Asianet News MalayalamAsianet News Malayalam

കുഞ്ഞയ്യപ്പന്‍മാര്‍ തോറ്റുകൊണ്ടിരിക്കുന്ന  കാലത്ത് എം സുകുമാരന്റെ പ്രസക്തി!

  • എം സുകുമാരനെ വായിച്ചതുകൊണ്ടുമാത്രം ഭ്രാന്തില്‍നിന്നും ആത്മാഹുതിയില്‍നിന്നും രക്ഷപ്പെട്ടവര്‍ നിരവധിയുണ്ടാവും
  • ഷിജു ആര്‍ എഴുതുന്നു
Homage M Sukumaran

കുഞ്ഞയ്യപ്പന്മാര്‍ തോറ്റുകൊണ്ടേയിരിക്കുന്നു. ഉള്ളില്‍ എരിയുന്ന തിരിനാളം കെട്ടുപോയ, അവര്‍  നിശ്ശബ്ദമായി, നിശ്ശബ്ദരാക്കപ്പെട്ടു ജീവിക്കുന്നു.  അവര്‍ നാടുകടത്തപ്പെടുന്നു,  കുലംകുത്തികളായി തെരുവില്‍ കൊല്ലപ്പെടുന്നു.  അല്ലെങ്കില്‍ ശുഭപ്രതീക്ഷാ മുനമ്പിലേക്കുള്ള ഭൂപടം നഷ്ടമായിട്ടും കപ്പലോടിക്കാന്‍ വിധിക്കപ്പെട്ട നാവികനെപ്പോലെ അവനവനെത്തന്നെ വഞ്ചിക്കുന്നു.  അന്തരാത്മാവ് നഷ്ടപ്പെട്ട അനേകായിരം മനുഷ്യരുടെ ലക്ഷ്യബോധം നഷ്ടപ്പെട്ട സാമൂഹ്യ / സംഘടനാ ജീവിതം തന്നെയാണ് കുഞ്ഞയ്യപ്പന്റെ ആത്മാഹുതി. കുഞ്ഞയ്യപ്പനെ വായിച്ചതു കൊണ്ട് മാത്രം ഭ്രാന്തില്‍ നിന്നും ആത്മാഹുതിയില്‍ നിന്നും രക്ഷപ്പെട്ടവര്‍ നിരവധി ഉണ്ടാവും.  

Homage M Sukumaran

'ഞാന്‍ പിറന്നു..അതു തന്നെയാണ് ഞാന്‍ ചെയ്ത കുറ്റം' എന്നെഴുതി വച്ച രോഹിത് വെമുലയുടെ അതിഗംഭീരമായ ആത്മാഹുതി  തന്നെയാണ് എം സുകുമാരന്റെ കഥാപാത്രമായ കുഞ്ഞയ്യപ്പന്‍േറതും.

'അച്ചടക്കത്തിനായി ആത്മത്യാഗം വരിച്ച ഒരു മഹാത്മാവ് ഇവിടെ അന്ത്യനിദ്രകൊള്ളുന്നു. ഒരു പൂവിതള്‍ നുള്ളിയിട്ടു പോലും ആ ഉറക്കത്തിനു ഭംഗം വരുത്തരുത്' എന്നാണ് അയാള്‍ കുറിക്കുന്നത്.. 

മകന്‍ കൊച്ചുനാണുവിനോട് തന്റെ ജീവിതത്തെക്കുറിച്ച് ഒന്നും പറഞ്ഞു കൊടുക്കരുത് എന്നാണ്  ആത്മഹത്യാക്കുറിപ്പില്‍ കുഞ്ഞയ്യപ്പന്‍ കുറിക്കുന്നത്.   കാരണം അവനും ഒരു റൊമാന്റിക് റവല്യൂഷണറിയായിത്തീര്‍ന്നേക്കും എന്നയാള്‍ ഭയക്കുന്നു.  

വിപ്ലവത്തിന്റെ വിശ്വാസനാളങ്ങള്‍ ഉള്ളില്‍ കൊളുത്തി വച്ച വിദ്യാര്‍ത്ഥി ജീവിതകാലത്താണ് എം സുകുമാരനെ വായിക്കുന്നത്.  സംഘടനയെയും രാഷ്ട്രീയത്തെയും വേറിട്ട് മനസ്സിലാവാതിരുന്ന അക്കാലത്തു വൈകാരികമായി ഇളക്കിമറിച്ചെങ്കിലും  അതൊരു അതിശയോക്തി രചനയായാണ് തോന്നിയത്.  

ഒറ്റവായനയില്‍ തോന്നുന്ന പോലെ സംഘടനയെ ആയിരുന്നില്ല തന്റെ രചനകളില്‍ സുകുമാരന്‍ ലക്ഷ്യം വച്ചത്.  സംഘടന മാര്‍ഗ്ഗവും വ്യക്തി ലക്ഷ്യവുമായി കണക്കാക്കിയ വിപ്ലവചേതനയായിരുന്നു അത്.  'അന്യന്റെ ശബ്ദം സംഗീതമായി ആസ്വദിക്കുന്ന' ഭരണകൂടത്തെ പോലും അനാവശ്യവും അപ്രസക്തവുമാക്കുന്ന ആത്യന്തിക വിപ്ലവം സത്യത്തില്‍ വ്യക്തിയില്‍ തന്നെയല്ലേ ഊന്നുന്നത്.  

വ്യക്തികേന്ദ്രിതമായ ഏത് നോട്ടവും സമൂഹത്തോട് പുറം തിരിഞ്ഞുനില്‍ക്കുന്നതും അതുകൊണ്ട് തന്നെ സംഘടനാവിരുദ്ധവും ( സമൂഹം = സംഘടന ) ആണെന്ന അലസ പാരായണത്തിന്റെ ഫലമായി അരാഷ്ട്രീയമെന്ന ഒറ്റ ലേബല്‍ ഒട്ടിച്ചു മാറ്റിനിര്‍ത്തുകയായിരുന്നു സുകുമാരന്റെ  സര്‍ഗ്ഗ സപര്യകളെ മുഴുവന്‍ നമ്മുടെ,  പരമ്പരാഗത  വിമര്‍ശനം. ആ കഥാലോകം ഉയര്‍ത്തിയ  നൈതികവും ധാര്‍മികവും അതിസൂക്ഷ്മവുമായ നാഡീസ്പന്ദനങ്ങളെ തിരിച്ചറിയാന്‍ ആ സുരക്ഷിത വായനകള്‍ക്കായില്ല.  

ഈ കാലത്താണ്, തികച്ചും അപ്രതീക്ഷിതമായി പാര്‍ട്ടിപത്രത്തില്‍ വന്ന ഒരു വാര്‍ത്ത കുഞ്ഞയ്യപ്പന്‍ കണ്ടത്. തീവ്രവാദവിഭാഗവുമായി കൂട്ടുകൂടിയതിന് കിട്ടുണ്ണിയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരിക്കുന്നു. അതേ പത്രത്തില്‍ നാലാംപുറത്ത് മറ്റൊരു വാര്‍ത്തയും കുഞ്ഞയ്യപ്പന്‍ കണ്ടു. ഒരു ഭൂവുടമയെ സംഘം ചേര്‍ന്ന് ആക്രമിച്ചുകൊല്ലാന്‍ തുനിഞ്ഞതിന്റെ പേരില്‍ കിട്ടുണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ആ രാത്രിയില്‍ കുഞ്ഞയ്യപ്പന്‍ ഉറങ്ങിയില്ല'' 
(ശേഷക്രിയ) 

വലതുപക്ഷ പ്രവണതകള്‍ ഒരു പ്രശ്‌നമല്ലാത്ത,  പ്രസ്ഥാനം ഇടതുപക്ഷ അതിവാദങ്ങളെ എത്ര കണിശമായാണ് കൈകാര്യം ചെയ്യുന്നത് എന്നതാണോ കുഞ്ഞയ്യപ്പന്റെ സംഘര്‍ഷം? അതോ നിരാര്‍ദ്രമായ ഹിംസയുടെ നിരര്‍ത്ഥകതയോ?  താന്‍ കടന്നു വന്ന വഴികളുടെ ഉള്‍പിരിവുകളില്‍ ഉറക്കം നഷ്ടപ്പെടുന്ന കുഞ്ഞയ്യപ്പനും തോറ്റു പോവുന്നുണ്ട്,  ഒരു ഉള്‍പാര്‍ടി സമരത്തില്‍.  

കുഞ്ഞയ്യപ്പന്മാര്‍ തോറ്റുകൊണ്ടേയിരിക്കുന്നു. ഉള്ളില്‍ എരിയുന്ന തിരിനാളം കെട്ടുപോയ, അവര്‍  നിശ്ശബ്ദമായി, നിശ്ശബ്ദരാക്കപ്പെട്ടു ജീവിക്കുന്നു.  അവര്‍ നാടുകടത്തപ്പെടുന്നു,  കുലംകുത്തികളായി തെരുവില്‍ കൊല്ലപ്പെടുന്നു.  അല്ലെങ്കില്‍ ശുഭപ്രതീക്ഷാ മുനമ്പിലേക്കുള്ള ഭൂപടം നഷ്ടമായിട്ടും കപ്പലോടിക്കാന്‍ വിധിക്കപ്പെട്ട നാവികനെപ്പോലെ അവനവനെത്തന്നെ വഞ്ചിക്കുന്നു.  അന്തരാത്മാവ് നഷ്ടപ്പെട്ട അനേകായിരം മനുഷ്യരുടെ ലക്ഷ്യബോധം നഷ്ടപ്പെട്ട സാമൂഹ്യ / സംഘടനാ ജീവിതം തന്നെയാണ് കുഞ്ഞയ്യപ്പന്റെ ആത്മാഹുതി. കുഞ്ഞയ്യപ്പനെ വായിച്ചതു കൊണ്ട് മാത്രം ഭ്രാന്തില്‍ നിന്നും ആത്മാഹുതിയില്‍ നിന്നും രക്ഷപ്പെട്ടവര്‍ നിരവധി ഉണ്ടാവും.  

സോവിയറ്റ് തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പിതൃതര്‍പ്പണത്തില്‍  'സോവിയറ്റുകളുടെ ബലിമുറ്റത്ത്  വ്‌ളാദ്മിര്‍ ഇല്യാനോവ്  എന്നൊരു ബലിക്കാക്ക' എന്ന ഒറ്റ പ്രയോഗം കൊണ്ട് ഒരു കവിത എഴുതുന്നുണ്ട് സുകുമാരന്‍.  

അരാജകവാദിയുടെ 'ജനിതക'ത്തെ തന്റെ പ്രണയം കൊണ്ട് മറികടക്കാന്‍ ശ്രമിക്കുന്ന കാമുകി..  

അങ്ങനെ വ്യവസ്ഥയുടെ,  അവസ്ഥയുടെ,  പ്രകൃതത്തിന്റെ പലചക്രങ്ങളില്‍ നിസ്സഹായരാവുന്ന അനേകം മനുഷ്യര്‍..ഈ രാത്രി ഉറങ്ങാതെ താങ്കള്‍ക്ക് കാവലിരിക്കട്ടെ,  

പക്ഷേ സഖാവേ,  ഒരു തലമുറ താങ്കളോട് കടപ്പെട്ടിരിക്കുന്നത്,  നേരത്തെ പറഞ്ഞ ആത്മാഹുതികളുടെ ഉച്ചാടനത്തിന്റെ പേരിലാവും.  

( കഥ, കഥാപാത്രങ്ങള്‍,  വരികള്‍ എന്നിവയ്ക്ക് ഓര്‍മ്മ മാത്രമാണ് മൂലധനം)

Follow Us:
Download App:
  • android
  • ios