ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

ഉപ്പയുടെ ജോലി ആശുപത്രിയുമായി ബന്ധമുള്ളതായതു കൊണ്ട് തന്നെ ജീവിതത്തിന് ആശുപത്രിയിലെ മരുന്നിന്റെയും ഡെറ്റോളിന്‍റെയും മണമായിരുന്നു. സ്വകാര്യ ആശുപതിയിലെ മാനേജർ ജോലി ഉപ്പയെ ഇടയ്ക്കൊക്കെ ഔദ്യോഗിക യാത്രകൾക്കും നിർബന്ധിതമാക്കി. കൃത്യനിഷ്ഠതയോടെ ജീവിച്ചിട്ടും അമ്പത്തിമൂന്നാം വയസ്സിൽ ഞങ്ങളിൽ നിന്നും അടർത്തിയെടുത്തു കൊണ്ടുപോകുമ്പോൾ അതൊക്കെ സ്വന്തം അനുഭവത്തിൽ വരുമ്പോഴാണ് നമ്മളെത്രെ നിസ്സഹായരാണ് എന്ന് മനസ്സിലാകുന്നത് 

ജീവിതത്തിൽ ആരോടും അധികം സംസാരിക്കാത്ത ആളാണ് ഉപ്പ

സ്വകാര്യ സ്ഥാപനത്തിലെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന കാലം ഒരിക്കൽ ദൂരെ പോയ സമയത്താണ് (അന്നൊന്നും മൊബൈൽ അത്ര ഉപയോഗത്തിലില്ലാത്ത കാലമായിരുന്നു) അറിവ് കിട്ടുന്നത് ഉപ്പയ്ക്ക് വയ്യ. ചെറിയ തലകറക്കം.. ചേവായൂർ ഉള്ള കാർഡിയാക് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോയിരിക്കുന്നു എന്ന്. ബൈക്ക് എത്രയായിട്ടും സ്പീഡ് പോരെന്നു തോന്നിയ നിമിഷങ്ങളായിരുന്നു അത്. നേരെ അവിടെയെത്തി ചെറിയ ഈ സീ ജീ വ്യതിയാനമുണ്ട്. കൂടെ ജോലിചെയ്യുന്ന പ്രശസ്ത ഡോക്ടറുടെ നിർദ്ദേശം പ്രകാരം അന്നാദ്യമായി ഉപ്പ ബി പി -യുടെ മരുന്ന് സ്ഥിരം കഴിക്കാൻ നിർബന്ധിതനായി.

കുറേശ്ശേ വലിയുള്ളത് ഞങ്ങൾ മക്കളും ഉമ്മയും പറഞ്ഞ് പറഞ്ഞ് കുറച്ചു കൊണ്ടു വന്നു. മരുന്നും മുടങ്ങാതെ കഴിക്കുന്നു. ആയിടയ്ക്കാണ് ഒരു വൈകുന്നേരം വീട്ടിലേയ്ക്കു കയറുന്ന റാംപിൽ എത്തുമ്പോൾ, 'വല്ലാതെ കിതപ്പ് അനുഭവപ്പെടുന്നെടാ' എന്ന് എന്നോട് പറഞ്ഞത്. എന്നാൽ പിന്നെ സമയം കളയേണ്ട പിറ്റേന്ന് തന്നെ ഡോക്ടറുടെ അടുത്തേക്ക് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. ജീവിതത്തിൽ ആരോടും അധികം സംസാരിക്കാത്ത ആളാണ് ഉപ്പ. കൂടാതെ ആളുടെ കട്ടിമീശയും ആയപ്പോൾ നേരിട്ടറിയാത്ത എല്ലാവർക്കും ഗൗരവക്കാരനായിരുന്നു അദ്ദേഹം. സഹപ്രവർത്തകർക്ക് നന്നായറിയുന്നവർക്ക് നേരെ മറിച്ചും.. 

ഉപ്പയുടെ അസുഖത്തിന് നോക്കിയ ഡോക്ടർ മെഡിക്കൽ കോളേജിലെ ഡോക്ടറായതും അവിടെ തന്നെ പോകേണ്ടി വന്നതും വിധി. പത്തു ദിവസത്തെ അവിടുത്തെ ചികിത്സ ഞങ്ങളുടെ സർക്കാർ സ്ഥാപനത്തിനോടുള്ള വിശ്വാസം നഷ്ടപ്പെടുത്തി. വ്യക്തമായ രോഗ നിർണയം നഷ്ടമായപ്പോൾ ഞങ്ങൾക്ക് നഷ്ടമായത് ഉപ്പയെയായിരുന്നു. ആരെയും കുറ്റപ്പെടുത്തുന്നില്ല.. ഇടയ്ക്കു വെച്ച് നോക്കിയ സുഹൃത്തായിരുന്ന ഡോക്ടർക്ക് ഒരു ഔദ്യോഗിക യാത്ര കൂടിയായപ്പോൾ സ്ഥിതി മാറ്റിമറിഞ്ഞു. നിർബന്ധിതമായി അവിടെ നിന്നും ഡിസ്ചാർജടുത്തു നേരെ വേറൊരാശുപത്രിയുടെ ന്യുറോ ഐ സി യു -വിലേക്ക്.
 
ഇരുപതു ദിവസക്കാലം പുറത്തെ കസേരയിൽ നെടുവീർപ്പിട്ടു കാത്തിരിക്കുക.. കൂടാതെ രോഗനിര്‍ണയം, ഡോക്ടര്‍മാരോട് പുരോഗതികൾ ആരായുക.. ശരിക്കും പറഞ്ഞാൽ അപ്പോഴാണ് കുറെ സഹോദരങ്ങൾ വേണമായിരുന്നു എന്ന് തോന്നിയത്. അത്രകണ്ടു സ്മാർട്ട് അല്ലാത്ത ഒരു സഹോദരൻ മാത്രമുള്ള ഞാന്‍ എങ്ങനെ ഇങ്ങനെ ചിന്തിക്കാതിരിക്കും. 

ഇരുപതു ദിവസത്തെ ആശുപതി വാസത്തിൽ അവസാനം ഡോക്ടർ തുറന്നു പറഞ്ഞു

നിസ്സഹായതയും നിരാശയും എന്തെന്നറിയാൻ ഇത്തരം ഐ സി യു -വിന് ഒരുപാടു പറയാനുണ്ടാകും. ഇതിനിടയിൽ ഉമ്മയ്ക്കും ചില അസുഖങ്ങള്‍.. ഇരുപതു ദിവസത്തെ ആശുപതി വാസത്തിൽ അവസാനം ഡോക്ടർ തുറന്നു പറഞ്ഞു, 'ന്യുമോണിയ ബാധിച്ചു, ഇനി റിക്കവർ ആകില്ല, എല്ലാവരെയും കാണിക്കാൻ..' എന്റെ കൈകളിൽ പിടിച്ചു ഉപ്പാ ആംഗ്യം കാട്ടി, 'തളരരുത്' എന്ന്. അന്നാണ്, ആ നിമിഷത്തിലാണ് എനിക്ക് ഉപ്പയുടെ തന്നെ ധൈര്യം കൈവന്നത്. ഞാൻ തളർന്നാൽ കുടുംബം തളർന്നു പോകും.. 

ഇപ്പോള്‍ നീണ്ട പതിനേഴു വർഷം കഴിഞ്ഞു. ആ ഇരുപതു ദിവസങ്ങൾ ഇന്നും കണ്ണീരിന്‍റെ ഓർമ്മയാണ്. കൂടെ ഒന്ന് തളർന്നുപോയാൽ, ആരൊക്കെയുണ്ടാകും എന്നൊരു ജീവിത പാഠവും പഠിച്ചു. 

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം