ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

''സര്‍, ഏക് പ്രഷ്യസ് പ്രഗ്നന്‍സി കേസ് ആയീ ഹേ... ജല്‍ദി ആയിയേ...'' (സര്‍, ഒരു പ്രഷ്യസ് പ്രഗ്നന്‍സി കേസ് വന്നിട്ടുണ്ട്...വേഗം വരൂ...). ലേബര്‍ റൂമില്‍ നിന്നും സ്റ്റാഫ് നഴ്സായിരുന്നു. സിസേറിയന്‍ ഓപ്പറേഷന്‍ തീരുമാനിച്ച ഗര്‍ഭിണികളെ തിയറ്ററിനകത്ത് പ്രവേശിപ്പിക്കുന്നതിന് മുന്നേ തന്നെ 'കുട്ടികളുടെ ഡോക്ടര്‍' അവിടെ തയ്യാറായിരിക്കണം.

ജനിച്ചയുടന്‍ കുഞ്ഞിനെ പരിശോധിച്ച് ആവശ്യമായ അടിയന്തിര പരിചരണം നടത്തണം. അത്യാവശ്യമെന്ന് തോന്നിയാല്‍ നവജാത ശിശുക്കളുടെ ICU -വില്‍ അഡ്മിറ്റ് ചെയ്യുകയും വേണം. ഞാന്‍ സമയം പാഴാക്കാതെ ലേബര്‍ റൂമിലേക്ക് തിരിച്ചു. 'പ്രഷ്യസ് പ്രഗ്നന്‍സി', മനസ്സില്‍ വെറുതെ പറഞ്ഞ് നോക്കി. അമൂല്യമായ ഗര്‍ഭധാരണമെന്നോ, അരുമയായ ഗര്‍ഭാവസ്ഥയെന്നോ ഒക്കെ മൊഴി മാറ്റി പറയാം. 

തുടരെ ഉണ്ടായിരുന്ന അബോര്‍ഷനുകളും അതിന്‍റെ ലക്ഷണങ്ങളിലൊന്നായിരുന്നു

'In fact, each pregnancy is precious' എന്ന് നഴ്സിനോട് വെറുതെ തിരിച്ചു പറയാമായിരുന്നു എന്ന് തോന്നി. ഓരോ ഗര്‍ഭവും അമൂല്യമാണ്. എങ്കിലും, വിശദമായ വന്ധ്യതാ പരിശോധനകള്‍ക്കും മടുപ്പിക്കുന്ന ചികില്‍സകള്‍ക്കും അസഹനീയമായ കാത്തിരിപ്പിനും ശേഷം മാത്രം കനിഞ്ഞ് കിട്ടുന്ന ഗര്‍ഭത്തെയാണ് 'പ്രഷ്യസ് പ്രഗ്നന്‍സി' സൂചിപ്പിക്കുന്നത്.

ഞാനവരുടെ കേസ് ഫയല്‍ തുറന്ന് വായിക്കാന്‍ തുടങ്ങി. മുപ്പത്തിനാല് വയസ്സുള്ള ഒരു സാധാരണ ഗ്രാമീണ സ്ത്രീ. 'Married since 14 years' എന്ന് ആദ്യ പേജില്‍ കറുത്ത വലിയ അക്ഷരങ്ങളില്‍ എഴുതി ചുമന്ന മഷി കൊണ്ട് അടിവരയിട്ട് വെച്ചിരിക്കുന്നു. പതിനാല് വര്‍ഷങ്ങള്‍. 'വിശേഷ' മില്ലാത്ത ദീര്‍ഘമായ പതിനാലാണ്ടുകള്‍.. ഓരോ ദിവസവും  കാത്തിരിപ്പിന്‍റെ ഓരോ സഹസ്രാബ്ദമായി  അനുഭവപ്പെട്ടിട്ടുണ്ടാകുമവര്‍ക്ക്. അതിനിടെ,  കേട്ട് മുഷിഞ്ഞ ഒരായിരം കുത്തുവാക്കുകളുണ്ടായിരിക്കും, ആത്മാവില്‍ കൊത്തി വലിക്കുന്ന അടക്കം പറച്ചിലുകള്‍ക്കും പിച്ചിച്ചീന്തുന്ന കളിയാക്കിച്ചിരികള്‍ക്കും പാത്രമായിട്ടുണ്ടാകും, ഇടക്കിടെ മുളക്കുന്ന ചെറു പ്രതീക്ഷകളും, തളിര്‍ക്കും മുമ്പേ കരിഞ്ഞ് വീണുണങ്ങിയ സ്വപ്നങ്ങളുമുണ്ടാകും, സ്വയം ശപിച്ച് കരഞ്ഞ് തകര്‍ന്നുറങ്ങി, തിരികെ ഉറക്കമുണരരുതേ എന്നാശിച്ചുപോയ രാത്രികളുമുണ്ടാകും. ശരിക്കും പരീക്ഷണം നേരിട്ട ഒരു സ്ത്രീ ആയിരിക്കുമവര്‍.

പക്ഷെ, അങ്ങനെ അല്ലായിരുന്നു. അത് അവരുടെ ആറാമത്തെ ഗര്‍ഭമായിരുന്നു, 'പ്രഷ്യസ്' ആവാന്‍ വഴിയില്ലാത്ത ഗര്‍ഭം. കൂടുതല്‍ ജിജ്ഞാസയോടെ ഞാന്‍ ബാക്കി വായിച്ചു. മൂന്ന് അബോര്‍ഷനുകള്‍.! മൂന്നെണ്ണവും, നാല് മാസത്തോളം ശരീരത്തിന്‍റെ ഭാഗമായി ചുമന്ന് നടന്ന ശേഷം,  സ്വസമ്മതത്തിന് കാത്ത് നില്‍ക്കാതെ ശരീരം പുറന്തള്ളിയ ഗര്‍ഭങ്ങള്‍. അബോര്‍ഷനേക്കാള്‍ അരോചകമായൊരു പദമേ ലോകത്തില്ലെന്ന് തോന്നിപ്പോയി. നാലാമത്തേത് കുറച്ചു കൂടി പ്രതീക്ഷ നല്‍കി. ദിനങ്ങളെണ്ണി എട്ടാം മാസത്തോളമെത്തി. യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന സ്വപ്നം അവരെ ഉന്മേഷവതിയാക്കി. 

എട്ടാം മാസം ഗര്‍ഭപാത്രത്തിനകത്ത് വെച്ച് തന്നെ ആ കുഞ്ഞും മൃതിയടഞ്ഞു. പണിപ്പെട്ട് പുറത്തെടുത്ത തന്‍റെ കുഞ്ഞിന്‍റെ ചലനമറ്റ ശരീരം അവരെ ഉറക്കത്തില്‍ പോലും പേടിപ്പിച്ചു. നിരാശയുടെ പടുകുഴിയില്‍ ചാടിപ്പിച്ചു. അഞ്ചാമത്തേത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നെ ആയിരുന്നു. മാസം തികയാതെ,  ഏഴാം മാസത്തിലേ കുഞ്ഞ് പുറത്ത് വന്നു. മൂന്ന് ദിവസങ്ങളോളം ജീവിച്ചു. തിരികെ പോയി. സാക്ഷാല്‍ക്കരിക്കാതെ പോയ അഞ്ച് അമുല്യ ഗര്‍ഭങ്ങള്‍.

ഇത്തവണയും മാസം എട്ട് തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് രക്തസ്രാവം വന്ന് അടിയന്തിരമായി സിസേറിയന്‍ ചയ്യാന്‍ തീരുമാനിക്കേണ്ടി വന്നതാണ്. 'APLA സിന്‍ഡ്രൊം'   അഥവാ  'ആന്‍റി ഫോസ്ഫൊലിപിഡ് ആന്‍റിബോഡി സിന്‍ഡ്രൊം (Antiphosoholopid Antibody Syndrome)' എന്ന അത്രയൊന്നും സാധാരണമല്ലാത്ത ഒരു അസുഖമായിരുന്നു ആ സ്ത്രീക്ക്. ശരീരത്തിന്‍റെ പ്രതിരോധ വ്യവസ്ഥ സ്വന്തം രക്തത്തിലെ തന്നെ പ്രോട്ടീനുകള്‍ക്കെതിരെ ആന്‍റബൊഡികള്‍ നിര്‍മ്മിച്ച് ആക്രമിക്കുന്ന ഒരവസ്ഥ. തുടരെ തുടരെ ഉണ്ടായിരുന്ന അബോര്‍ഷനുകളും അതിന്‍റെ ലക്ഷണങ്ങളിലൊന്നായിരുന്നു.. വായിച്ച് തീര്‍ന്നു. ദീര്‍ഘമായൊന്ന് ശ്വസിച്ചു. ചെറുതായൊന്ന് നെടുവീര്‍പ്പിട്ടു. കൂടെ ഉണ്ടായിരുന്ന ഡോക്ടറുമായി ആ സ്ത്രീയെ കുറിച്ച് തന്നെ പറഞ്ഞിരുന്നു. അതിനിടെ അവരെ തിയറ്ററിനകത്തേക്ക് കൊണ്ട് പോയി. ഓപ്പറേഷന്‍ തുടങ്ങാറായി.

അസുഖത്തിന്‍റെ ഗൗരവവും മാസം തികയാതെ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് വന്നേക്കാവുന്ന അപകടങ്ങളും ബോധ്യപ്പെടുത്താന്‍ ഞാനവരുടെ ഭര്‍ത്താവിനെ പോയി കണ്ടു. ഗൗരവമായി കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി. മുമ്പും പല തവണ കേട്ടത് കൊണണ്ടായിരിക്കാം, അയാള്‍ ഇടയ്ക്ക് കയറി പറഞ്ഞു; ''സബ് പതാ ഹെ സര്‍..., ബോലിയേ... കഹാ കഹാ സൈന്‍ കര്‍നാ ഹെ...'' (എനിക്കെല്ലാമറിയാം സര്‍... പറയൂ... എവിടെയെല്ലാമാണ് ഒപ്പ് വെക്കേണ്ടത്...).

ഇറ്റി വീഴാറായ കണ്ണുനീര്‍ തുള്ളികളെ തുടച്ച് മാറ്റി, ചുണ്ടിലൊരു ചെറുപുഞ്ചിരി  വരുത്തി, ഒപ്പിട്ട് കൊണ്ടിരുന്ന ആ മനുഷ്യനൊരു അത്ഭുതമായി അനുഭവപ്പെട്ടു. നിരന്തരം വേട്ട ചെയ്യപ്പെട്ട വികാരങ്ങള്‍ അയാളെ കൂടുതല്‍ കരുത്തനാക്കിയിട്ടേ ഉണ്ടായിരുന്നൊള്ളൂ എന്ന് ചിന്തിച്ചു.

സിസേറിയന്‍  കഴിഞ്ഞു. പെണ്‍കുഞ്ഞ്. ഒരു കിലോക്കടുത്ത് മാത്രം തൂക്കമുണ്ടായിരുന്ന, മുപ്പതാഴ്ചകള്‍ മാത്രം അമ്മയോടൊട്ടി നിന്ന്, ധൃതിയില്‍ പുറത്ത് വന്ന ഒരു ചോരക്കുഞ്ഞ്. നല്ല ശ്വാസതടസ്സമുണ്ടായിരുന്നു. മാസം തികയാത്തതിന്‍റെ മറ്റു പ്രശ്നങ്ങള്‍ വേറെയും. ശരിക്കും സങ്കീര്‍ണ്ണമായൊരു കേസ്. അടിയന്തര പരിചരണത്തിന് ശേഷം കുഞ്ഞിനെ ICU -വിലേക്ക് മാറ്റി. ഞാനുമങ്ങോട്ട് പോയി.

നിലക്കാത്ത രക്തസ്രാവം കാരണം ആ സ്ത്രീയുടെ ഗര്‍ഭപാത്രം തന്നെ നീക്കം ചെയ്യേണ്ടി വന്നതായി പിന്നീടറിയാന്‍ കഴിഞ്ഞു. ഇനി അവര്‍ക്കൊരിക്കലും ഗര്‍ഭിണിയാകാന്‍ കഴിയില്ലെന്നതോര്‍ത്ത് സങ്കടം തോന്നി. എങ്കിലും ജീവന് അപകടം പറ്റാതിരുന്നതില്‍ ആശ്വസിച്ചു.

അന്നുമുതല്‍ ഞങ്ങളുടെ ICU -വിലെ പ്രധാന രോഗി ആ കുഞ്ഞായി മാറി. മുതിര്‍ന്ന ഡോക്ടര്‍മാര്‍ പാതിരാത്രികളില്‍ പോലും ആ കുഞ്ഞിനെ കാണാന്‍  മാത്രമായി വന്നു. വൈദ്യശാസ്ത്രത്തിനറിയുന്ന സകല പരിചരണങ്ങളും മരുന്നുകളും നല്‍കി. രണ്ടാം ദിനം രാവിലെ ശ്വാസതടസ്സം ചെറുതായൊന്ന് കുറഞ്ഞു. ആശ്വാസമായി, പ്രതീക്ഷയേറി. വൈകുന്നേരത്തോടെ പഴയത് പോലെ തന്നെയായി. ആധിയായി, പ്രതീക്ഷ മാഞ്ഞു. ആ കുഞ്ഞ് രക്ഷപ്പടുമെന്ന് മനസ്സില്‍ പലകുറി വെറുതേ പറഞ്ഞ് കൊണ്ടേയിരുന്നു. പിന്നെയും പിന്നെയും പ്രാര്‍ത്ഥിച്ചു. അറിഞ്ഞവരൊക്കെ അവള്‍ക്കായി മനമുരുകി കേണു. മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പോലും, ഇടക്കെപ്പഴോ സ്വന്തം കുഞ്ഞുങ്ങളെ മറന്ന് അവള്‍ക്കായി പ്രാര്‍ത്ഥിച്ചു.

മൂന്നാം ദിനവും നാലാം ദിവസവും കടന്നു പോയി. ഇടക്കൊരു പ്രതീക്ഷ നല്‍കും, വീണ്ടും പഴയ പോലെയാകും. അതിനപ്പുറം കാര്യമായ പുരോഗതിയൊന്നുമില്ലാതെ കാര്യങ്ങള്‍ തുടര്‍ന്നു. യഥാസമയം അവളുടെ അച്ഛനെ എല്ലാം അറിയിച്ചു കൊണ്ടേയിരുന്നു. എല്ലാമറിയാമെന്ന മട്ടില്‍ അയാള്‍ തലയാട്ടി നിന്നു. എന്നാലും, തന്‍റെ അവസാന 'പ്രതീക്ഷ', വലിയൊരു കുട്ടിയായി, 'അച്ഛാ' എന്ന് വിളിച്ച്,  ഓടി അരികെ വരാന്‍  മാത്രം വളര്‍ന്ന് വലുതാകുമെന്നു തന്നെ ഗാഢമായി അയാള്‍ വിശ്വസിച്ചു. ICU -വിന്‍റെ ഏറ്റവും പുറത്തെ ചില്ല് വാതിലിന് വെളിയില്‍ നിന്ന് ഉള്ളിലേക്ക് നോക്കി നില്‍ക്കുന്ന അയാളുടെ ചിത്രം ഞങ്ങളെ കൂടുതല്‍ നിസ്സഹായരാക്കിക്കൊണ്ടിരുന്നു. രോഗിയും ഡോക്ടറും നിസ്സഹായരാകുന്ന അവസ്ഥ.

മരവിപ്പിക്കുന്ന നിശബ്ദത, ആ സ്ത്രീ  കരഞ്ഞില്ല, നെഞ്ചത്തടിച്ച് നിലവിളിച്ചില്ല

അഞ്ചാം ദിവസം രംഗം കൂടുതല്‍ വഷളായി. കുഞ്ഞിന് രക്തത്തില്‍ അണുബാധയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. പറഞ്ഞറിയിക്കാനാവാത്ത മനസ്സമ്മര്‍ദ്ദത്തോടെ അത്ഭുതവും പ്രതീക്ഷിച്ച് ഞങ്ങള്‍ പ്രയത്നിച്ച് കൊണ്ടേയിരുന്നു. അന്ന് വൈകുന്നേരം ആ സ്ത്രീ, കുഞ്ഞിന്‍റെ അമ്മ അവിടെ വന്നു. ഒരു മേജര്‍ സര്‍ജറി കഴിഞ്ഞ് കിടക്കുന്നതിന്‍റെ പ്രയാസം മറന്ന്, അവരാ  ICU വിനടുത്തേക്ക് വേച്ച് വേച്ച് നടന്നു വന്നു. ചില്ല് വാതിലിലൂടെ ഉള്ളിലേക്ക് നോക്കി നിന്നു, അശ്രു പൊഴിച്ചു.

രണ്ട് ദിവസങ്ങള്‍ കൂടി നീങ്ങി. ഒരത്ഭുതവും സംഭവിച്ചില്ല. വൈദ്യശാസ്ത്രം പത്തി മടക്കി, തോറ്റ് പിന്‍വാങ്ങി. എട്ടാം ദിവസം ആ കുഞ്ഞ് വിടവാങ്ങി.
അവളുടെ അച്ഛനോട് ഞാനെങ്ങനയോ കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്തു. അയാള്‍ ഒരേയൊരു ഉപകാരം തിരിച്ച് ചോദിച്ചു; ''മേരീ ബീവീ സെ ആപ്ഹീ ബതാ ദീജിയേ സാബ്... മുജ്സെ നഹീ ഹോഗാ...'' (എന്‍റെ ഭാര്യയോട് നിങ്ങള്‍ തന്നെ പറയണം സര്‍... എനിക്കതിന് കഴിയില്ല...)

ഇനിയൊരിക്കലും ഒരമ്മയാകില്ലെന്നറിയുന്ന, ഗര്‍ഭത്തിന്‍റെ മൂല്യം ലോകത്ത് മറ്റാരേക്കാളുമറിഞ്ഞ, അവരുടെ ഒടുവിലത്തെ പ്രതീക്ഷയും അസ്തമിച്ചില്ലാതായിരിക്കുന്നു എന്ന്  പറഞ്ഞ് മനസ്സിലാക്കാനുള്ള കഠിനമായ ജോലി എന്‍റേതായി. ഞാനൊന്ന് പതറി. ഹിന്ദിയും മറാഠിയും കലര്‍ത്തി എന്തൊക്കെയോ പറഞ്ഞൊപ്പിക്കാന്‍ തുടങ്ങി. അവരെല്ലാം കേട്ടു. ശ്രദ്ധയോടെ, ശാന്തമായി തന്നെ. കുറച്ച് പറഞ്ഞ്, ഞാനിടക്കൊന്ന് നിര്‍ത്തി. അവരൊന്ന് കരഞ്ഞോട്ടെ എന്നു കരുതി. ഇല്ല, അവര്‍ കരയുന്നില്ല. ഇമ വെട്ടാതെ ദൂരേക്ക് നോക്കി നിന്നു. കൈവിരലുകള്‍ അന്യോനം കോര്‍ത്തിണക്കി വിചിത്രമായ എന്തോ ചെയ്ത് കൊണ്ടിരുന്നു. ഞാനൊരിക്കല്‍ കൂടി അവരുടെ കണ്ണുകളിലേക്ക് നോക്കി. കരഞ്ഞിട്ടില്ല. കൂടിയവരൊക്കെയും ആ സ്ത്രീയെ തന്നെ നോക്കി നിന്നു, അവരുടെ ഭര്‍ത്താവൊഴികെ. അയാള്‍ വിങ്ങിപ്പൊട്ടി, പതിയെ പുറത്തേക്ക് നടന്ന് പോയി.

കുറച്ച് നേരം നിശബ്ദതയായിരുന്നു. മരണത്തേക്കാളും മരവിപ്പിക്കുന്ന നിശബ്ദത. ആ സ്ത്രീ  കരഞ്ഞില്ല, നെഞ്ചത്തടിച്ച് നിലവിളിച്ചില്ല, ഒരു ഭ്രാന്തിയെ പോലെ അലമുറയിട്ടതുമില്ല. നൊന്ത് പെറ്റ കുഞ്ഞ്, വന്നതിലും വേഗത്തില്‍ തിരികെ പോയതറിയുന്ന അമ്മമാരില്‍ അവരെ കാണാന്‍ കഴിഞ്ഞില്ല.കരച്ചിലെന്ന മഹാ അനുഗ്രഹം പോലും അവരുടെ തുണക്കെത്തിയില്ല. രണ്ടു മൂന്ന് മിനിറ്റുകള്‍ അവരങ്ങനെ ദൂരേക്ക് തന്നെ നോക്കി നിന്നു കാണും, ഭാവമാറ്റമേതുമില്ലാതെ, ഇനിയുമുണങ്ങിയിട്ടില്ലാത്ത മുറിവിന്‍റെ വേദന ശമിപ്പിക്കാന്‍, ഇടക്കാന്ന് അടിവയറ് തടവിയതൊഴിച്ചാല്‍ മറ്റൊരു ചലനവുമില്ലാതെ, ഒരു പ്രതിമയെ പോലെ. പറന്നകലുന്ന തന്‍റെ തന്നെ ജീവന്‍റെയംശത്തെ നോക്കിനോക്കി അവര്‍ നിര്‍വൃതി അടയട്ടെയെന്നോര്‍ത്ത് കൂടി നിന്നവരും ശബ്ദമുണ്ടാക്കാതെ തന്നെയിരുന്നു.

വിറയുന്ന മനസ്സോടെ ഞാനത് മേടിച്ചു

പെട്ടെന്നാ സ്ത്രീ തല വെട്ടിച്ച് തിരിഞ്ഞു നടന്നു. അവരുടെ കട്ടിലിനടുത്തേക്ക് വേഗത്തില്‍ നടന്നു ചെന്നു. കട്ടിലില്‍ ചാരി നിന്നിരുന്ന അമ്മയെ കെട്ടിപ്പിടിച്ച് കരയുവാനാണെന്ന് തോന്നിപ്പിച്ചു. അതിനല്ലായിരുന്നു. അമ്മയെ അവര്‍ നോക്കിയത് പോലുമില്ല. മെല്ലെ, പ്രയാസപ്പെട്ട് കുനിഞ്ഞ് കട്ടിലിനടിയില്‍ നിന്നും ഒരു തുണിക്കിറ്റ് പുറത്തെടുത്തു. ഏതോ തുണിക്കടയുടെ പരസ്യമുള്ള ചെറുതല്ലാത്ത ഒരു കിറ്റ്. അതുമെടുത്തവര്‍ വേഗത്തില്‍ തിരികെ എനിക്ക് നേരെ നടന്നു വന്നു. എന്താണവിടെ നടക്കുന്നതെന്ന് കൂടി നിന്ന ആര്‍ക്കും മനസ്സിലായില്ല, എനിക്കും മനസ്സിലായില്ല. അടുത്തെത്തിയ ഉടന്‍ അവരാ തുണിക്കിറ്റിന്‍റെ കെട്ടഴിച്ചു. ഒരു പെട്ടി പുറത്തെടുത്തു. കട്ടിയുള്ള കടലാസ് കൊണ്ടുണ്ടാക്കിയ ചതുരത്തിലുള്ളൊരു പെട്ടി. ഒരു പുറത്ത്, ചുവപ്പും റോസും ആകാശനീലയും നിറത്തിലുള്ള ഗോളങ്ങളുള്ള ഉടുപ്പിട്ട്, മോണ കാട്ടി നിറഞ്ഞ് ചിരിക്കുന്ന കുഞ്ഞുവാവയുടെ ചിത്രമുള്ള പെട്ടി. ഉള്ളിലുള്ളതെല്ലാം ശരിയായി കാണാവുന്ന തരത്തില്‍, നേര്‍ത്ത് സുതാര്യമായ പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ചതായിരുന്നു അതിന്‍റെ മറുവശം.

ഒരു ബേബി ബോക്സ്. കുറച്ച് പഴയത് പോലെ തോന്നി. എങ്കിലും പെട്ടി പൊട്ടിച്ചതല്ലായിരുന്നു. അവരത് എനിക്ക് നേരെ നീട്ടി. കുഞ്ഞാവയുടെ ചിത്രം താഴെയാക്കി, പ്ലാസ്റ്റിക്കുള്ള ഭാഗം മുകളിലാക്കി പിടിച്ചു നിന്നു. ഞാനതിലേക്ക് നോക്കി. ഒരു കുട്ടിക്കുപ്പായം, രണ്ട് സെറ്റ് കരിവളകള്‍, കണ്‍മഷി, ഒരു ബേബി പൗഡര്‍, പിന്നെയും എന്തൊക്കെയോ ചെറിയ സാധനങ്ങള്‍.

എന്ത് ചെയ്യണമെന്നറിയാതെ ഞാനന്ധാളിച്ചു പോയി. തൊട്ടടുത്ത് നിന്നിരുന്ന സീനിയര്‍ നഴ്സിന്‍റെ മുഖത്തേക്ക് നോക്കി. നഴ്സ് മേടിക്കാനായി ആംഗ്യം കാണിച്ചു. വിറയുന്ന മനസ്സോടെ ഞാനത് മേടിച്ചു. ആ സ്ത്രീയുടെ അടുത്ത പ്രതികരണമെങ്ങിനെയാകുമെന്നറിയാതെ പകച്ച് നിന്നു. പതുങ്ങിയ സ്വരത്തില്‍ സാവധാനത്തിലവര്‍ പറഞ്ഞു; ''ലീജിയേ ഡോക്ടര്‍ സാബ്... കോയി ഗരീബ് കെ ബച്ചെ കെലിയെ ദേദീജിയേ...'' (ഇത് വെച്ചോളൂ ഡോക്ടര്‍.. ഏതെങ്കിലും പാവപ്പട്ടവരുടെ കുഞ്ഞുങ്ങള്‍ക്ക് കൊടുത്തോളൂ...) കണ്ട് നിന്നവര്‍ക്കത് സഹിക്കാനായില്ല. ഒന്ന് രണ്ട് സ്ത്രീകള്‍ ഒച്ചയില്ലാതെ  കരഞ്ഞു, ചിലരൊക്ക നിന്നിടത്ത് തന്നെ അറിയാതെ ഇരുന്നു പോയി. അവര്‍ നിര്‍വ്വികാരം തുടര്‍ന്നു; ''തോടീ പുരാനീ ഹേ.. ഫിര്‍ ഭി അച്ചീ ഹേ... അപനീ പഹ്ലീ ബച്ചീ കേലിയേ ഖരീദ്കര്‍ സമാല്‍ക്കേ രക്കീ ഥീ... അഭീ തോ...'' (കുറച്ച് പഴയതാണ്... എങ്കിലും നല്ലതാണ്... ഞാനെന്‍റെ ആദ്യത്തെ കുഞ്ഞിനായി മേടിച്ച് സൂക്ഷിച്ച് വെച്ചതായിരുന്നു... ഇനിയിപ്പോ...) ബാക്കി കൂടി അവര്‍ പറയാതിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി. പറഞ്ഞില്ല. മുഴുവനാക്കാനവര്‍ക്ക് കഴിഞ്ഞില്ല. അതുവരെ നിയന്ത്രിച്ചു വെച്ചിരുന്നതെല്ലാം അണപൊട്ടി ഒഴുകാന്‍ തുടങ്ങി.

ICU -വിനടുത്തേക്കോടിയടുത്ത്, 'മേരീ ബച്ചീ' എന്നുറക്കെ ഒച്ചവെച്ച് കൊണ്ടിരുന്നു

ആ സ്ത്രീ കരഞ്ഞു, നെഞ്ചത്തടിച്ച് നിലവിളിച്ച് കരഞ്ഞു, തലമുടി പിടിച്ച് വലിച്ച്, ഒരു ഭ്രാന്തിയെ പോലെ അലമുറയിട്ട് കരഞ്ഞു. ആശ്വസിപ്പിക്കാനടുത്ത സ്വന്തം അമ്മയെ പോലും കൈകള്‍ കൊണ്ടകത്തി മാറ്റി കുതറിയോടി. ICU -വിനടുത്തേക്കോടിയടുത്ത്, 'മേരീ ബച്ചീ' എന്നുറക്കെ ഒച്ചവെച്ച് കൊണ്ടിരുന്നു. പിടിച്ച് മാറ്റാന്‍ ആളുകള്‍ പാടുപെട്ടു. പതിയെ പതിയെ അവര്‍ തളര്‍ന്നു പോയി. ICU -വിന്‍റെ  ചില്ല് വാതിലില്‍ പുറം തിരിഞ്ഞ് ചാരി ഇരുന്നു. കാലുകള്‍ കുത്തിവെച്ച്, കാല്‍മുട്ടുകളില്‍ തലതാഴ്ത്തി വെച്ച്, ഏങ്ങിഏങ്ങി കരഞ്ഞ് കൊണ്ടിരുന്നു.

ആ മരണ സര്‍ട്ടിഫിക്കറ്റ് എഴുതി പൂര്‍ത്തിയാക്കാന്‍ എനിക്കെന്‍റെ സുഹൃത്തിനെ വിളിച്ച് വരുത്തേണ്ടി വന്നു.