Asianet News MalayalamAsianet News Malayalam

ഇത് കഥയല്ല... ഞങ്ങളുടെ ഇരട്ടക്കുട്ടികള്‍ പിറന്നു വീണതിങ്ങനെയാണ്...

അവര് രണ്ടും വയറോട് കാത് ചേർത്ത് കേൾക്കുന്നു. മുഖം വാടിയ കുഞ്ഞു മാലാഖകൾ കൈകോർത്തിരുന്നു, ഇടി വെട്ടുമ്പോൾ പേടിച്ചു പകച്ചു പോകുന്ന കുഞ്ഞുങ്ങളെ പോലെ അവർ ഭയന്നു, കരഞ്ഞു.. ആരും കേട്ടില്ല. ''അമ്മേ അപ്പേ വേണ്ടാന്ന് പറ.. ഞങ്ങളെ കൊല്ലല്ലേന്നു പറ. ഞങ്ങൾ നല്ല കുട്ടികളായിക്കോളാം'' അവളുടെ വയറിനുള്ളിൽ സങ്കട പേമാരി പെയ്തിറങ്ങി.. നാല് കൈകൾ ഗർഭപാത്ര ഭിത്തിയിൽ സ്പർശിച്ചു കൊണ്ടേയിരുന്നു.
 

hospital days fibin jaccob
Author
Thiruvananthapuram, First Published Feb 18, 2019, 3:15 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

hospital days fibin jaccob

''വാവേ, അമ്മ നമ്മളെ കൊല്ലുമോ?''
''അതെന്താ വാവേ അങ്ങനെ പറഞ്ഞെ?''

കുറേനേരം ഗർഭപാത്രത്തിനുള്ളിൽ മൗനം മാത്രം. അകത്തും പുറത്തും ഒരുപോലെ ദുഃഖം. ''വാവേ, ഇന്നലെ ഡോക്ടറാന്റി പറഞ്ഞത് വാവ കേട്ടില്ലേ? നമ്മളിൽ ഒരാൾക്ക് എന്തോ ഉവ്വാവ് ഉണ്ടെന്ന്, നമ്മളിലൊരാൾ ജനിക്കാൻ പാടില്ലെന്ന്!!'' അവർ കൈകൾ കോർത്തു പിടിച്ചിട്ടുണ്ടാകും. പിരിയാൻ അവർക്ക് കഴിയില്ലല്ലോ, ഉരുവായതൊരുമിച്ച്, വളരുന്നതുമൊരുമിച്ച് പിന്നെന്തിന് പിരിയണം അല്ലേ? അവരുടെ കണ്ണീർ വീണ് ഗർഭപാത്രത്തിൽ ഉപ്പുരസം കൂടിക്കാണും.

ഇതും കൂടെ ചേർത്ത് അഞ്ചാമത്തെ സ്കാനിംഗാണ് അവള്‍ക്ക്

''വാവ കേട്ടോ അമ്മ കരയുന്നത്, അപ്പ എന്തോ പറയുന്നുണ്ട്, വാവ കണ്ടോ അപ്പേടെ കൈ നമ്മളെ തൊടാൻ വരുന്നത്.'' അവർ രണ്ടും കൈനീട്ടി എന്റെ കൈയിൽ തൊട്ടു! അതെനിക്കറിയാനാകുന്നുണ്ട്. നാല് കൈകൾ. അവർ ചിരിക്കുന്നുണ്ട്! 

''വാവേ നമ്മുടെ അമ്മയും അപ്പയും നമ്മളെ കൊല്ലില്ല, ഉറപ്പാ.. അല്ലെങ്കിൽ നമ്മൾ ഉറങ്ങുമ്പോളും അവരെന്തിനാ ഉറങ്ങാതിരിക്കുന്നത്?? നമ്മളെ അത്ര ഇഷ്ടമായത് കൊണ്ടല്ലേ..'' ഒരു തുടിപ്പ് അവളുടെ വയറിൽ കൂടെ പാഞ്ഞു. അവർ കെട്ടിപ്പിടിച്ച് സുഖമായുറങ്ങി, അപ്പയുമമ്മയും അടുത്തുണ്ട്. 

''വാവേ, അമ്മ എന്താ നേരത്തെ എണീറ്റത്?? ഡോട്ടറാന്റിയെ കാണാൻ പോകുവായിരിക്കുമല്ലേ. അമ്മേ കരയണ്ട ട്ടോ, ഞങ്ങളിവിടെയുണ്ടല്ലോ..'' ശബ്ദം പുറത്തേക്ക് വന്നില്ലെങ്കിലും അവളുടെ വയറ് തുടിച്ചിരുന്നു. ''അച്ചേ, അവരെന്തോ പറയുന്നു..'' ഞാനവളുടെ കൈയിൽ പിടിച്ചു. ഒന്നുമില്ല, എല്ലാം ശരിയാവുമെന്ന് പറഞ്ഞു. കണ്ണീർ മറയ്ക്കാൻ ചിലപ്പോളൊക്കെ ചിരിക്കേണ്ടി വരും. കോലം കെട്ടിയാൽ ആടിത്തീർത്തല്ലേ പറ്റൂ. ഇതും കൂടെ ചേർത്ത് അഞ്ചാമത്തെ സ്കാനിംഗാണ് അവള്‍ക്ക്. രണ്ട് ജീവനുകളുടെ ഇടയിലൂടെയുള്ള നൂൽവഴി. സ്കാനിംഗ് നടന്നു കൊണ്ടിരിക്കുന്നു. അകത്തേക്ക് ചെന്ന സ്കാനിംഗ് ഉപകരണത്തിൽ അവര്‍ ചോര കണ്ടു. അവളുടെ നെഞ്ച് പൊട്ടിയ ചോരയാണെന്നറിഞ്ഞത് കൊണ്ടാവാം വയറ്റിനുള്ളിലെ രണ്ട് വാവകളും കൂടെ കരഞ്ഞു.. കണ്ണീര് വീണ് വയറ് വീർത്ത് വന്നിരുന്നു.

''ജോസ്മിൻ, നിങ്ങൾക്ക് രണ്ട് കുട്ടികൾ ആണെന്നറിഞ്ഞപ്പോൾ ഏറ്റവും സന്തോഷിച്ചത് ഞാനാണ്. കാരണം ഈ ആശുപത്രി തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തെ ഇരട്ടകളാണ് നിങ്ങളുടെ വയറ്റിൽ. പക്ഷെ, ഈശ്വരൻ ഇങ്ങനെ പരീക്ഷിക്കാനാണ് ഇഷ്ടപ്പെട്ടത്.'' ഡോക്ടർ ഷാന്റി ഇത് പറഞ്ഞു നിർത്തി.

അവര് രണ്ടും വയറോട് കാത് ചേർത്ത് കേൾക്കുന്നു. മുഖം വാടിയ കുഞ്ഞു മാലാഖകൾ കൈകോർത്തിരുന്നു, ഇടി വെട്ടുമ്പോൾ പേടിച്ചു പകച്ചു പോകുന്ന കുഞ്ഞുങ്ങളെ പോലെ അവർ ഭയന്നു, കരഞ്ഞു.. ആരും കേട്ടില്ല. ''അമ്മേ അപ്പേ വേണ്ടാന്ന് പറ.. ഞങ്ങളെ കൊല്ലല്ലേന്നു പറ. ഞങ്ങൾ നല്ല കുട്ടികളായിക്കോളാം'' അവളുടെ വയറിനുള്ളിൽ സങ്കട പേമാരി പെയ്തിറങ്ങി.. നാല് കൈകൾ ഗർഭപാത്ര ഭിത്തിയിൽ സ്പർശിച്ചു കൊണ്ടേയിരുന്നു.

''ഡോക്ടർ ദൈവം തന്ന കുഞ്ഞുങ്ങളല്ലെ അവരെയെങ്ങനെ...'' വാക്കുകൾ മുറിഞ്ഞു പോകുന്നു. അവര് ജീവനോടെ ജനിക്കുമോയെന്ന എന്റെ ചോദ്യത്തിന് ഡോക്ടർ ഷാന്റി പറഞ്ഞത് ഇങ്ങനെയാണ്, "ഉവ്വ്, അവർ ജീവനോടെ ജനിക്കും. പക്ഷെ, ജനിതക വൈകല്യങ്ങളുണ്ടാവും, ഒരുപക്ഷെ നമ്മൾ ചിന്തിക്കുന്നതിനും മുകളിലായിരിക്കും അതിന്റെ ആഘാതം."

''സാരമില്ല ഡോക്ടർ, അവരെ എങ്ങനെ ഈശ്വരൻ തന്നാലും ഞങ്ങൾ വളർത്തും. ഒരുപാട് ആളുകൾ കുഞ്ഞുങ്ങളില്ലാതെ കരയുമ്പോൾ ദൈവം തന്ന ഇവരെ കരുണയില്ലാതെ കൊന്നു കളയാൻ കഴിയില്ല.'' അവളെന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു. വയറിന്റെ അകത്ത് നിന്ന് പാൽപുഞ്ചിരി കേൾക്കാമായിരുന്നു. ''വാവേ, അപ്പയുമമ്മയും പറഞ്ഞത് കേട്ടോ, നമ്മളെ കൊല്ലില്ല'' എന്ന്. അവർ ചിരിച്ചു, കെട്ടിപ്പിടിച്ച് കരഞ്ഞു.

പതിവില്ലാതെ ഞാനവളുടെ വയറിൽ കയ്യോടിച്ച് കുറച്ച് നേരം നിന്നു

''ഫിബിൻ, നിങ്ങളുടെ ഉറപ്പ് എനിക്കിഷ്ടമായി, ഈശ്വരൻ ദോഷമായി ഒന്നും ചെയ്യില്ല എന്ന് വിശ്വസിക്കാം, എന്തായാലും ഒരു 3D സ്കാൻ കൂടെ ചെയ്യാം. അപ്പോൾ കൂടുതൽ വ്യക്തമായി അറിയാല്ലോ. '' 3D സ്കാൻ ചെയ്യാനിനി മൂന്ന് ദിവസങ്ങൾ കൂടെ കഴിയണം, വയറിനുള്ളിൽ നിന്ന് ഒന്നും കേൾക്കുന്നില്ല.. അവർ സുഖമായി, സുരക്ഷിതമായി ഉറങ്ങുകയാണ്.. ഉറക്കമില്ലാത്ത രാവുകളുടെ കൂട്ടുകാരായി ഞങ്ങളിവിടെ കാവൽ നിൽക്കുമ്പോൾ അവർക്കുറങ്ങാം. ''അച്ചേ, ദൈവം നമ്മളെ പരീക്ഷിക്കുകയേ ഉള്ളൂ അല്ലെ? നമ്മുടെ കുഞ്ഞുങ്ങൾ..'' മുറിയുന്ന ചോദ്യങ്ങൾക്ക് എന്തൊക്കെയോ ഉത്തരങ്ങൾ അവൾ പ്രതീക്ഷിച്ചിരുന്നു. എല്ലാം ഞാൻ മൂളികേൾക്കും. ഉത്തരങ്ങൾ എന്റെ കൈവശമില്ല എന്ന് ഞാനെങ്ങനെ അവളോട് പറയും.

മണിക്കൂറുകൾ കൊഴിഞ്ഞു വീണു.. ഉറക്കമില്ലാത്ത യാമങ്ങൾ... ''അച്ചേ വന്നു കിടക്ക് രാവിലെ പോകണ്ടേ'' അവളുടെ ശബ്ദത്തിലും ഭയമുണ്ട്. പതിവില്ലാതെ ഞാനവളുടെ വയറിൽ കയ്യോടിച്ച് കുറച്ച് നേരം നിന്നു. ആ കുഞ്ഞു വയറിനുള്ളിൽ ഒരനക്കം, അവരെന്റെ വിരലുകളിൽ തൊട്ടതാവാം അറിയില്ല.. 

''ടോക്കൺ നമ്പർ 7, ജോസ്മിൻ ഫിബിൻ..'' 
''ജോസ്മിന്‍?''
''അതേ ഡോക്ടര്‍''
''എന്തുകൊണ്ടാണ് നിങ്ങള്‍ 3D സ്കാനിങ്ങിനു വന്നത്? മടിക്കാതെ പറയണം. ഞാൻ ഇത് ചോദിക്കുന്നത് നിങ്ങളുടെ പ്രശ്നം എന്താണെന്നറിയാനാണ്. എന്നാലേ എനിക്ക് കൂടുതൽ ഡീറ്റൈലായി ശ്രദ്ധിക്കാൻ പറ്റൂ..'' കയ്യിലിരുന്ന സ്കാനിംഗ് റെക്കോർഡ്‌സ് ഞാനെടുത്ത് നീട്ടി. തലയിൽ കയറ്റി വെച്ചിരുന്ന ആ കട്ടിക്കണ്ണട മൂക്കിലെടുത്ത് വെച്ചവർ ശ്രദ്ധയോടെ വായിച്ചു.. നക്കൽ ട്രാൻസ്ലൂസെൻസി! ആദ്യത്തെ റിപ്പോർട്ടിൽ 9 കാണുന്നു പിന്നെത്തേതിൽ അത് കുറഞ്ഞു 7.3 കാണുന്നു അടുത്തതിൽ 9.3 കാണിക്കുന്നു...

"നോക്കട്ടേ.." അവർ സ്കാനിംഗ് മേശക്ക് അരികിലേക്ക് എന്നെയും വിളിച്ചു.. ''കുഞ്ഞുങ്ങളെ കാണണോ?'' അവര്‍ എനിക്ക് നേരെയൊരു ക്ഷണം നീട്ടി.. നെഞ്ചിടിപ്പോടെ ഞാനുമടുത്ത് പോയിരുന്നു. അവളെന്റെ കൈയിൽ പിടിച്ചിട്ടുണ്ട്. മുന്നിലുള്ള സ്‌ക്രീനിൽ കാഴ്ചകൾ തെളിഞ്ഞു തുടങ്ങി.. വളരെ ശ്രദ്ധയോടെ ആ ഡോക്ടർ ഓരോന്ന് പറയുന്നുണ്ട്.. ഇത് കാലുകൾ ഇത് കൈകൾ.. "നോക്കൂ, നിങ്ങളുടെ കുഞ്ഞുങ്ങള്‍ അനങ്ങുന്നുണ്ട്.." ഒന്നും പറയാതെ ഞാനിരുന്നു. അവള് കരയുന്നുണ്ട്. പതിയെ സ്കാനിംഗ് തലയുടെ പിൻവശത്തേക്ക് വന്നു, അതീവ ശ്രദ്ധയോടെ അവർ നോക്കിക്കൊണ്ടിരുന്നു. ഒന്നും പറയുന്നുമില്ല. കുറച്ച് സമയം കഴിഞ്ഞു.

മാത്രമല്ല, നിങ്ങളുടെ കുഞ്ഞുങ്ങള്‍ വളരെ വളരെ ഭാഗ്യം ചെയ്തവരാണ്

അവസാനം ഡോക്ടര്‍ പറഞ്ഞു, കുഞ്ഞുങ്ങള്‍ക്ക് കുഴപ്പമില്ല. ചെറിയ ബ്ലീഡിങ്ങ് ഉണ്ട്. തുടരെത്തുടരെയുള്ള സ്കാനിങ്ങ് കാരണമായിരിക്കും. പക്ഷെ, പേടിക്കാനില്ല. അത് ശരിയാകും.'' കുറേക്കാലത്തിന് ശേഷം അവളൊന്നു പുഞ്ചിരിച്ച് കണ്ടു. നിശബ്ദത മുറിച്ച് കൊണ്ട് ഡോക്ടർ പറഞ്ഞു, "You both are the luckiest parents i have ever met in my entire career. അല്ലെങ്കിൽ നക്കൽ റീഡിങ് ഇത്രയും കൂടുതൽ കണ്ട കുഞ്ഞുങ്ങളിൽ ഇങ്ങനൊരു ഡ്രാസ്റ്റിക്ക് ചേഞ്ച് കാണാൻ കഴിയാറില്ല. മാത്രമല്ല, നിങ്ങളുടെ കുഞ്ഞുങ്ങള്‍ വളരെ വളരെ ഭാഗ്യം ചെയ്തവരാണ്. അല്ലെങ്കിൽ കാരണം കണ്ടെത്തി കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നവരുടെ ഇടയിൽ ഇത്രയും റിസ്ക് എടുക്കുന്ന പാരന്റ്സിനെ അവർക്ക് കിട്ടിയില്ലേ.. Go have a great life dears!

ഡോക്ടർ പറഞ്ഞു കഴിയുന്നതിന് മുമ്പ് തന്നെ വിറയാർന്ന എന്റെ കൈ അവളുടെ വയറിൽ തൊട്ടു. അവളെന്റെ തോളിൽ തല ചായ്ച്ചു.. എന്റെ കൈയിൽ പിടിച്ചു. അപ്പോൾ നാല് കൈകൾ ഞങ്ങളുടെ വിരലുകളിൽ തൊടുന്നതറിഞ്ഞു..

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios