Asianet News MalayalamAsianet News Malayalam

'എവിടെ കൊണ്ടുപോയിട്ടായാലും, കുടുംബം വിറ്റിട്ടാണെങ്കിലും അപ്പനെ രക്ഷിക്കണം'

അങ്ങനെ ഇരിക്കുമ്പോൾ ഞാൻ വർക്ക്‌ ചെയ്യണ ഹോസ്പിറ്റലിൽ തന്നെ പോയി കാഷ്വാലിറ്റിയില്‍ കാണിച്ചു.  ഡോക്ടർ ഡെങ്കി igm കൂടെ ലെപ്റ്റോ igm ഇവ വിടാൻ പറഞ്ഞു. ശേഷം വീട്ടിലേക്ക് വന്നു. അടുത്ത ദിവസം പനി കലശലായി, കൂടെ ചങ്ക് പറയണ ചുമയും. തലേന്ന് വിട്ട ടെസ്റ്റ് റിസൾട്ട്‌ നോക്കിയപ്പോ ഉശിരൻ എലിപ്പനി. മണിക്കൂർ വെച്ച് കണ്ടീഷൻ മോശമായി കൊണ്ടിരിക്കുന്നു. 

hospital days sijo cp
Author
Thiruvananthapuram, First Published Feb 7, 2019, 4:54 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

hospital days sijo cp

നഴ്സിംഗ് പഠനം കഴിഞ്ഞ് പഠിച്ച ഹോസ്പിറ്റലിൽ ജോലിക്ക് പോയി തുടങ്ങിയ കാലം. ചെറിയ കച്ചവടമൊക്കെയായി കഴിഞ്ഞിരുന്ന അപ്പൻ, എല്ലാം പൊലിഞ്ഞ് രണ്ട് പോത്തിനെ ഒക്കെ വാങ്ങി ഒതുങ്ങി കൂടി കഴിഞ്ഞു പോരുകയായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ മൂപ്പർക്കൊരു പനി. മക്കൾ രണ്ടും നഴ്സുമാരാണെങ്കിലും അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും രണ്ടു പാരസെറ്റമോൾ ടാബ്ലറ്റ് വാങ്ങി കഴിക്കുന്നതാണ് പതിവ്.  ഈ പ്രാവശ്യം പാരസെറ്റമോൾ ഏറ്റില്ല. ആവി പിടുത്തം, ചുക്ക് കാപ്പി ഇത്യാദി ഒന്നും ഫലം കണ്ടില്ല. 

പഠിച്ചിറങ്ങി മാസം കിട്ടുന്ന 5000 രൂപ വച്ച് എന്ത് ചെയ്യാൻ

അങ്ങനെ ഇരിക്കുമ്പോൾ ഞാൻ വർക്ക്‌ ചെയ്യണ ഹോസ്പിറ്റലിൽ തന്നെ പോയി കാഷ്വാലിറ്റിയില്‍ കാണിച്ചു.  ഡോക്ടർ ഡെങ്കി igm കൂടെ ലെപ്റ്റോ igm ഇവ വിടാൻ പറഞ്ഞു. ശേഷം വീട്ടിലേക്ക് വന്നു. അടുത്ത ദിവസം പനി കലശലായി, കൂടെ ചങ്ക് പറയണ ചുമയും. തലേന്ന് വിട്ട ടെസ്റ്റ് റിസൾട്ട്‌ നോക്കിയപ്പോ ഉശിരൻ എലിപ്പനി. മണിക്കൂർ വെച്ച് കണ്ടീഷൻ മോശമായി കൊണ്ടിരിക്കുന്നു. എക്സ്പീരിയൻസ് ഉള്ള ചേട്ടന്മാർ പറഞ്ഞു intubate ചെയ്യാൻ സമ്മതിക്കണ്ട. പ്ലേറ്റ്ലേറ്റസ് കുറയണ  കാരണം ബ്ലീഡിങ് ഉണ്ടാകാൻ സാധ്യതാ ഉണ്ടെന്ന്. അപ്പന് ശ്വാസം മുട്ട് കൂടി വരുന്നു. വാർഡിൽ അഡ്മിറ്റ് ചെയ്യാമെന്ന് പറഞ്ഞ ഡോക്ടർ മിനുട്ടുകൾക്കുള്ളിൽ വാക്ക് മാറ്റി ഐ സി യു വേണം എന്ന് പറയുന്നു. 

ഒരുനിമിഷം ഒരുപാട് ചിന്തകൾ മനസിലൂടെ ഓടി നടന്നു. കൂടെ വന്നിരിക്കുന്നത് അനിയത്തി ആണ്. അവളെ കെട്ടിച്ചയക്കണം. ജീവിതത്തിൽ ഒരുപാട് സ്വപ്‌നങ്ങൾ കണ്ടെങ്കിലും ഒന്നും ആകാൻ പറ്റിയിട്ടില്ല. പഠിച്ചിറങ്ങി മാസം കിട്ടുന്ന 5000 രൂപ വച്ച് എന്ത് ചെയ്യാൻ. ഡോക്ടർ 80 ശതമാനം റിസ്ക്‌ പറഞ്ഞു. കരച്ചിൽ വരുന്നു. കരയാൻ പാടില്ല. കൂടെ പിറന്നവൾക്ക് ധൈര്യം കൊടുക്കണം. കൺപോളകൾ വേഗത്തിൽ ചലിപ്പിച്ച് കണ്ണീര് പുറത്ത് വരുത്താതെ നോക്കി. Icu -വിൽ അപ്പനെ ആക്കി അമ്മയെ ഫോൺ ചെയ്തു പറഞ്ഞപ്പോൾ അങ്ങേ തലക്കൽ ഒരു അലമുറയാണ് കേട്ടത്. "മോനെ എവിടെ കൊണ്ടുപോയാലും, കുടുംബം വിറ്റിട്ടാണെങ്കിലും അപ്പനെ രക്ഷിക്കണം ഡാ."

ഇതിനിടയിൽ ഒരു ഹാർട്ട്‌ ബ്ലോക്കും അപ്പൻ അതിജീവിച്ചു

അമ്മയെ സമാധാനിപ്പിച്ചു ഫോൺ വെച്ചു പെങ്ങൾ കാണാതെ കണ്ണ്‌ തുടച്ചു. ആശുപത്രി പടിയിൽ ഇരുന്നു പെങ്ങളും ