ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്.


'രേഷ്‌മാ ഇവിടൊന്ന് സൈൻ ചെയ്തേ!'
ലേബർ റൂമിന്‍റെ കുത്തകയായ നിലവിളികളിൽ നിന്ന്  ആരാണിത് വ്യത്യസ്തമായി? കൈയ്യിൽ ഡ്രിപ്പുമിട്ട് വേദനയെയും കാത്ത് ഞാൻ കിടക്കുകയായിരുന്നു. ഒരാൾ സൈഡിലെ ബെഡിൽ കിടന്ന് എന്‍റെ ഈശൊപ്പെന്ന് തൊണ്ട പൊട്ടുമാറുച്ചത്തിൽ വിളിക്കുന്നുണ്ട്. ഒന്ന് ഏന്തി വലിഞ്ഞാൽ കാണാം. നിലവിളികൾ കൂടുന്ന മാത്രയിൽ ഇതൊക്കെ എനിക്ക് താങ്ങാൻ ആകുമോ എന്ന്  ചിന്തിച്ച് ഇവിടുന്ന് ഇറങ്ങി ഓടിയാലോന്ന് വരെ ആലോചിച്ച് കിടക്കുന്ന ഞാൻ,  ഓടിയാൽ എവിടെ വരെ ഓടും ഓന്തോടിയാൽ വേലിക്കപ്പുറം പോകില്ലത്രേ. ആ ഞാൻ എന്തിന് നോക്കണം?

വേദന വന്നാൽ കുറയ്ക്കാൻ യോഗ സ്പെഷ്യലിസ്റ്റായ ദിവ്യേച്ചി പറഞ്ഞു  തന്ന  ബ്രീത്തിങ് എക്സര്‍സൈസൊക്കെ ആലോചിച്ച് കിടക്കുകയാണ്. വേദനയാണെങ്കിൽ വെറും ആരംഭ ശൂരത്വം കാണിക്കുന്നു. ന്തായാലും മനോവിചാരങ്ങളെ കാറ്റിൽ പറത്തി കണ്ണ് വലിച്ച് തുറന്നു. ഒറ്റ വാക്ക് മാത്രമാണ് കാഴ്ചയിലുടക്കിയത് "സിസേറിയൻ" നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു. ആശുപത്രികളിലെ സന്ദർശനങ്ങൾ പോലും നെഞ്ചിടിപ്പോടെ കാണുന്നവളെ, ഇഞ്ചക്ഷനുകളെ പോലും പേടിയായവളെ ഇതാ ഇവിടെ കീറി മുറിക്കാൻ ഒരൊപ്പ് ചോദിക്കുന്നു.

മോളെ കുട്ടിക്ക് അനക്കം കുറഞ്ഞോണ്ടിരിക്കയാണ്

'ന്തിനാ സിസേറിയൻ? ഡോക്ടർ, എവിടെ ?' ഡോക്ടർ വരും സംസാരിക്കും സമാധാനായിട്ട് കിടക്ക്. ഡോക്ടർ വന്നു ഉള്ളു നോക്കി വണ്‍  ഫിംഗർ എന്ന് നഴ്സിനോട് പറഞ്ഞു. ഡോക്ടറെ ഞാൻ പ്രസവിച്ചോളാ എനിക്ക് സിസേറിയൻ വേണ്ടാ. മോളെ കുട്ടിക്ക് അനക്കം കുറഞ്ഞോണ്ടിരിക്കയാണ് പ്രസവിക്കും വരെ നമ്മുക്ക് കാത്ത് നില്ക്കാൻ സാധിക്കില്ല. കുട്ടിക്ക് അപകടം ആണ്. അതും കൂടെ കേട്ടപ്പോൾ എന്‍റെ സപ്ത നാഡികളും തളർന്നു. ഞാനിതാ തീയേറ്ററിലേക്ക് പോകുന്നു കത്തീറ്റർ ഇട്ട് വേഗം അങ്ങു കൊണ്ട് വാ ഡോക്ടർ പറഞ്ഞു. ന്തായാലും മൊത്തത്തിൽ ഞാൻ അങ്ങ് ആവിയായി.

'സിസ്റ്ററെ, എന്‍റെ ഹസ്ബന്‍റ് എവിടെ ഒന്ന് വിളിക്കുവോ? എനിക്ക് ഏട്ടനെ ഒന്ന് കാണാനായിരുന്നു.' കണ്ണൊക്കെ തുള്ളി തുളുമ്പി വരുന്നുണ്ട്. 'ഇപ്പോൾ പുറത്തേക്ക് പോകാടോ, അപ്പോൾ കാണാലോ' ഒരു വീൽചെയറെടുത്ത് അറ്റന്‍റർ ചേച്ചി എന്നെയുമിരുത്തി പുറത്തേക്ക് നീങ്ങി. രണ്ടു  അമ്മമാരു൦, എളേമ്മയും അനിയനും ഏട്ടനും പുറകെ വന്നു. ചേച്ചി  മരണ സ്പീഡിൽ തള്ളുന്നുണ്ട്. ഇവർക്കെന്തിനാപ്പാ  ഇത്ര തിരക്ക്? ഓപ്പറേഷൻ തീയറ്ററിലേക്കല്ലേ പോകുന്നത് അല്ലാണ്ട് സിനിമ തീയേറ്ററിലേക്കല്ലല്ലോ?

എനിക്ക് ഹസ്ബന്‍റിനോടൊന്ന് സംസാരിക്കണം  അപ്പോഴേക്കും തീയേറ്ററിന് മുന്നിൽ എത്തീരുന്നു. ഏട്ടൻ മുന്നോട്ട് വന്നു എന്‍റെ കൈയ്യിൽ പിടിച്ചപ്പഴേക്കും അടക്കി വച്ച സങ്കടം മുഴുവൻ കണ്ണിലൂടെ ഒഴുകി. 'ഏട്ടാ നമ്മുടെ കുഞ്ഞ്', 'ഒന്നൂല്ലടാ നീ പോ ഞാൻ ഇവിടുണ്ട്. കരയല്ലേ' കയ്യിൽ പിടിച്ചു പറഞ്ഞപ്പോൾ എവിടുന്നോ ഒരു ധൈര്യമൊക്കെ കയറി വന്നു. അങ്ങേരല്ലെങ്കിലും  എപ്പോഴും  അങ്ങനെ തന്നെയാണ്, കൂടെ കൂടിയ അന്ന്  തൊട്ടിന്നുവരെ ഒരിക്കലും കണ്ണ് നിറയിക്കാത്തവനാണ് അപ്പോൾ ഞാൻ തോറ്റു പോകരുതല്ലോ.  അമ്മമാർ രണ്ടാളും നല്ല ടെൻഷനിലാണ്. എന്‍റെ അമ്മയ്ക്ക് ശബ്ദമേയില്ല. ഏട്ടന്‍റമ്മ  പറഞ്ഞു,  സന്തോഷത്തോടെ പോയിട്ട് വാ. ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ച് കൊണ്ടിരുന്ന എന്നെ ഒരു നഴ്സ്  ചേട്ടൻ വന്നു കൂട്ടികൊണ്ട് പോയി. കൂടെ നടക്കുമ്പോൾ നടുവിൽ നിന്ന് വീണ്ടും ഒരു കൊള്ളിയാൻ എന്‍റെ മുഖം കണ്ടാവണം, 'എന്താ വേദനയുണ്ടോ' എന്ന് ചോദിച്ചത്? ഉണ്ട്.

ആ നഴ്സ് എന്‍റെ  കയ്യിൽ പിടിച്ച് ധൈര്യം തന്നു  

അയാളെന്‍റെ കയ്യിൽ പിടിച്ച് നടത്തിച്ചു നടക്കുന്ന വഴി മുഴുവൻ പേരെന്താ? ജോലിയുണ്ടോ? വീട് എവിടെ എല്ലാ വിശേഷങ്ങളും ചോദിച്ചറിഞ്ഞു.  വേറൊരു ചിന്തയും  എന്നിൽ കടന്ന് വരാത്ത വിധം  ആ മനുഷ്യൻ എന്നോട് സംസാരിച്ചു കൊണ്ടേയിരുന്നു. ഓപ്പറേഷൻ ടേബിളിൽ എന്നെ കിടത്തി. അപ്പോഴും  വേദന വന്നും പോയുമിരുന്നു. ആ നഴ്സ് എന്‍റെ  കയ്യിൽ പിടിച്ച് ധൈര്യം തന്നു  ഇപ്പോൾ അനസ്തേഷ്യ തരും വേദന മാറും. അത് വേദനിക്കുവോ എന്‍റെ ചോദ്യം കേട്ട് മിക്കവാറും അയാൾക്ക് ചിരി വന്നിരിക്കാം? ഒരു നീഡിൽ കാണിച്ചു  കൊണ്ടയാൾ പറഞ്ഞു, 'ഇത് മുഴുവൻ കേറണം പക്ഷെ ഈ  വേദനയുള്ളൊണ്ട് അത് അറിയത്തില്ല'.

രേഷ്മ !!!  ആ  വിളികേട്ട് ഞാൻ സൈഡിലേക്ക് തിരിഞ്ഞു  വേറൊരു നഴ്‌സാണ് ഇനി ചെരിഞ്ഞു  കിടന്നോളൂ, റ ഷേപ്പിൽ എന്നെ വളച്ച്‌ വെച്ച് അനസ്തേഷ്യ തന്നു. മെയിൽ നഴ്സ് പറഞ്ഞപോലെ തന്നെ വേദനയറിഞ്ഞില്ല. ലൈസമ്മ ഡോക്ടർ വന്നു. മോളെ  കണ്ണ് കെട്ടുകയാണ് പേടിക്കുകയൊന്നും വേണ്ട. ഒരു സിസ്റ്റർ പറഞ്ഞു. ഞാൻ കണ്ണുകൾ അതിനു മുൻപേ അടച്ചു. അവരെന്‍റെ കണ്ണ് കെട്ടി. വയറിൽ എന്തൊക്കെയോ കുത്തുകയും വലിക്കുകയൊക്കെ ചെയ്യുന്നുണ്ട് കാണുന്നില്ലന്നേയുള്ളു. എല്ലാം അറിയുന്നുണ്ട്. നഴ്‌സാണേൽ എന്നോട് സംസാരിക്കുന്നുണ്ട്. ജോലിയെ കുറിച്ച് ചോദിക്കുന്നു.  ഹസ്ബന്‍റിനെ കുറിച്ച് ചോദിക്കുന്നു. ഇവർ ഓപ്പറേഷൻ ചെയ്യുന്നുണ്ടോ?  എനിക്ക് തന്നെ സംശയമായി അത്രമാത്രം എന്നെ കൂളായി നിർത്താൻ  അവർ ശ്രമിച്ചു കൊണ്ടേയിരുന്നു.

രേഷ്മ 'ആൺകുട്ടിയാട്ടോ', ഇപ്പോൾ കാണിച്ച് തരാമെന്ന് പറഞ്ഞു എന്‍റെ കണ്ണഴിച്ചു. മോനെ ഒരു നോക്ക് കണ്ടു.  സ്റ്റിച്ചിടലൊക്കെ കഴിഞ്ഞ്  കണ്ണ് തുറന്നപ്പോൾ ഡോക്ടർ ബൈ പറഞ്ഞ് പോയി. സിസ്റ്റർ വന്ന് യാത്ര പറഞ്ഞ് പോകുമ്പോൾ നെറ്റിയിലൊരുമ്മ തന്നിട്ട് പറഞ്ഞു നല്ല ചിരിയാട്ടോ രേഷ്മേടെന്ന്. എനിക്ക് വല്ലാത്ത സന്തോഷം തോന്നി. തീയേറ്ററിന് പുറത്തേക്ക് വന്നപ്പോൾ അമ്മയും ഏട്ടനുമൊന്നും അവിടില്ല മോനേം കൊണ്ട് ലേബർ റൂമിൽ പോയത്രേ. ഏട്ടന്‍റമ്മ ഓടി വന്നു.

മോനെ കണ്ടോ അമ്മെ? കെട്ടിപിടിച്ചൊരുമ്മ ആയിരുന്നു മറുപടി. എട്ട് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ആണ് വീട്ടിലെത്തിയത്. മറ്റുള്ളവർ പറഞ്ഞു  കേട്ടതിൽ വച്ച് പ്രസവത്തോടനുബന്ധിച്ചുള്ള ഹോസ്പിറ്റൽ അന്തരീക്ഷം എന്നും പേടിപ്പെടുത്തുന്നതായിരുന്നു. നാം അനുഭവിക്കാത്തവയൊക്കെയും നമുക്ക് വെറും കെട്ട്  കഥകൾ മാത്രമായിരിക്കും. സ്വയമനുഭവിച്ചറിഞ്ഞതിൽ വെച്ച് ആദ്യത്തെ ഹോസ്പിറ്റൽ വാസം എന്നും ഓർമ്മകളിൽ നിറഞ്ഞ് നിൽക്കും. ഒരുപാട് സ്നേഹ മുഖങ്ങളെ കണ്ടു. മാലാഖമാർ എന്നൊക്കെ പറയുന്നത് വെറുതെയല്ല. അവർ മാലാഖമാർ തന്നെയാണ്  ദൈവത്തിന്‍റെ കയ്യൊപ്പുള്ള ഡോക്ടറും കരുണയും സ്നേഹവും നിറഞ്ഞ ആ മാലാഖമാരുമുണ്ടെങ്കിൽ ഓരോ  രോഗിയും പ്രത്യാശയുടെ പൊൻ കിരണങ്ങൾ കാണും. ഭയ വിഹ്വലതകളിനിന്ന് മാറി നടക്കും. 

രാത്രികളിൽ ഇനി എനിക്ക് കാവലിരിക്കണ്ട

ആഗസ്ത് ഏഴോടെ ഒമ്പത്  മാസം  നീണ്ടു നിന്ന സുഖ സുന്ദരമായ ഗര്‍ഭകാലത്തിന് പരിസമാപ്തിയായി. അത് കൊണ്ട്  രക്ഷപെട്ടത്  ഒരാൾ മാത്രമാണ്, ഹബ്ബി, ഗർഭ പൂതിയുടെ പുറകെ ഉള്ള പാച്ചിലുകൾ   അവസാനിച്ചു. ശർദ്ദിലുകൾ വീണ വാഷ്ബേസിനും ബാത്ത് റൂമും കഴുകി കഴുകി ഇനി നടുവൊടിക്കണ്ട, ഉറക്കമില്ലാതിരിക്കുന്ന രാത്രികളിൽ ഇനി എനിക്ക് കാവലിരിക്കണ്ട. വലിയ മനുഷ്യനായി. അച്ഛനായി, ഞാൻ അമ്മയും. അന്നൊരു ഹർത്താൽ  ദിനമായിരുന്നു. കോരി ചൊരിയുന്ന മഴയുണ്ടായിരുന്നു. അതൊരു ഗവണ്‍മെന്‍റ് ഹോസ്പിറ്റലുമായിരുന്നു.

ഇപ്പോൾ നാലുമാസമായി ഞങ്ങളുടെ ഋഷി വളരുകയാണ്. പത്തും പന്ത്രണ്ടും പ്രസവിച്ചവർക്കിടയിൽ ഇതൊരു വലിയ കാര്യമൊന്നുമല്ല. എന്നാലും ഒരു കന്നി പ്രസവക്കാരിക്ക് “തൻ പ്രസവം  പൊൻപ്രസവമാണല്ലോ.''