Asianet News MalayalamAsianet News Malayalam

ജീവിതം അറിയണോ, ഒരിക്കലെങ്കിലും ഇവിടെ വരണം!

സന്ധ്യാ സമയം. പുറത്ത് 'പാലു കുടിച്ചവര്‍' ബഹളം വെക്കുന്നുണ്ട്. ഇനി എന്തേലും പറ്റിയാല്‍ ഡോക്ടറുടെ തലയില്‍ വീഴും. ഡോക്ടര്‍ ഒരു കത്ത് എനിക്ക് തന്നു, മെഡിക്കല്‍ കോളേജില്‍ കൊടുക്കാന്‍. 

hospital days jobi kulappuraykkal
Author
Thiruvananthapuram, First Published Nov 30, 2018, 7:08 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്.

hospital days jobi kulappuraykkal

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഞങ്ങള്‍ കുറച്ചു 'പഠിക്കുന്ന കുട്ടികള്‍'ക്കായുള്ള സപ്ലി ഉത്സവം നടക്കുന്ന കാലം. ഉത്സവം ആ കൊല്ലം കൊടിയേറിയതു ഏഴാം സെമസ്റ്ററിലെ നോര്‍മല്‍ ഉത്സവത്തോടു  കൂടി നവംബര്‍ അഞ്ചിന്. ആറിന് അഞ്ചാം സെമസ്റ്റര്‍ സപ്ലി, ഏഴിന് മൂന്നാം സെമസ്റ്റര്‍ സപ്ലി... ഇങ്ങനെയാണ് ആ കൊല്ലത്തെ ഉത്സവത്തിലെ കാര്യപരിപാടികള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.

നല്ലതു പോലെ കഠിനാധ്വാനം ചെയ്ത കൊണ്ടും, ഇന്‍റേണല്‍ മാര്‍ക്കുകള്‍ ഇരുപതിന് അടുത്ത് ഉണ്ടായിരുന്നതിനാലും, ശനിയും ഞായറും ഒഴികെ  നവംബര്‍ അഞ്ചു മുതല്‍  എനിക്ക് എല്ലാ ദിവസവും ഉത്സവം ഉണ്ടാരുന്നു.

ചുഴലി വന്നത് കൊണ്ട് താക്കോല്‍ കയ്യില്‍  പിടിപ്പിച്ചിട്ടുണ്ട്

ഡിസംബര്‍ പന്ത്രണ്ട്. അന്നാണ് കൊടിയിറക്കം. കൊടിയിറക്കത്തിന് രണ്ടു നാള്‍ മുന്നേ, പത്തിന് വീട് വരെ ഒന്ന് വരേണ്ടി വന്നു. അന്ന് രാത്രിയില്‍ ഒരു ഫോണ്‍ കാള്‍. 'ഡാ നിന്‍റെ  ചേട്ടന് ചുഴലി വന്നു. വീണു. തലപൊട്ടി. നീ പെട്ടെന്ന് വരണം' 

ഞാന്‍ ഒരു കളസവും ഇട്ടുകൊണ്ട് ഓടി.

ചേട്ടന്‍ മറിഞ്ഞു വീണത് ദുബായിലേക്കാളും മെച്ചപ്പെട്ടതെന്നു സര്‍ക്കാര്‍ അവകാശപ്പെടുന്ന കുട്ടനാട്ടിലെ ഒരു സാധാരണ റോഡില്‍ ആയതു കൊണ്ട് തല ഏകദേശം ഇറച്ചിക്കടയില്‍ വച്ചിരിക്കുന്ന പോത്തിന്‍റെ തല പോലുണ്ട്. ചുഴലി വന്നത് കൊണ്ട് താക്കോല്‍ കയ്യില്‍  പിടിപ്പിച്ചിട്ടുണ്ട്.  മണ്ണ് ചുമ്മിക്കൊണ്ടിരുന്ന ഒരാളുടെ തലയിലെ തോര്‍ത്ത് കൊണ്ടാണ് ചേട്ടന്‍റെ തല ഒപ്പുന്നത്.
 
ഞാന്‍ ഇതൊക്കെ കണ്ടു ശരിക്കുമൊന്നു ഭയന്നു. ഭയം പുറത്തു കാണിക്കാതെ വലിച്ചു വാരി ഒരു ഓട്ടോയില്‍ കയറ്റി അടുത്തുള്ള ആശുപത്രിയുടെ കാഷ്വാലിറ്റിയില്‍.

ചേട്ടന്‍ വീണതിനടുത്തു ബീവറേജ് ഉള്ളത് കൊണ്ടാണോ എന്നറിയില്ല, കൂടെ ആശുപത്രിയില്‍ വന്നവരില്‍ ഞാന്‍ ഒഴികെ വേറെ ആരും ഇല്ല മദ്യപിക്കാത്തതായിട്ട്.  അതോണ്ട് കാഷ്വാലിറ്റിയുടെ  പരിസരത്തു യാതൊരു അലമ്പുമില്ലാരുന്നു.

ഇത്രേം വലിയ മുറിവായത് കൊണ്ട് വേറെ വല്ലോ കുഴപ്പം ഉണ്ടോ


ഞാന്‍ പാലും വെള്ളവും, മോരും വെള്ളവും  ഒന്നും കുടിക്കാഞ്ഞതു കൊണ്ട് എന്നെ അവര്‍ അകത്തു കയറ്റി ഞാന്‍ ആ തല നോക്കിപകച്ചു ഒരു മൂലയ്ക്ക് നിന്നു.
 
അവര്‍ ബ്ലഡ് ക്ളോട് ചെയ്യാനുള്ള  മരുന്നു കൊടുത്തു. തല തുന്നിക്കെട്ടി. പത്തൊന്‍പതു തുന്നല്‍. എന്നാലും അവിടുത്തെ ഡോക്ടര്‍ക്ക് ഒരു സംശയം. ഇത്രേം വലിയ മുറിവായത് കൊണ്ട് വേറെ വല്ലോ കുഴപ്പം ഉണ്ടോ. 

സന്ധ്യാ സമയം. പുറത്ത് 'പാലു കുടിച്ചവര്‍' ബഹളം വെക്കുന്നുണ്ട്. ഇനി എന്തേലും പറ്റിയാല്‍ ഡോക്ടറുടെ തലയില്‍ വീഴും. ഡോക്ടര്‍ ഒരു കത്ത് എനിക്ക് തന്നു, മെഡിക്കല്‍ കോളേജില്‍ കൊടുക്കാന്‍. 

ആ സമയം നെഞ്ചുവേദനയുമായി തൊട്ടടുത്തുള്ള വനജ ചേച്ചിയേം കൊണ്ട് വേറൊരു ഓട്ടോ കൂടി എത്തി. വനജ ചേച്ചിക്ക് ഒരു ഇന്‍ജക്ഷന്‍ കൊടുത്തു ആശുപത്രിയുടെ ആംബുലന്‍സില്‍ നേരെ മെഡിക്കല്‍ കോളേജിലോട്ടു പറഞ്ഞയച്ചു. 
 
ഞങ്ങള്‍ക്ക് പോകാന്‍ ആംബുലന്‍സ് ഇല്ല. കിട്ടിയ ഓട്ടോയില്‍ നേരെ വിട്ടു. ചേട്ടനുമായി മെഡിക്കല്‍ കോളേജിലേക്ക്. അപ്പോള്‍ ഞാന്‍ പരീക്ഷയുടെ കാര്യം ഒന്നും ഓര്‍ത്തില്ല. മനുഷ്യജീവനേക്കാള്‍ വലുതല്ലല്ലോ സപ്ലി ഉത്സവങ്ങള്‍. തകഴി എത്തിയപ്പോള്‍ റെയില്‍വേ ക്രോസ്. കൂടെ ഉള്ള കുടിയന്മാരുടെ പ്രസിഡന്‍റിന് ഇപ്പോള്‍ പൊക്കി കിട്ടണം ലെവല്‍ ക്രോസ്. അല്ലറ ചില്ലറ കശപിശകള്‍.
 
എല്ലാമൊഴിവാക്കി നേരെ മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍... 

അവിടെ ചെന്നപ്പോള്‍ നയന മനോഹരമായ കാഴ്ചകള്‍ കണ്ട് കൂട്ടത്തില്‍ ബോധം ഉള്ള എന്‍റെ ബോധം പോയി. വണ്ണമുള്ള ഒരു ചേച്ചിയുടെ ഒരു കയ്യിലെ തോള്‍ എല്ലു പൊട്ടി ചുരിദാര്‍ തുളച്ചുപുറത്തു നില്‍ക്കുന്നു. മറ്റേ കയ്യില്‍ പകുതി മാംസം ഇല്ല.  വസ്ത്രം മുഴുവന്‍ ചോരയില്‍ കുതിര്‍ന്നു നില്‍ക്കുന്നു. എങ്ങനെ ബോധം പോകാതെ ഇരിക്കും. ബോധം വന്നപ്പോള്‍ അവരോടു എന്ത് പറ്റിയതാണെന്ന് ചോദിച്ചു. ഒരു പട്ടി കുറുകെ ചാടിയതാണെന്നു...

പെട്ടെന്നാണ് ആ കാഴ്ച എന്‍റെ ശ്രദ്ധയില്‍ പെട്ടത്

ചേട്ടന്‍റെ തലയാണ് ഇനി അടുത്തത് നോക്കുന്നെ. ഡോക്ടര്‍ ആ പഴയ തുന്നലൊന്നു അഴിച്ചു. വീണ്ടും തുന്നിക്കെട്ടി. ഐസിയുവിലോട്ടു ചേട്ടനെ മാറ്റി. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ കട്ടില്‍ ഒന്നുമില്ല. എല്ലാ ബെഡിലും രണ്ടു രോഗികള്‍ വെച്ച് കിടപ്പുണ്ട്. അതിലൊരു കട്ടിലില്‍ ഞങ്ങള്‍ ഇരുന്നു. 

പെട്ടെന്നാണ് ആ കാഴ്ച എന്‍റെ ശ്രദ്ധയില്‍ പെട്ടത്. ദേ നമ്മുടെ വനജ ചേച്ചി സ്ട്രെച്ചറില്‍ കിടന്നു കരയുന്നു. പീതാംബരേട്ടന്‍ വിങ്ങുന്നു. ഞാന്‍ ഓടിച്ചെന്ന് ചോദിച്ചു, ഡോക്ടറെ കണ്ടില്ലേ?  'കണ്ടു, ഐസിയുവില്‍ കൊണ്ട് പോകാന്‍ പറഞ്ഞു. എനിക്കറിയില്ല അതെവിടാന്ന്'. ഞാന്‍ അറ്റന്‍ഡറെ തപ്പി. കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. ഡ്യൂട്ടിയിലുള്ള നഴ്‌സിന് ക്യൂട്ടക്‌സ് ഇട്ടു കൊടുക്കുവാണ് പാവം. 

എന്‍റെ കൂടെയുള്ള 'പാലു' കുടിച്ച ചേട്ടന്മാരും ഈ കാഴ്ച കണ്ടു. കൂട്ടത്തിലൊരു ചേട്ടന്‍ കൊടുത്തു ഒരു ബൈ സൈക്കിള്‍ കിക്ക്. അങ്ങേരു തെറിച്ചു ടേബിളുമായി താഴോട്ട്. പിന്നീട് ഒരു നിലവിളി. ചെറിയ കുറച്ചു ഭരണിപ്പാട്ടുകളും. പോലീസ് എയിഡ് പോസ്റ്റില്‍ നിന്നും എസ്.ഐ ഓടി വന്നു.

വന്നപ്പോള്‍ കണ്ട കാഴ്ച അറ്റന്‍ഡര്‍ ചുരുണ്ടു കൂടി തറയില്‍ കിടക്കുന്നു. അവിടെ മുഴുവന്‍ ക്യൂട്ടക്‌സും ഉണ്ട്. അതിന്‍റെ കളറ് റോസ് ആയതു കൊണ്ട് രക്ഷപെട്ടു. ഇല്ലേല്‍ കളി വേറെ ആക്കിയേനെ അറ്റന്‍ഡര്‍... പോലീസ് ഇടപെട്ടു ചേച്ചിയെ എത്തിക്കേണ്ട ഇടത്ത് എത്തിച്ചു. അറ്റന്‍ഡറെ പോലീസും, വേറെ ആരൊക്കെയോ ചേര്‍ന്ന് വിളിച്ചു കൊണ്ട് പോയി പുറത്തേക്ക്. എന്‍റെ കൂടെ വന്ന എല്ലാവരെയും പോലീസ് വിരട്ടി പുറത്താക്കി.  

'ഞാന്‍ ഇനി ചാകാന്‍ ശ്രമിക്കത്തില്ലേ. എന്നെ ഒന്നും ചെയ്യല്ലേ'                        

ചേട്ടന്റെ തല ഇപ്പോള്‍ പഞ്ചാബി ഹൗസിലെ ജനാര്‍ദ്ദനന്റെ തല പോലെ ഉണ്ട്. വലിയ കെട്ട്. ഞാന്‍ എന്‍റെ കൈ കൊണ്ട് വാഴയ്ക്ക് താങ്ങു കൊടുക്കുന്ന പോലെ തല താങ്ങി നിര്‍ത്തി പതിയെ ഇരുന്നു ഉറക്കംപിടിച്ചു. 

പെട്ടെന്ന് ഞാന്‍ ഞെട്ടി ഉണര്‍ന്നു. ഉണര്‍ന്നപ്പോള്‍ കേട്ട സ്വരം ഇങ്ങനെയാണ്. 'ഞാന്‍ ഇനി ചാകാന്‍ ശ്രമിക്കത്തില്ലേ. എന്നെ ഒന്നും ചെയ്യല്ലേ'- കാറി പൊളിക്കുന്ന ഒരു പെണ്‍ശബ്ദം. ഒന്നല്ല... രണ്ടു പെണ്‍ശബ്ദം. ഉറക്കത്തിന്‍റെ ആലസ്യത്തില്‍ ഞാന്‍ ഓര്‍ത്തു, പൊലീസുകാര്‍ രോഗികളെ ചോദ്യം ചെയ്യുകയായിരിക്കും എന്ന്.

അടുത്തുള്ള കൂട്ടിരുപ്പുകാരന്‍ അവിടെ പോയി വന്നപ്പോള്‍ ആണ് അറിഞ്ഞത്, എട്ടില്‍ പഠിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ പ്രേമ നൈരാശ്യത്തില്‍ ഒതളങ്ങ തിന്നതാണ്. വീണ്ടും ഉറക്കം പിടിച്ചപ്പോള്‍ ചേട്ടന്‍ ഒരു അടി. 'പാതി രാത്രിയില്‍ ആണോടാ സൈക്കിള്‍ ചവിട്ടുന്നതെന്ന്'-എന്‍റെ കിളി പോയി...

വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചു പലവട്ടം. പക്ഷെ, കൃത്യമായ ഇടവേളകളില്‍ കാഷ്വാലിറ്റിയില്‍നിന്നു ഉയര്‍ന്നു കേള്‍ക്കുന്ന കരച്ചിലുകള്‍ എന്‍റെ ഉറക്കം കെടുത്തി. ആ രാത്രിയില്‍ മാത്രം അപകടം പറ്റി എത്രയോ ആളുകള്‍ അവിടെ വന്നു. അല്ലാത്ത വയ്യായ്ക വന്നു വന്നവരും കുറവല്ല. എന്നാല്‍ കൂടുതലും, അപകടങ്ങളും, വരുത്തി വെച്ചവയും.      

ഡോക്ടര്‍മാരുടെ സേവനം സ്തുത്യര്‍ഹം തന്നെ എന്ന് തോന്നി പോയ നിമിഷങ്ങള്‍ ആയിരുന്നു ആ രാത്രി. നേരം വെളുക്കാന്‍ കൊതിച്ച രാത്രി. ഒന്ന് വീട്ടില്‍ പോകണം. കിടന്നുറങ്ങണം. അഞ്ചു മണിയായപ്പോള്‍ ആണ് ഞാന്‍ ഓര്‍ത്തത് നാളെ ഉത്സവം ഉണ്ടെന്ന്. 

പേരപ്പനെ വിളിച്ചു. 'പേരപ്പാ എനിക്ക് നാളെ പരീക്ഷ ഉണ്ട്. പട്ടെന്ന് വാ'

ഉറക്കത്തിന്‍റെ ആലസ്യം ഉത്സവത്തെ ബാധിച്ചു

പേരപ്പന്‍റെ മറുപടി ഇങ്ങനെ: 'ഒരു ഇരുപതു പുട്ടു കൂടി ഉണ്ടാക്കി അലമാരിയില്‍ വെച്ചിട്ടു പേരമ്മയെ വിളിച്ചു കടയില്‍ ഇരുത്തിയിട്ടു വരാം എന്ന്.'
 
സപ്ലി ഉത്സവങ്ങള്‍ എനിക്കൊരു പുത്തരി അല്ലെങ്കിലും, അന്ന് ആ ഉത്സവത്തിന് പോകണം എന്നാഗ്രഹിച്ചു കൊണ്ട് അമ്മയെ വിളിച്ചു വരുത്തി ചേട്ടനെ ഏല്‍പ്പിച്ചു ഞാന്‍ മടങ്ങി വീട്ടിലേക്ക്. ഉറക്കത്തിന്‍റെ ആലസ്യം ഉത്സവത്തെ ബാധിച്ചു എന്നറിഞ്ഞത് അടുത്ത ഉത്സവത്തിനുള്ള കമ്മറ്റിക്കാരെ ക്ലബ്ബില്‍ നിന്നും തിരഞ്ഞെടുത്തപ്പോള്‍ ആണ്.
 
നീ വലിയവനാണെന്നു നിനക്ക് തോന്നുന്നുണ്ടെങ്കില്‍ നീ പോവണം ഒരിക്കല്‍ ഏതെങ്കിലും ഒരു മെഡിക്കല്‍  കോളേജിലോട്ട്. അതും ഒരു രാത്രിയില്‍. കാഷ്വാലിറ്റിയുടെ മുന്നില്‍. അതോടെ അത്തരം ചിന്തകളെല്ലാം മാറിക്കോളും.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios