Asianet News MalayalamAsianet News Malayalam

'ഇട്ടേച്ചു പോയതല്ലെടി, ഞാന്‍ ആശുപത്രിയിലായിരുന്നു'

റൂമില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മനസ് നിറയെ ആ അപ്പച്ചനും അമ്മച്ചിയും തന്നെയായിരുന്നു. ആരും ഇല്ലാതെ ഒറ്റക്കായി പോകുന്ന ഒരു രാത്രി നമ്മള്‍ക്കൊക്കെ ചിന്തിക്കാന്‍ കഴിയുമോ? അസുഖമൊന്നും സാരമില്ല വീട്ടില്‍ പോയാമതിയെന്നു പറഞ്ഞു കൊച്ചുകുട്ടിയെ പോലെ കരഞ്ഞ ആ അപ്പച്ചന്‍ ആശുപത്രി നാളുകളില്‍ ഉറങ്ങിയിട്ടുണ്ടാകുമോ?  
ഡോ. സീനാ ജോസ് എഴുതുന്നു
 

hospital days Dr Seena Jose
Author
Thiruvananthapuram, First Published Nov 28, 2018, 6:47 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്.

hospital days Dr Seena Jose

പതിവുപോലെ സര്‍ജനോടൊപ്പം റൗണ്ട്‌സിനു ഇറങ്ങിയതാണ്. അതിലൊരു രോഗിയെ കണ്ടതും ഞാനൊന്നു നടുങ്ങി. നട്ടെല്ലിന് തുളവീണ  ഒരു രോഗി. ആദ്യമായാണ് അങ്ങനെയൊരു കേസ് കാണുന്നത്. ആപ്പിള്‍ വലിപ്പത്തിലുള്ള ആ തുളയില്‍ നിന്നും പഴുപ്പും വെള്ളവും വന്നുകൊണ്ടേയിരിക്കുന്നു. നേരെ കിടക്കാന്‍ പറ്റില്ലാത്തതിനാല്‍ കമിഴ്ന്നാണ് കിടക്കുന്നത്. ആ കിടപ്പുകണ്ടാലറിയാം പാവം മടുത്തിട്ടുണ്ടാവും. തൊട്ടടുത്ത് ഒരു അപ്പച്ചന്‍ ഇരിപ്പുണ്ട്. മെലിഞ്ഞുചുക്കിച്ചുളിഞ്ഞ ശരീരം. കണ്ടാല്‍ പ്രായമൊരു എണ്‍പതുകാണും. സ്വന്തം വയ്യാത്ത അവസ്ഥയിലും ഭാര്യയുടെ മൂത്രവും മലവും മാറ്റിക്കൊണ്ട് ആശുപത്രിയിലൂടെ ഓടി നടക്കുന്ന അയാളുടെ മുഖത്തും ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു. പ്രിയതമ അടുത്തുള്ള സന്തോഷമാകാം. അതല്ലെങ്കില്‍ മനസിലെ ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി  പുറമെ ചിരിക്കുകയുമാവാം. സാധാരണ രോഗിയോടൊപ്പം ബന്ധുക്കളെ നിര്‍ത്താറില്ല. പിന്നെയെങ്ങനെ പ്രിയതമന്‍ അടുത്തിരിക്കുന്നുവെന്ന് സര്‍ജന്‍ ഞങ്ങള്‍ക്ക് വിവരിച്ചുതന്നു.

ആ അമ്മച്ചി വര്‍ഷങ്ങളായി ഒരേ കിടപ്പാണ്. മക്കളൊന്നും ഇല്ല. പെട്ടെന്നാണ് അപ്പച്ചന് അപ്പെന്റിസൈറ്റിസ് സര്‍ജറിക്ക് വേണ്ടി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകേണ്ടി വന്നത്. പെട്ടെന്നുണ്ടായ വേദന.സര്ജറിക്ക് കയറ്റുമെന്നൊന്നും അപ്പച്ചന്‍ കരുതിയിരുന്നില്ല. സര്‍ജറി കഴിഞ്ഞു പിറ്റേന്ന്, വീട്ടില്‍ പോകണമെന്ന് പറഞ്ഞദ്ദേഹം വാശി പിടിച്ചത്രേ. എന്നാല്‍ ആ വാശിക്ക് പിന്നിലെ കാരണം ഡോക്ടേഴ്സ് അറിഞ്ഞത് ഡിസ്ചാര്‍ജ് ആക്കിയശേഷം തളര്‍ന്നുകിടക്കുന്ന ഭാര്യയുമായി അദ്ദേഹം വീണ്ടും വന്നപ്പോഴാണ്. അദ്ദേഹം ആശുപത്രിയില്‍ കിടന്ന ദിവസമത്രയും നട്ടെല്ലിന് സര്‍ജറി കഴിഞ്ഞു കിടന്ന അമ്മച്ചിയെ ശുശ്രുഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഒരാഴ്ചത്തെ മലത്തിലും മുത്രത്തിലും കിടന്നുറങ്ങിയ രോഗിയുടെ അവസ്ഥ ഊഹിക്കാമല്ലോ. അങ്ങനെ അണുബാധയേറ്റതുകൊണ്ടാണ് ഇപ്പോള്‍ പഴുപ്പും വെള്ളവും വന്നുകൊണ്ടിരിക്കുന്നത്. കഥയത്രയും പറഞ്ഞുകഴിഞ്ഞു സര്‍ജന്‍ ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു -'ഇപ്പോള്‍ ഇവര് രണ്ടാളും എന്‍േറതാണ്. ഞാനിങ്ങു കൊണ്ടുപോന്നു.''

 വീടിനേക്കാളും  സുരക്ഷിതത്വം ആ ആശുപത്രികിടക്കകള്‍ക്ക് ഉണ്ടെന്നു ആ വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നു.

ആപ്പിള്‍ വലിപ്പത്തിലുള്ള ആ തുളയില്‍ നിന്നും പഴുപ്പും വെള്ളവും വന്നുകൊണ്ടേയിരിക്കുന്നു

റൂമില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മനസ് നിറയെ ആ അപ്പച്ചനും അമ്മച്ചിയും തന്നെയായിരുന്നു. ആരും ഇല്ലാതെ ഒറ്റക്കായി പോകുന്ന ഒരു രാത്രി നമ്മള്‍ക്കൊക്കെ ചിന്തിക്കാന്‍ കഴിയുമോ? അസുഖമൊന്നും സാരമില്ല വീട്ടില്‍ പോയാമതിയെന്നു പറഞ്ഞു കൊച്ചുകുട്ടിയെ പോലെ കരഞ്ഞ ആ അപ്പച്ചന്‍ ആശുപത്രി നാളുകളില്‍ ഉറങ്ങിയിട്ടുണ്ടാകുമോ?  പെട്ടെന്നൊരു ദിവസം കാണാതായ അപ്പച്ചനെയോര്‍ത്ത്, പരസഹായമില്ലാതെ ഒന്ന് തിരിഞ്ഞു കിടക്കാന്‍ പോലും കഴിയാത്ത ആ അമ്മച്ചി എന്തോരം നീറിയിട്ടുണ്ടാകും?

'ഇട്ടേച്ചു പോയതല്ലെടി ഞാന്‍ ആശുപത്രിയിലായിരുന്നു' എന്നു പറഞ്ഞോടിയെത്തുന്ന അപ്പച്ചനെ ഒന്നോര്‍ത്തു നോക്ക്...

സര്‍ജന്‍ ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു -'ഇപ്പോള്‍ ഇവര് രണ്ടാളും എന്‍േറതാണ്. ഞാനിങ്ങു കൊണ്ടുപോന്നു.''

ചില സന്ദര്‍ഭങ്ങളില്‍ നമ്മളെല്ലാവരും നിസ്സഹായരാണ്. ജീവിതത്തില്‍ ഒറ്റക്കല്ലാത്തിടത്തോളം ഭാഗ്യവാന്മാരും ആണ്. അതുനമുക്ക് പഠിപ്പിച്ചുതരാന്‍ ഇതുപോലുള്ള കൊച്ചുജീവിതങ്ങള്‍ നമുക്കുചുറ്റും ഉണ്ട്. കണ്ണൊന്നു പുറത്തേക്ക് ഓടിച്ചുനോക്കൂ. ചിലപ്പോള്‍ നമ്മുടെ അയല്‍പക്കത്തും കാണും, ആരും അറിയാത്ത, ആരും കാണാത്ത ചില മനുഷ്യജന്മങ്ങള്‍...

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios