ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്.

മകനെ ഗര്‍ഭം ധരിച്ച് എട്ടാം മാസം.  ഒരു ദിവസം പതിവില്ലാതെ കലശലായ ക്ഷീണവും, വിമ്മിഷ്ടവും തോന്നിയപ്പോള്‍ ഉടനെ ചെക്കപ്പിനായി സ്ഥിരം കാണിക്കുന്ന ഗൈനക്കോളജിസ്റ്റിനെ  കാണുവാന്‍ ഞാനും ഭര്‍ത്താവും ചെന്നു. എറണാകുളത്തുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ ആയിരുന്നു അത്. പരിശോധന കഴിഞ്ഞപ്പോള്‍ ഉടനടി സ്‌കാനിംഗ് വേണമെന്നും കുട്ടിയുടെ ഹാര്‍ട്ട് ബീറ്റില്‍ വ്യതിയാനം കാണുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. സ്‌കാനിങ്ങില്‍ കുട്ടീടെ കഴുത്തില്‍ കോഡ് ചുറ്റിയത് കൊണ്ടാണ് അങ്ങനെയെന്നും ഉടനെ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കണമെന്നും ആയി ഡോക്ടര്‍. പെട്ടെന്ന് ഓപ്പറേഷന്‍ വേണം എന്ന് കേട്ടപ്പോള്‍ ഉള്ളില്‍ സ്വരുക്കൂട്ടിയ ശക്തി ഒക്കെ കയ്യില്‍ നിന്നും പോകുന്ന പോലെ തോന്നി എനിക്ക്. 
 
സ്‌കാനിങ് റൂമില്‍ നിന്നും നേരെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക്. അവിടെ ഞാന്‍ കണ്ട സിസ്റ്റര്‍മാര്‍ ശരിക്കും മാലാഖ കുട്ടികള്‍ തന്നെ. ഓരോ മിനിറ്റിലും അവര്‍ തന്ന കെയര്‍ പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. അനസ്‌തേഷ്യ എന്നൊക്കെ കേട്ടറിവ് മാത്രമേ ഉണ്ടാരുന്നുള്ളൂ. അനസ്‌തേഷ്യ തരും മുമ്പേ എന്റെ  ബോധം പോയെന്നു തോന്നുന്നു. കണ്ണ് തുറന്നപ്പോള്‍ എന്നെ ഐ സി യു വിലേക്ക് മാറ്റുന്നു. എന്റെ കുട്ടി എവിടേന്നു ചോദിക്കാന്‍ പോലും ആവുന്നില്ല. ശബ്ദം പുറത്തേക്ക് വരുന്നുണ്ടോന്നു പോലും സംശയം. കയ്യും കാലുമൊക്കെ മരവിച്ചിരിക്കുന്നു. 

പേടിക്കണ്ട, നേരം വെളുക്കുമ്പോള്‍ മീരയെ റൂമിലേക്ക് മാറ്റും

കണ്ണ് തുറന്ന എന്നെ കണ്ട സിസ്റ്റര്‍  അങ്കലാപ്പ് കണ്ടു ഒരു പുഞ്ചിരിയോട് കൂടി പറഞ്ഞു- 'മീരയ്ക്ക് മോന്‍ ആണ് 3.200 വെയ്റ്റ് ഉണ്ട്. കുഞ്ഞിന് ഒരു കുഴപ്പവുമില്ല സുഖമായിട്ടിരിക്കുന്നു. ഇപ്പോ എന്‍ഐസിയുവില്‍ ആണ്. പേടിക്കണ്ട, നേരം വെളുക്കുമ്പോള്‍ മീരയെ റൂമിലേക്ക് മാറ്റും. അപ്പോള്‍ മോനേം തരും. ഇപ്പോള്‍ മോനെ മീരയെ കാണിക്കുവാന്‍ കൊണ്ട് വരും, കേട്ടോ'. 

മനസ്സ് വല്ലാതെ വീര്‍പ്പു മുട്ടി.  മോനെ കാണുവാനും വാരിപ്പുണരാനും ഉള്ളു വെമ്പല്‍ കൊണ്ടിരുന്നു. അപ്പോഴേക്കും കുഞ്ഞിനേം കൊണ്ട് സിസ്റ്റര്‍ വന്നു. പൊന്നുമോനെ കണ്‍കുളിര്‍ക്കെ ഞാന്‍ കണ്ടു. ഉമ്മ വെച്ചു. എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുക. അവനെ സിസ്റ്റര്‍ തിരിച്ചു കൊണ്ടുപോവുന്നതു കണ്ടപ്പോള്‍ ഉള്ളംപിടഞ്ഞ. ഞാന്‍ ഐസിയു ബെഡില്‍ കിടന്നു. മയങ്ങുവാന്‍ ഉള്ള മരുന്നുകള്‍ തന്നിട്ടും ഉറക്കം വരാതെ നേരം വെളുക്കുവാന്‍ ഇനിയും കാത്തിരിക്കണമല്ലോ എന്നോര്‍ത്ത് ഞാന്‍ കിടന്നു. എപ്പോഴോ മയങ്ങി. നേരം വെളുത്തു എന്നെ റൂമിലേക്കു മാറ്റി. മോനെയും കൊണ്ട് വന്നു. അങ്ങനെ മനം സന്തോഷത്തിമിര്‍പ്പിലായി. 

പിന്നീട് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തി. കണ്‍മണിയെ കൊഞ്ചിക്കലും ലാളിക്കലും ഒക്കെയായി മൂന്ന് ദിവസങ്ങള്‍ പോയി. കുട്ടീടെ ഫസ്റ്റ് ചെക്കപ്പ് പറഞ്ഞ ദിവസം ഞങ്ങള്‍ ഹോസ്പിറ്റലില്‍ വീണ്ടുമെത്തി. കുഞ്ഞിന് മഞ്ഞപ്പുണ്ടെന്നും ഉടനെ അഡ്മിറ്റ് ആകണമെന്നും പറഞ്ഞു. അവനെ എന്‍ഐസിയിവിലേക്ക് മാറ്റി. എന്റെ കയ്യില്‍ നിന്നും അവനെ കൊണ്ട് പോകുമ്പോള്‍ ഉള്ളുപിടഞ്ഞു ഞാന്‍ കരഞ്ഞു. ദൈവം എന്നെ വീണ്ടും പരീക്ഷിക്കുന്നതെന്തിന് എന്നോര്‍ത്ത് നൊമ്പരപ്പെട്ടു. 

കുറച്ചു കഴിഞ്ഞ് എന്നെയും ഭര്‍ത്താവിനെയും വിളിച്ചു കൊണ്ട് പോയി. അവിടെ ലൈറ്റ് ഇട്ട് ഹാര്‍ട്ട് ബീറ്റ് അറിയയാനുള്ള ട്യൂബ് ഒക്കെ ഇട്ടു, രണ്ടു കണ്ണും ഒരു ചെറിയ പാഡ് പോലെ ഒന്ന് കൊണ്ട്  മൂടി വെച്ച്  മോനെ കിടത്തിയത് കണ്ടു എനിക്ക് ബോധം പോയി. എന്നെ താങ്ങി പിടിച്ചു ഒരു ബെഡില്‍ കിടത്തി. അവിടെ ഉള്ള പ്രായം കൂടിയ ഒരു സിസ്റ്റര്‍ അരികില്‍ വന്നു എന്നെ കെട്ടിപ്പിടിച്ചു. അവര്‍ പറഞ്ഞു, 'ഇതൊന്നും ഒരു രോഗമല്ല മോളെ, നേരത്തെ ജനിക്കുന്ന കുട്ടികള്‍ക്ക്  ഇതൊക്കെ സാധാരണമാണ്. ഇതിനൊന്നും ഇങ്ങനെ വിഷമിക്കരുത്'. ഗര്‍ഭിണി ആയിരിക്കുമ്പോ അമ്മ വെയിലൊക്കെ കൊണ്ടിട്ടും ചില കുട്ടികള്‍ക്ക്  മഞ്ഞപ്പു വരാറുണ്ടെന്നും അവര്‍ പറഞ്ഞു. 

അതുകൊണ്ടാണ് കുട്ടിയെ അങ്ങനെ കിടത്തിയിരിക്കുന്നതെന്നും അവര്‍  വിശദമായി പറഞ്ഞു തന്നു

സാധാരണയായി ഫോട്ടോതെറാപ്പി വഴിയാണ് കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തം ചികിത്സിക്കുന്നത്. കുഞ്ഞിനെ ലൈറ്റിട്ട് അതിന്റെ ചുവട്ടില്‍ കിടത്തുന്ന ചികിത്സാരീതിയാണിത്. അതുകൊണ്ടാണ് കുട്ടിയെ അങ്ങനെ കിടത്തിയിരിക്കുന്നതെന്നും അവര്‍  വിശദമായി പറഞ്ഞു തന്നു.

പിന്നീട് കുറച്ചു ദിവസം കൂടി മോന്‍ എന്‍ഐസിയുവിലായിരുന്നു. ഓരോ രണ്ട് മണിക്കൂര്‍ കഴിയുമ്പോഴും, ഞങ്ങളുടെ റൂമിലേക്കു കാള്‍ വരും. 'ബേബി ഓഫ് മീരക്ക് ഫീഡിങ്ങിന് വരണം'. ഞാന്‍ അവിടെ എത്തുമ്പോള്‍ വേറെയും അമ്മമാര്‍ പാലൂട്ടാന്‍ ഇരിക്കുന്നുണ്ടാവും. ഉറക്കച്ചടവ് മൂലം ഇടിഞ്ഞു തൂങ്ങിയ കണ്ണുകളും ക്ഷീണിച്ച മുഖവുമായി ഓരോ അമ്മമാര്‍ക്കും  കുഞ്ഞിനെ കയ്യില്‍ കിട്ടുമ്പോള്‍ കണ്ണില്‍ പ്രകാശം തനിയെ വരും.

ബ്രെസ്റ്റ് ഫീഡിങ് റൂമില്‍ കുഞ്ഞിനെ കയ്യിലേക്ക് തരുമ്പോള്‍ ഓരോ അമ്മമാരും തന്റെ കണ്മണിക്ക് മനംനിറഞ്ഞു പാലൂട്ടുന്നതും അവരുടെതായ ഒരു ലോകം തീര്‍ക്കുന്നതും  അവിടെ കാണാം. ചില കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ വലിച്ചു കുടിയ്ക്കുവാന്‍ കഴിയാതെ വരുമ്പോള്‍ പാല് പിഴിഞ്ഞെടുത്തും ബ്രെസറ്റ് പമ്പ് വഴിയും സ്പൂണിലാക്കിയും കുഞ്ഞിന്റെ വായില്‍ ഒഴിച്ച് കൊടുക്കുന്നുമുണ്ട്.

അമ്മമാര്‍ക്ക് അവര്‍ തന്നിരുന്ന പരിഗണനയും എടുത്തു പറയേണ്ടത് തന്നെ

കുഞ്ഞിന് പാല്‍ കൊടുത്ത് കഴിഞ്ഞ് തിരികെ സിസ്റ്റര്‍ അവരെ  വാങ്ങി പോകുമ്പോള്‍ ഉള്ളം പിടഞ്ഞു നോക്കിനില്‍ക്കാനേ കഴിയു. തന്റെ മക്കളെ പോലെ തന്നെ ആണ് ഓരോ സിസ്റ്റര്‍മാരും അവിടെ കുഞ്ഞുങ്ങളെ നോക്കിയിരുന്നത്. അമ്മമാര്‍ക്ക് അവര്‍ തന്നിരുന്ന പരിഗണനയും എടുത്തു പറയേണ്ടത് തന്നെ. കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്ത് തിരികെ വീട്ടിലേക്ക് മടങ്ങുന്ന നേരം ഉള്ളില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചത് ഒരു കുട്ടിക്കും അസുഖങ്ങളൊന്നും വരുത്തല്ലേ ദൈവമേ എന്നാണ്. 

കുഞ്ഞുമക്കള്‍ക്ക് എന്തെങ്കിലും വന്നാല്‍ അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാട് സഹിക്കാന്‍ പറ്റുന്നതല്ല. അതിലേറെ അവരുടെ അമ്മമാരുടെ സങ്കടം എങ്ങനെ എഴുതണമെന്നും അറിയില്ല. ഇപ്പോഴിതൊരു കഥ പോലെ എഴുതാനാവുന്നുണ്ടെങ്കിലും അപ്പോള്‍ ഞാന്‍ അനുഭവിച്ച ആത്മ സംഘര്‍ഷം പറഞ്ഞറിയിക്കാനാവില്ല.