“ദരിദ്രമായ കുടുംബത്തില്‍ നിന്നും വളര്‍ന്നു വന്നു പഠിച്ചു സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകരായി കയറിയ രണ്ടു സാധാരണക്കാര്‍ ആയിരുന്നു ഞങ്ങള്‍. 46 വര്‍ഷത്തെ ദാമ്പത്യം, അതില്‍ രണ്ടു മക്കള്‍. നല്ല രീതിയില്‍ പോയിരുന്ന ഞങ്ങളുടെ കുടുംബത്തില്‍ നിര്‍ഭാഗ്യം കയറി വന്നത് മറവിയുടെ രൂപത്തില്‍ ആണ്. കണക്ക് അധ്യാപിക ആയ ടീച്ചര്‍ക്ക് ക്ലാസ് എടുക്കുന്ന സമയത്ത് പലതും മറന്നു പോകുന്ന അവസ്ഥ വന്നു. 

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്. നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

ഫോണ്‍ നിര്‍ത്താതെ അടിക്കുന്നതു കേട്ടാണ് ഞാനുണര്‍ന്നത്. അല്പം ഉറക്കച്ചടവോടെ ആണെങ്കിലും ഫോണെടുത്തു നോക്കി. സമയം പുലര്‍ച്ചെ മൂന്ന് മണി. “ഹലോ സാര്‍, നമ്മുടെ 23-ല്‍ കിടക്കുന്ന സരസ്വതിക്ക് ഇപ്പോള്‍ ഒരു സാച്ചുറേഷന്‍ ഫാള്‍. ഒന്ന് പെട്ടന്ന് വരാമോ?” കണ്ണും തിരുമ്മി എഴുന്നേറ്റ് മുഖവും കഴുകി ഡ്രെസ്സും ശരിയാക്കി സ്റ്റെതസ്കോപും കഴുത്തിലിട്ട് പേവാര്‍ഡിലേക്ക് ഓടി. രോഗിയുടെ റൂമില്‍ ചെന്നു ഞാന്‍ നോക്കുമ്പോള്‍ രോഗിയുടെ രണ്ടു കയ്യിലും രണ്ടു പള്‍സ്‌ ഓക്സി മീറ്റര്‍. അതില്‍ സാച്ചുറേഷന്‍ കണ്ടു ഞാന്‍ ഉള്ളില്‍ വന്ന കോപം അടക്കി സിസ്റ്ററെ അടുത്ത് വിളിച്ചു ചോദിച്ചു, “ഇതില്‍ എവിടെ സാച്ചുറേഷന്‍ ഫാള്‍ ?” ഒരു കയ്യില്‍ 96 ശതമാനം, മറ്റേതില്‍ 94 ശതമാനം, ഇതാണോ ഫാള്‍?”സിസ്റര്‍ പറഞ്ഞു , “സര്‍ , ഈ ബൈസ്റ്റാന്‍ഡര്‍ അച്ഛനാണ് വന്ന് ഓക്സിജന്‍ കുറഞ്ഞത് കാരണം സാറിനെ വിളിക്കാന്‍ പറഞ്ഞത്, ഞാന്‍ പറഞ്ഞു, ഇത് കുഴപ്പമില്ല. പക്ഷെ, അദ്ദേഹത്തിന് സാറിനെ വിളിച്ചേ പറ്റൂ. അതുകൊണ്ട് വിളിച്ചതാ, സോറി സര്‍.''

നോക്കുമ്പോള്‍ ജനല്‍ ഒക്കെ അടച്ചിട്ടിരിക്കുന്നു. ഫാനും ഇല്ല

രോഗിയുടെ അടുത്ത് ചെന്ന് അവരെ പരിശോധിച്ചു. 58 വയസ്സുള്ള ഒരു സ്കൂള്‍ ടീച്ചര്‍ ആയിരുന്നു അവര്‍. 10 വർഷം മുമ്പ് വന്ന ഡിമെന്‍ഷ്യയും പിന്നീട് ഉണ്ടായ ഒരു സ്ട്രോക്കും കാരണം അവര്‍ ഒരേ കിടപ്പാണ്. ഇപ്പോള്‍ ന്യൂമോണിയ ബാധിച്ചാണ് അവര്‍ അഡ്മിറ്റ്‌ ആയിരിക്കുനത്. കണ്ണുകള്‍ ചിലപ്പോള്‍ തുറന്നടയും എന്നല്ലാതെ ഒരു റെസ്പോണ്‍സും ഇല്ലാതെ ചലനമറ്റു കിടക്കുന്ന ഒരു രോഗി. എല്ലാ വൈറ്റല്‍സും നോര്‍മല്‍ ആണെന്ന് ഉറപ്പു വരുത്തിയിട്ട് ഞാന്‍ അവരുടെ ഭര്‍ത്താവിന്‍റെ അടുത്ത് പറഞ്ഞു “പേടിക്കേണ്ട, ഇവരുടെ പള്‍സും, പ്രഷറും, രക്തത്തില്‍ ഉള്ള ഒക്സിജന്‍റെ അളവും ഒക്കെ നോര്‍മല്‍ ആണ്. ശ്വാസം എടുക്കാനും ബുദ്ധിമുട്ടില്ല. അപ്പോള്‍ തന്നെ അയാള്‍ ചോദിച്ചു “എന്ത് കൊണ്ട് രണ്ടു കയ്യും തമ്മില്‍ ഇങ്ങനെ വ്യത്യാസം വന്നു?” ഉടനെ ഇടത്തെ കയ്യില്‍ ഉള്ള പ്രോബ് എടുത്തു വിരല്‍ ഒന്ന് തുടച്ചിട്ട് ഞാന്‍ വീണ്ടും വച്ചു. ഇപ്പോള്‍ രണ്ടിലും 96 ശതമാനം. “കണ്ടോ. പേടിക്കാന്‍ ഒന്നും ഇല്ല കേട്ടോ, അവര്‍ സ്റ്റേബിള്‍ ആണ്.'' ഞാന്‍ പറഞ്ഞത് മുഴുവനായും വിശ്വസിക്കാതെ അയാള്‍ തല കുലുക്കി.

ഒരു 70 വയസ്സോളം വരുന്ന, തലമുടി ഒക്കെ നരച്ച ഒരു വയോധികന്‍, ഒരു റിട്ടയേര്‍ഡ്‌ സ്കൂള്‍ അദ്ധ്യാപകന്‍. അയാളുടെ തോളില്‍ കൈ വച്ച് ഒന്നൂടെ ആശ്വസിപ്പിച്ച് ഞാന്‍ റൂമിലേക്ക് മടങ്ങി. പിറ്റേ ദിവസം റൌണ്ട്സ് എടുക്കാന്‍ ചെന്നപ്പോള്‍ ആദ്യം അന്വേഷിച്ചത് ഈ അമ്മയെയാണ്, “സരസ്വതി എങ്ങനെ ഉണ്ട്? പിന്നെ വല്ല ഫാളും വന്നോ?” ''ഇല്ല സാര്‍, പിന്നെ കുഴപ്പം ഒന്നും ഉണ്ടായില്ല.'' റൂമിലേക്ക് ഞാന്‍ കയറി ചെന്നപ്പോള്‍ ഭയങ്കര ചൂടും അസഹനീയമായ രൂക്ഷഗന്ധവും. നോക്കുമ്പോള്‍ ജനല്‍ ഒക്കെ അടച്ചിട്ടിരിക്കുന്നു. ഫാനും ഇല്ല. എന്താ കാരണം എന്ന് ചോദിച്ചപ്പോള്‍ ആ അച്ഛന്‍ പറഞ്ഞു, “സാറേ, പണ്ട് മുതല്‍ക്കേ ഇവള്‍ക്ക് ഫാന്‍ ഇടുന്നത് ഇഷ്ടമല്ല. പിന്നെ, ജനല്‍ തുറക്കാത്തത് കൊതുക് കടി കൊള്ളാതിരിക്കാനും, വേറെ ഇന്‍ഫെക്ഷന്‍സ് കിട്ടാതിരിക്കാനും ആണ്. ഇതും പറഞ്ഞ് അയാള്‍ അവരുടെ മുഖത്തുള്ള വിയര്‍പ്പ് തുടച്ചു കളഞ്ഞു. അദ്ദേഹത്തിന്‍റെ ശ്രദ്ധ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, അമ്മ കിടപ്പിലായ ഇത്രയും വര്‍ഷം അച്ഛന്‍ തന്നെ ആണോ അവരെ നോക്കുന്നത്? അപ്പോള്‍ അദ്ദേഹം അവരുടെ കഥ പറയാന്‍ തുടങ്ങി.

