പെണ്‍കുട്ടികളെ തടങ്കലില്‍ പാര്‍പ്പിച്ചു നിരന്തരം പലര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയും താല്‍പ്പര്യം നശിക്കുമ്പോള്‍ കൊന്നുകളയുകയുമായിരുന്നു പതിവ്. അവരില്‍ ചിലര്‍ ഗര്‍ഭിണികളായെങ്കിലും കുഞ്ഞിനു ജന്മം നല്‍കാന്‍ അനുവദിച്ച ശേഷം അവരെയും ഭരണകൂടം ഇല്ലാതാക്കുകയാണ് ചെയ്തിരുന്നത്. മക്കളില്ലാത്ത ശിങ്കിടികള്‍ക്കോ സൈനികര്‍ക്കോ അനാഥരായ ആ കുഞ്ഞുങ്ങളെ ഒരു സമ്മാനമെന്ന പോലെ ഭരണകൂടം നല്‍കിപ്പോന്നു.

''അതിലൊരാളാണ് ഞാന്‍! മമ്മാസിത്താ, എന്റെ അമ്മയെ എനിക്കറിയില്ല. കനലടുപ്പിലിട്ടു കാളയുടെ വാരിയെല്ലുകള്‍ ചുട്ടു തരുമെന്നൊക്കെ ഞാന്‍ നിന്നോടു വീമ്പിളക്കിയിരുന്ന എന്റെ അമ്മ എനിക്ക് ചിത്രങ്ങളില്‍ കണ്ടിട്ടുള്ള കുതിരവാല്‍ മുടിക്കെട്ടുള്ള ഒരു ചെറിയ പെണ്‍കുട്ടിയാണ്.'' അവന്റെ വരണ്ട കണ്ണുകളില്‍ അത് പറയുമ്പോള്‍ നനവിന്റെ അംശം പോലുമില്ലായിരുന്നു.

'എന്റെ അമ്മൂമ്മ വരുന്നു.'

ജൂലിയന്‍ ആവേശത്തിമിര്‍പ്പില്‍ എന്റെ ഇരുതോളുകളിലും പിടിച്ചു കുലുക്കി. 

'ജൂലിയന്‍..ഒന്ന് പതുക്കെ..!'

അവന്റെ അപ്രതീക്ഷിതമായ വരവ് പ്രമാണിച്ച് കുറച്ചു നല്ല ഭക്ഷണം ഉണ്ടാക്കണം എന്ന വേവലാതിയോടെ അടുക്കളയില്‍ ചപ്പാത്തി പരത്തുകയായിരുന്ന ഞാന്‍ വേദനയോടെ അവനെ തള്ളിമാറ്റി. അവന് ഒരു ബാങ്കില്‍ ജോലി കിട്ടിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ. പിശുക്കിച്ചെലവു ചെയ്തുണ്ടാക്കിയ ചെറിയ സമ്പാദ്യം കൊണ്ട് അമ്മൂമ്മയെ യൂറോപ്പ് കാണിക്കാന്‍ അര്‍ജന്റീനയില്‍ നിന്ന് കൊണ്ടുവരികയാണ്. എന്റെ വീടിനു താഴെയുള്ള മുറി ഒരാഴ്ചത്തേക്ക് വാടകയ്ക്ക് കൊടുക്കുമോ എന്ന് ചോദിക്കാന്‍ കൂടിയാണ് ഇത്തവണത്തെ സന്ദര്‍ശനം. ആവശ്യം കേട്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു. 

'നിന്റെ അമ്മൂമ്മയെ ഒരാഴ്ച താമസിപ്പിക്കാന്‍ ഞാന്‍ എങ്ങനെയാ ജൂലിയന്‍ വാടക വാങ്ങുന്നത്?' എന്റെ മുഖത്തെ ഗൗരവം കണ്ടപ്പോള്‍ ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം 'അമ്മൂമ്മ വരുന്ന തീയതി അറിയിക്കാം' എന്ന് കുറ്റം ചെയ്ത കുട്ടിയുടെ പരുങ്ങലോടെ പറഞ്ഞിട്ട് ജൂലിയന്‍ സ്ഥലം കാലിയാക്കി.

രണ്ടു വര്‍ഷം മുമ്പ് യൂണിവേഴ്‌സിറ്റിയില്‍ വച്ചാണ് ഞാന്‍ ജൂലിയനെ പരിചയപ്പെടുന്നത്. കിളികളെപ്പോലെ നിറുത്താതെ ചിലയ്ക്കുകയും പൂച്ചക്കുഞ്ഞുങ്ങളെപ്പോലെ തല്ലുകൂടുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന യുവത്വത്തിന്റെ തിമിര്‍പ്പ് കണ്ടാസ്വദിച്ചുകൊണ്ടു ക്ലാസിലെ ഏറ്റവും പുറകിലെ എന്റെ ഇരിപ്പിടത്തില്‍ സ്വസ്ഥമായിരുന്നു ഉപ്പിട്ടുണക്കിയ മത്തന്‍ കുരുക്കള്‍ രുചിയോടെ കൊറിക്കുകയായിരുന്നു ഞാന്‍. ഡയസ്‌പോറയാണ് അടുത്ത വിഷയം. സാമ്പത്തിക സാമൂഹിക രാഷ്ട്രീയ കാരണങ്ങളാല്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളുള്ള രാഷ്ട്രങ്ങളിലേക്ക് കുടിയേറുന്ന ജനങ്ങളുടെ ചരിത്രവും ജീവിതവും സാഹിത്യകൃതികളെ അടിസ്ഥാനമാക്കി വിശദീകരിക്കുന്നതിനിടയില്‍ പ്രൊഫസറുടെ ചോദ്യങ്ങള്‍ പലതും പതുങ്ങിയിരുന്നാല്‍പ്പോലും എന്റെ നേരെ വരാറുണ്ട്. ശ്രീലങ്കയും പാകിസ്ഥാനും ഇന്ത്യയും ചര്‍ച്ചകളില്‍ പ്രധാന വിഷയങ്ങളായിരുന്നതിനാലാവണം ജൂലിയന്‍ എന്റെയടുത്ത് വന്നിരുന്നത്. എന്നോടു അനുവാദം ചോദിക്കാതെ കടും പച്ച നിറത്തിലുള്ള മത്തന്‍ കുരുക്കള്‍ വാരി വായിലേക്കിട്ടു കൊണ്ട് കള്ളത്തരം കാണിക്കുന്ന കുട്ടിയെപ്പോലെ അവന്‍ കുസൃതിയോടെ ചിരിച്ചു. അലക്ഷ്യമായി പിന്നിയിട്ടിരിക്കുന്ന സ്വര്‍ണ്ണമുടിയും ചെറിയ കറുത്ത കുത്തുകള്‍ വീണ വെളുത്തു വിളറിയ തൊലിയും ഒക്കെ കാഴ്ചയ്ക്കപ്പുറത്തേയ്ക്ക് എന്നേയ്ക്കുമായി മറച്ചുകൊണ്ട് വാത്സല്യത്തിന്റെ ഒരല എന്റെ മനസ്സില്‍ ഉയര്‍ന്നു വന്നു.

അതായിരുന്നു തുടക്കം. ഇരുപതുകളുടെ തുടക്കത്തിലായിരുന്നു ആ ക്ലാസ്സിലെ മിക്കവാറും എല്ലാ കുട്ടികളുടെയും പ്രായം. പറ്റിയ ഒരു കൂട്ട് കിട്ടാതെ വിഷമിച്ച് മടുപ്പോടെ ക്ലാസ്സിന്റെ ഒരു മൂലയിലിരുന്ന ഞാന്‍ അര്‍ജന്റീനയിലെ ഏതോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്‌കോളര്‍ഷിപ്പും വാങ്ങിയെത്തിയ ഇരുപത്തിയെട്ടു വയസ്സുകാരനായ ജൂലിയന്‍ അര്‍മാന്‍ഡോ ക്രൂസിന്റെ വരവോടെ ദിവസങ്ങള്‍ ഒരു കുട്ടിയെപ്പോലെ ആസ്വദിച്ചു തുടങ്ങി.

ഏതോ ഫാക്ടറിയില്‍ കുറേക്കാലം ജോലി ചെയ്ത ശേഷം വീണ്ടും പഠനം തുടരാന്‍ തീരുമാനിച്ചതായിരുന്നു അവന്‍. ഞങ്ങള്‍ രണ്ടുപേരും പുസ്തകങ്ങള്‍ ആര്‍ത്തിയോടെ വായിക്കുകയും സിനിമകളും ഡോക്യുമെന്ററികളും ആസ്വദിച്ചു കാണുകയും ആശയങ്ങള്‍ വാശിയോടെ ചര്‍ച്ച ചെയ്യുകയും ചെയ്തു. ക്ലാസില്‍ എത്തുമ്പോള്‍ തന്നെ ഇന്നെന്താ കൊണ്ടുവന്നത് എന്ന ചോദ്യവുമായി ബാഗില്‍ കയ്യിടുകയും ഒരു മടിയും കൂടാതെ ഭക്ഷണത്തിന്റെ പങ്കു പറ്റുകയും ചെയ്യുന്ന ജൂലിയന്‍ 'ഇന്ന് കഴിക്കാനെന്താ അമ്മ  ഉണ്ടാക്കിയത്' എന്ന് ചോദിച്ചുകൊണ്ട് എന്നെ ശല്യം ചെയ്യുന്ന കുട്ടികളെ സദാ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു. യുവാക്കളുടെ തിമിര്‍പ്പ് നോക്കി രസിച്ചും നേര്‍ത്ത വെയിലിന്റെ ചൂടാസ്വദിച്ചും ഇടനേരങ്ങളില്‍ അവന്റെയൊപ്പം കാമ്പസിലെ പുല്‍ത്തകിടിയില്‍ വെറുതെ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍, കാലം ഒരു തൂവല്‍ പോലെ പുറകിലേക്ക് പറന്നു പോകുന്നതായി എനിക്കനുഭവപ്പെട്ടു.

ജൂലിയന്റെ സിഗരറ്റ് വലി മാത്രമേ എനിക്കിഷ്ടമില്ലാതെയിരുന്നുള്ളൂ. നെഞ്ചിനു കുറുകെ തൂക്കിയിടുന്ന പുകയില സഞ്ചിയില്‍ നിന്ന് പേപ്പര്‍ പുറത്തെടുത്തു കലാപരമായി പുകയില നിറച്ചു ചുരുട്ടി ഉമിനീര് കൊണ്ട് ഒട്ടിച്ചു സിഗരറ്റിന്റെ രൂപത്തിലാക്കി ചുണ്ടോടടുപ്പിക്കുന്നതു കാണുമ്പോള്‍ എന്റെ മുഖം കറുക്കും. അവന്റെ കൂടെയുള്ള നടപ്പ് കാരണം എനിക്കും സിഗരറ്റിന്‍ൈറ മണമാണ് എന്ന് കുട്ടികള്‍ പരാതി പറഞ്ഞു തുടങ്ങിയിരുന്നു. 'ഈ മണം കേട്ടാല്‍ എനിക്ക് തലവേദന വരും ജൂലിയന്‍!' ഞാന്‍ മുറുമുറുത്തു കൊണ്ട് ദൂരേയ്ക്ക് നീങ്ങിയിരിക്കും. എനിക്ക് ദേഷ്യം വരുന്നത് കാണുമ്പോള്‍ ഒരു കള്ളച്ചിരിയും ചിരിച്ചു അവന്‍ എന്റെ പുറകേ കൂടും. 

''മമ്മാസിത്താ.. നീ എന്റെ അമ്മയെപ്പോലെ തന്നെയാണ്. അവര്‍ക്കും ഈ മണം ഇഷ്ടമല്ല.''

ചെറിയ അമ്മ എന്നര്‍ത്ഥം വരുന്ന ആ വിളി കേള്‍ക്കുമ്പോള്‍ എന്റെ ദേഷ്യം അലിഞ്ഞു പോകും എന്ന് അവനു അറിയാം.

