Asianet News MalayalamAsianet News Malayalam

എന്‍റെ നിര്‍മ്മലയെപ്പോലെ സഹനശക്തിയുള്ള ഒരാളെയും ഞാന്‍ കണ്ടിട്ടില്ല ...

അതിനിടക്ക് മാറിമാറി പലപല കത്തീറ്ററുകൾ ഇട്ടു. പലപ്പോഴും ഞരമ്പ് കിട്ടാതെ മാറിമാറി കുത്തിയാലും കുത്തിയാലും ഒരു പരാതിയും ഇല്ലാതെ വേദന സഹിക്കും. രാവിലെ വൃത്തിയാക്കാന്‍ ആരുടെയും സഹായം വേണ്ടാതായി. ഒറ്റയ്ക്ക് തിരിഞ്ഞും മറിഞ്ഞും തരും. 

hospital days raji paul
Author
Thiruvananthapuram, First Published Jan 7, 2019, 1:34 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

hospital days raji paul

എന്നെ ഐ.സി.യുവിൽ പോസ്റ്റ് ചെയ്തിട്ട് 4-5 മാസമേ ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഞാൻ ഈവനിഗ് ഡ്യൂട്ടി ICU2 -വിൽ ചെയ്യുമ്പോഴാണ് ലിനിയെന്ന കൂടെ ജോലിചെയ്യുന്ന കുട്ടി ഓടി എന്‍റെ അടുത്തെത്തിയത്. ICU4 -ൽ ഡോക്ടർ ഒരു സീനിയർ സ്റ്റാഫിനെ വിളിക്കുന്നെന്ന് പറയാനായിരുന്നു അവള്‍ ഓടിയെത്തിയത്. 'വേറെ ആരെയെങ്കിലും വിളിക്കെ'ന്നു പറഞ്ഞ് ഒഴിഞ്ഞുമാറണമെന്നു ചിന്തിച്ചെങ്കിലും എന്തോ പ്രശ്നമുണ്ടെന്നു തോന്നിയപ്പോള്‍ ഞാൻ അങ്ങോട്ട് ഓടി. ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു, 'നീ മതി. ഓടി വാ. അകത്ത് ഒരു രോഗിയെ കൊണ്ടുവന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് ഡയാലിസിസ് ചെയ്യാനുള്ള കത്തീറ്റര്‍ ഇട്ടു ഡയാലിസിസ് ചെയ്യണം. പെട്ടെന്ന് റെഡി ആക്' എന്ന്.

എനിക്കാണെങ്കില്‍ അന്ന് വലിയ നിശ്ചയമില്ലാഞ്ഞിട്ടു കൂടി ഞാൻ എല്ലാം ചെയ്തു. അകത്തുകേറി നോക്കിയപ്പോൾ എന്‍റെ അമ്മയുടെ പ്രായം തോന്നുന്ന ഒരു സ്ത്രീ. വല്ലാതെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. ഡോക്ടറോട് കൂടെ നിന്ന് അസിസ്റ്റ് ചെയ്തു. ഡയാലിസിസ് തുടങ്ങി. ഞാൻ അവരുടെ കൈയിൽ പിടിച്ചു തലയിൽ മെല്ലെ തടവികൊടുത്തു. എല്ലാം ശരിയാകുമെന്ന് പറഞ്ഞു. വേറെയൊന്നും പറയാൻ ഉള്ള ഹിന്ദി അറിയില്ലായിരുന്നു എനിക്ക്. അവരൊന്ന് ഓക്കെ ആയപ്പോൾ എനിക്ക് വേറെ രോഗി ഉള്ളതിനാൽ ഞാൻ അവിടെ നിന്നും പോയി.

ഇടയ്ക്കിടെ വെന്‍റിലേറ്റർ കണക്ട് ചെയ്യാൻ വാശിപിടിക്കുമെന്നല്ലാതെ ഒരു ദുര്‍വാശിയും കണ്ടിട്ടില്ല

പിറ്റേന്ന് ഡ്യൂട്ടിക്ക് വന്നപ്പോൾ അറിഞ്ഞു, അവരെ വെന്‍റിലേറ്ററിൽ ഇട്ടെന്ന്. വായിലൂടെ ട്യൂബ് ഇട്ട് മെഷീനുമായി ബന്ധിപ്പിക്കും. പിന്നെ വെന്‍റിലേറ്റർ ആണ് ശ്വാസം എടുക്കുന്നത്. അവർ  മെഡിസിന്‍റെയും മറ്റും എഫക്ടിൽ ഉറങ്ങുക ആയിരുന്നു. ഐസൊലേഷന്‍ റൂമിലേക്ക് അന്ന് തന്നെ അവരെ മാറ്റി. എന്നും കാണുന്ന കാര്യങ്ങളായതിനാൽ ഒന്നും തോന്നേണ്ടതല്ല. എങ്കിലും ഇടക്കുപോയി അവരുടെ കാര്യങ്ങൾ തിരക്കും. ഏതോ ഒരു ക്ലിനിക്കിൽ പോയി പനിക്കോ മറ്റോ മെഡിസിൻ കഴിച്ചതാണ്. ഏതോ നിരോധിച്ച ഗുളിക അവരുടെ കിഡ്‌നിയുടെ പ്രവർത്തനത്തെ തളർത്തി. ഓരോ ദിവസങ്ങൾ കഴിയും തോറും ഓരോ ഓർഗൻസ് പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു. വല്ലാത്ത ഒരവസ്ഥയായിരുന്നു അവരുടേത്. ദുരവസ്‌ഥ  എന്ന് പറഞ്ഞാൽ മതി. അവരുടെ ശരീരത്തിന്‍റെ ത്വക്ക് മുഴുവൻ അഴുകി. എന്തിനേറെ പറയുന്നു കണ്ണുകൾ പോലും തുറക്കാൻ കഴിയാതെ കൺപോളകൾ പോലും അഴുകിത്തുടങ്ങി.

ഇടക്ക് എനിക്കും കിട്ടും അവരെ രോഗി ആയിട്ട്. നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ അവരെ രാവിലെ ക്ലീൻ ചെയ്യുന്നതായിരുന്നു ഞങ്ങൾ നേരിട്ട ഏറ്റവും വലിയ പരീക്ഷണം. തിരിക്കുമ്പോൾ എവിടെ പിടിക്കുന്നുവോ അവിടുത്തെ തൊലി മുഴുവൻ ഗ്ലൗസ് ഇട്ട കൈയിൽ ഒട്ടും. തൊലി മുഴുവൻ  ഇളകി വലിയ മുറിവുകൾ ആയി. ഉളളിൽ  ബോധമുണ്ട് എന്നുപോലും അറിയില്ല. ഒരു കുപ്പിക്ക് പതിനായിരത്തോളം വിലവരുന്ന പതിനഞ്ചു കുപ്പി ഇൻജെക്ഷൻ വീതം ഓരോ ദിവസവും കൊടുത്തുതുടങ്ങിയതിനാൽ മാറ്റങ്ങൾ വന്നുതുടങ്ങി. മാസങ്ങൾ കൊണ്ട് ശരീരത്തിലെ മുറിവുകൾ ഉണങ്ങിത്തുടങ്ങി. കൃതിമശ്വാസം നൽകുന്ന വെന്‍റിലേറ്ററിന്‍റെ ദീർഘകാല സേവനം അത്യാവശ്യമായതിനാൽ തൊണ്ടകുഴിച്ചു ട്യൂബ് ഇട്ടു (tracheostomy). ആവശ്യമുള്ളപ്പോൾ വെന്‍റിലേറ്ററിലും അല്ലാത്തപ്പോൾ ഓക്സിജനിലും ഘടിപ്പിക്കും. വായിൽ നിന്നും ട്യൂബ് ഊരിമാറ്റി. അത്യാവശ്യം വെള്ളവും ആഹാരവും കഴിക്കാമെന്നായി. 

അതിനിടക്ക് മാറിമാറി പലപല കത്തീറ്ററുകൾ ഇട്ടു. പലപ്പോഴും ഞരമ്പ് കിട്ടാതെ മാറിമാറി കുത്തിയാലും കുത്തിയാലും ഒരു പരാതിയും ഇല്ലാതെ വേദന സഹിക്കും. രാവിലെ വൃത്തിയാക്കാന്‍ ആരുടെയും സഹായം വേണ്ടാതായി. ഒറ്റയ്ക്ക് തിരിഞ്ഞും മറിഞ്ഞും തരും. ആ സമയത്തൊക്കെ ഒരു കൈ കൊണ്ട് tracheostomy ട്യൂബ് താങ്ങിപ്പിടിക്കും. ഒരു പരാതിയും ഇല്ല. ഫുഡ് തന്നെ കഴിക്കും. ഇടയ്ക്കിടെ വെന്‍റിലേറ്റർ കണക്ട് ചെയ്യാൻ വാശിപിടിക്കുമെന്നല്ലാതെ ഒരു ദുര്‍വാശിയും കണ്ടിട്ടില്ല. മുമ്പ് ഒക്കെ കണ്ണീരോടെ വന്നു കണ്ടുകൊണ്ടിരുന്ന ഭർത്താവിനെ ഇപ്പോൾ സാന്ത്വനിപ്പിക്കും. ചിരിക്കാൻ പറയും. കുട്ടികളുടെ കാര്യം തിരക്കും. വെറും സാധാരണക്കാർ. മാസങ്ങൾ കഴിഞ്ഞപ്പോൾ വാർഡിലേക്ക് മാറ്റി. കിഡ്നി രണ്ടും പ്രവർത്തനരഹിതമായതിനാൽ ഡയാലിസിസ് തുടരേണ്ടിവരും. എങ്കിലും, അവരുടെ കണ്ണുകളിൽ പ്രതീക്ഷയുണ്ടായിരുന്നു. അവരുടെ പേരുപോലെ നിർമ്മലമായ കണ്ണുകളിൽ നാളെത്തേയ്ക്കുള്ള നല്ല ജീവിതത്തിന്‍റെ കാത്തിരിപ്പുണ്ടായിരുന്നു. അതുകൊണ്ടൊക്കെ തന്നെ നിർമ്മല എന്ന രോഗി ഞങ്ങൾക്കൊക്കെ ആരെല്ലാമോ ആയിരുന്നു.

അവർ വാർഡിലേക്ക് പോയതോടെ ഇവിടുത്തെ തിരക്കുകളിൽ അവരെ ഓർക്കാതെയായി. ഒരിക്കൽ ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ ലിഫ്റ്റിലേക്ക് ഒരു രോഗിയുള്ള ഒരു ബെഡും വഹിച്ചുകൊണ്ട് വാർഡ് ബോയ് കയറി. കൂടെ ഒരാളുമുണ്ട്. ഞാൻ ഫോണിൽ മുഴുകിയിരിക്കുകയാണ്. പെട്ടെന്ന് ആ രോഗിയെന്‍റെ കൈയിൽ പിടിച്ചു. ഞാൻ ഞെട്ടി നോക്കി. നിർമല. ഡയാലിസിസ് ചെയ്യാൻ പോവാണെന്നു പറഞ്ഞു. തൊണ്ടയിൽ ട്യൂബ് ഉള്ളത് കൊണ്ട് സംസാരിക്കാൻ വയ്യെന്ന് ആംഗ്യം കാട്ടി. ഞാൻ സമാധാനിപ്പിച്ചു. ഒക്കെ ശരിയാകുമെന്നും ട്യൂബ് ഉരുമെന്നും, ഇത്രത്തോളം സഹിച്ചില്ലേ, കുറച്ചുകൂടി ക്ഷമിക്കൂ എന്നും പറഞ്ഞു. സമ്മതത്തോടെ എന്നെ നോക്കി പുഞ്ചിരിച്ചു. നല്ല പ്രതീക്ഷയുള്ള ചിരി. ഭർത്താവാണ് കൂടെയുള്ളത്. ആയാളും സന്തോഷത്തിലാണ്. എനിക്കവരെ കുറിച്ച് അദ്ഭുതം തോന്നി. അവർ സഹിച്ച  വേദനക്കിടയിലും അവർ പ്രകടിപ്പിച്ച പെരുമാറ്റരീതി ക്രൂരമായ വിധിയെ തോൽപ്പിക്കുവാനുള്ള അവരുടെ സ്ഥിരോത്സാഹം, പ്രസന്നത ഒക്കെ എന്നെയവരിലേക്കു കൂടുതൽ അടുപ്പിച്ചുകൊണ്ടിരുന്നു.    

പരസ്പരം ബന്ധമില്ലാതെയുള്ള മറുപടികൾ         

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളുമായി കാലം പൊയ്‌ക്കോണ്ടിരുന്നു. ഒരിക്കൽ വീണ്ടും ഞാൻ നിര്‍മലയെ കണ്ടു. ഡയാലിസിസ് ചെയ്യാൻ സഹോദരിയോടൊപ്പം വന്നതാണ്. ഞാൻ ഓടിച്ചെന്നു മിണ്ടി. തണുത്ത പ്രതികരണം. പ്രകാശമുള്ള ആ കണ്ണുകളിൽ തിളക്കം നഷ്ട്ടപ്പെട്ടിരിക്കുന്നു. ആഴ്ചയിൽ മൂന്ന് വട്ടം ചെയ്യുന്ന ഡയാലിസിസ് ഒന്നുമല്ല അവരെ ക്ഷീണിതയാക്കിയിരിക്കുന്നത് എന്നെനിക്ക് തോന്നി. വേറെ എന്തോ ആണ്. ഞാൻ വേദനയോടെ ആണ് അന്ന് തിരികെപോയത്. അവരെ മറക്കാൻ ശ്രമിച്ചു. ഒന്നുരണ്ടു ദിവസം കഴിഞ്ഞു ICU4 -ൽ കൂടി എന്തിനോ ഒന്നുപോയപ്പോൾ കണ്ടു, അവിടെ ഒരു ബെഡ്ഡിൽ നിർമല. എന്ത് പറ്റിയെന്നു ചോദിച്ചതിന് പനിയാണെന്നു പറഞ്ഞു. പരസ്പരം ബന്ധമില്ലാതെയുള്ള മറുപടികൾ. എന്നെ ഓർമയില്ലെന്നും പറഞ്ഞു. ഞാൻ എന്റെ പേര് പറഞ്ഞുകൊടുത്തിട്ട് മെല്ലെ അവിടെ നിന്നും പോയി. അവർക്ക് എന്താണെന്നു ഫയലില്‍ നോക്കി. സ്പൈനല്‍കോഡ് ടിബി ആണ് ബ്രെയിന്‍ വരെ ബാധിച്ചു കഴിഞ്ഞു. അതിന്‍റെയാണ് ഓർമ്മക്കുറവ്.  നിരന്തര ഡയാലിസിസും ആശുപത്രിവാസവും ഒക്കെ അവരെ ചെറിയ ഒരു മനസികവിഭ്രാന്തിയിൽ എത്തിച്ചിരിക്കാം എന്നായിരുന്നു എന്‍റെ നിഗമനം. 

പക്ഷെ, ആ മനസ്സ് അത്രയ്ക്ക് ദുര്‍ബലമല്ലായിരുന്നല്ലോ! തലച്ചോറിലേക്കും അരിച്ചിറങ്ങി അണുക്കളോട് പടവെട്ടാനുള്ള വീര്യം അവരിൽ  ഇല്ലായിരുന്നു. കാരണം ആ രോഗം ആദ്യം തന്നെ കവർന്നെടുത്തത് അവരുടെ മനസാന്നിധ്യത്തെ ആയിരുന്നു. പഴയ സ്റ്റാഫിൽ ഒട്ടുമുക്കാൽ പേരും രാജി വെച്ചു പോയതിനാൽ അവരെ അറിയുന്ന ആരുമുണ്ടായിരുന്നില്ല അവിടെ. എല്ലാവർക്കും അവർ സ്വൽപ്പം വട്ടുള്ള ഒരിക്കലും രക്ഷപ്പെടാൻ സാധ്യതയില്ലാത്ത രോഗി മാത്രമായിരുന്നു. അങ്ങനെ അവരെ കാണാൻ ആഗ്രഹം ഇല്ലാത്ത ഞാൻ അങ്ങോട്ട് പോകാതെയായി. ഒടുവിൽ ചേതനയറ്റ ആ ശരീരം കാണാനും പോയില്ല. എനിക്ക് ആ പഴയ നിര്‍മലയെ മതിയായിരുന്നു. അതി വേദനായി സ്വന്തം കുടുംബത്തിന്‍റെയും കുഞ്ഞുങ്ങളെയും ഓർത്തു ഒരു തിരിച്ചുവരവ് കാത്തിരുന്ന നിർമല. ഞങ്ങൾക്ക് പോലും ഒരു ഭാരമാവരുതെന്നു കരുതിയ, സ്വന്തം വേദന മറ്റള്ളവരിൽ നിന്നും മറച്ചുവെച്ച് അവരെ ആശ്വസിപ്പിച്ച നിർമല. അവരെ ഓർത്തു ഒരുപാട് രാത്രികളിൽ ഞാൻ കരഞ്ഞു, അവളുടെ കുഞ്ഞുങ്ങളെ ഓർത്തു, അവസാന നിമിഷങ്ങളിൽ അവൾക്ക് നഷ്ട്ടപെട്ട ഓർമകളെ ഓർത്തു. ഒരുപാട് കരഞ്ഞുതീർത്തു.

ചിലപ്പോഴൊക്കെ ഞാൻ ദൈവത്തോട് പരിഭവിക്കാറുണ്ട്

ഇപ്പോഴും കാണാറുണ്ട് നിത്യം പ്രിയപ്പെട്ടവരുടെ ജീവന് വേണ്ടി പ്രാർത്ഥനയോടെ ഐസിയുവിനു മുന്നിൽ കാത്തിരിക്കുന്നവരെ എത്രയൊക്കെ ശുശ്രുഷിച്ചാലും അടിമകളെ പോലെ നമ്മളെ കാണുന്നവർ, പണത്തിന്‍റെ അഹങ്കാരം കാണിക്കുന്നവർ, കാണിക്കാത്തവർ, വേദന സഹിക്കുന്നവർ, ഒട്ടും സഹിക്കാത്തവർ, പണത്തിന്‍റെ പേരിൽ ചികിത്സ നിഷേധിക്കപെട്ടവർ അവരുടെ മരണം കാത്ത് വേദനയോടെ വിധിയെ പഴിച്ചു കാത്തുനിൽക്കുന്ന പ്രിയപ്പെട്ടവർ, എല്ലാം ഉണ്ടായിട്ടും ഇനിയവരെ മടക്കിജീവിതത്തിലേക്കു കൊണ്ട് വരാൻ കഴിയില്ലെന്ന് സത്യം തിരിച്ചറിഞ്ഞിട്ടും അംഗീകരിക്കാൻ കഴിയാത്തവർ. അങ്ങനെ പലതരത്തിലുള്ളവർ ആരെയും അങ്ങനെ അങ്ങോട്ട് മനസ്സിൽ കയറ്റാറില്ല. എന്‍റെ നിര്‍മലയോളം സഹനശക്തിയുള്ള ആരെയും ഞാൻ കണ്ടിട്ടുമില്ല.

ചിലപ്പോഴൊക്കെ ഞാൻ ദൈവത്തോട് പരിഭവിക്കാറുണ്ട്. ഒരു രോഗം എന്ന യാതനയെ പടവെട്ടി ജയിച്ചവളെ എന്തിനു മറ്റൊരു രോഗത്തിലൂടെ തിരിച്ചെടുത്തു എന്ന്. അവൾക്ക് കൊടുക്കാമായിരുന്നില്ലേ ഒരവസരം കൂടി. അവളെ കാത്തിരിക്കാന്‍, അവളുടെ സ്നേഹമുള്ള കുടുംബം ഉണ്ടെന്ന ഓർമ്മ ഉള്ളകാലത്തോളം അവൾ പടവെട്ടി ജയിക്കുമായിരുന്നു. എനിക്ക് അത് ഉറപ്പായിരുന്നു.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

 

Follow Us:
Download App:
  • android
  • ios