Asianet News MalayalamAsianet News Malayalam

ഒരു ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ എത്ര സ്‌നേഹിക്കാനാവും?

ജീവിതം സമ്മാനിക്കുന്നവയൊക്കെയും വിധിയെന്ന് കരുതി സ്വീകരിക്കാന്‍ പഠിച്ച മനുഷ്യര്‍. ഹാജറ വന്ന് എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഗള്‍ഫിലെ ജോലി സ്ഥലത്ത് നടന്ന ആക്‌സിഡന്റില്‍ മരണപ്പെട്ട ഹസന്‍. 

hospital days by hasanath
Author
Thiruvananthapuram, First Published Nov 21, 2018, 7:36 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്.

hospital days by hasanath

ആശുപത്രികള്‍ക്ക് ജീവിതത്തിന്റെ മണമാണ്. ഫിനോളിന്റെയും ബീറ്റഡിന്‍ ലോഷന്റെയും ഉപരിതല മണങ്ങള്‍ ശ്വസിച്ച് വിട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ പിന്നെയും അവിടെ തന്നെ ഒന്നു നിന്നു നോക്കൂ. നിങ്ങളില്‍ പിന്നെ  നിറയുന്നത് തുടിക്കുന്ന ജീവിതത്തിന്റെ മണങ്ങളായിരിക്കും. ഡെങ്കിപ്പനിയും ടൈഫോയ്ഡ് പനിയും സൃഷ്ടിക്കുന്ന  ചര്‍ദിലിന്റെ  മണം.  വലിവു രോഗി ചുമച്ചു തുപ്പുന്ന കഫത്തില്‍ മണം. പ്രമേഹരോഗിയുടെ വ്രണ ത്തില്‍ നിന്നും ഉതിരുന്നതോ? ആ മണം പഴുപ്പിന്റേതാണ്.മ ന്ത് രോഗിയുടെ ചീര്‍ത്തു വീര്‍ത്ത കാലില്‍ പുഴുക്കള്‍ സ്ഥിരതാമസമാക്കിയപ്പോള്‍ അവയെ പുറത്തുചാടിക്കാന്‍ ഒഴിച്ച ടര്‍പ്പന്‍ൈറന്‍ ഓയിലിന്റെയും മണം നിങ്ങള്‍ക്കു കിട്ടിയേക്കാം.  

എത്രയോ പേരുടെ ശ്വാസനിശ്വാസങ്ങളുടെ മണങ്ങളുടെ ഇടയിലൂടെ എന്റെ ഭിഷഗ്വര ജീവിതം.  ഒരുപാട്  മുഖങ്ങള്‍. വേദനകള്‍. ചിലപ്പോഴൊക്കെ ചങ്കുപൊട്ടി കണ്ണീരായി  ബഹിര്‍ഗമിച്ചിങ്ങ് വരും. ആ വിങ്ങി പൊട്ടലുകള്‍ക്കൊക്കെയും ഉണ്ടായിരുന്നു ജീവിതത്തിന്റെ മണം. ചില മണങ്ങള്‍  ഒരു ദീര്‍ഘ നിശ്വാസമായി എന്നിലങ്ങനെ അവശേഷിച്ചു.  

ജീവവായുവിനുവേണ്ടിയുള്ള തത്രപ്പാടുകള്‍ ആണ് പിന്നെ

കിടപ്പുരോഗികളുടെ  പതിവ് റൗണ്ട്‌സിനു ഇടയില്‍  മുറിയിലാകെ കഫത്തിന്റെ മണം.  നാലാം നമ്പര്‍ ബെഡില്‍ കിടക്കുന്ന കുഞ്ഞീബി. മാനസികരോഗിയായ കുഞ്ഞീബിക്ക്  ഇടക്കിടെ വലിവും വരും. ജീവവായുവിനുവേണ്ടിയുള്ള തത്രപ്പാടുകള്‍ ആണ് പിന്നെ.  ചുമച്ചും കിതച്ചും നിസ്സംഗതയോടെ അവിടെയുമിവിടെയുമൊക്കെ തുപ്പിയും കിടന്നിരുന്ന കുഞ്ഞീബിയുടെ കൂട്ടിരിപ്പുകാരി  ഹാജറയോട് എന്റെ പതിവ് ചോദ്യം.  'നിങ്ങടെ ആരാണിത്'.

'ഇവര്  എന്റെ ഭര്‍ത്താവിന്റെ  ആദ്യ ഭാര്യ'-ഒരു ചിരിയോടെ വന്ന് മറുപടി.  

പിന്നീടുള്ള ദിവസങ്ങളില്‍ ഒരു മനോരോഗിയുടെ അലസതയും നിസ്സംഗതയും വലിവും ഇടകലരുമ്പോള്‍ ഒക്കെയും രോഗി പരിചരണം അതീവ ദുര്‍ഘടം പിടിച്ച വേളകളിലൊക്കെ കരുതലിന്റെയും തുളുമ്പുന്ന സ്‌നേഹത്തിന്റെയും കാഴ്ചകള്‍  ഞങ്ങള്‍ക്ക് സമ്മാനിച്ച ഭര്‍ത്താവിന്റെ രണ്ടാംഭാര്യ ഹാജറ!

കുഞ്ഞീബി വലിവ് മാറി ഡിസ്ചാര്‍ജ് ചെയ്ത് പോയെങ്കിലും ഹാജറയുടെ മുഖം മനസ്സില്‍ അങ്ങനെ കിടന്നു. പിന്നീട് ഹാജറ ഓ പിയില്‍ വരുമ്പോഴൊക്കെ ഞാന്‍ ചോദിച്ചു ചികഞ്ഞെടുത്തു, ജീവിതദൃശ്യങ്ങള്‍.  

മൂന്നാമത്തെ കുഞ്ഞിന്റെ പ്രസവത്തിനുശേഷം സ്വതവേ ഉണ്ടായിരുന്ന മതിഭ്രമം പിടിമുറുക്കിയ കുഞ്ഞീവി.  ഉറക്കം ഇല്ലാതാവുമ്പോള്‍ വാവിട്ടു കരഞ്ഞു തീര്‍ത്ത രാത്രികളെ നിസ്സംഗതയുടെ പകലുകളാക്കി ജീവിത ചക്രം കറക്കി കൊണ്ടിരുന്ന കുഞ്ഞിബി. അവളുടെ മൂന്നു കുഞ്ഞുങ്ങളുടെ  പ്രതികരണമില്ലാതായിപ്പോയ  വിശപ്പിന്റെ നിലവിളികള്‍.  ചികില്‍സകള്‍ മാറി മാറി പരീക്ഷിച്ചപ്പോഴും ഏറിയും കുറഞ്ഞും ആവര്‍ത്തിച്ചു കൊണ്ടിരുന്ന മനോവിഭ്രാന്തിയുടെ  ലക്ഷണങ്ങള്‍. ആ ലോകത്തിലേക്ക് ഒരു താങ്ങായി കൂടെ പോരാമോ എന്നായിരുന്നു ഹാജറയോട് ഹസ്സന്‍ ചോദിച്ച ചോദ്യം. 

സങ്കടങ്ങളത്രയും ധാരയായി ഒഴുകി വീണു കൊണ്ടിരുന്നു. കണ്ണീരിന്റെ മണം!

ഗള്‍ഫിലെ ഡ്രൈവര്‍ ജോലി നിര്‍ത്തിയാല്‍ പിന്നെ ഉപജീവനം എന്താവുമെന്ന ചോദ്യചിഹ്നങ്ങള്‍ ഉയര്‍ന്നപ്പോഴാണ് വീട്ടുകാരും ബന്ധുക്കളും
ഒരു താങ്ങാവാന്‍ പുനര്‍വിവാഹത്തിന് നിര്‍ബന്ധിച്ചു തുടങ്ങിയത്!  'എന്നോടു മൂപ്പര് എന്നും ഒരു കാര്യേ ആവശ്യപ്പെട്ടിട്ടുള്ളൂ ... ന്റെ കുഞ്ഞീബിയെയും മക്കളെയും ജ്ജ് നോക്കിക്കോളൂലെ' എന്ന്- ഓര്‍മകളുടെ കെട്ടഴിഞ്ഞ് വീഴുമ്പോള്‍ ഹാജറയുടെ സങ്കടങ്ങളത്രയും ധാരയായി ഒഴുകി വീണു കൊണ്ടിരുന്നു. കണ്ണീരിന്റെ മണം!

ജീവിതം സമ്മാനിക്കുന്നവയൊക്കെയും വിധിയെന്ന് കരുതി സ്വീകരിക്കാന്‍ പഠിച്ച മനുഷ്യര്‍. ഹാജറ വന്ന് എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഗള്‍ഫിലെ ജോലി സ്ഥലത്ത് നടന്ന ആക്‌സിഡന്റില്‍ മരണപ്പെട്ട ഹസന്‍. ഹസന്‍ ഇല്ലാതായിപ്പോയ ലോകത്ത് ഹസന്റെ രണ്ട് നല്ല പാതികള്‍ ആശ്രയത്തിന്റെ, സ്‌നേഹത്തിന്റെ പ്രതീകങ്ങള്‍ തീര്‍ക്കുന്നു. മതിഭ്രമം മൂര്‍ച്ഛിച്ച് തിന്നാതെയും കുടിക്കാതെയും വന്നപ്പോള്‍ കുഞ്ഞീബിയെയും താങ്ങി പിടിച്ച് കൊണ്ട് വന്ന ഹാജറയുടെ ഉള്ളില്‍ വീണ്ടും ഓര്‍മകളുടെ പെരുമഴക്കാലം പെയ്യുന്നു.

'നന്മയുള്ളവര്‍ വിശ്വാസ അനുഷ്ഠാനങ്ങളെ നന്മയോടെ സമീപിക്കുന്നു'

'ഞങ്ങളിങ്ങനെ ജീവിക്ക്ണ കാണുമ്പോ ഓല് ആടെ സ്വര്‍ഗത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാവും ല്ലേ ഡോക്ടറേ? ആ ഒരു വിചാരമാണ് നിക്ക് മുന്നോട്ട് പോവാനുള്ള ശക്തി തരാറ്'..... ഹാജറയുടെ കണ്ണീരിന് അപ്പോള്‍ പ്രണയത്തിന്റെ മണമായിരുന്നു.

ഇസ്ലാമിലെ ബഹു ഭാര്യത്വം ഒന്നും ഉള്‍ക്കൊള്ളാനുള്ള ഹൃദയ വിശാലതയൊന്നും ഇല്ലാതിരുന്ന ഞാന്‍ പിന്നെ ഇങ്ങനെയും ചിന്തിച്ച് തുടങ്ങി. 'നന്മയുള്ളവര്‍ വിശ്വാസ അനുഷ്ഠാനങ്ങളെ നന്മയോടെ സമീപിക്കുന്നു'.

ആശുപത്രിയിലെ ഓരോ ദിനങ്ങളും എനിക്കുള്ള പാഠ പുസ്തങ്ങളാവുന്നു. വ്യക്തിപരമായ കുഞ്ഞു കുഞ്ഞു ആവലാതികളൊക്കെ മനസില് വെച്ച്  എന്റെ ഒപി പരിശോധന തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ എന്നിലേക്കൊരു സ്വയമൊരു പുച്ഛം ഒക്കെ വരികയായി. 'ഡിയര്‍ ഡോക്ടര്‍, നീ ഇവരെയൊക്കെ ഒന്ന് കണ്ട് പഠിക്കൂ. വൈദ്യ ശാസ്ത്ര പുസ്തകങ്ങള്‍ പഠിച്ച നിന്നേക്കാള്‍ മാനസികമായി ഒരു പാട് കരുത്തുളളവര്‍...' മനസ്സ് മന്ത്രിക്കുകയായി.

അവരുടെ ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം


 

Follow Us:
Download App:
  • android
  • ios