ഫ്ളോറിഡ: പാമ്പിന്‍ വിഷത്തിന്റെ മയക്കത്തില്‍ ആശുപത്രി മുറിയില്‍ ഉറങ്ങിക്കിടക്കുന്ന ആ പട്ടിക്കു വേണ്ടി കാത്തിരിക്കുകയാണ് അമേരിക്കയിലെ ഫ്ളോറിഡയിലെ ഒരു കുടുംബം. തെരുവില്‍നിന്ന് എടുത്തുവളര്‍ത്തിയ ആ ജര്‍മന്‍ ഷെഫേഡ് കുടുംബത്തിനിപ്പോള്‍ ജീവനാണ്. 

മാരക വിഷമുള്ള ഒരു പാമ്പിന്റെ ആക്രമണത്തിലാണ് ആ പട്ടി ജീവച്ഛവമായത്. ആ പാമ്പിന്റെ കൊത്ത് പട്ടി ഏറ്റു വാങ്ങിയില്ലായിരുന്നുവെങ്കില്‍, ഈ അവസ്ഥയില്‍ കിടക്കേണ്ടിയിരുന്നത് ആ വീട്ടിലെ ഏഴു വയസ്സുകാരിയാണ്. അവളെ രക്ഷിക്കാനാണ് അവന്‍ മരണം വരിക്കാന്‍ തയ്യാറായത്. 

ടമ്പായിലാണ് ആ കുടുംബം. ആര്‍ക്കും വേണ്ടാത്ത അവസ്ഥയില്‍ തെരുവില്‍നിന്ന് ഏറ്റെടുത്തതാണ് ആ പട്ടിയെ. ആ വീട്ടിലെ മോളി ഡെല്യൂക എന്ന ഏഴു വയസ്സുകാരിയുടെ കളിത്തോഴനായിരുന്നു അവന്‍. 

കഴിഞ്ഞ ദിവസമാണ് ആ സംഭവം നടന്നത്. ' ഞങ്ങള്‍ നോക്കുമ്പോള്‍ പട്ടി മുമ്പോട്ടും പിന്നോട്ടും ചാടുകയായിരുന്നു. എന്താണ് കാരണമെന്ന് അന്വേഷിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. കുട്ടിയെ ആക്രമിക്കാന്‍ വന്ന പാമ്പിനു മുന്നില്‍ നിന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു അവന്‍. അടുത്തു ചെന്നപ്പോള്‍ അവന്റെ ശരീരത്തില്‍ നിറയെ മുറിവുകള്‍ കണ്ടു'-കുട്ടിയുടെ അമ്മ ദോന്യ പറയുന്നു.

മാരകമായ മൂന്ന് ആക്രമണങ്ങളാണ് പട്ടി നേരിട്ടത്. അബോധാവസ്ഥയിലായ അവന് ആശുപത്രിയില്‍ വെച്ച് മൂന്ന് ഡോസ് ആന്റിവെനം നല്‍കിയിരുന്നു. ഇപ്പോഴും അപകടാവസ്ഥ തരണം ചെയ്യാതെ കിടക്കുകയാണ് ഹോസ് എന്ന ഈ പട്ടി.