ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

ആശുപത്രികൾ... എല്ലാ മതസ്ഥരും ഒന്നിച്ചു കൂടുന്ന ഒരൊറ്റ ദൈവമുള്ള, ഒരൊറ്റ പ്രാർത്ഥനാ മന്ത്രമുള്ള ദേവാലയങ്ങൾ... 

വർഷങ്ങൾക്ക് മുമ്പാണ്, തിരുവനന്തപുരം ശ്രീചിത്ര ഹോസ്പിറ്റലിന്‍റെ വെയ്റ്റിങ് റൂം. ഞങ്ങളുടെ നമ്പര്‍ വിളിക്കാൻ ഇനിയും സമയമുണ്ട്! വെയ്റ്റിങ് റൂമാണെങ്കിലും ബഹളമാണ്. ടിവിയിൽ ഏതോ പഴയ സിനിമ സമയം കൊല്ലാനായി ഇട്ടിട്ടുണ്ട്. കുട്ടികളുടെ കരച്ചിലുകൾ... കാത്തിരിപ്പുകാരുടെ, കൂട്ടിരിപ്പുകാരുടെ കുശലാന്വേഷണങ്ങൾ...

പെങ്ങളുടെ മടിയിൽ മോനുറങ്ങി കിടപ്പുണ്ട്

അതിനിടയിലാണ് ഒരു കുഞ്ഞിന്‍റെ ഉറക്കെയുള്ള കരച്ചിൽ കേട്ട് ഞാനും പെങ്ങളും അവിടേക്ക് നോക്കിയത്. ഏകദേശം മൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞ്. അവന്റെ അമ്മയുടെ ചെറിയൊരു നുള്ള് കൊണ്ട് കരയുകയാണ്. അവന്റെ അമ്മ എന്തൊക്കെയോ ശകാരിക്കുകയും ചെയ്യുന്നുണ്ട്. അടുത്തിരുന്ന പെങ്ങളുടെ മടിയിൽ മോനുറങ്ങി കിടപ്പുണ്ട്. അവൾ അവനെ തോളിലേക്ക് കിടത്തി. എഴുന്നേറ്റു കരയുന്ന കുഞ്ഞിനടുത്തു ചെന്നു. കവിളിൽ തലോടി. അവന്റെ അമ്മയോട് കാര്യം തിരക്കി.

''ഓഹ്.. അവനു പ്രത്യേകിച്ച് കാരണമൊന്നും വേണ്ട മോളേ. എപ്പോഴും ഇതുതന്നെ. ഓരോരോ വാശികളും. കുരുത്തംകെട്ടത്.'' 
''അങ്ങനെയൊന്നും പറയല്ലേ ചേച്ചീ. കുഞ്ഞുങ്ങളുടെ ഈ വാശിയും കരച്ചിലുമൊന്നും ഇല്ലെങ്കിൽ എന്താ രസം.''
''പുറമേ കാണുന്നവർക്ക് രസമാണ് മോളേ... ഇവന്‍റെ മൂത്തതുങ്ങളെ പോലെയല്ല ഇവൻ. ഒരിടത്തും കൊണ്ടുപോകാൻ പറ്റില്ല. കുരുത്തക്കേടാണ് എപ്പോഴും. ദേ..മോൾടെ കുഞ്ഞ് കിടന്നുറങ്ങുന്നതു കണ്ടോ. ഒരു ബഹളവും ഞാൻ കേട്ടില്ല. ഇതു മോളാണോ മോനാണോ? എത്ര വയസ്സായി?''
''മോനാണ്. മൂന്ന് വയസ്സാകുന്നു. ഇവൻ ഉറങ്ങിയാൽ പിന്നെ ഇങ്ങനെയാണു ചേച്ചീ. ആകാശം ഇടിഞ്ഞു വീണാലും അറിയില്ല..''

ഇത്രയും പറഞ്ഞു ചിരിച്ചുകൊണ്ട് തിരികെ നടന്നു വരുന്ന എന്റെ പെങ്ങളുടെ കണ്ണുകളിലെ നനവ് എനിക്ക് തിരിച്ചറിയാമായിരുന്നു. അവളിലെ മാതൃത്വം തേങ്ങുന്നതു എനിക്കു കേൾക്കാമായിരുന്നു. അപ്പോഴും അവൻ നല്ല ഉറക്കമാണ്. ചീകിയൊതുക്കിയ മുടിയും, കവിളിലെ കറുത്ത കുത്തും, ഓമനത്വം നിറഞ്ഞ മുഖവും ഒറ്റ നോട്ടത്തിൽ അവനെ ഒരു പെൺകുഞ്ഞായി തെറ്റിദ്ധരിക്കാൻ ഇടയാക്കാറുണ്ട്. എത്ര ബഹളം കേട്ടാലും അവൻ പെട്ടെന്നുണരില്ലെന്ന് അവളെങ്ങനെ പറയും? അവനിതുവരെയൊന്ന് ഉറക്കെ കരഞ്ഞിട്ടില്ലെന്ന്, ഒന്നു പുഞ്ചിരിച്ചിട്ടില്ലെന്ന് അവളെങ്ങനെ പറയും? ഉണർന്നാലും പരിസരത്തു നടക്കുന്നതു എന്താണെന്നു പോലും ശ്രദ്ധിക്കാതെ ദൂരേക്ക് എവിടെയോ നോക്കിയിരിക്കലാണ് പതിവെന്ന് എങ്ങനെ പറയും? അവ്യക്തമായ മൂളലുകളിലൂടെയാണ് അവന്റെ അസ്വസ്ഥതകൾ, വേദനകൾ അവൻ പ്രകടിപ്പിക്കുന്നത് എന്ന് അവളെങ്ങനെ പറയും? 

ഇന്നേവരെ അവന്റെ വായിൽ നിന്നും ഉമ്മയെന്നു വിളികേൾക്കാൻ കഴിയാത്ത, മാതൃത്വം നിറഞ്ഞ തന്റെ മാറോട് ചേർത്ത്  മുലയൂട്ടാൻ കഴിയാത്ത, ഉണരേണ്ട സമയം കഴിഞ്ഞിട്ടും ഉണരാത്ത അവന്റെ ദീർഘമായ  ഉറക്കങ്ങളിൽ  നെഞ്ചിൽ കൈ ചേർത്ത് വെച്ച് അവന്റെ ഹൃദയമിടിപ്പ് പരിശോധിക്കേണ്ടി വരുന്ന ഒരു ഗതികെട്ട മാതാവാണ് ഞാനെന്ന് അവളെങ്ങനെ പറയും? മൂന്നു വയസ്സായിട്ടും കഴുത്തുറച്ചിട്ടില്ല എന്ന്, കമിഴ്ന്നു വീണിട്ടില്ല എന്ന്, കാലുകൾ നിലത്തുറപ്പിക്കാറില്ല എന്ന് അവളെങ്ങനെ പറയും?

അതെ.. മാസം തികഞ്ഞാണവൾ അവനെ പ്രസവിച്ചത്. അതുവരെയുള്ള ചെക്കപ്പുകളിൽ പിടികൊടുക്കാതിരുന്ന എന്തു കാരണമാണ് അവന്റെ ഈ അവസ്ഥയ്ക്കു വഴിയൊരുക്കിയതെന്ന് ഇന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ആർക്കാണു പിഴച്ചത്? ജനിച്ചു രണ്ടാം നാൾ ശരീരം നീലിച്ച് ശ്വാസം പോലുമെടുക്കാത്തതു പോലെ കിടന്ന അവനെ മാറോടടക്കിപ്പിടിച്ച് ആംബുലൻസിൽ വേറോരു ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ഒരുപാടു സംസാരിക്കാത്ത പലപ്പോഴും ഗൗരവം നടിച്ച് നടക്കാറുണ്ടായിരുന്ന അളിയൻ അന്നാദ്യമായി എന്റെ മുന്നിൽ വെച്ച് പൊട്ടിക്കരഞ്ഞു, ഒരു കുട്ടിയെ പോലെ.

പരിചരണത്തിലൂടെ അവളവനെ സാധാരണ ഗതിയിലേക്ക് മടക്കി കൊണ്ടുവരും

ആ യാത്ര ഒരു തുടക്കമായിരുന്നു. ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്ക്. മാസാമാസം പതിനായിരങ്ങളുടെ മരുന്നുകൾ. കളിപ്പാട്ടങ്ങൾ കൊണ്ടു നിറയേണ്ട മുറിയിൽ, വീട്ടിൽ, മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾ തരം തിരിച്ചു വെക്കുന്നതു പോലെ പലതരം മരുന്നുകൾ... കുറുമ്പ് കാട്ടി തുള്ളിച്ചാടി നടന്ന പെങ്ങൾ എത്ര വേഗമാണ് ഒരു ഭാര്യയിലേക്കും അവിടെ നിന്ന് ഒരു മാതാവിലേക്കും മാറിയത്. അവന്റെ മൂളലുകൾക്കു പോലും അർത്ഥമുണ്ടെന്ന് അവൾ തെളിയിച്ചു. അവർക്കു മാത്രം മനസ്സിലാകുന്ന ഭാഷയിലവർ സംസാരിക്കുന്നു. ചവച്ചരച്ച് കഴിക്കാൻ കഴിയാത്ത അവന് കിളികൾക്ക് ആഹാരം കൊടുക്കുന്നതു പോലെ അവൾ എല്ലാതരം ആഹാരവും കൊടുക്കും. ഒരിക്കലും വയ്യാത്ത കുഞ്ഞ് എന്ന  സഹതാപം പതിച്ച ലേബൽ അവനു ചാർത്തിക്കൊടുക്കുവാൻ അവളും അളിയനും  അനുവദിച്ചില്ല. ആൾക്കൂട്ടത്തിൽ, യാത്രകളിൽ അവർ അവനെയും കൊണ്ടുപോകും. ലീവിനു വരുന്ന സമയങ്ങളിൽ അവനോടൊപ്പമാണ് അളിയൻ കൂടുതലും ചിലവഴിക്കുക.

