Asianet News MalayalamAsianet News Malayalam

നെറ്റിയില്‍ മുറിവുമായി റോഡില്‍ക്കിടക്കുന്ന ഒരമ്മ!

.ആ സമയത്ത് ആ അമ്മയെ രക്ഷിക്കണം എന്നു മാത്രമേ എനിക്കു തോന്നിയത്. ഞാന്‍ എന്റെ  കൈയിലുണ്ടായിരുന്ന ഒരു പവന്റെ വള തൊട്ടടുത്തുള്ള ജ്വല്ലറിക്കടയില്‍ കൊടുത്തു. വില പേശാനൊന്നും നിന്നില്ല. 2500 രൂപയും വാങ്ങി മെഡിക്കല്‍ ഷോപ്പിലെത്തി മരുന്ന് വാങ്ങി-ജീഷ്മ മോഹന്‍ദാസ് എഴുതുന്നു

hospital days by Jeeshma Mohandas
Author
Thiruvananthapuram, First Published Dec 3, 2018, 6:08 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്.

hospital days by Jeeshma Mohandas

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെയുള്ളിലുള്ള അഹന്തകളെ സ്വാര്‍ത്ഥതകളെ തകര്‍ത്തു തരിപ്പണമാക്കുന്ന ഇടം. നിസ്സാരമായ കാര്യങ്ങള്‍ക്ക് വലിയ ഫീസ് മുടക്കി വിദഗ്ധരെ കാണുന്നവര്‍ ഒന്ന് മെഡിക്കല്‍ കോളേജ് അത്യഹിത വിഭാഗത്തില്‍ പോയി നോക്കണം. അപ്പോള്‍ അവിടെ വെച്ചു തീരും പണത്തില്‍ നിന്നുണ്ടാകുന്ന രോഗവും രോഗകാരണവും. 

ആശുപത്രിയില്‍ ഒരുപാടു തവണ രോഗിയായും കൂട്ടിരിപ്പുകാരിയായും ഞാന്‍ നിന്നിട്ടുണ്ട്. അതില്‍ എന്നെ തളര്‍ത്തിയതും പിടിച്ചുലച്ചതുമായ ഒരു ദിവസമുണ്ട്.

2017 ലായിരുന്നു അത്. രാവിലെ മോര് വാങ്ങുന്നതിനായി വീട്ടില്‍ നിന്ന് 20 രൂപ എനിക്കു തന്നു. സമയം 9.30-9.45 ആയിക്കാണും.റോഡ് മുഴുവന്‍ തിരക്കാണ്. ഞാന്‍ സ്ഥിരമായി മോരു വാങ്ങുന്നത് മില്‍മ ബൂത്തില്‍ നിന്നാണ്. അതിനു സമീപത്തായി ഒരു വൃദ്ധ കിടക്കുന്നു. അവരുടെ കിടപ്പു കണ്ടിട്ട് എനിക്ക് എന്തോ ഒരു പന്തികേടു തോന്നിയിരുന്നു. ഞാന്‍ വൃദ്ധയ്ക്കരികിലേക്ക് നടന്നു നീങ്ങിയപ്പോള്‍ ആരോ ഒരാള്‍ വിളിച്ചു പറയുന്നു-'മോളേ അടുത്തേക്കു പോവണ്ടാ, കഞ്ചാവാണെന്നു തോന്നുന്നു'. 

ഞാനെന്തോ അതൊന്നും കേള്‍ക്കാതെ അവര്‍ക്കരികിലെത്തി. തൊട്ടു നോക്കി. നെറ്റിയില്‍ മുറിവുണ്ട്. വളരെ നിസ്സഹായഭാവത്തോടെ അവിടെ തടിച്ചുകൂടിയവരെ ഞാന്‍ ഉറ്റുനോക്കി. ആരും സഹായിച്ചില്ല. കുറെ നേരം കാത്തു നിന്ന് ഒരു ഓട്ടോ കിട്ടി. അവരെ ആശുപത്രിയിലെത്തിച്ചു. നോക്കണേ, കൈയിലാകെ 20 രൂപ മാത്രം. അത്  ഓട്ടോക്കാരനു കൊടുത്തപ്പോള്‍ കൈ ശൂന്യം. 

വേണ്ടത്ര മരുന്നില്ലാത്തതു കൊണ്ട് മരുന്ന് പുറത്ത് നിന്നു വാങ്ങണം. കൈയ്യിലാണെങ്കില്‍ കാശില്ല

ഗവ. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ അവരെ കിടത്തി. വേണ്ടത്ര മരുന്നില്ലാത്തതു കൊണ്ട് മരുന്ന് പുറത്ത് നിന്നു വാങ്ങണം. കൈയ്യിലാണെങ്കില്‍ കാശില്ല. ആശുപത്രിക്കു സമീപം മെഡിക്കല്‍ ഷോപ്പുകളുണ്ട്. പക്ഷേ കാശില്ലാതെ ആരു മരുന്ന് തരാന്‍!

.ആ സമയത്ത് ആ അമ്മയെ രക്ഷിക്കണം എന്നു മാത്രമേ എനിക്കു തോന്നിയത്. ഞാന്‍ എന്റെ  കൈയിലുണ്ടായിരുന്ന ഒരു പവന്റെ വള തൊട്ടടുത്തുള്ള ജ്വല്ലറിക്കടയില്‍ കൊടുത്തു. വില പേശാനൊന്നും നിന്നില്ല. 2500 രൂപയും വാങ്ങി മെഡിക്കല്‍ ഷോപ്പിലെത്തി മരുന്ന് വാങ്ങി അത്യഹിത വിഭാഗത്തിലേക്കു നടന്നു. മരുന്ന് കൊടുത്തു. അമ്മയ്ക്ക് ബോധം വന്നപ്പോള്‍ ഞാന്‍ കാര്യങ്ങളൊക്കെ മനസ്സിലായി. 

മക്കളുപേക്ഷിച്ച് വൃദ്ധസദനത്തിലാക്കിയതാണ് അവരെ. അവിടത്തെ ദുരാനുഭവങ്ങള്‍ കാരണം അവിടം വിട്ടിറങ്ങി. ഇപ്പോള്‍ ഒരു വീട്ടില്‍ ജോലിക്കു നില്‍ക്കുന്നു. വിവരങ്ങളെല്ലാം അറിഞ്ഞപ്പോള്‍ ഞാന്‍ അവര്‍ ജോലിക്കു നില്‍ക്കുന്ന വീട്ടുടമസ്ഥരെ വിളിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, എന്റെ കൈയിലാണെങ്കില്‍ ഫോണില്ല. നേഴ്‌സ് ഫോണു തന്നു സഹായിച്ചു. ആ അമ്മ തന്ന നമ്പറില്‍ വിളിച്ചു ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. അവരെത്തി. 

അതുകഴിഞ്ഞ് ഞാന്‍ അവിടെ നിന്ന് മടങ്ങി വീട്ടിലെത്തി. 

വീട്ടിലെത്തിയപ്പോള്‍ എല്ലാവരും ഭക്ഷണം കഴിച്ചു ടിവിക്കു മുന്നിലിരിക്കുന്നു. ഞാനൊന്നും അവരോടു ഉരിയാടാതെ അകത്തു കടന്നു. കൈ ആരും കാണരുതേ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് കട്ടിലില്‍ കമിഴ്ന്നു കിടന്നു. ഊണ് കഴിക്കാന്‍ വിളിച്ചെങ്കിലും ഞാന്‍ പോയില്ല. എനിക്ക് ഒന്നും കഴിക്കാനും തോന്നിയില്ല. ഇനി എന്താ ചെയ്യാ എന്ന് ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നു. ഞാനാകെ തളര്‍ന്നു. ഫാന്‍ ഫുള്‍ സ്പീഡിലിട്ടെങ്കിലും വിയര്‍ക്കുന്നുണ്ട്. പുതപ്പു നനഞ്ഞു വാ പൊത്തി പിടിച്ചു കൊണ്ട് കരയുന്നു. സമയം പറക്കുന്ന പോലെ തോന്നി. വൈകീട്ട് നാല് മണിക്ക് എന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നു. പരിചയമില്ലാത്ത നമ്പറായതു കൊണ്ട് ആദ്യം ഫോണെടുത്തില്ല. വീണ്ടും റിംഗ് ചെയ്തപ്പോള്‍ ഫോണെടുത്തു. 

പരുക്കന്‍ ശബ്ദമാണ്. 'ജീഷ്മയല്ലേ' 

വിറച്ചു കൊണ്ട് എന്റെ മറുപടി: 'അതെ' 

'വേഗം ആശുപത്രിയിലേക്ക് വരൂ' 

അതും പറഞ്ഞ് അയാള്‍ ഫോണ്‍ വെച്ചു. 

ആ അമ്മ മരിച്ചു കാണുമോ? ആ വന്നത് വീട്ടുകാര്‍ അല്ലായിരിക്കുമോ? 

എന്റെ ഹൃദയം ക്രമാതീതമായി  ഇടിക്കുന്നു. ചിന്തകള്‍ കടിഞ്ഞാണില്ലാത്ത കുതിര പോലെ ഓടികൊണ്ടിരുന്നു. ആ അമ്മ മരിച്ചു കാണുമോ? ആ വന്നത് വീട്ടുകാര്‍ അല്ലായിരിക്കുമോ? 

ആലോചിക്കുന്തോറും കണ്ണില്‍ ഇരുട്ട് കയറി. തൊണ്ട വറ്റിവരണ്ടു. ആകെ വിയര്‍ത്തു കുളിച്ചു. കൈ കാലുകള്‍ തളരുന്ന പോലെ. ചിന്തിച്ചിരിക്കാന്‍ സമയമില്ല എന്തായാലും വരുന്നിടത്തു വെച്ചു നേരിടുക തന്നെ. 

എങ്ങോട്ടാ എന്നു ചോദിച്ചപ്പോള്‍ ലൈബ്രറിയിലേക്കാണെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി. 

എന്റെ കൈയില്‍ അവര്‍ 4000 രൂപ വെച്ചു തന്നപ്പോള്‍ എനിക്കത് സ്വീകരിക്കാന്‍ തോന്നിയില്ല

നെഞ്ചിടിപ്പോടെയാണ് ഞാന്‍ ആശുപത്രി വരാന്തയിലൂടെ നടന്നത്. വിയര്‍പ്പിന്റെ ഗന്ധവും പേറി അത്യഹിത വിഭാഗത്തിലേക്ക് നീങ്ങി. ആ അമ്മ കിടക്കുന്ന മുറിയിലെത്തിയപ്പോള്‍ ഞെട്ടി. അവര്‍ക്കു ചുറ്റും കുറച്ചാളുകള്‍ കൂടിയിട്ടുണ്ട്. കണ്ണുകള്‍ അടച്ചു കൊണ്ട് ആള്‍ക്കൂട്ടത്തിനിടയിലൂടെ അമ്മ കിടക്കുന്ന ബെഡിനരികിലെത്തി. കണ്ണുകള്‍ പതുക്കെ തുറന്നു നോക്കി; അമ്മ കട്ടിലില്‍ ചാരിയിരിക്കുന്നു. 

അമ്മയെ കണ്ടപ്പോള്‍ എന്താണെന്നറിയില്ല എന്റെ കണ്ണുകള്‍ നിറഞ്ഞാഴുകി. അമ്മ നടന്ന കാര്യങ്ങള്‍ അവിടെ കൂടിയിരുന്നവരോട് പറയുന്നു. അമ്മ ജോലി ചെയ്യുന്ന വീട്ടിലെ ഉടമസ്ഥ എന്റെയരികില്‍ വന്നു എന്നെ ചേര്‍ത്തു പിടിച്ചു. വളയെന്റെ കൈയില്‍ വെച്ചു തരികയും ചെയ്തു. 

അമ്മ എന്നെ അടുത്തേക്കു വിളിച്ചിട്ടു തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചിട്ടു പറഞ്ഞു- 'നന്നായി വരും'. 

അപ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എന്റെ കൈയില്‍ അവര്‍ 4000 രൂപ വെച്ചു തന്നപ്പോള്‍ എനിക്കത് സ്വീകരിക്കാന്‍ തോന്നിയില്ല.
ഞാന്‍ അവരോടു പറഞ്ഞു-'എന്റെ വീട്ടിലുള്ളവര്‍ക്കാണിത് സംഭവിക്കുന്നതെങ്കില്‍ ഞാനിതേ ചെയ്യു. അല്ലാതെ പ്രതിഫലം മോഹിച്ചിട്ട് ഞാനാര്‍ക്കും ഒന്നും ഇതുവരെ ചെയ്തില്ല. എനിക്കീ പണം വേണ്ടാ'

പിന്നെ, അമ്മയ്ക്കരികില്‍ ചെന്ന് ഇനി എപ്പോഴെങ്കിലും കാണാം എന്നു പറഞ്ഞുഞാനവിടെ നിന്നിറങ്ങി. കരഞ്ഞുകൊണ്ട് കൈകൂപ്പി നില്‍ക്കുന്ന ആ അമ്മയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios