Asianet News MalayalamAsianet News Malayalam

റബേക്ക

റബേക്കയ്ക്ക് നല്ല സുഖമില്ല എന്ന് പലപ്പോഴും തോന്നിയിരുന്നെങ്കിലും ഡിമന്‍ഷ്യ എന്ന വാക്ക് എന്നെ നടുക്കിക്കളഞ്ഞു. വട്ടമൊപ്പിച്ചു സ്വര്‍ണ്ണ നിറത്തില്‍ നെയ്യില്‍ മൊരിച്ചെടുക്കുന്ന ദോശകള്‍ തേന്‍ പുരട്ടി കുഴല് പോലെ ചുരുട്ടി എന്റെ തീന്മേശയ്ക്കടുത്തിരുന്നു ചൂടോടെ  കഴിക്കുന്ന റബേക്കയുടെ ചിത്രം എന്റെ മനസ്സില്‍ തെളിഞ്ഞു. 

Haritha savithri column on Rabeca
Author
Thiruvananthapuram, First Published Jan 25, 2018, 4:45 PM IST

റബേക്കയ്ക്ക് നല്ല സുഖമില്ല എന്ന് പലപ്പോഴും തോന്നിയിരുന്നെങ്കിലും ഡിമന്‍ഷ്യ എന്ന വാക്ക് എന്നെ നടുക്കിക്കളഞ്ഞു. വട്ടമൊപ്പിച്ചു സ്വര്‍ണ്ണ നിറത്തില്‍ നെയ്യില്‍ മൊരിച്ചെടുക്കുന്ന ദോശകള്‍ തേന്‍ പുരട്ടി കുഴല് പോലെ ചുരുട്ടി എന്റെ തീന്മേശയ്ക്കടുത്തിരുന്നു ചൂടോടെ  കഴിക്കുന്ന റബേക്കയുടെ ചിത്രം എന്റെ മനസ്സില്‍ തെളിഞ്ഞു. കണ്ണുകളടച്ചു പതുക്കെ രുചി ആസ്വദിച്ചു തലയാട്ടി ഓരോ ദോശയും അകത്താക്കിയ ശേഷം ഒരു കള്ളച്ചിരിയോടെ, 'എന്നാ ഇതുണ്ടാക്കാന്‍ പഠിപ്പിക്കുക' എന്ന് ചോദിക്കുന്ന റബേക്ക... നിങ്ങളെ ഇനി ഞാന്‍ എന്ന് ദോശ ചുടാന്‍ പഠിപ്പിക്കും?

റബേക്ക എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. 

വീണ്ടും വീണ്ടും ഞാന്‍ തിരിഞ്ഞു നോക്കുന്നത് കണ്ട് വീല്‍ ചെയറിന്റെ പുറകില്‍ പിടിച്ചു കൊണ്ട് നിന്ന വെളുത്ത ഉടുപ്പുകളിട്ട മെലിഞ്ഞ പെണ്‍കുട്ടി ഹൃദ്യമായി പുഞ്ചിരിച്ചു കൊണ്ട് കൈവീശി. വയലറ്റ് നിറത്തിലുള്ള ചെറിയ മണികള്‍ പോലെയുള്ള പൂക്കളുമായി കാറ്റിലുലയുന്ന ഹെതര്‍ ചെടികളുടെ കാടുകളായിരുന്നു നടപ്പാതയ്ക്കിരുവശവും. വൃദ്ധസദനത്തിന്റെ അടുക്കളയില്‍ നിന്നുയരുന്ന ബേക്ക് ചെയ്ത ഉരുളക്കിഴങ്ങിന്റെ ഹൃദ്യമായ ഗന്ധവും ഇരു വശങ്ങളില്‍ നിന്നുമുയരുന്ന പൂക്കളുടെ സുഗന്ധവും വായുവില്‍ ഇടകലര്‍ന്നിരുന്നു. ഉണങ്ങിയ ഇലകളുടെയും ശിഖരങ്ങളുടെയും തവിട്ടു നിറവും മഞ്ഞിന്റെ നരച്ച വെളുപ്പുമല്ലാതെ മറ്റൊരു നിറങ്ങളും കാണാന്‍ കിട്ടാത്ത മരവിച്ച ശൈത്യകാല സായാഹ്നങ്ങളില്‍ റബേക്കയെ കാണാനെത്തുമ്പോള്‍ സുഗന്ധം പരത്തുന്ന ഈ പൂക്കളും അടുക്കളയില്‍ നിന്നുയരുന്ന ചൂട് ഭക്ഷണത്തിന്റെ ഗന്ധവും മനസ്സിന് എന്തെന്നില്ലാത്ത ആശ്വാസമാണ് തരുന്നത്. അവര്‍ ഇവിടെ സുരക്ഷിതയായിരിക്കും എന്ന നിശ്ശബ്ദവാഗ്ദാനവുമായി നിറപ്പകിട്ടുള്ള പൂങ്കുലകള്‍ തലയാട്ടിച്ചിരിക്കും പോലെ തോന്നും.