ക്രമേണ അവരുടെ ഓര്‍മ മൊത്തമായും നഷ്ടമായി

“ദരിദ്രമായ കുടുംബത്തില്‍ നിന്നും വളര്‍ന്നു വന്നു പഠിച്ചു സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകരായി കയറിയ രണ്ടു സാധാരണക്കാര്‍ ആയിരുന്നു ഞങ്ങള്‍. 46 വര്‍ഷത്തെ ദാമ്പത്യം, അതില്‍ രണ്ടു മക്കള്‍. നല്ല രീതിയില്‍ പോയിരുന്ന ഞങ്ങളുടെ കുടുംബത്തില്‍ നിര്‍ഭാഗ്യം കയറി വന്നത് മറവിയുടെ രൂപത്തില്‍ ആണ്. കണക്ക് അധ്യാപിക ആയ ടീച്ചര്‍ക്ക് ക്ലാസ് എടുക്കുന്ന സമയത്ത് പലതും മറന്നു പോകുന്ന അവസ്ഥ വന്നു. പിന്നെ, പെട്ടെന്ന് ഒരു ദിവസം ഒരു സ്ട്രോക്കും. അതിനു ശേഷം അവര്‍ പൂര്‍ണമായും കിടപ്പിലായി. ക്രമേണ അവരുടെ ഓര്‍മ മൊത്തമായും നഷ്ടമായി. സംസാര ശേഷിയും, ചലന ശേഷിയും ഒക്കെ നഷ്ടമായി. കണ്ണുകള്‍ എപ്പോഴെങ്കിലും തുറക്കുന്ന ഒരു അവസ്ഥയിലേക്ക് അവര്‍ മാറി. പല ന്യൂറോളോജിസ്റ്റുകളെയും കാണിച്ചു. അവര്‍ എല്ലാവരും പറഞ്ഞു, ഇതില്‍ ഒരു പുരോഗതിയും ഉണ്ടാകില്ല എന്ന്.

നിരാശനാകാതെ ഞാന്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഒരുപാട് പേരെ കാണിച്ചു. ആരും ഒരു പ്രതീക്ഷയും തരാത്തത് കാരണം ഞാന്‍ ഉറപ്പിച്ചു, ഇവളെ അങ്ങനെ മരണത്തിനു വിട്ടു കൊടുക്കി. എന്റെ കിടപ്പാടം വിറ്റ് ആണെങ്കില്‍ കൂടി. അന്ന് തുടങ്ങിയതാ സാറേ ഈ പരിചരണം. സാര്‍ ഒന്ന് നോക്ക്, ബെഡ് സോര്‍ പോയിട്ട് ഒരു പോറല്‍ പോലും കാണില്ല ഇവളുടെ ദേഹത്ത്. രാത്രികളില്‍ ഉറങ്ങുക പോലും ചെയ്യാതെ ഞാന്‍ ഇവളെ നോക്കുന്നു സാറേ, ശരിക്കും കണ്ണില്‍ എണ്ണ ഒഴിച്ച് തന്നെ. ഞാന്‍ ഇടയ്ക്ക് കയറി ചോദിച്ചു, “ഒരു ഹോം നഴ്സിനെ വച്ചൂടെ അച്ഛന്?''

“അവര്‍ ആദ്യമൊക്കെ അവരുടെ ഡ്യൂട്ടി ആയി ചെയ്യുമായിരിക്കും. പക്ഷെ, പിന്നെ അവര്‍ ഇവളെ പ്രാകി കൊണ്ടേ പരിച്ചരിക്കൂ. അതു വേണ്ട സാറേ.. സ്നേഹത്തോടെ മാത്രം എന്റെ സരസ്വതിയെ നോക്കിയാ മതി, എനിക്ക് ഇവളെ സ്നേഹിച്ചു കൊതി തീര്‍ന്നില്ല. പിന്നെ, എനിക്ക് 100 ശതമാനം ഉറപ്പാണ് സാറേ ഇവള്‍ ഒരിക്കലും പഴയ പടി ആകില്ല. എന്നാലും, ഞാന്‍ ഇവളെ അങ്ങനെ അങ്ങ് വിട്ടു കൊടുക്കില്ല. 

10 വര്‍ഷം ഒരു പോറല്‍ പോലും എല്‍പ്പിക്കാതെ ഈ മനുഷ്യന്‍, വൈദ്യ ശാസ്ത്രം എഴുതി തള്ളിയ സ്വന്തം ഭാര്യയെ ഊണും ഉറക്കവും ഇല്ലാതെ പരിചരിച്ചു കൊണ്ടിരിക്കുന്നു. ഒരിക്കലും തിരിച്ചു വരില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ എന്ന ആ യാഥാര്‍ത്ഥ്യം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ തോളില്‍ കൈ വച്ചു കൊണ്ട് പറഞ്ഞു, “അച്ഛാ , പ്രതീക്ഷ കൈ വിടാതെ അങ്ങ് ഈ പരിചരണം തുടരുക, ദൈവത്തോട് പ്രാര്‍ത്ഥിക്കുക, ഞാനും പ്രാര്‍ഥിക്കാം.'' കണ്ണില്‍ വന്ന ഈറന്‍ തുടച്ചു അദ്ദേഹം പറഞ്ഞു, ശരി സാറേ..

എനിക്കറിയാം സാറേ, 100 ശതമാനം ഇവള്‍ ജീവിതത്തിലേക്ക് തിരികെ വരില്ല

വേറെയും രോഗികളെ കാണാന്‍ ഉള്ളത് കൊണ്ട് ഞാന്‍ യാത്ര പറഞ്ഞു റൂമില്‍ നിന്നും ഇറങ്ങി. നടന്നു കൊണ്ടിരിക്കുമ്പോള്‍, എന്റെ മനസ്സില്‍ ഒരായിരം ചിന്തകള്‍ കടന്നു പോയി. ഇന്നുവരെ കണ്ടതോ കേട്ടതോ ആയ ഏതു പ്രണയത്തെക്കാളും എത്ര മഹനീയമാണ് ഈ അച്ഛന്റെ പ്രണയം. വിവാഹം കഴിഞ്ഞു ദിവസങ്ങള്‍ക്കകം ഡിവോഴ്സ് ആകുന്ന, വിവാഹേതര ബന്ധങ്ങള്‍ അരങ്ങു വാഴുന്ന ഈ കാലഘട്ടത്തിന് ഒരു പാഠമാണ് ഇവരുടെ ഈ കഥ. ഇനിയും ആ അമ്മ ഒരു പാട് നാള്‍ ജീവിക്കട്ടെ, ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് മനസ്സില്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു.. 

അദ്ദേഹം അവസാനമായി പറഞ്ഞ വാക്കുകള്‍ എന്റെ ചെവിയില്‍ പ്രതിധ്വനിച്ചു. ''എനിക്കറിയാം സാറേ, 100 ശതമാനം ഇവള്‍ ജീവിതത്തിലേക്ക് തിരികെ വരില്ല, പക്ഷെ, ഒരു ദിവസമെങ്കില്‍, ഒരു ദിവസം, അതല്ല ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം കൂടി എനിക്ക് അവളെ ജീവനോടെ വേണം സാറേ..''

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം