Asianet News MalayalamAsianet News Malayalam

ക്ലാര...

ഭക്ഷണ മേശയില്‍ ക്ലാര പതിവിലേറെ നിശ്ശബ്ദയായിരുന്നു. ധാരാളം വെള്ളത്തിനും ബിയറിനുമൊപ്പം ഞാന്‍ പാകം ചെയ്തതൊക്കെ സ്വാദോടെ മൂവരും കഴിച്ചു. അവര്‍ക്ക്  എരിവു വളരെ ഇഷ്ടമാണെന്ന് എനിക്ക് തോന്നി. ഭക്ഷണ ശേഷം മധുരം വിളമ്പുന്നതിനു മുമ്പ്  ക്ലാര പൊടുന്നനെ സംസാരിക്കാന്‍ തുടങ്ങി.

Haritha savithri column on Clara
Author
Barcelona, First Published May 20, 2017, 9:53 AM IST

എല്ലുകളിലേക്കരിച്ചു കയറുന്ന തണുപ്പ്. ക്ലാരയെ കാത്തിരിക്കുകയാണ് ഞാന്‍. ദിവസം മൂന്നോ നാലോ ട്രെയിനുകള്‍ മാത്രം നിറുത്തുന്ന വിജനവും അലസവുമായ ഒരു സ്‌റ്റേഷന്‍ ആണിത്. കാത്തുനിന്ന് കാലു വേദനിച്ചാല്‍ പോലും ഐസ് കൊണ്ടുണ്ടാക്കിയത് പോലെ തണുത്തുറഞ്ഞ സ്റ്റീല്‍ ബഞ്ചുകളില്‍ ഇരിക്കാന്‍ എനിക്ക് ഭയമാണ്. അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോള്‍ സിമന്റ് തറയിലെ ഐസിന്റെ അദൃശ്യമായ ആവരണം ബൂട്‌സിനടിയില്‍ ഞെരിയുന്ന ശബ്ദം കേള്‍ക്കാം. ഈ സമയത്ത് ഏറ്റവും ആവശ്യം ഒരു ചൂട് കാപ്പിയാണ്. പക്ഷെ വറുത്ത കാപ്പിക്കുരുവിന്റെ മണവും തൊണ്ടയില്‍ നിന്നിറങ്ങുന്ന ഇരുണ്ടു കൊഴുത്ത ചൂടും നീരാവിയും സ്വപ്നം കാണുക മാത്രമേ നടക്കു. ഒരു ചായക്കട പോലുമില്ലാത്ത റെയില്‍ വേ സ്‌റ്റേഷന്‍! 

കണ്ണടച്ചു തുറക്കും മുമ്പ് മൂളിപ്പറന്നു പോകുന്ന അതിവേഗ  ട്രെയിനുകള്‍ പലതവണ ഈ സ്‌റ്റേഷന്‍ കടന്നു പോകാറുണ്ട്. പക്ഷെ എന്റെ ട്രെയിന്‍ കൃത്യം ഒന്നര മണിക്കൂര്‍ എടുക്കും 85 കിലോമീറ്റര്‍ താണ്ടി ഇഴഞ്ഞു വലിഞ്ഞു യൂണിവേഴ്‌സിറ്റിയ്ക്കടുത്തുള്ള സ്റ്റേഷനില്‍ എത്താന്‍. കൂറ്റന്‍ മലകളുടെ വശങ്ങളിലൂടെയും നീണ്ടിരുണ്ട തുരങ്കങ്ങളിലൂടെയും ഇഴഞ്ഞും കിതച്ചും എല്ലാ ചെറിയ സ്‌റ്റേഷനുകളില്‍ നിറുത്തിയും വളരെ സാവധാനമുള്ള ഒരു യാത്ര. കുത്തനെയുള്ള കൊക്കകളിലേയ്ക്ക് വീഴാതിരിക്കാന്‍ ശ്രമിച്ചു കൊണ്ട് മലകളുടെ വശങ്ങളില്‍ പറ്റിപ്പിടിച്ച് ഒരു കളിപ്പാട്ട ട്രെയിന്‍ ഓടിപ്പോകുന്നതു പോലെ ദൂരെ നിന്ന് നോക്കിയാല്‍ തോന്നും. 

യാത്രയുടെ പകുതിയോളം ഞാന്‍ പുറത്തേയ്ക്ക് നോക്കിയിരിക്കുകയോ ചുറ്റുമുള്ളവരെ നിരീക്ഷിക്കുകയോ വല്ലതും വായിക്കാന്‍ ശ്രമിക്കുകയോ ഉറക്കം തൂങ്ങുകയോ ചെയ്യാറാണ് പതിവ്. പക്ഷെ 45 മിനുട്ട് കഴിഞ്ഞാല്‍ എന്റെ മടുപ്പ് അപ്രത്യക്ഷമാകും. യാത്രയ്ക്കിടയിലെ ഏറ്റവും വലിയ സ്‌റ്റേഷനില്‍ ട്രെയിന്‍ നില്ക്കും . പണത്തിനു വേണ്ടി ഗിറ്റാര്‍ മീട്ടി പാടുന്ന ഗായകരും പ്രാമുകളില്‍ കുഞ്ഞുങ്ങളുമായി അമ്മമാരും അടുത്തുള്ള ടൗണുകളില്‍ ജോലികള്‍ക്കായി പോകുന്നവരും വിദ്യാര്‍ത്ഥികളും നിറപ്പകിട്ടുള്ള അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിച്ച ഹിപ്പികളും പിന്നെ ക്ലാരയും ട്രെയിനില്‍ കയറും.

പലതരം കിളികളെ അടച്ച ഒരു കിളിക്കൂട് പോലെയാവും അതിനു ശേഷം കമ്പാര്‍ട്ട്‌മെന്റ. മേക് അപ് ചെയ്യുന്ന സ്ത്രീകള്‍, ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന കുട്ടികള്‍, വിലപിടിച്ച കോട്ടുകളില്‍ അഴുക്കുപറ്റുമോയെന്ന് ഭയന്ന് എങ്ങും തൊടാതെയെന്നപോലെയിരിക്കുന്ന പഞ്ഞിത്തലമുടിയുള്ള അമ്മുമ്മമാര്‍ എന്ന് വേണ്ട ഈ ലോകത്തെ ബഹളമെല്ലാം കൂടി ആ ഒരു കമ്പാര്‍ട്ട്‌മെന്റില്‍ ഒതുക്കി വച്ചത് പോലെ എനിക്ക് തോന്നും. പക്ഷെ അതിനെയെല്ലാം വെല്ലുന്ന ഒച്ചയാണ് അവള്‍ക്ക് . അല്‍പ്പം ഇടര്‍ച്ച യുള്ള ശബ്ദത്തില്‍ അദ്ധ്യാപകരെപ്പറ്റിയും കാമുകനെപ്പറ്റിയും ലഹരിക്കടിമയായ അനുജനെപ്പറ്റിയും പഠിക്കാനുള്ള പുസ്തകങ്ങളെപ്പറ്റിയും ഒരു റേഡിയോ ഉച്ചസ്ഥായിയില്‍ പാടുന്നതുപോലെ ക്ലാര സംസാരിച്ചു കൊണ്ടേയിരിക്കും.

ഒരു ദിവസം എന്റെ സാധാരണ ജാക്കറ്റ് പിടിച്ചു നോക്കിയിട്ട് അതിനെന്താ വില എന്ന് ചോദിച്ചപ്പോഴാണ് അവള്‍ക്കു  തണുക്കുന്നുണ്ടെന്ന് എനിക്കാദ്യമായി തോന്നിയത്. ആളുകള്‍ തിങ്ങി നിറഞ്ഞ, ഹീറ്ററുകള്‍ പിടിപ്പിച്ച കമ്പാര്‍ട്ട്‌മെന്റുകളില്‍ തണുപ്പുകാലത്ത് ഉടനീളം സുഖകരമായ ഒരിളം ചൂട് തങ്ങി നിന്നിരുന്നു. എന്നിട്ടും അവള്‍ക്കു  തണുക്കുന്നു! 

ക്ലാര ഇട്ടിരിക്കുന്ന ഉടുപ്പുകള്‍ ഞാന്‍ ഒളികണ്ണിട്ടു നോക്കി. ഒരു ടീ ഷര്‍ട്ടിന്റെ പുറത്തു പച്ചയും മഞ്ഞയും നിറമുള്ള രണ്ടു വില കുറഞ്ഞ  സ്വെറ്ററുകള്‍! നല്ല തണുപ്പായതിനു ശേഷവും ആ വേഷത്തില്‍ തന്നെയാണ് അവള്‍ യുണിവേഴ്‌സിറ്റിയില്‍ വന്നു കൊണ്ടിരുന്നത്. ചിലപ്പോള്‍ നീല നിറത്തിലുള്ള ഒരെണ്ണവും പ്രത്യക്ഷപ്പെടാറുണ്ട്. ചുറ്റുമുള്ള വിലപിടിച്ച രോമക്കുപ്പായങ്ങള്‍ക്കിടയില്‍ ആ നിറങ്ങള്‍ എന്റെ കണ്ണുകളെ കുത്തി നോവിച്ചു കൊണ്ടേയിരുന്നു.

ക്രിസ്തുമസ് സമ്മാനമായി ഒരു ജാക്കറ്റ് വാങ്ങിക്കൊടുത്താലോ എന്ന് ഞാനാലോചിക്കാതിരുന്നില്ല. അപമാനമായിത്തോന്നിയാലോ എന്ന് കരുതി ഞാനാ ചിന്ത ഉപേക്ഷിച്ചു. അതിനു പകരം ഞാന്‍ ഒരു ദിവസം ഉച്ച ഭക്ഷണം കഴിക്കാന്‍ അവളെയും കാമുകനെയും വീട്ടിലേക്കു ക്ഷണിച്ചു. ക്ലാരയ്ക്ക് വലിയ സന്തോഷമായി . അവള്‍ക്കു  പോകാന്‍ അധികം ഇടങ്ങളില്ല എന്നെനിക്കു പലപ്പോഴും തോന്നിയിരുന്നു. താമസിക്കാനൊരിടമില്ലാതെ,  മദ്യപാനിയായ അച്ഛന്‍ കൊണ്ടുവരുന്ന സ്ത്രീകളോടൊപ്പം ഒരു പഴയ ബോട്ടില്‍ കഴിയേണ്ടി വന്ന ബാല്യത്തെക്കുറിച്ചും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ താങ്ങാനാകാതെ ഓടിപ്പോയ അമ്മയെക്കുറിച്ചും ക്ലാര ഇടയ്‌ക്കൊക്കെ പറഞ്ഞിരുന്നു.

വരുന്നതിന്റെ തലേ ദിവസം അവള്‍ എന്നെ വിളിച്ചു. ഒരു സുഹൃത്തിനെക്കൂടി കൊണ്ട് വന്നോട്ടെ എന്നാണ് ചോദ്യം. ഇന്ത്യന്‍ ഭക്ഷണം കഴിക്കാന്‍ കൊതി മൂത്ത ഏതെങ്കിലും കൂട്ടുകാരാവും എന്ന് തോന്നിയ ഞാന്‍ രണ്ടാമതൊന്നാലോചിക്കാതെ സമ്മതിച്ചു.

ഏറ്റവും നല്ല ഭക്ഷണം തന്നെ അവള്‍ക്കുണ്ടാക്കി കൊടുക്കണം എന്നായിരുന്നു എനിക്ക്. ബിരിയാണിയും മസാല പുരട്ടി വറുത്ത ഒരു മുഴുവന്‍ കോഴിയും നന്നായി തണുപ്പിച്ച ബിയര്‍ ബോട്ടിലുകളും മേശപ്പുറത്തു നിരന്നു. പോരാത്തതിന് മധുരപ്രിയയായ ക്ലാരയ്ക്ക് വേണ്ടി നന്നായി ശര്‍ക്കരയും നെയ്യുമിട്ടു കുറുക്കിയ പഴപ്രഥമനും.

അതിഥികളെത്തി. ക്ലാരയുടെയും യോഹാന്റെയും കൂടെ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. കൂടപോലെ ചുരുണ്ടു കിടക്കുന്ന കറുത്തു മിനുത്ത മുടിയും നുണക്കുഴികളുമുള്ള ഒരു സുന്ദരി. തവിട്ടു നിറത്തില്‍ മുട്ടൊപ്പമുള്ള ഒരു ലെതര്‍ ജാക്കറ്റ് വിലപിടിച്ച ഡിസൈനര്‍ കുപ്പായത്തിനു മുകളില്‍ അവള്‍ പ്രൌഢിയോടെ ധരിച്ചിരുന്നു. ക്ലാര അവളുടെ സ്ഥിരം പച്ചയും മഞ്ഞയും സ്വെറ്ററുകള്‍ക്കുള്ളില്‍ തന്നെ. പകുതിയടഞ്ഞുതൂങ്ങിയ കണ്ണുകളും തോളൊപ്പം വളര്‍ത്തിയ മുടിയുമുള്ള യൊഹാന്‍ തന്റെ  തോളില്‍ തൂങ്ങി നടന്നിരുന്ന പുതിയ കൂട്ടുകാരിയെ വിട്ടിട്ടു ബിയര്‍ ബോട്ടിലുകള്‍ തുറക്കാന്‍ എന്റെയൊപ്പം കൂടി.

മിരയ്യ എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്. ക്ലാരയുടെയും യോഹാന്റെയും അയല്‍വാസിയാണ്. ഫിലോസഫിയില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിനി. എന്തായാലും കൊള്ളാം ഇവളെന്തിനു ആ ചെറുക്കന്റെ തോളിലിങ്ങനെ തൂങ്ങുന്നു എന്ന ചോദ്യം കുറെ നേരമായി എന്നെ അലട്ടാന്‍ തുടങ്ങിയിട്ട്. ഞാന്‍ എന്തെങ്കിലും ചോദിച്ചാലോ എന്ന് ഭയന്നിട്ടാവും ഇവാന്റെ കണ്ണുകള്‍ ശാസനയോടെ എന്റെ നേര്‍ക്ക്  ഇടയ്ക്കിടയ്ക്ക് നീണ്ടു. 

ഭക്ഷണത്തിനു മുമ്പ് രണ്ടു മൂന്നു ബിയറുകളും എന്റെ തടിപ്പെട്ടിയില്‍ വിശേഷാവസരങ്ങള്ക്കായി മാറ്റി വച്ചിരുന്ന വീര്യമേറിയ വൈനും അകത്തായതിനു ശേഷം യോഹാനും മിരയ്യയും ചുറ്റുമുള്ള ആരെയും കാണുന്നില്ലെന്ന് തോന്നി. ക്ലാര തന്റെ പതിവ് നിര്‍വികാര ഭാവത്തില്‍ തന്നെ. ഇവളിത് കാണാത്തതാണോ അതോ മനസ്സിലാകാത്തതാണോ എന്നായി എന്റെ സംശയം. 

അതിഥികളെക്കണ്ട് വിരണ്ടോടിയ എന്റെ പൂച്ചയെ ഇണക്കാന്‍ വെളിയിലേക്കിറങ്ങിയ ക്ലാരയ്‌ക്കൊപ്പം ഞാനും പുറത്തേയ്ക്കിറങ്ങി. ചോദിക്കാതിരിക്കാന്‍ വയ്യ. അവളെ എനിക്കത്ര ഇഷ്ടമാണ്. അവള്‍്ക്കു  നോവരുത് എന്ന് കരുതി വളരെ മൃദുലമായി ഞാന്‍ അവളോട് കാര്യങ്ങള്‍ അന്വേഷിച്ചു. അല്‍പ്പനേരം നിശ്ശബ്ദയായി നിന്ന ശേഷം നിന്നോട് പറയാതിരുന്നത് തെറ്റായിപ്പോയി, ഞാന്‍ വിശദീകരിക്കാം എന്ന് മാത്രം പറഞ്ഞിട്ട് അവള്‍ വീണ്ടും സ്‌ട്രോബെറിച്ചെടികള്‍ക്കിടയില്‍ പതുങ്ങിയ പൂച്ചയെത്തേടിപ്പോയി.

എന്റെ തലയാകെ പുകയാന്‍ തുടങ്ങി. കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി, പതിനേഴാമത്തെ വയസ്സ് മുതല്‍ ക്ലാര യോഹാന്റെ വീട്ടിലാണ് താമസം എന്നെനിക്കറിയാം. യോഹാന്റെ മാനസിക രോഗവും അതിനു കഴിക്കുന്ന മരുന്നുകളും അവന്റെ അച്ഛനമ്മമാരുടെ പുച്ഛവും ഒക്കെ സഹിച്ചു കഴിയുന്ന അവള്‍ ഇതര്‍ഹിക്കുന്നില്ല എന്ന് എന്റെ മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു. 

ഭക്ഷണ മേശയില്‍ ക്ലാര പതിവിലേറെ നിശ്ശബ്ദയായിരുന്നു. ധാരാളം വെള്ളത്തിനും ബിയറിനുമൊപ്പം ഞാന്‍ പാകം ചെയ്തതൊക്കെ സ്വാദോടെ മൂവരും കഴിച്ചു. അവര്‍ക്ക്  എരിവു വളരെ ഇഷ്ടമാണെന്ന് എനിക്ക് തോന്നി. ഭക്ഷണ ശേഷം മധുരം വിളമ്പുന്നതിനു മുമ്പ്  ക്ലാര പൊടുന്നനെ സംസാരിക്കാന്‍ തുടങ്ങി. 'നിങ്ങള്‍ക്ക് ചെറിയൊരു ആശയക്കുഴപ്പമുണ്ടായി എന്നെനിക്കറിയാം. നേരത്തെ ഞാനിതു വിശദീകരിക്കേണ്ടതായിരുന്നു. ഞങ്ങള്‍ മൂവരും പരസ്പരം സ്‌നേഹിക്കുന്നു'. 

കണ്ണും തള്ളിയിരുന്ന എന്നെ കണ്ടിട്ടാവും അവള്‍ ഒന്ന്കൂടി വിശദീകരിച്ചു. 'അതായതു മിരയ്യ എന്നെയും യോഹാനെയും സ്‌നേഹിക്കുന്നു . ഞാന്‍ അവളെയും അവനെയും സ്‌നേഹിക്കുന്നു . യൊഹാന്‍ ഞങ്ങളെ രണ്ടുപേരെയും സ്‌നേഹിക്കുന്നു'. 

കഴുത്ത് ആ പ്രണയക്കുരുക്കില്‍ കുരുങ്ങിയെന്ന പോലെ എനിക്ക് ശ്വാസം മുട്ടി. ബിയര്‍ ബോട്ടിലുകളുടെ പുറത്തു പൊടിഞ്ഞിരിക്കുന്ന വെള്ളത്തിനേക്കാള്‍ കൂടുതല്‍ വിയര്‍പ്പ്  തുള്ളികള്‍ ആ ശൈത്യകാലത്ത് എന്റെ നെറ്റിയില്‍ കുരുത്തു. ബന്ധങ്ങളുടെ വൈചിത്ര്യത്തെക്കാള്‍ എന്നെ വിഷമിപ്പിച്ചത് ക്ലാരയുടെ അവസ്ഥയായിരുന്നു. അവളതു ഒരു സാധാരണ കാര്യം പോലെ പറഞ്ഞെങ്കിലും ആ അവസ്ഥ ആസ്വദിക്കുന്നു എന്നെനിക്കു തോന്നിയില്ല. പക്ഷെ എപ്പോഴും മുഖത്തുള്ള നിര്‍വികാരതയുടെ ഇരുമ്പ് മറയ്ക്കപ്പുറം എന്താണെന്നു കണ്ടെത്തുക അസാദ്ധ്യമായിരുന്നു.

നിമിഷ നേരം കൊണ്ട് എന്റെ വൈഷമ്യം മറയ്ക്കുന്നതിലും അവരോടു സ്വാഭാവികമായി തുടര്‍ന്നും  പെരുമാറുന്നതിലും ഞാന്‍ വിജയിച്ചു. എന്റെ മ്ലാനത മാറ്റാന്‍ ആവണം റെയില്‍ വേ സ്‌റ്റേഷനില്‍ നിന്ന് അവരെ യാത്രയാക്കിയതിനു ശേഷം തിരിച്ചു വരുന്ന വഴി ഇവാന്‍ ബന്ധങ്ങളുടെ വൈചിത്ര്യങ്ങളെപ്പറ്റിയും യുവ തലമുറയുടെ പരീക്ഷണങ്ങളെപ്പറ്റിയും സംസാരിച്ചു കൊണ്ടേയിരുന്നു. ഏതോ പൗരാണിക കാലത്ത് നിന്നും പതുക്കെ തല പുറത്തിട്ടു നോക്കുന്ന ഒരു ദിനോസര്‍ ആണ് ഞാനെന്നു എനിക്ക് തോന്നി.

ഇന്ന് ഞാന്‍ വീണ്ടും ക്ലാരയെക്കാത്ത് റെയില്‍വേ  സ്‌റ്റേഷനില്‍ നില്‍ക്കുകയാണ്. ഒരു ശൈത്യകാലം കൂടി വന്നെത്തിയിരിക്കുന്നു. ഞങ്ങളുടെ ക്ലാസ്സ് പണ്ടേ കഴിഞ്ഞിരുന്നു. ചപ്രത്തലമുടിയും മഞ്ഞയും പച്ചയും സ്വെറ്ററുകളുമായും ക്ലാസ്സിലെ മൂലയ്ക്കിരുന്ന എന്റെ കൂട്ടുകാരിയായിരുന്നു ക്ലാസ്സിലെ ടോപ് സ്‌കോറര്‍. ക്ലാരയെ നോക്കി പരിഹാസച്ചിരികള്‍ കൈമാറിയിരുന്ന മറ്റുകുട്ടികള്‍ അവള്‍ക്കു  ജോലിക്കായി കിട്ടിയ വമ്പന്‍ ഓഫറുകള്‍ കണ്ടമ്പരന്നു.  

ഫിന്‍ലന്‍ഡ് എന്ന അയല്‍ രാജ്യത്ത് ജോലി സംബന്ധമായി പോകേണ്ടി വന്നിരിക്കുന്നു എന്നെനിക്കയച്ച സന്ദേശത്തിന് മറുപടിയായി, എനിക്ക് കാണണം എന്നാണു ഞാന്‍ പറഞ്ഞത്. രണ്ടു പേരുടെയും തിരക്കുകള്‍ കാരണം കഴിഞ്ഞ കുറെ മാസങ്ങള്‍ ഞങ്ങള്‍ക്ക വലുതായൊന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. ഈ സമയത്ത് അവളുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്നെനിക്കു ഒരൂഹവുമുണ്ടായിരുന്നില്ല.

ട്രെയിന്‍ വന്നു. ഒരു കാറ്റ് പോലെ ക്ലാര പറന്നു വന്നു എന്നെയെടുത്തു ഉയര്‍ത്തി. ഐസ് കട്ട പോലെ മരവിച്ച് മാത്രം കണ്ടിരുന്ന മുഖത്തു വിരിഞ്ഞു നില്‍ക്കുന്ന ചിരി കണ്ടു എന്റെ മനസ്സ് തണുത്തു. വായ നിറയെ ബിരിയാണിയിട്ട് ചവച്ചു കൊണ്ട് അവര്‍ മൂന്നുപേരും വേര്‍പിരിഞ്ഞതിനെപ്പറ്റിയും, ഏഴു വര്‍ഷത്തെ അടിമത്തമവസാനിപ്പിച്ചു കൊണ്ട് യോഹാന്റെ വീട് വിട്ടിറങ്ങിയതിനെപ്പറ്റിയും, എങ്ങോ മറഞ്ഞു പോയ അമ്മയെ കണ്ടെത്തിയതിനെപ്പറ്റിയും അവള്‍ നിറുത്താതെ പറഞ്ഞു കൊണ്ടേയിരുന്നു. എന്റെ കണ്ണുകള്‍ അവളുടെ ലതര്‍ ജാക്കറ്റില്‍ തന്നെയായിരുന്നു. മനം മയക്കുന്ന തവിട്ടു നിറത്തില്‍ അതങ്ങനെ പ്രൗഢ ഗംഭീരമായി അവളുടെ ഉടലോടു ചേര്‍ന്ന് കിടക്കുന്നു. 

മഞ്ഞുറഞ്ഞ സ്‌റ്റേഷനില്‍ തിരിച്ചു പോകാനുള്ള ട്രെയിന്‍ കാത്ത് നില്‍ക്കവേ വീണ്ടും കാണാമെന്നുള്ള വാഗ്ദാനങ്ങളും ഫിന്‍ ലന്‍ഡിലേക്കുള്ള ക്ഷണവും എന്റെ തണുത്ത  കവിളുകള്‍ നിറയെ ഉമ്മകളും അവളെനിക്കു തന്നു. ഇനി ക്ലാരയെ ഒരിക്കലും കാണാതിരിക്കാന്‍ ആണ് സാധ്യത എന്നെനിക്കറിയാം. ഞങ്ങളെ തമ്മിലടുപ്പിച്ച ട്രെയിന്‍ കിതച്ചു കിതച്ചു മുന്നില്‍ വന്നു നിന്നു. അവള്‍ക്കു  പോകാറായി.

 ഓമനേ, നീയെവിടെപ്പോയാലും ആരുടെ കൂടെയായാലും സുഖമായിരിക്കൂ എന്ന് മന്ത്രിച്ചു കൊണ്ട് ഞാനവളെ കെട്ടിപ്പിടിച്ചു. ഇനിയൊരിക്കലും അവള്‍ക്കു  തണുക്കാനിട വരാതിരിക്കട്ടെ എന്ന് മാത്രമായിരുന്നു അകന്നുപോകുന്ന ആ ട്രെയിന്‍ നോക്കി നില്‍ക്കുമ്പോള്‍ എന്റെ പ്രാര്‍ത്ഥന.

ഹരിത എഴുതിയ മറ്റു കുറിപ്പുകള്‍

മനോലോയുടെ ബിക്കിനി

Follow Us:
Download App:
  • android
  • ios