എന്റെ അയല്‍ക്കാരിയായിരുന്നു റബേക്ക. 

പൂവരശിന്റെയും ശീമക്കൊന്നയുടെയും ചെമ്പരത്തിയുടെയും കമ്പുകളും മുളയുടെ കഷണങ്ങളും ചേര്‍ത്തു പറമ്പിനു ചുറ്റും ബലമായി കെട്ടിയുറപ്പിക്കുന്ന നാട്ടുവേലിക്ക് പകരം മുള്ള് കമ്പികളാണെന്ന ഒരു വ്യത്യാസമേ എനിക്കാദ്യം തോന്നിയുള്ളൂ. ഇടതൂര്‍ന്നു നില്‍ക്കുന്ന ഫലവൃക്ഷങ്ങള്‍ക്കപ്പുറത്ത്, നീല ശംഖുപുഷ്പമെന്നു ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന പൂക്കള്‍ നിറഞ്ഞ മോര്‍ണിംഗ് ഗ്ലോറി ചുറ്റിപ്പടര്‍ന്നു കിടക്കുന്ന മുള്ള് വേലിയില്‍  ചാടിക്കയറിയിരുന്നു ചാഞ്ഞും ചരിഞ്ഞും നോക്കുന്ന വലിയ ചുവന്ന വാലുള്ള ഒരു കോഴിപ്പൂവന്‍ ആണ് ആദ്യം പുതിയ അയല്‍ക്കാരിയെ കാണാനെത്തിയത്. കുറച്ചു കഴിഞ്ഞപ്പോള്‍ ചെറിയ രണ്ടു പഗ്ഗുകള്‍ക്ക് പുറകേ ചെറിമരങ്ങള്‍ക്കിടയില്‍ നിന്ന് വെളുത്തു നീണ്ട ഒരു അമ്മൂമ്മ പ്രത്യക്ഷപ്പെട്ടു. പട്ടികളെ വ്യായാമം ചെയ്യിക്കാനെന്ന വ്യാജേന മരങ്ങള്‍ക്കിടയില്‍ ചുറ്റിത്തിരിയുന്നതിനിടയില്‍ അടുത്ത വീട്ടിലെ പുതിയ താമസക്കാരിയെ ഇടയ്ക്ക് ഒളിഞ്ഞു നോക്കുന്നതല്ലാതെ സൗഹൃദത്തിന്റെ യാതൊരു അടയാളവും അവരുടെ സുന്ദരമായ മുഖത്തു പ്രത്യക്ഷപ്പെട്ടില്ല.

ഏകദേശം ഒരു വര്‍ഷത്തോളമെടുത്തു റബേക്കയുമായി അല്‍പ്പമൊന്നു അടുക്കാന്‍. പ്രായത്തിന്റെ അവശതകള്‍ അലട്ടിത്തുടങ്ങിയിരുന്ന ഒരു വന്ദ്യവയോധികനായിരുന്നു അവരുടെ ഭര്‍ത്താവ് നിക്കൊളസ്. മക്കളും കൊച്ചുമക്കളുമൊക്കെ അടുത്ത ടൗണില്‍ താമസമുണ്ട്. പുല്‍ച്ചാടിയെപ്പോലെയുള്ള നീളന്‍ കാലുകളുമായി ചാടിച്ചാടി നടക്കുന്ന കൊച്ചുമകന്‍ അബ്രാമോ ആഴ്ചയിലൊരിക്കല്‍ സന്ദര്‍ശിക്കുന്നതൊഴിച്ചാല്‍ അവര്‍ക്ക് സന്ദര്‍ശകരേ ഇല്ലായിരുന്നു. ഏകാന്തത വല്ലാതെ അലട്ടുമ്പോള്‍ അന്ന് രാവിലെ കൂട്ടില്‍ നിന്ന് പെറുക്കിയെടുത്ത കോഴിമുട്ടകള്‍ നിറച്ച ചെറിയൊരു മുളങ്കൂടയുമായി റബേക്ക നീലപ്പൂക്കള്‍ നിറഞ്ഞ വേലിക്കരികില്‍ വന്നു നീട്ടി വിളിക്കും, അത്താഴത്തിനു ക്ഷണിക്കും. ഇളം നിറമുള്ള തുന്നല്‍ വേലകള്‍ നിറഞ്ഞ വെളുത്ത മേശ വിരികളും തലയണയുറകളും കര്‍ട്ടനുകളും കൊണ്ട്  ആ വലിയ വീടാകെ ലളിതമായി അലങ്കരിച്ചിരുന്നു. ഉണക്കിയ തൈമിന്റെയും റോസ്‌മേരിയുടെയും ചെറു ശാഖകള്‍ തൂക്കിയിട്ടിരിക്കുന്ന, സ്‌നേഹത്തിന്റെ ചെറുചൂടുള്ള അവരുടെ വിശാലമായ അടുക്കളയിലിരുന്നു സ്വാദുള്ള പച്ചക്കറിസൂപ്പും കുടിച്ചു സമയബോധമില്ലാതെ സംസാരിച്ചിരിക്കുന്നത് എനിക്കേറ്റവും ഇഷ്ടമുള്ള കാര്യമായിത്തീര്‍ന്നു.

സന്തോഷം നിറഞ്ഞ ജീവിതമായിരുന്നെങ്കിലും ഓരോ ശൈത്യം കഴിയുന്തോറും റബേക്കയ്ക്കും നിക്കോളാസിനും അവശതകള്‍ കൂടി വന്നു. ആല്‍മണ്ടും ചെറിയും പലതരം ആപ്പിളുകളും സമൃദ്ധമായി വിളയുന്ന റബേക്കയുടെ തോട്ടത്തിലെ ഫലവൃക്ഷങ്ങളെല്ലാം ശാഖകള്‍ മുറിക്കാതെയും വളപ്രയോഗങ്ങളില്ലാതെയും കാടു പിടിച്ചത് പോലെയായി. ചുവന്ന ചെറിത്തക്കാളിക്കുലകളും കൊഴുത്ത് തഴച്ച പച്ചച്ചീരയും ഉരുളക്കിഴങ്ങും സമൃദ്ധമായി വിളഞ്ഞിരുന്ന കൊച്ചു അടുക്കളത്തോട്ടം ചാരനിറമുള്ള കൂറ്റന്‍ കാട്ടുമുയലുകള്‍ സ്വന്തമാക്കി. വേലി ചാടിക്കടന്നു റബേക്കയെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ ഉണങ്ങിയ ഓക്ക് മരക്കായകള്‍ കാലിനടിയില്‍ ഞെരിയുന്ന ശബ്ദം കേട്ട് നീളന്‍ ചെവികള്‍ ഉയര്‍ത്തി ജാഗ്രതയോടെ ഒരു നിമിഷം തുറിച്ചു നോക്കിയിട്ട് അവ ഓടിയകലും.

ആഴ്ചയവസാനത്തെ പതിവ് സന്ദര്‍ശത്തിനു ശേഷം ഒരിക്കല്‍ അബ്രാമോ എന്നെ കാണാന്‍ വന്നു. ആദ്യമായി അയാള്‍ എന്റെ വീട്ടില്‍ വരികയാണ്. എലക്കയിട്ടു പാലൊഴിച്ചു കുറുക്കിയ ചായ നിറച്ച കപ്പില്‍ തൊടുക പോലും ചെയ്യാതെ തലയും കുനിച്ചിരുന്നതു കണ്ടു എന്തോ പറയാനുണ്ടെന്ന് തോന്നിയെങ്കിലും ഒന്നും ചോദിക്കാതെ അയാള്‍ വായ തുറക്കുന്നതും കാത്തു ക്ഷമയോടെ വാതിലും ചാരി ഞാന്‍ നിന്നു. കുറെ നേരം നിശ്ശബ്ദനായിരുന്ന ശേഷം അബ്രാമോ തലയുയര്‍ത്തി എന്നെ നോക്കി. 'അമ്മുമ്മയ്ക്ക് ഡിമന്‍ഷ്യയുടെ തുടക്കമാണ്. എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല'-കൈകള്‍ തിരുമ്മിക്കൊണ്ട് അയാള്‍ അസ്വസ്ഥനായിരുന്നു. ഏകദേശം നൂറു കിലോമീറ്ററോളം ദൂരെ ഒരു ചെറിയ ഗ്രാമീണ വിദ്യാലയത്തിലെ അദ്ധ്യാപകനാണ് അയാള്‍. അപ്പുപ്പനെയും അമ്മുമ്മയേയും ഏറെ ഇഷ്ടമാണെങ്കിലും ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അബ്രാമോവിന് ഒരു ധാരണയും ഉണ്ടായിരുന്നില്ല.

റബേക്കയ്ക്ക് നല്ല സുഖമില്ല എന്ന് പലപ്പോഴും തോന്നിയിരുന്നെങ്കിലും ഡിമന്‍ഷ്യ എന്ന വാക്ക് എന്നെ നടുക്കിക്കളഞ്ഞു. വട്ടമൊപ്പിച്ചു സ്വര്‍ണ്ണ നിറത്തില്‍ നെയ്യില്‍ മൊരിച്ചെടുക്കുന്ന ദോശകള്‍ തേന്‍ പുരട്ടി കുഴല് പോലെ ചുരുട്ടി എന്റെ തീന്മേശയ്ക്കടുത്തിരുന്നു ചൂടോടെ  കഴിക്കുന്ന റബേക്കയുടെ ചിത്രം എന്റെ മനസ്സില്‍ തെളിഞ്ഞു. കണ്ണുകളടച്ചു പതുക്കെ രുചി ആസ്വദിച്ചു തലയാട്ടി ഓരോ ദോശയും അകത്താക്കിയ ശേഷം ഒരു കള്ളച്ചിരിയോടെ, 'എന്നാ ഇതുണ്ടാക്കാന്‍ പഠിപ്പിക്കുക' എന്ന് ചോദിക്കുന്ന റബേക്ക... നിങ്ങളെ ഇനി ഞാന്‍ എന്ന് ദോശ ചുടാന്‍ പഠിപ്പിക്കും?

കണ്ണുനീരോടെ ഞാന്‍ അബ്രാമോവിനെ നോക്കി. പ്രതീക്ഷയോടെ അയാള്‍ എന്നെ നോക്കിയിരിക്കുകയാണ്. 'തല്‍ക്കാലം ഞാന്‍ ശ്രദ്ധിക്കാം' ഞാന്‍ പറഞ്ഞു. 'പക്ഷെ അവരെ നോക്കാന്‍ അവിടെ ആരെങ്കിലും സ്ഥിരമായി വേണം'. ചായ വലിച്ചു കുടിച്ചിട്ട് അബ്രാമോ എഴുന്നേറ്റു. 'അതുമതി. ഞാന്‍ ചില വൃദ്ധസദനങ്ങളില്‍ അന്വേഷിക്കുന്നുണ്ട്.' 'വൃദ്ധസദനമോ?' ഞാന്‍ അമ്പരന്നു. 'വേറെന്താ വഴി? നിക്കോളാസിന്റെ തീരുമാനമാണ്.'- ചിന്താധീനനായി അബ്രാമോ പിറുപിറുത്തു.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ വിശേഷാവസരങ്ങളില്‍ റബേക്കയെയും നിക്കൊളാസിനെയും സന്ദര്‍ശിക്കാനെത്തുന്ന ആഡംബരം നിറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച മക്കളെയും കൊച്ചു മക്കളെയും ഞാന്‍ ഓര്‍ത്തു. ഊന്നു വടിയുടെ സഹായത്തോടെ വിറച്ചു വിറച്ചു നടക്കുന്ന തൊണ്ണൂറു വയസ്സുള്ള നിക്കോളാസ്! മറവിയിലേക്ക് വീഴാന്‍ തുടങ്ങുന്ന എണ്‍പത്തെട്ടുകാരി റബേക്ക! ഇനി ഇവര്‍ വൃദ്ധസദനത്തിലോ? 

അബ്രാമോ പോയിക്കഴിഞ്ഞ് ഞാന്‍ അവരുടെ വീട്ടിലേക്കു പതുക്കെ നടന്നു. എന്റെ വാടിയ മുഖം കണ്ടു റബേക്ക ഒരു ചിരിയോടെ ആശ്വസിപ്പിക്കുകയാണുണ്ടായത്. 'വൃദ്ധസദനങ്ങളില്‍ എപ്പോഴും ഡോക്ടറുടെ സേവനം ലഭിക്കും. എല്ലാ കാര്യങ്ങളും നടത്തിപ്പുകാര്‍ നോക്കിക്കോളും. ഡിമന്‍ഷ്യയുടെ തുടക്കമല്ലേ. നിന്നെ ഞാന്‍ അത്ര പെട്ടെന്ന് മറക്കുകയില്ല'- നിരാശയോടെ നോക്കിനില്‍ക്കുന്ന എന്നെ ആശ്വസിപ്പിക്കാനെന്നപോലെ റബേക്ക പുഞ്ചിരിച്ചു.

തങ്ങള്‍ക്കു പറ്റിയ ഒരു സ്ഥലം തിരഞ്ഞെടുക്കാനുള്ള അന്വേഷണം റബേക്കയും നിക്കോളാസും ഉടനെ തന്നെ തുടങ്ങി. എല്ലാ ശനിയാഴ്ച്ചകളിലും അവര്‍ അബ്രാമോവിന്റെ കൂടെ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ ഭക്ഷണം രുചിച്ചു നോക്കുകയും നടത്തിപ്പുകാരോടു സംസാരിക്കുകയും ചെയ്തു. കഴിയുന്നത്ര സമയം അവരുടെ കൂടെ ചെലവഴിക്കാന്‍ ഞാന്‍ ശ്രമിച്ചു. കൃത്യ സമയത്ത് മരുന്നുകള്‍ കഴിക്കാനുള്ള അലാറം മൊബൈല്‍ ഫോണുകളില്‍ സെറ്റ് ചെയ്തു. എല്ലാ രാത്രികളിലും അവര്‍ ഉറങ്ങുന്നതിനു മുന്‍പ് ഗ്യാസ് ഓഫ് ചെയ്‌തോ, വാതിലുകള്‍ എല്ലാം അടച്ചോ എന്നൊക്കെ ഉറപ്പു വരുത്തി. അധികം താമസിയാതെ റബേക്കയും നിക്കോളാസും തങ്ങള്‍ക്കു യോജിച്ച ഒരു സ്ഥലം കണ്ടെത്തി.

പുതിയ താമസസ്ഥലത്തേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാനും ഉടുപ്പുകളിലും കിടക്ക വിരികളിലും പേരുകള്‍ തുന്നിച്ചേര്‍ക്കാനും ഞാന്‍ റബേക്കയുടെ കൂടെക്കൂടി. എലികള്‍ വരാതിരിക്കാനായി ഭക്ഷണത്തിന്റെ അവസാനത്തെ തരിയും അടുക്കളയില്‍ നിന്നും സ്‌റ്റോര്‍ മുറിയില്‍ നിന്നും തുടച്ചു മാറ്റുകയും ഇടയ്ക്കിടയ്ക്കുള്ള കുറുക്കന്മാരുടെ സന്ദര്‍ശനം ഭയന്നു ഉയര്‍ത്തിക്കെട്ടിയിരിക്കുന്ന കോഴിക്കൂടിന്റെ അഴികള്‍ ആണികളടിച്ച് ഒന്നുകൂടി ബലപ്പെടുത്തുകയും ചെയ്തു.

ഒടുവില്‍ അവര്‍ക്ക് പോവേണ്ട ദിനമെത്തി. 

സാധനങ്ങള്‍ പായ്ക്ക് ചെയ്യാനും മറ്റും സഹായിക്കാനെന്ന പേരില്‍ അബ്രാമോ ഒരാഴ്ചയായി അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെത്തന്നെയായിരുന്നു താമസം. ഇനിയൊരിക്കലും ഈ വീട്ടില്‍ അവരുടെ സ്‌നേഹം അനുഭവിച്ചു താമസിക്കാന്‍ കഴിയില്ല എന്ന വേദന അയാളുടെ കറുത്ത വലയങ്ങള്‍ വീണ തളര്‍ന്ന കണ്ണുകളില്‍ വ്യക്തമായിരുന്നു. പോകുന്ന ദിവസം രാവിലെ നിക്കോളാസ് അബ്രാമോവിനെ വിളിച്ചു ഒരു തടിച്ച കവര്‍ കൈമാറി. 'ഈ വീട് നിനക്കാണ്.' അത്ഭുതത്തോടെ അത് തിരിച്ചും മറിച്ചും നോക്കിയ അയാളോട് നിക്കോളാസ് പറഞ്ഞു. 'ഒന്നും നേടാനല്ലാതെ ഞങ്ങളെ സ്‌നേഹിച്ചത്, കൂടെയായിരിക്കാന്‍ ആഗ്രഹിച്ചത് നീ മാത്രമേയുള്ളൂ'. 

അബ്രാമോവിന്റെ നെഞ്ച് പൊട്ടിയതുപോലെയുള്ള തേങ്ങല്‍ കണ്ടു പൊതുവേ ഒരു മുരടനായ നിക്കോളാസ് അയാളെ കരുണയോടെ ചേര്‍ത്തു പിടിച്ചു. ആഘോഷപൂര്‍വ്വം അവരെ വൃദ്ധസദനത്തിലാക്കാന്‍ എത്തിയ മക്കളുടെയും കൊച്ചുമക്കളുടെയും ബഹളം പുറത്തു കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്നുള്ള നാടകങ്ങള്‍ കാണാന്‍ നില്‍ക്കാതെ ഞാന്‍ സ്ഥലം വിട്ടു.

അധികം അകലെയല്ലാത്ത അവരുടെ പുതിയ താമസസ്ഥലം ഒന്ന് കാണാമല്ലോ എന്ന ലക്ഷ്യത്തോടെ വൈകുന്നേരം ഞാന്‍ വൃദ്ധസദനത്തിലേക്ക് പോയി. തിരക്കുകളില്ലാത്ത ശാന്തമായ ഒരു ഗ്രാമത്തിന്റെ അരികിലായിരുന്നു അത് സ്ഥിതി ചെയ്തിരുന്നത്. വലിയ ഗ്ലാസ് ഭിത്തികളിലൂടെ ദൂരെ മഞ്ഞു പുതച്ചു കിടക്കുന്ന ആല്‍പ്‌സിന്റെ സുന്ദരമായ ദൃശ്യം കാണാവുന്ന വിശാലമായ ഒരു മുറി ദമ്പതികള്‍ എന്ന പരിഗണനയോടെ അവര്‍ക്ക് ലഭിച്ചിരുന്നു. ഒരു നിമിഷം പോലും വെറുതെയിരിക്കാതെ പൂന്തോട്ടത്തിലും അടുക്കളയിലുമൊക്കെ എപ്പോഴും ഓരോന്ന് ചെയ്തുകൊണ്ട് നടന്നിരുന്ന റബേക്ക ഞാന്‍ ചെന്നപ്പോള്‍ മടുപ്പോടെ ഒരു മാഗസിന്‍ മറിച്ചു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. വീട്ടില്‍ നിന്നെടുത്തു കൊണ്ട് വന്ന ചാരുകസേരയില്‍ കിടന്ന് പുറത്തേക്കു നോക്കി ആല്‍പ്‌സിന്റെ ഭംഗിയുമാസ്വദിച്ചു കിടക്കുകയായിരുന്നു നിക്കോളാസ്. എന്നെ കണ്ടപ്പോള്‍ രണ്ടു പേര്‍ക്കും ഒരുപാടു സന്തോഷമായെങ്കിലും അസ്വസ്ഥതയുണ്ടാക്കുന്ന ഒരു മൗനം ഞങ്ങള്‍ക്കിടയില്‍ തങ്ങി നിന്നു. ഭക്ഷണത്തിനു മുന്‍പുള്ള യോഗാഭ്യാസത്തിനായി അവരെ ഹാളിലാക്കിയ ശേഷം പുറത്തേയ്ക്ക് നടക്കുമ്പോള്‍ എന്റെ മനസ്സാകെ കനം തൂങ്ങിയിരുന്നു.

യൂറോപ്യന്‍ യൂണിയനിലെ ഒരു പ്രധാന തസ്തികയില്‍ നിന്ന് വിരമിച്ച മകനും ഡോക്ടര്‍ ആയിരുന്ന മകളും എട്ടു കൊച്ചുമക്കളും അവരുടെ മക്കളും അടങ്ങുന്നതാണ് റബേക്കയുടെയും നിക്കോളാസിന്റെയും കുടുംബം. മക്കള്‍ രണ്ടു പേരും തൊട്ടടുത്ത ടൗണില്‍ തന്നെയാണ് ആഡംബരപൂര്‍ണ്ണമായ വിശ്രമ ജീവിതം നയിക്കുന്നത്. കുടുംബ സ്വത്തുക്കളായ ടൗണിലെ വസ്തു വകകളും കടമുറികളും മറ്റും എപ്പോള്‍ കൈക്കലാക്കാം എന്ന ചിന്ത മാത്രമേ അവര്‍ക്കുള്ളൂ എന്ന് റബേക്ക ഇടയ്ക്കിടയ്ക്ക് ഒരു നെടുവീര്‍പ്പോടെ പറയാറുണ്ടായിരുന്നത് എന്റെ മനസ്സിലേക്ക് കടന്നു വന്നു.

രണ്ടു വര്‍ഷങ്ങള്‍ കടന്നു പോയി. മിക്കവാറും എല്ലാ ശനിയാഴ്ചയും വൈകുന്നേരങ്ങളില്‍ മറ്റു സന്ദര്‍ശകരില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം ഞാന്‍ അവരെ കാണാന്‍ പോകുമായിരുന്നു. പുറത്തു നിന്നുള്ള ഭക്ഷണം അവിടെ കര്‍ശനമായി നിരോധിച്ചിരുന്നു. രുചിയില്ലാത്ത സൂപ്പും പുഴുങ്ങിയ കോഴിയിറച്ചിയും ഉരുളക്കിഴങ്ങും കഴിച്ചു മടുത്തു എന്ന് എപ്പോഴും പരാതിപ്പെടുന്ന നിക്കോളാസിന് ഞാന്‍ ബാഗില്‍ ഒളിച്ചു വച്ചു കൊണ്ട് ചെല്ലുന്ന നേര്‍ത്ത എരിവുള്ള കട്ലറ്റുകള്‍ വലിയൊരാശ്വാസമായിരുന്നു. എന്നെ നോക്കുന്ന റബേക്കയുടെ കണ്ണുകളില്‍ അപരിചിതത്വം വളരുന്നതും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ അവരുടെ ഓര്‍മ്മശക്തി ഏതാണ് പൂര്‍ണ്ണമായിത്തന്നെ ഇല്ലാതാകുന്നതും എനിക്ക് വേദനയോടെ, നിസ്സഹായതയോടെ കണ്ടു നില്‍ക്കേണ്ടി വന്നു.

നിക്കോളാസിന്റെ തൊണ്ണൂറ്റിരണ്ടാം പിറന്നാള്‍  എല്ലാവരും ചേര്‍ന്ന് ആഘോഷിക്കാന്‍ അവരുടെ കുടുംബം തീരുമാനിച്ചു. പിറന്നാളാഘോഷത്തിന്റെ ക്ഷണം എനിക്കുമുണ്ടായിരുന്നു.മാനസികമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കുള്ള മുറിയിലായിരുന്ന റബേക്കയെ കണ്ട ശേഷം ഞാന്‍ ആഘോഷങ്ങള്‍ നടക്കുന്ന അലങ്കരിച്ച ഹാളില്‍ വന്നൊന്ന് എത്തി നോക്കി. നിസ്സഹായതയും മടുപ്പും കലര്‍ന്ന ഒരു നോട്ടവുമായി ഒരു വീല്‍ചെയറില്‍ ഹാളിന്റെ മൂലയിലിരിക്കുകയായിരുന്ന നിക്കൊളാസിനെ നോക്കി ഞാന്‍ ദൂരെ നിന്ന് പുഞ്ചിരിച്ചു.

മക്കളും ബന്ധുക്കളും പരിചയക്കാരുമൊക്കെക്കൂടി വൈന്‍ ഗ്ലാസുകളുമായി ഹാളില്‍ അവിടവിടെ കൂടി നിന്ന് ഭക്ഷണം കഴിക്കുകയും കുശലപ്രശ്‌നങ്ങള്‍ നടത്തുകയുമാണ്. തൊണ്ണൂറ്റി രണ്ടെന്ന് എഴുതിയ ബലൂണുകളുമായി  കുട്ടികള്‍ അവിടമാകെ ഓടി നടക്കുന്നു. കയ്യിലാരോ പിടിപ്പിച്ച ഐസ്‌ക്രീം ഇറക്കാനാവാതെ നിക്കോളാസിന്റെ ചുണ്ടിന്റെ കോണില്‍ നിന്ന് താഴേക്കൊഴുകിയത് തനിയെ തുടച്ചു മാറ്റാനുള്ള ശ്രമത്തില്‍ മുഖമാകെ ഉമിനീരു കലര്‍ന്ന മിശ്രിതം പരക്കുന്നത് ആരും ശ്രദ്ധിച്ചതേയില്ല. അവര്‍ക്ക് വിരോധം തോന്നിയാലും സാരമില്ല എന്ന് കരുതി ഒരു ടിഷ്യു പേപ്പര്‍ എടുത്തു ഞാന്‍ മൃദുവായി അദ്ദേഹത്തിന്റെ മുഖം വൃത്തിയാക്കി. അവിടെ കൂടുതല്‍ നേരം നില്‍ക്കാന്‍ മനസ്സ് വരാതെ യാത്ര ചോദിച്ച എന്റെ കയ്യില്‍ വിറയ്ക്കുന്ന കൈകള്‍ കൊണ്ട് പിടിച്ചു കൊണ്ട് ഒരു നിശ്വാസത്തോടെ നിക്കോളാസ് പറഞ്ഞു. 'അവള്‍ക്കു ഇതൊന്നും മനസ്സിലാവുന്നില്ല എന്നതാണ് എന്റെ ഏറ്റവും വലിയ ആശ്വാസം'. കയ്യിലൊരു ഐസ്‌ക്രീം കപ്പുമായി നിറഞ്ഞ കണ്ണുകളുമായി വീല്‍ചെയറില്‍ ചുരുണ്ടു കൂടിയിരിക്കുന്ന രൂപം കണ്ണില്‍ നിന്ന് ഇന്നും മാഞ്ഞിട്ടില്ല. 

അന്നായിരുന്നു ഞാന്‍ നിക്കോളാസിനെ അവസാനമായി കണ്ടത്. രണ്ടാഴ്ചയ്ക്കു ശേഷം കടുത്ത ന്യുമോണിയ ബാധിച്ചു അയാള്‍ മരിച്ചുപോയി. കല്ലറ ഇടയ്ക്ക് പോയി വൃത്തിയാക്കാനും പൂക്കള്‍ വയ്ക്കാനുമൊക്കെ ആര്‍ക്കാണ് സമയം എന്ന ന്യായം പറഞ്ഞു ഉറച്ച ക്രിസ്തുമത വിശ്വാസിയായിരുന്ന ആ മനുഷ്യന്റെ ശരീരം വൈദ്യുത ശ്മശാനത്തില്‍ ദഹിപ്പിക്കുകയാണുണ്ടായത്.

മരണാനന്തര ചടങ്ങില്‍ റബേക്കയെ കാണാതെ ഞാന്‍ അബ്രാമോവിനോടു വിവരം അന്വേഷിച്ചു. 'അമ്മൂമ്മയ്ക്ക് ഒന്നും അറിയില്ലല്ലോ. കൊണ്ടുവന്നിട്ടു കാര്യമില്ല എന്ന് അമ്മയും അമ്മാവനും കൂടെ തീരുമാനിച്ചു' -അശ്രദ്ധമായ ഒരു ഭാവത്തോടെ എവിടെക്കെന്നില്ലാതെ നോക്കിനിന്നുകൊണ്ട് അയാള്‍ മറുപടി പറഞ്ഞു. വൈദ്യുത ശ്മശാനത്തിലേയ്ക്കുള്ള ഫ്യുണറല്‍ ഹോമിന്റെ വാനില്‍ കൂടെയാരുമില്ലാതെ ആ പെട്ടി കയറ്റി വച്ചു കൊണ്ടുപോകുന്നത് ഞാന്‍ നിര്‍വികാരതയോടെ നോക്കി നിന്നു. 'ഞാന്‍ പോകുന്നുണ്ട്.' എന്റെ ചെവിയില്‍ പറഞ്ഞു കൊണ്ട് അബ്രാമോ അവന്റെ പഴഞ്ചന്‍ ബൈക്ക് ചവിട്ടി സ്റ്റാാര്‍ട്ട് ചെയ്തു. അല്‍പ്പം നന്മ ഈ ലോകത്തില്‍ എവിടെയൊക്കെയോ ബാക്കിയുണ്ട് എന്ന ആശ്വാസത്തോടെ ഞാന്‍ പുറത്തേക്ക് നടന്നു.

എഴുപത്തി രണ്ടു വര്‍ഷങ്ങള്‍ കൂടെ ജീവിച്ച നിക്കോളാസ് മരിച്ചതറിയാതെ റബേക്ക ഇപ്പോഴും ആ വൃദ്ധ സദനത്തിലുണ്ട്. 

അപൂര്‍വ്വമായി ഓര്‍മ്മ വീണ്ടു കിട്ടുന്ന ചില നിമിഷങ്ങളില്‍ ഭര്‍ത്താവിനെ അന്വേഷിക്കാറുണ്ടെന്നു റബേക്കയെ പരിചരിക്കുന്ന പെണ്‍കുട്ടി ഇടയ്ക്ക് എന്നോടു പറയും. 'എന്നിട്ട് നീയെന്തു പറഞ്ഞു?'- ഒരിക്കല്‍ ഞാന്‍ ചോദിച്ചു. 

'കാട്ടുമുയലുകളെ പിടിക്കാനുള്ള കെണി വയ്ക്കാന്‍ പോയി എന്ന് പറഞ്ഞു'. അവള്‍ കുസൃതിയോടെ പുഞ്ചിരിച്ചു.

 

ഹരിത എഴുതിയ മറ്റു കുറിപ്പുകള്‍

മനോലോയുടെ ബിക്കിനി



 

Follow Us:
Download App:
  • android
  • ios