപ്പിയുടെ അമ്മ ഹാപ്പിയെ കൊണ്ട് പോവാന്‍ വന്നതാ. ഹാപ്പി അമ്മയുടെ കൂടെ പൊക്കോട്ടെ നൂനു. അല്ലെങ്കില്‍ അമ്മയ്ക്ക് വിഷമാവില്ലേ.' 

'വേണ്ട ഹാപ്പി പോണ്ട', നൂനു നിലത്തിരുന്ന് കരഞ്ഞ് വാശി പിടിച്ചു. അപ്പ നൂനുവിനെ കോരി എടുത്ത് അകത്തേക്ക് നടന്നു.

സപ്ലി കണ്ണൊക്കെ ചുവന്ന് ഇരിക്കുന്നുണ്ടായിരുന്നു സോഫയില്‍. അപ്പ സപ്ലിയുടെ ചുമലില്‍ തട്ടി 'പോട്ടെ. ഹാപ്പിയെ നമുക്ക് തന്ന കക്ഷി നമ്മളെ പറ്റിച്ചതല്ലേ. അല്ലാതെ നീ അറിഞ്ഞോണ്ട് മോഷ്ടിച്ച മുതല് വാങ്ങിയതല്ലല്ലോ. പോട്ടെ വിട്ടു കള സഹോ.'

സപ്ലിയുടെ കണ്ണില്‍ നിന്നും വെള്ളം കവിളിലേക്ക് ഒലിച്ച് വരുന്നത് നൂനു കണ്ടു. നൂനു കരഞ്ഞ് കൊണ്ടു ഓടി പോയി അമ്മയുടെ കൂടെ കട്ടിലില്‍ കിടന്നു. കരഞ്ഞ് കരഞ്ഞ് ചുമ വന്നു. ചുമച്ച് പനിച്ച് നൂനു കട്ടിലില്‍ ചുരുണ്ടു കിടന്നു.

(അടുത്ത ഭാഗം നാളെ)

ഹാപ്പി മുഴുവന്‍ ഭാഗങ്ങളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം. 

(ഹാപ്പിയെക്കുറിച്ചുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും അഭിപ്രായങ്ങള്‍ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കൂ.)

 

Follow Us:
Download App:
  • android
  • ios