യുദ്ധങ്ങള്‍ മനുഷ്യരിലുണ്ടാക്കിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട അനേകം പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് പഠിക്കാനുണ്ടായിരുന്നു. ജൂലിയനെ അവ വല്ലാതെ വിഷമിപ്പിക്കുന്നുഎന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് കോണ്‍സെന്‍ട്രേഷന്‍ കാംപുകളില്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെപ്പറ്റി ഒരു ഡോകുമെന്ററി ക്ലാസില്‍ പ്രദര്‍ശിപ്പിച്ച ദിവസം ജൂലിയന്‍ വളരെ അസ്വസ്ഥനായിരുന്നു. ചുവന്ന കണ്ണുകളുമായി അവന്‍ അന്ന് മുഴുവന്‍ മുഖം വീര്‍പ്പിച്ചിരുന്നു. എന്നെ റെയില്‍വേ സ്‌റ്റേഷന്‍ വരെ കൊണ്ടാക്കിയ ശേഷമാണ് സാധാരണ അവന്‍ താമസിക്കുന്ന മുറിയിലേക്ക് പോകുന്നത്. അന്ന് നിശ്ശബ്ദനായ ഒരു പാവയെ പോലെ എന്റെ കൂടെ നടന്നു വന്ന ജൂലിയനെ ഞാന്‍ സ്‌റ്റേഷനിലേക്കുള്ള വഴിയിലെ പാര്‍ക്കിലുള്ള ബഞ്ചില്‍ പിടിച്ചിരുത്തി.

''നീ കാര്യം പറഞ്ഞിട്ടേ ഞാന്‍ ഇന്ന് പോകുന്നുള്ളൂ.'' വാശിയോടെ ഞാന്‍ പറഞ്ഞു.

''മമ്മാസിത്താ, ട്രെയിന്‍ പോകും. നിന്റെ കാട്ടുമുക്കിലേക്ക് ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞേ ട്രെയിന്‍ ഉള്ളൂ എന്നറിയാമല്ലോ.''

എന്നെ ചിരിപ്പിക്കാനുള്ള അവന്റെ ശ്രമം ശ്രദ്ധിച്ചതായി നടിക്കാതെ ഭക്ഷണസഞ്ചിയും പുസ്തകക്കെട്ടും ഒരിടത്ത് വച്ച ശേഷം ഞാന്‍ അവന്റെ അടുത്തു സ്വസ്ഥമായി ഇരുന്നു.

''ഞാന്‍ അടുത്ത ട്രെയിന് പൊയ്‌ക്കോളാം. നീ കാര്യം പറയൂ ജൂലിയന്‍.''

ഞാന്‍ ഗൗരവത്തിലാണെന്നു കണ്ടു ജൂലിയന്‍ കുറച്ചു നേരം ഒന്നും സംസാരിക്കാതെ മുഖം കുനിച്ചിരുന്നു. കുറച്ചു നേരം കഴിഞ്ഞു എന്റെ നേരെ നോക്കിയ അവന്റെ കണ്ണുകളില്‍ ശൂന്യതയായിരുന്നു.

''എന്റെ അമ്മയെ അര്‍ജന്റീനിയന്‍ ഗവണ്മെന്റ് തട്ടിക്കൊണ്ടു പോയതാണ്. ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല.''

''എന്ന്? എപ്പോള്‍? എന്തിന്?'' പരിഭ്രാന്തിയോടെ ഞാന്‍ ചോദിച്ചു.

''ഇപ്പോഴല്ല,'' അവന്‍ പറഞ്ഞു, ''പണ്ട്, എണ്‍പത്തിരണ്ടില്‍, സൈനിക ഭരണത്തിന്റെ കാലത്ത്!''

''നീ എങ്ങനെ രക്ഷപ്പെട്ടു ജൂലിയന്‍?''

അവന്‍ മറുപടി ഒന്നും പറയാതെ തണുത്ത കണ്ണുകളോടെ എന്നെ നോക്കിയിരുന്നതെയുള്ളൂ. ഉന്‍മാദം ബാധിച്ചതുപോലെ ഞാന്‍ അവന്റെ തോളില്‍ പിടിച്ചു കുലുക്കി.

''പിന്നെ നിന്റെ അമ്മയ്ക്ക് സിഗരറ്റ് വലിക്കുന്നത് ഇഷ്ടമല്ല എന്ന് പറഞ്ഞതോ? നമ്മള്‍ ആഹാരം കഴിക്കുമ്പോള്‍ നിന്റെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിനെ പറ്റി പറഞ്ഞിട്ടുള്ളതോ?''

നിര്‍വ്വികാരമായിരുന്ന പച്ചക്കണ്ണുകള്‍ പൊടുന്നനെ നിറഞ്ഞൊഴുകി.

''എന്റെ അമ്മ അങ്ങനെയൊക്കെ ആയിരിക്കും. എനിക്കുറപ്പുണ്ട്.''

ഒരു ദിവസത്തെ മുഴുവന്‍ ആയാസവും സഹിച്ചു തളര്‍ന്ന എന്റെ തോളിലേക്ക് അവന്‍ നിസ്സഹായതയോടെ മുഖം പൂഴ്ത്തി. ചൂടുള്ള കണ്ണുനീരിന്റെ ഒരുറവ എന്റെ മഞ്ഞപ്പൂക്കളുള്ള ഉടുപ്പിനെ നിറുത്താതെ നനച്ചു കൊണ്ടേയിരുന്നു. ചുറ്റും ബഹളം വച്ചു കൊണ്ട് പന്തുരുട്ടുന്ന കുട്ടികളുടെ ബഹളം കേള്‍ക്കാതെയും അടുത്തുള്ള ബഞ്ചുകളില്‍ വന്നിരുന്നു സാന്‍ഡ് വിച്ചുകള്‍ കഴിക്കുന്ന വിനോദസഞ്ചാരികളെ കാണാതെയും അമ്പരപ്പോടെയുള്ള നോട്ടങ്ങള്‍ അറിയാതെയും സമയബോധമില്ലാതെ നിശ്ശബ്ദമായ വിതുമ്പലില്‍ വിറയ്ക്കുന്ന ആ മെലിഞ്ഞ ശരീരവും ചേര്‍ത്തുപിടിച്ചു കൊണ്ട് ഒരുപാടു നേരം ഞാന്‍ ആ പാര്‍ക്കിലിരുന്നു.

''നിന്റെ കുട്ടികള്‍ കാത്തിരിക്കുന്നുണ്ടാവും! നമുക്ക് പോവാം!''

മരവിച്ചതു പോലെ ഇരുന്നുപോയ എന്നെ കുറച്ചു നേരം കഴിഞ്ഞു അവന്‍ തന്നെ വലിച്ചെഴുന്നേല്‍പ്പിച്ചു. കാലുകള്‍ക്ക് ശരീരത്തെ താങ്ങാനുള്ള ശക്തിയില്ലെന്നു എനിക്ക് തോന്നി. നിമിഷനേരം കൊണ്ട് വാര്‍ദ്ധക്യം ബാധിച്ച രണ്ടുപേരെപ്പോലെ ഞങ്ങള്‍ സ്റ്റേഷനിലേക്ക് വേച്ചു വേച്ചു നടന്നു. എന്റെ തണുത്ത കവിളില്‍ ഒരുമ്മ വച്ച ശേഷം തലയും കുനിച്ചു നടന്നു പോകുന്ന ആ മെലിഞ്ഞു നീണ്ട രൂപം വൈകുന്നേരത്തെ ആള്‍ത്തിരക്കില്‍ അലിഞ്ഞു ചേരുന്നത് നോക്കിനിന്നപ്പോള്‍ എത്രയും പെട്ടെന്ന് വീട്ടിലെത്തി കുട്ടികളെ ഒന്ന് കെട്ടിപ്പിടിക്കാനുള്ള തീവ്രമായ ആഗ്രഹം എന്നെ ഉലച്ചു.

പല തവണയായി ജൂലിയന്‍ പറഞ്ഞ കഥകള്‍, വായിച്ചറിഞ്ഞ ചരിത്രത്തേക്കാള്‍ പല മടങ്ങ് ഭീകരമായിരുന്നു. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ആറു മുതല്‍ എണ്‍പത്തി മൂന്നു വരെയുള്ള ഏഴു വര്‍ഷങ്ങള്‍, ആ കാലഘട്ടത്തില്‍ സൈനിക ഭരണകൂടം രാജ്യത്തിലെ ഇടതുപക്ഷ വിപ്ലവകാരികളെ തൂത്തെറിയാന്‍ നടത്തിയ 'ഡേര്‍ട്ടി വാര്‍' എന്നറിയപ്പെടുന്ന രക്തരൂക്ഷിതമായ ശുദ്ധീകരണ പ്രക്രിയെപ്പറ്റിയും അതില്‍ പൊലിഞ്ഞു പോയ നിരപരാധികളുടെ ജീവനുകളെപ്പറ്റിയും ശേഷിച്ച പ്രിയപ്പെട്ടവരുടെ ജീവിതങ്ങളെപ്പറ്റിയും ജൂലിയന്‍ സമയം കിട്ടുമ്പോഴൊക്കെ പറഞ്ഞു. ഇടയ്ക്ക് നിശ്ശബ്ദതയിലേക്ക് വീണു കൊണ്ടും തൊണ്ടയിടറിയും അവന്‍ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടേയിരുന്ന ആ കഥകള്‍ മറഞ്ഞുപോയവര്‍ എന്ന് ചരിത്രം വിളിക്കുന്ന ആ രക്തസാക്ഷികളുടേതു മാത്രമായിരുന്നില്ല, എന്നെങ്കിലും അവര്‍ തിരിച്ചുവരും എന്നോര്‍ത്തു ശേഷിച്ച ജീവിതം ഒരു അന്വേഷണമാക്കി മാറ്റിയ അവന്റെ അമ്മൂമ്മയെപ്പോലുള്ള ആയിരക്കണക്കിന് അമ്മമാരുടേതു കൂടിയായിരുന്നു.

അര്‍ജന്റീനന്‍ ചരിത്രത്തെ ചോരയില്‍ മുക്കിയ ആ കാലം ലോകത്തിനുമുന്നില്‍നിന്നും മറച്ചുവെക്കുക എളുപ്പമായിരുന്നില്ല. അതിനുള്ള വഴികള്‍ ആരാഞ്ഞ  ജോര്‍ജി വിദേല എന്ന സ്വേച്ഛാധിപതിയ്ക്കും കൂട്ടര്‍ക്കും പണ്ടെന്നോ ഫിഫ നല്‍കിയ ഒരു ഓഫര്‍ തുരുപ്പു ശീട്ടായി. ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യമരുളാന്‍അര്‍ജന്റീനയിലെ സൈനിക ഭരണകൂടം സമ്മതമറിയിച്ചു. ജനതയെ ഒന്നിച്ചു നിര്‍ത്താനും പുറംലോകത്തിനു മുന്നില്‍ രാജ്യത്ത് നടക്കുന്നകൊടുംപീഡനങ്ങള്‍ മറച്ചുവെക്കാനും  ഫുട്‌ബോളിനെ സമര്‍ത്ഥമായി അവര്‍ ഉപയോഗിക്കുകയായിരുന്നു. ജനങ്ങളെ സോക്കര്‍ ലഹരിയിലമര്‍ത്തിക്കൊണ്ട് കാല്‍പ്പന്തിന്റെ മഹാമേള ആയിരത്തിതൊള്ളായിരത്തി എഴുപത്തി എട്ടില്‍ അര്‍ജന്റീനയിലെത്തി. ലോകരാഷ്ട്രങ്ങളുടെ തലവന്‍മാര്‍ കളികാണാനെത്തി. അമേരിക്കന്‍ പി ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് യൂറോപ്പില്‍ പുകയുന്ന എതിര്‍പ്പുകള്‍ ഇല്ലാതാക്കാന്‍ ഭരണകൂടം ശ്രമിച്ചു. ലോകകപ്പ് നടത്തുന്നതിന് തടസ്സം നില്‍ക്കുന്ന പ്രശ്‌നക്കാരായി പീഡനമുറികളില്‍ നരകിക്കുന്ന ഇരകള്‍ ലേബല്‍ ചെയ്യപ്പെട്ടു. പ്രതിസന്ധികള്‍    അടിച്ചമര്‍ത്താന്‍ കൈക്കരുത്തുള്ള ഭരണകൂടത്തിന് പിന്തുണ നല്‍കാന്‍ ലോകം മടി കാണിച്ചില്ല. അങ്ങനെ, ഫുട്‌ബോള്‍ ജ്വരം കൊണ്ട് തങ്ങളുടെ കൈകളിലെ ചോരപ്പാടുകള്‍ മറച്ചുവെക്കുന്നതില്‍ ഭരണകൂടം ഭാഗികമായി വിജയിച്ചു.

ജൂലിയന്‍ എന്തിന് ഈ വിഷയം പഠിക്കാന്‍ തെരഞ്ഞെടുത്തു എന്ന് തോന്നുമാറായിരുന്നു ചിലപ്പോഴൊക്കെ അവന്റെ പ്രതികരണങ്ങള്‍. അര്‍ജന്റീനയിലെ വിപ്ലവകാരികള്‍ക്ക്  സൈനിക ഭരണകൂടം നടത്തിയ നടപടിയെക്കുറിച്ച് ഒരിക്കല്‍ പ്രൊഫസര്‍ പരാമര്‍ശിച്ചു. മുപ്പതിനായിരത്തോളം പേര്‍ അപ്രത്യക്ഷമായ ആ കാലഘട്ടത്തിനെ അന്വര്‍ഥമാക്കുന്നതു തന്നെയായിരുന്നു 'ഡേര്‍ട്ടി വാര്‍' എന്ന പേര്. മരണപ്പെട്ടവരുടെയും കാണാതായവരുടെയും ഔദ്യോഗിക കണക്കുകള്‍ നിരത്തി അദ്ദേഹം സംസാരിച്ചുതുടങ്ങിയപ്പോള്‍ ജൂലിയന്‍ ഭ്രാന്തനെപ്പോലെ ഉറക്കെച്ചിരിച്ചു. അനധികൃതമായ പീഡനശാലകളില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടികള്‍ക്ക് ഉണ്ടായ കുഞ്ഞുങ്ങളെ മോഷ്ടിച്ച കുറ്റത്തിനും അവരെ നിയമവിരുദ്ധമായി ദത്തു നല്‍കിയതിനും ശിക്ഷിക്കപ്പെട്ട ജോര്‍ജി വിദേലയുടെ ചിത്രം ഡിജിറ്റല്‍ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ജൂലിയന്‍ ചാടിയെഴുന്നേറ്റു. അടുത്തിരുന്ന ഞാന്‍ അവന്റെ കൈപിടിച്ചമര്‍ത്തിക്കൊണ്ട് ശാന്തനാകാന്‍ തെല്ലൊരു ഭയത്തോടെ അപേക്ഷിച്ചെങ്കിലും തലകുടഞ്ഞു കൊണ്ട് തന്റെ ലാപ്‌ടോപ്പും പുകയില സഞ്ചിയും പുസ്തകങ്ങളും വാരിയെടുത്തുകൊണ്ട് അനുവാദം പോലും ചോദിക്കാതെ ജൂലിയന്‍ ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രൊഫസറും മറ്റു കുട്ടികളും പരിഭ്രാന്തിയോടെ എന്റെ നേരെ നോക്കിയെങ്കിലും, അവനു ആ വിഷയത്തെക്കുറിച്ച് കേള്‍ക്കുന്നത് ഇഷ്ടമല്ല എന്ന് ഒറ്റ വാചകത്തില്‍ വിശദീകരിച്ച ശേഷം ചോദ്യങ്ങള്‍ ഒഴിവാക്കാനായി ഞാന്‍ തല കുനിച്ചിരുന്നു.

ക്ലാസ്സ് കഴിഞ്ഞയുടന്‍ ഞാന്‍ ജൂലിയനെ അന്വേഷിച്ചു പോയി. ഞങ്ങളുടെ സ്ഥിരം ഇരിപ്പിടമായ വില്ലോ മരത്തിന്റെ ചുവട്ടിലെ സിമന്റ് ബഞ്ചില്‍ അവന്‍ ശാന്തനായി കാലുകള്‍ നീട്ടിവച്ച് ഇരിപ്പുണ്ടായിരുന്നു. അവനെ ഒരരികിലേക്ക് തള്ളിമാറ്റിക്കൊണ്ട് ആശ്വാസത്തോടെ ഞാനും ഇരിപ്പായി. കുറച്ചു നേരം ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല. വള്ളിക്കുടിലിലെന്ന പോലെയുള്ള ആ വൃക്ഷത്തിന്റെ നിലം തൊടുന്ന ശാഖകള്‍ക്കുള്ളിലെ തണുപ്പും പച്ചപ്പും അസാധാരണമായ ഒരു ശാന്തത പ്രസരിപ്പിച്ചു.

ക്ലാസില്‍ അന്ന് നടന്ന സംഭവത്തെക്കുറിച്ചു ഒന്നും സൂചിപ്പിക്കാതെ ഞാന്‍ അവനെ വീട്ടിലേക്കു ക്ഷണിച്ചു.

''ജൂലിയന്‍, രണ്ടു ദിവസം അവധിയല്ലേ, നഗരത്തിലെ ബാറുകള്‍ നിരങ്ങാതെ നീ എന്റെ കൂടെ വാ. ആ കാട്ടുമുക്കിലെ താമസം നിനക്ക് ഗുണം ചെയ്യും. വയറു നിറയെ നല്ല എരിവുള്ള ഇന്ത്യന്‍ ഭക്ഷണവും കഴിച്ച് പിരിനെസ് മലനിരകളില്‍ നിന്നുള്ള കാറ്റുമേറ്റ് ഇളവെയിലില്‍ ഒരു ഹാമക്കില്‍ കിടന്നുറങ്ങുന്നതിനെപ്പറ്റി നീയൊന്ന് ചിന്തിച്ചു നോക്ക്.'' ഞാന്‍ അവനെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു.

അത്രയേറെ തളര്‍ന്നിട്ടായിരിക്കണം എതിര്‍പ്പൊന്നും പറയാതെ അന്ന് വൈകുന്നേരം ഒരു സഞ്ചിയില്‍ രണ്ടുമൂന്നു ഉടുപ്പുകളുമായി അവന്‍ റെയില്‍വേ സ്‌റെഷനില്‍ ഹാജരായി. പ്രത്യേകിച്ചു മുന്നറിയിപ്പൊന്നും കൂടാതെ ഞാന്‍ വീട്ടിലേക്കു കൊണ്ടുവന്ന അതിഥിയെ കണ്ടപ്പോള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നും കൂടാതെ ഒരു മുറി അവനുവേണ്ടി ഒരുക്കാനും മറ്റും ഇവാനും കുട്ടികളും ഉത്സാഹിക്കുന്നത് കണ്ടപ്പോള്‍ ജൂലിയന് വളരെ സന്തോഷമായി. അവനും അവരുടെ കൂടെ കൂടുകയും പുതിയ തരം കാറുകള്‍, ബൈക്കുകള്‍, ട്രക്കിംഗ് തുടങ്ങിയ പൊതുവായ താല്‍പ്പര്യങ്ങളെ കുറിച്ചു സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു.

ആ രണ്ടു ദിവസങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ തമ്മില്‍ കുറേക്കൂടി അടുത്തു. ജൂലിയന്‍ ചേട്ടന്റെ നീണ്ട കാലുകളെപ്പറ്റിയുള്ള കുട്ടികളുടെ പരാതി വക വയ്ക്കാതെ സാധനങ്ങള്‍ വാങ്ങാനും വൈകുന്നേരങ്ങളില്‍ സിനിമ കാണാനും അവരുടെ ചെറിയ സ്‌കൂട്ടറുകളുടെ പുറകിലിരുന്നു പോവുകയും ഇവാനെ തണുപ്പുകാലത്തേയ്ക്കുള്ള വിറകു കീറാന്‍ സഹായിക്കുകയും ചെയ്തുകൊണ്ട് അവന്‍ രണ്ടു ദിവസം കൊണ്ട് കുടുംബത്തിലെ ഒരംഗത്തെ പോലെയായി. ഒറ്റയ്ക്ക് പാചകം ചെയ്യുന്ന എന്നെ സഹായിക്കാനെന്ന മട്ടില്‍ ജൂലിയന്‍ ഒരു പൂച്ചക്കുട്ടിയെപ്പോലെ എപ്പോഴും ചുറ്റിപ്പറ്റി നടന്നു. അതിനിടയില്‍ അതുവരെ പറയാതിരുന്ന ആ കഥ, എവിടെയാണെന്നറിയാതെ മാഞ്ഞുപോയ തന്റെ അമ്മ ഇന്‍ഗ്രിഡിന്റെ കഥ അവന്‍ പറഞ്ഞു.

ബ്യൂണസ് അയേഴ്‌സിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ സാഹിത്യാധ്യാപികയായിരുന്നു അവന്റെ അമ്മുമ്മ അഡോള്‍ഫ. ആ വിചിത്രമായ പേരിന്റെ അര്‍ത്ഥം കുലീനയായ പെണ്‍ചെന്നായ എന്നാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം കൗമാരത്തിലേക്കു കാലു കുത്തിയ മകളുമായി അഡോള്‍ഫ അധ്യാപനവും വായനയും എഴുത്തുമൊക്കെയായി നഗരത്തില്‍ തന്നെയായിരുന്ന കുടുംബ വസതിയില്‍ സ്വസ്ഥമായി താമസിക്കുകയായിരുന്നു. ആ സമയത്താണ് പട്ടാളം ഭരണം പിടിച്ചെടുത്തത്. തീവ്രവാദബന്ധം പുലര്‍ത്തുന്നു എന്ന സംശയം പറഞ്ഞു അഡോള്‍ഫയുടെ വിദ്യാര്‍ഥികളില്‍ ചിലരെ സൈന്യം പിടിച്ചു കൊണ്ട് പോവുകയും ഭീകരമായ മര്‍ദ്ദന മുറകള്‍ക്കൊടുവില്‍ കൊലപ്പെടുത്തുകയും ചെയ്തു.

തന്റെ കുഞ്ഞുമകളുടെ ഭാവിയെന്താകും എന്ന് പോലും ഓര്‍ക്കാതെ അഡോള്‍ഫ സമരത്തിനിറങ്ങി. പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും അവയ്ക്ക് നേതൃത്വം വഹിക്കുകയും ചെയ്യുന്ന കോളേജ് അദ്ധ്യാപിക താമസിയാതെ തന്നെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി. അധികം താമസിയാതെ അമ്മയെയും മകളെയും സൈന്യം കസ്റ്റഡിയിലെടുത്തു. തങ്ങളെ വേര്‍പിരിക്കരുത് എന്ന് കേണപേക്ഷിച്ചിട്ടും ഇന്‍ഗ്രിഡിനെയും അഡോള്‍ഫയെയും അവര്‍ രണ്ടു സ്ഥലങ്ങളിലാണ് തടവില്‍ പാര്‍പ്പിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപികയെ മോചിപ്പിക്കാനുള്ള വിദ്യാര്‍ഥികളുടെ ശ്രമങ്ങള്‍ വിജയിക്കുകയും കൊടിയ പീഡനങ്ങള്‍ക്ക് അവസാനം ആറു മാസങ്ങള്‍ക്ക് ശേഷം അവര്‍ അഡോള്‍ഫയെ മോചിപ്പിക്കുകയും ചെയ്തു. പക്ഷെ ഇന്‍ഗ്രിഡ് എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലായിരുന്നു. അവളെ കസ്റ്റഡിയില്‍ എടുത്തതിന് തെളിവായി യാതൊരു രേഖകളും അഡോള്‍ഫയ്ക്കും കൂട്ടര്‍ക്കും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഭൂമിയില്‍ അവശേഷിച്ചിട്ടുള്ള ഒരേയൊരു സ്വത്തായ തന്റെ മകളെയും തേടി അവര്‍ അര്‍ജന്റീനയിലാകെ അലഞ്ഞു. തന്റെ പരിചയങ്ങള്‍ എല്ലാമുപയോഗിച്ച് ഗവണ്മെന്റിന്റെ പീഡന കേന്ദ്രങ്ങളില്‍ വരെ അഡോള്‍ഫ അന്വേഷണം നടത്തി. പതിനാലു വയസ്സ് മാത്രമുണ്ടായിരുന്ന ആ കൊച്ചു പെണ്‍കുട്ടി എവിടെപ്പോയെന്ന് ആര്‍ക്കും കണ്ടെത്താനായില്ല.

പ്രതികാരത്തിന്റെയും ചോരയുടെയും മടുപ്പിക്കുന്ന ഗന്ധമുള്ള വല്ലാത്ത ഒരു കാലമായിരുന്നു അത്. പത്രക്കാരും അധ്യാപകരും മനശാസ്ത്രജ്ഞരും വൈദികരും കന്യാസ്ത്രീകളും വിദ്യാര്‍ഥികളും എന്ന് വേണ്ട സംശയം തോന്നിയ എല്ലാവരെയും അവരുടെ സുഹൃത്തുക്കളെയും, സുഹൃത്തുക്കളുടെ സുഹൃത്തുക്കളെയും സൈന്യം അറസ്റ്റ് ചെയ്തു. തട്ടിയെടുക്കലുകളും അപ്രത്യക്ഷമാകലുകളും വളരെ സ്വാഭാവികമായിരുന്ന ആ കാലത്ത് ഒരു കൊച്ചു പെണ്‍കുട്ടിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ എങ്ങുമെത്തിയില്ല.

കാണാതായ കുട്ടികളുടെ അമ്മമാരും അമ്മുമ്മമാരും ചേര്‍ന്ന് അതിനോടകം നിശ്ശബ്ദമായ ഒരു പ്രതിഷേധപ്രകടനം ആരംഭിച്ചിരുന്നു. എല്ലാ വ്യാഴാഴ്ചയും അര്‍ജന്റീനയിലെ പ്രസിഡന്റിന്റെ ആസ്ഥാനമായ കാസ റോസാദയുടെ മുന്നിലുള്ള ചത്വരത്തില്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ പേരുകള്‍ തുന്നിപ്പിടിപ്പിച്ച വെളുത്ത നാപ്കിനുകള്‍ തലയില്‍ കെട്ടിവച്ചു കൊണ്ട് ഒത്തുകൂടിയ സ്ത്രീകളെ ഭീകരമായ ബലപ്രയോഗത്തിലൂടെയാണ് ആയുധധാരികളായ പട്ടാളക്കാര്‍ പുറത്താക്കിയിരുന്നത്. ഓരോ തവണയും അധികാരികളുടെ സൈ്വര്യം കെടുത്തുന്ന ഈ സമരത്തിന് ഒരു അവസാനം കാണാനായി ആ സ്ത്രീകളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും വലിച്ചെറിയുകയും ചെയ്തുവെങ്കിലും എല്ലാ പീഡനങ്ങളെയും അവഗണിച്ചുകൊണ്ട് പ്ലാസ മയോയിലെ അമ്മമാര്‍ എന്നറിയപ്പെട്ടിരുന്ന ആ സംഘം വീണ്ടും വ്യാഴാഴ്ചകളില്‍ ആ ചത്വരത്തിലേക്ക് എത്തിക്കൊണ്ടേയിരുന്നു. തന്റെ മകള്‍ക്ക് വേണ്ടി ഒറ്റയ്ക്ക് നടത്തിയിരുന്ന തിരച്ചില്‍ അവസാനിപ്പിച്ച് അഡോള്‍ഫ ഈ അമ്മമാരുടെ സംഘത്തില്‍ ചേര്‍ന്നു.

മരണം അര്‍ജന്റീനയിലെ കാറ്റില്‍ പോലും അന്ന് തങ്ങി നിന്നിരുന്നു. തീവ്രവാദബന്ധം ആരോപിച്ചു പിടിച്ചെടുത്ത ചെറുപ്പക്കാര്‍ക്ക് മയക്കുമരുന്നുകള്‍ നല്‍കിയ ശേഷം സൈനിക വിമാനങ്ങളില്‍ കയറ്റി കടലിനു മുകളില്‍ എത്തിച്ച ശേഷം വെള്ളത്തിലേക്കിട്ടു കൊല്ലുന്നത് സാധാരണയായിരുന്നു. മൃതശരീരങ്ങള്‍ കടലില്‍ സ്വാഭാവികമെന്ന വണ്ണം ഒഴുകിനടന്നു. പെണ്‍കുട്ടികളെ തടങ്കലില്‍ പാര്‍പ്പിച്ചു നിരന്തരം പലര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയും താല്‍പ്പര്യം നശിക്കുമ്പോള്‍ കൊന്നുകളയുകയുമായിരുന്നു പതിവ്. അവരില്‍ ചിലര്‍ ഗര്‍ഭിണികളായെങ്കിലും കുഞ്ഞിനു ജന്മം നല്‍കാന്‍ അനുവദിച്ച ശേഷം അവരെയും ഭരണകൂടം ഇല്ലാതാക്കുകയാണ് ചെയ്തിരുന്നത്. മക്കളില്ലാത്ത ശിങ്കിടികള്‍ക്കോ സൈനികര്‍ക്കോ അനാഥരായ ആ കുഞ്ഞുങ്ങളെ ഒരു സമ്മാനമെന്ന പോലെ ഭരണകൂടം നല്‍കിപ്പോന്നു.

''അതിലൊരാളാണ് ഞാന്‍! മമ്മാസിത്താ, എന്റെ അമ്മയെ എനിക്കറിയില്ല. കനലടുപ്പിലിട്ടു കാളയുടെ വാരിയെല്ലുകള്‍ ചുട്ടു തരുമെന്നൊക്കെ ഞാന്‍ നിന്നോടു വീമ്പിളക്കിയിരുന്ന എന്റെ അമ്മ എനിക്ക് ചിത്രങ്ങളില്‍ കണ്ടിട്ടുള്ള കുതിരവാല്‍ മുടിക്കെട്ടുള്ള ഒരു ചെറിയ പെണ്‍കുട്ടിയാണ്.'' അവന്റെ വരണ്ട കണ്ണുകളില്‍ അത് പറയുമ്പോള്‍ നനവിന്റെ അംശം പോലുമില്ലായിരുന്നു.

''നിനക്കിതെങ്ങനെ മനസ്സിലായി?'' 

ഈ കഥ കേട്ട് തരിച്ചു നിന്ന എന്റെ വായില്‍ നിന്ന് ആ ചോദ്യം എങ്ങനെയോ പുറത്തു ചാടി.

''എന്റെ വളര്‍ത്തമ്മ എന്നോടു പറഞ്ഞു.'' അവന്‍ സങ്കടത്തോടെ പറഞ്ഞു. ''എലീസയ്ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. മറവി രോഗം ബാധിച്ച അവര്‍ ഇപ്പോള്‍ ഒരു ആശുപത്രിയിലാണ്. പൂര്‍ണ്ണമായും അസുഖത്തിനു കീഴടങ്ങും മുന്‍പ് അവര്‍ക്ക് സത്യം പറയണമെന്ന് തോന്നിയത് എന്റെ ഭാഗ്യം!''

''പക്ഷെ നിനക്ക് ജന്മം നല്‍കിയ ശേഷം ഇന്‍ഗ്രിഡ് എവിടെപ്പോയി?''

ഇടയ്ക്കിടയ്ക്ക് നിറുത്തി നിറുത്തി, എന്തൊക്കെയോ ആലോചിച്ചുകൊണ്ട് ജൂലിയന്‍ വിശദീകരിച്ചു. 

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിരണ്ടില്‍ സൈന്യത്തിന്റെ പിടിയില്‍ ആകുമ്പോള്‍ ഇന്‍ഗ്രിഡിനു പതിനാലു വയസ്സായിരുന്നു പ്രായം. അടുത്ത വര്‍ഷം തന്നെ സൈനിക ഭരണകൂടത്തെ താഴെയിറക്കിയെങ്കിലും കാണാതായവരെ കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ പതുക്കെയാണ് മുന്നോട്ടു നീങ്ങിയത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷമാണ് എലീസയ്ക്ക് ഒരു സൈനിക ആശുപത്രിയില്‍ നിന്ന് ജൂലിയനെ ലഭിക്കുന്നത്. യുദ്ധത്തില്‍ മരിച്ചു പോയ ഒരു പട്ടാളക്കാരന്റെ ഭാര്യയായിരുന്ന അവര്‍ക്ക് പരിചയക്കാരനായ ഒരു സൈനികഡോക്ടറാണ് ജനിച്ചു അല്‍പ്പ ദിവസങ്ങള്‍ മാത്രം കഴിഞ്ഞിരുന്ന അവനെ അനാഥക്കുട്ടിയാണെന്ന് പറഞ്ഞ് സമ്മാനിച്ചത്.

എണ്‍പത്തിമൂന്നില്‍ സൈനിക ഭരണം അവസാനിച്ചുവെങ്കിലും എന്റെ അമ്മ അത്രയും നാള്‍ ആരുടെയോ പിടിയില്‍ ആയിരുന്നു എന്ന് വേണം അനുമാനിക്കാന്‍ . ചിന്താഗ്രസ്തമായ കണ്ണുകളോടെ അവന്‍ പറഞ്ഞു.

''നിനക്കിപ്പോള്‍ ഇരുപത്തെട്ടു വയസ്സായല്ലോ, നീ അമ്മയെ അന്വേഷിച്ചില്ലേ?'' ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.

''അന്വേഷിച്ചു.'' അവന്‍ പറഞ്ഞു. ''അങ്ങനെയാണ് ഞാന്‍ ആ ചെന്നായ്‌പ്പെണ്ണിനെ കണ്ടെത്തിയത്.'' ജൂലിയന്റെ മുഖത്ത് അത്യപൂര്‍വ്വമായി കാണുന്ന സന്തോഷത്തിന്റെ തിളക്കവും ചുവപ്പും പ്രത്യക്ഷപ്പെട്ടു.

''ഡി എന്‍ എ  പരിശോധനാഫലം ഉപയോഗിച്ചു അടുത്ത ബന്ധുക്കളെ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാം വഴിയാണ് ഞാനത് ചെയ്തത്. അമേരിക്കയിലെ ജനിതക ശാസ്ത്രജ്ഞന്‍മാരുടെ സഹായത്തോടെ പ്ലാസ മയോയിലെ അമ്മമാര്‍ ഒരു ജനറ്റിക് ഡാറ്റാ ബാങ്ക് തയ്യാറാക്കിയിരുന്നു. ധാരാളം പേര്‍ക്ക് നഷ്ടപ്പെട്ടുപോയ സ്വന്തം കുഞ്ഞുങ്ങളെ കണ്ടെത്താന്‍ ഇതുപകരിച്ചു. എങ്ങോ മറഞ്ഞുപോയ പോയ തന്റെ മകളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാലോ എന്നോര്‍ത്തു എന്റെ അമ്മൂമ്മയും അതില്‍ തന്റെ  വിവരങ്ങള്‍ചേര്‍ത്തിരുന്നു.. ഞാന്‍ അവരെ ആ പ്രോഗ്രാമിലൂടെ കണ്ടെത്തിയിട്ട് അഞ്ചു വര്‍ഷമായതേയുള്ളൂ.'' അവന്റെ വാക്കുകളില്‍ സന്തോഷം തുടിച്ചു നില്‍ക്കുന്നുണ്ടായിരുന്നു.

''നിന്റെ അമ്മൂമ്മയ്ക്ക് പ്രായമായില്ലേ ജൂലിയന്‍. നീ എന്താ അഡോള്‍ഫയെ അവിടെ ഒറ്റയ്ക്കാക്കിയിട്ട് വന്നത്?'' അവനു അവരോടുള്ള സ്‌നേഹം അറിയാമായിരുന്ന ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു.

ജൂലിയന്‍ ഉറപ്പോടെയാണ് മറുപടി പറഞ്ഞത്. ''അമ്മൂമ്മയെ എനിക്ക് അര്‍ജന്റീനയില്‍ നിന്ന് മാറ്റണം. അവിടെ മുഴുവന്‍ എന്റെ അമ്മയുടെ ഓര്‍മ്മകളാണ്. ഞാന്‍ യൂറോപ്പില്‍ ഒരു ജോലി സംഘടിപ്പിച്ചിട്ടു അമ്മൂമ്മയെ ഇങ്ങു കൊണ്ട് വരും.''

'അപ്പോള്‍ നിന്റെ അമ്മയോ?' 

എനിക്ക് കരച്ചില്‍ വന്നു. ഒരു നിമിഷം നിര്‍ന്നിമേഷനായി എന്നെ നോക്കിയിരുന്നിട്ട് ജൂലിയന്‍ തല തിരിച്ചു കളഞ്ഞു. അവന്റെയും കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. ''മമ്മാസിത്താ,'' അവന്റെ വാക്കുകള്‍ ഇടറി. 

''തിരഞ്ഞു തിരഞ്ഞു ഞാന്‍ തളര്‍ന്നു പോയിരിക്കുന്നു.'' 

ഒരാശ്രയത്തിനെന്ന പോലെ ജൂലിയന്‍ എന്റെ തോളിലേക്ക് ചാഞ്ഞു. നിനക്ക് ഞാനുണ്ട് എന്ന് വീണ്ടും വീണ്ടും പറയാതെ പറഞ്ഞുകൊണ്ട് ഒരു കുഞ്ഞിനെയെന്ന പോലെ ഞാനവനെ ചേര്‍ത്തു പിടിച്ചു.