ചുവരുകൾക്കുള്ളിൽ തളച്ചിടാതെ, ബൈക്കിൽ, കാറിൽ നാടു കാണിച്ച്, ഉത്സവം കാണിച്ച്, കടലു കാണിച്ച് അവനെ കാഴ്ചകളുടെ ലോകത്തേക്ക് കൊണ്ടുപൊകാറുണ്ട്... അന്നും ഇന്നും.. ഇടക്കിടെ കടന്നുവരുന്ന ഫിക്സ് എന്ന അവസ്ഥ (അപസ്മാരത്തിനു തുല്യമായ അവസ്ഥ) കണ്ടു നിൽക്കുന്നവരുടെ നെഞ്ചു പിടക്കുന്ന കാഴ്ച! ഞരമ്പുകൾ വലിഞ്ഞു മുറുകി കണ്ണുകൾ മുകളിലേക്കാക്കി ശരീരം വില്ലുപോലെ വളഞ്ഞ് നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി വേദനയിൽ ഒന്നുറക്കെ കരയാനാകാതെ അവൻ പിടയുമ്പോൾ പ്രാണൻ പിടയുന്ന വേദനയുമായി അവൾ അരികിലുണ്ടാകും. അവൾക്ക് മാത്രം അറിയാവുന്ന പരിചരണത്തിലൂടെ അവളവനെ സാധാരണ ഗതിയിലേക്ക് മടക്കി കൊണ്ടുവരും. പലപ്പോഴും അവളുടെ കയ്യിലെ വിരലുകളിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടാകും. വേദനയുടെ കാഠിന്യത്താലവൻ പല്ലുകൾ കൂട്ടിപ്പിടിക്കുമ്പോൾ നാക്ക് ഇടയിൽ പെടാതിരിക്കുവാൻ അവൾ വിരലുകൾ സ്വയം വെച്ചു കൊടുക്കും. ചോദിക്കുമ്പോൾ അവൾ പറയും, ''എന്റെ മോൻ ആ നിമിഷം അനുഭവിക്കുന്ന വേദനയുടെ ഒരംശം പോലും എനിക്കിതിൽ തോന്നില്ല'' എന്ന്. ഞങ്ങളുടെ പല ദിവസങ്ങളും ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്കായിരുന്നു.

ആശുപത്രികളിൽ കണ്ട കാഴ്ചകളൊക്കെയും മനസ്സിൽ വേദനയും ചിന്തകളും തീർക്കുന്നതായിരുന്നു. കുഞ്ഞിന്റെ അസുഖം ഭേദമാകാൻ കണ്ണീരും പ്രാർത്ഥനകളുമായി കഴിയുന്നവരെയും, ഒരു കുഞ്ഞിനെ ലഭിക്കാൻ ചികിത്സ തേടി വന്നവരെയും, കിട്ടിയ കുഞ്ഞിനെ പുറംലോകം കാണിക്കാതെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെയും ആ വരാന്തകളിൽ ഞങ്ങൾ കണ്ടുമുട്ടി. വരാന്തകളിൽ ഇരുന്ന് തീർത്ത സമയങ്ങൾ.. രാത്രികളിൽ.. പകലുകളിൽ തമിഴ്നാട്ടിലെയും തിരുവനന്തപുരത്തെയും റോഡുകളിൽ നടന്നു തീർത്ത ദിവസങ്ങൾ. ബസിനകത്തെ തിരക്കുകളിൽ നിന്നും ഇരുന്നും തീർത്ത ദിവസങ്ങൾ. കാറുകളിൽ താണ്ടിയ അനേകം ദൂരങ്ങൾ.

അരികിൽ പുഞ്ചിരി തൂകി അവളിരിപ്പുണ്ട്

ഓണക്കാലത്ത്, നോയമ്പിന്, പെരുന്നാളിന്, കുടുംബത്തിലെ പല പരിപാടികളുടെ സമയത്ത്.. ഈ സമയങ്ങളിലൊക്കെ ഒന്നിലും പങ്കെടുക്കാനാകാതെ ആശുപത്രി വരാന്തകൾ ഞങ്ങളുടെ സന്തോഷങ്ങളെ തിന്നു തീർത്തിട്ടുണ്ട്. അവന്റെ ഒരു ചിരിയിൽ, സന്തോഷത്തോടെയുള്ള തലയാട്ടലുകളിൽ, മൂളലുകളിൽ. ഈ വേദനകളൊക്കെയും ഞങ്ങൾ മറക്കും. ആദ്യമായി അവൻ ചിരിച്ചപ്പോൾ, ഒന്നുറക്കെ കരഞ്ഞപ്പോൾ, കഴുത്തുറച്ചപ്പോൾ.. എഴുന്നേറ്റിരുന്നപ്പോൾ.. ഈ ലോകം വെട്ടിപ്പിടിച്ച സന്തോഷം അവളുടെ മുഖത്ത് ഞാൻ കണ്ടു. പ്രവാസത്തിന്റെ വേദനയിലും മനസ്സുനിറഞ്ഞു സന്തോഷിക്കുന്ന അളിയനെ ഞാൻ കണ്ടു.

ഇപ്പോൾ, ഹോമിയോ മരുന്നിന്റെ ചികിത്സയിൽ മാറ്റങ്ങളുടെ പാതയിലാണിന്നവൻ. സ്പെഷ്യൽ സ്കൂളിലെ ടീച്ചർമാരുടെ പ്രിയ ശിഷ്യനാണിന്നവൻ. ഒരു വയസ്സുള്ള ആദം മോന്റെ ഇക്കാക്കയാണിന്നവൻ. അരികിൽ പുഞ്ചിരി തൂകി അവളിരിപ്പുണ്ട്. പതിനെട്ടുകാരിയിൽ നിന്നും ഉത്തരവാദിത്വമുള്ള  ഭാര്യയിലേക്ക് പെട്ടെന്ന് മാറിയ എന്റെ പെങ്ങൾ. അവിടെ നിന്നും മാതാവിലേക്ക് മാറിയവൾ. വീഴ്ചകളിൽ, വേദനകളിൽ, പടച്ചവന്റെ പരീക്ഷണങ്ങളിൽ പതറാതെ അവനെ തിരികെ പിടിച്ചവൾ. മരുന്നിനൊപ്പം ആവോളം സ്നേഹം അവനു പകർന്നു നൽകിയവൾ. ഓരോ അവസ്ഥകളും പതറാതെ നേരിട്ട് എല്ലാവരെയും അത്ഭുതപ്പെടുത്തിയവൾ. ആരോ പറഞ്ഞതുപോലെ ദൈവത്തിന് ഏറെ ഇഷ്ടപ്പെട്ട മാതാപിതാക്കൾക്കാണത്രെ ഇത്തരം കുഞ്ഞുങ്ങളെ ലഭിക്കുക..

ഓർക്കാൻ ഇഷ്ടപ്പെടാത്ത ആശുപത്രിയോർമ്മകൾ എഴുതുവാനിനിയുമേറെയാണ്

കുഞ്ഞിനു ബഹളം കൂടുതലാണെന്ന്, നിർബന്ധം കൂടുതലാണെന്നു പറയുന്നവർ ഒരു നിമിഷം കണ്ണടച്ചൊന്നു സങ്കൽപ്പിക്കുക.. ഒരു ദിവസം, അല്ലെങ്കിൽ ഒരു മണിക്കൂർ, അതുമല്ലെങ്കിൽ ഒരു പത്തു മിനിറ്റ് സ്വന്തം കുഞ്ഞ് ഒന്നും മിണ്ടാതെ ഇരുന്നാൽ, ഒന്നു ചലിക്കാനാകാതെ കിടന്നാൽ സഹിക്കുമോ? കഴിയില്ല.. സങ്കൽപ്പിക്കാൻ പോലും കഴിയില്ല. മകന്.. അല്ലെങ്കിൽ മകൾക്ക് പഠനത്തിൽ ശ്രദ്ധ കുറവാണെന്നു പറയുന്നവർ ഇത്തരം കുട്ടികളെയും അവരുടെ മാതാപിതാക്കളേയും ഒന്നു ശ്രദ്ധിച്ചു നോക്കണം. അവർക്കിടയിൽ ഒരു നോട്ടത്തിൽ, ഒരു പുഞ്ചിരിയിൽ വസന്തം വിരിയുന്നതു കാണാം.

കുഞ്ഞുങ്ങൾ എല്ലാം അറിഞ്ഞു വളരട്ടെ. ഒരുപാടു വസന്തങ്ങൾ തീർക്കട്ടെ. മറക്കാൻ കഴിയാത്ത, ഓർക്കാൻ ഇഷ്ടപ്പെടാത്ത ആശുപത്രിയോർമ്മകൾ എഴുതുവാനിനിയുമേറെയാണ്. ഇനിയുമെഴുതിയാൽ ഉള്ളുനീറുന്ന അടക്കിപ്പിടിച്ചൊരു പേമാരി  പെയ്തേക്കാം..

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം