Asianet News MalayalamAsianet News Malayalam

നെഞ്ചൊന്നു പിടഞ്ഞു! കുടുംബം, കുട്ടികൾ, ആഗ്രഹങ്ങൾ, സ്വപ്‌നങ്ങൾ...

മോനെ പേരെന്താ? എവിടെ ജോലി ചെയ്യുന്നു? ഓർക്കാൻ ശ്രമിച്ചു നോക്കിയേ? ശബ്ദം മാത്രം കർണ്ണപുടങ്ങളെ കടന്നു തലച്ചോറിന്റെ ചുഴികൾ തേടിയലഞ്ഞു! മറുപടിയില്ലാതെ അവക്ക് മടങ്ങാനാവുമോ? ഞാനാരാണ്? ശൂന്യതയായിരുന്നു ആദ്യ മറുപടി! ഇല്ല എനിക്ക് തോൽക്കാൻ കഴിയില്ല. ചില മുഖങ്ങൾ മാഞ്ഞു പോകുന്നു, പരിചിതമായ മൂന്നു മുഖങ്ങൾ ചിരിതൂകി വിളിച്ചു. 
 

hospital days fibin
Author
Thiruvananthapuram, First Published Feb 3, 2019, 4:18 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

hospital days fibin

''ചേട്ടാ ഇത്തിരി വെള്ളം തരാമോ? വല്ലാത്ത ദാഹം!'' ചീറ്റിയൊഴുകുന്ന ചോര തുടച്ചു കൊണ്ടാണ് ഞാനത് ചോദിച്ചത്. എവിടെ നിന്നോ ആരോ ഒരു ജഗ്ഗിൽ വെള്ളം നീട്ടി. അത് വാങ്ങാൻ ഇടത്തെ കൈ പൊക്കിയപ്പോൾ എന്തോ ഒരു ബലക്കുറവ്. വിരലുകൾ ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു. എന്റെ മുഖത്തൊരു ചിരി മിന്നിമാഞ്ഞു, 'പെരുവഴിയിൽ അവസാനിക്കാനെനിക്ക് സൗകര്യമില്ല മിഷ്ടർ വിധി' എന്ന് പറയുന്നുണ്ടായിരുന്നു ആ ചിരി.

ആംബുലൻസിന്റെ ശബ്ദം കാതിൽ ചീവീടുകളുടെ ശബ്ദം പോലെ തോന്നിച്ചു. ഇടത് കൈയിൽ നിന്ന് തലച്ചോറിലേക്ക് കുത്തിത്തുളച്ചു കയറുന്ന വേദനയോട് തോറ്റുകൊണ്ട് ശരീരം ട്രോമാ ഷോക്കിലേക്ക്, കണ്ണിലിരുട്ട് കയറി. ആശുപത്രിയുടെ കവാടം കഴിഞ്ഞു.

'ആരെങ്കിലുമൊരു ഫോൺ തരാമോ വീട്ടിലൊന്നു വിളിക്കണം.'

മോനെ പേരെന്താ? എവിടെ ജോലി ചെയ്യുന്നു? ഓർക്കാൻ ശ്രമിച്ചു നോക്കിയേ? ശബ്ദം മാത്രം കർണ്ണപുടങ്ങളെ കടന്നു തലച്ചോറിന്റെ ചുഴികൾ തേടിയലഞ്ഞു! മറുപടിയില്ലാതെ അവക്ക് മടങ്ങാനാവുമോ? ഞാനാരാണ്? ശൂന്യതയായിരുന്നു ആദ്യ മറുപടി! ഇല്ല എനിക്ക് തോൽക്കാൻ കഴിയില്ല. ചില മുഖങ്ങൾ മാഞ്ഞു പോകുന്നു, പരിചിതമായ മൂന്നു മുഖങ്ങൾ ചിരിതൂകി വിളിച്ചു. 

"പിബീ പിബീ..." ഓർമ്മകളെവിടെയോ മുനിഞ്ഞുകത്തി. ''ഡോക്ടർ ഞാൻ ഫിബിൻ, നിലമ്പൂർ ആണ് വീട്. എല്ലാം ഓർക്കുന്നുണ്ട്, ആക്സിഡന്റ് ആയതാണ്. വേദനിക്കുന്നു ഡോക്ടർ, Give me some pain killers.''

'ആരെങ്കിലുമൊരു ഫോൺ തരാമോ വീട്ടിലൊന്നു വിളിക്കണം.' ചെവിയുടെ അടുത്തൂടെയൊഴുകിയ ചോര തുടച്ചു കളഞ്ഞു ഫോൺ ചെവിയോട് ചേർത്തു, 'അപ്പാ എനിക്കൊരു ആക്സിഡന്റ് ആയി പേടിക്കാനൊന്നുമില്ല' എന്ന് പറഞ്ഞതെ അങ്ങേത്തലയിൽ നിന്ന് നേർത്ത വിങ്ങൽ കേട്ടൂ. 'ഞാൻ വരാം മോനെ' എന്ന് പറഞ്ഞതും കൈയിൽ വെള്ളം വീണു. നീറിപ്പുകയുന്നു മനസും ശരീരവും.

തലച്ചോറ് രജിസ്റ്റർ ചെയ്ത ആക്‌സിഡന്റിന്റെ ഓർമ്മകൾ ഇടക്കിടക്ക് ഗ്ലാസ് പൊട്ടിത്തകരുന്ന ശബ്ദമായി ചെവിയിൽ വീണു ചിതറുന്നു. അപ്പോഴേക്കും അടുത്ത ആംബുലൻസിലേക്ക് ശരീരത്തെ കൈമാറ്റം ചെയ്തിരിക്കുന്നു. ഓർമ്മകൾ നിറം മങ്ങിയ ആശുപത്രി ചുവരുകളിലെവിടെയോ കുരുങ്ങിക്കിടക്കുന്നു.

പതിയെ കണ്ണിലേക്ക് ചെറു വെളിച്ചം കടന്നുവന്നു

നെഞ്ചൊന്നു പിടഞ്ഞു! കുടുംബം, കുട്ടികൾ, ആഗ്രഹങ്ങൾ, സ്വപ്‌നങ്ങൾ... ചില്ല് പൊട്ടുന്ന ശബ്ദം വീണ്ടും വീണു ചിതറി. വേഗം കൂടുന്നു, ആംബുലൻസിനെന്തോ മരണത്തിന്റെ മണം. അടുത്ത ആശുപത്രി വരാന്തകളും മുൻ ഓർമ്മകളെ വിളിച്ചു വരുത്തുന്നു. ഉറക്കത്തിലേക്ക് വീണു പോയി ദേഹം. ദേഹി വിദൂരമായേതോ തുരുത്തിലെ ചുഴിയിലായിരുന്നു. പെട്ടെന്നൊരു വെളിച്ചം കണ്ണിലേക്ക് തുളച്ചുകയറി.

ഫിബിൻ താങ്കൾ മരിച്ചിട്ടില്ല!

ഡോക്ടർ എന്റെ കൈ? ചോദ്യം അവിടെയുപേക്ഷിച്ചു... കണ്ണുകൾ നിറയാൻ തുടങ്ങിയതും ഡോക്ടർ നെഞ്ചിലേക്ക് വിരലുകൾ ചേർത്തു പറഞ്ഞു, 'ഇതൊന്നും സാരമില്ല ബ്രോ You are a Phoenix, you have been through worse! You will get through this too.' അയാളെന്റെ കണ്ണുകൾ തുടച്ചു. പിന്നെയൊരിക്കൽ കൂടെയത് നിറഞ്ഞില്ല.

പച്ചയിറച്ചിയിൽ സ്പിരിറ്റ് അരിച്ചിറങ്ങുന്ന തണുപ്പ്, അതിലും തീവ്രമായി ആത്മാവിലേക്കൊരു മരവിപ്പ് കടന്നുപോയി വേദനയുടെ അതിസൂക്ഷ്മാംശങ്ങൾക്ക് പോലും കോശങ്ങളിൽ നടുക്കങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നതൊരു ഭീകരമായ തിരിച്ചറിവായിരുന്നു. ശരീരം വല്ലാതെ വിറങ്ങലിച്ചു. 

ക്യാനുല ഞരമ്പിൽ ആഴ്ന്നിറങ്ങി, ഇതുവരെ കണ്ടു പരിചയമില്ലാത്ത വയറുകൾ ശരീരത്തിൽ സ്ഥാനം പിടിച്ചു, ജലാംശത്തിന്റെ കൂടെ വേദന സംഹാരികളും ശരീരത്തിലേക്ക് സഞ്ചരിക്കുന്നത് അറിയാമായിരുന്നു, വേദനയുടെ കാഠിന്യം കുറഞ്ഞു. ദേഹവും ദേഹിയും ഉറക്കത്തിലേക്ക് വീണു. 

യാമങ്ങളൊന്നൊന്നായി കൊഴിഞ്ഞു പോയിരുന്നു. പതിയെ കണ്ണിലേക്ക് ചെറു വെളിച്ചം കടന്നുവന്നു. ദേഹി ഉറക്കം വിട്ടെഴുന്നേറ്റു. ചിരിച്ചു കൊണ്ടൊരു മുഖം പറഞ്ഞു, ''നിങ്ങൾ മരിച്ചിട്ടില്ല ട്രോമാ സി സി യു ആണിത്. നാളെ ഉച്ചയാകുമ്പോൾ സർജറി നടക്കും. പിന്നെയെല്ലാം മാറിക്കോളും.''

'കൈ വേദനയുണ്ടോ?' ഇല്ല എന്ന് പറയണമെന്നുണ്ടായിരുന്നു നാവും മരച്ചു പോയിരുന്നു. ഇല്ല വേദനയില്ല പകരമൊരു മരവിപ്പ് മാത്രമാണുള്ളത് അതും നന്നായി, വേദനയേക്കാൾ നല്ലത് മരവിപ്പാണ്.

പിന്നെയും ഞാനുറങ്ങി! സുഖമായി, ശാന്തമായി അമ്മയുടെ മടിത്തട്ടിലെന്നപോലെ. അടുത്തിരിക്കാൻ കൂടെയവളും കുട്ടികളുമുണ്ട്. പെട്ടന്നൊരു തുള്ളി ചൂടുനീര് മുഖത്ത് വീണു. 'മോനെ...' എന്നൊരു വിളിയിലെല്ലാമുണ്ടായിരുന്നു. കൈയിലൊരു ചൂട് കടന്നുപോയി, ചോര ചോരയെ തിരിച്ചറിയുന്ന ശബ്ദമില്ലാത്ത സംഭാഷണങ്ങൾ. ചില നിമിഷങ്ങൾ കഴിഞ്ഞു കാണണം. അടുത്തുണ്ടായിരുന്ന കാലടികൾ നടന്നകന്നു പോയി. ഏകാന്തത ആത്മാവിനെ കീഴ്‌പ്പെടുത്തുമെന്നായപ്പോൾ കണ്ണുകളടച്ചു.

പുലർക്കാലത്തിലെവിടെയോ ശല്യം ചെയ്യുന്ന പേക്കിനാവ് പോലെയൊരു നിമിഷവും കടന്നു പോയി

സമയം ഉച്ചയാകുന്നു സർജറിക്ക് പോവുകയാണ് ദേഹം, ഒടിഞ്ഞ അസ്ഥികൾ നിവർത്തണം, പറിഞ്ഞുപോയ മാംസം തുന്നിപ്പിടിപ്പിക്കണം. യാത്ര പറഞ്ഞിറങ്ങി, ഒരുപക്ഷെയൊരു മടക്കമില്ലെങ്കിലോ? അനസ്‌തേഷ്യ സൂചി തോളെല്ലിൽ ആഴ്ന്നിറങ്ങി മരവിപ്പിന്റെ ആലസ്യത്തിലുറങ്ങി എഴുന്നേറ്റപ്പോൾ അടുത്തെല്ലാവരുമുണ്ട് എല്ലാം കഴിഞ്ഞിരിക്കുന്നു. ചെറിയ വേദന അരിച്ചിറങ്ങി.

ദിനരാത്രങ്ങൾ കൊഴിഞ്ഞു വീണു, ആ യാമവും കഴിഞ്ഞു പോയി. പുലർക്കാലത്തിലെവിടെയോ ശല്യം ചെയ്യുന്ന പേക്കിനാവ് പോലെയൊരു നിമിഷവും കടന്നു പോയി ഇപ്പോഴും ബാക്കിയുള്ളത് ചില്ലുടഞ്ഞു ചിതറുന്ന ശബ്ദവും, അസ്ഥിയിൽ കൂടെ അരിച്ചുകയറുന്ന നോവും, പിന്നെ ഒരിത്തിരി ഭയങ്ങളും മാത്രമാണ്.

കടന്ന് പോക്കിന്റെ ഒരധ്യായവും മറിച്ചു ഞാൻ തുടർന്നു.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios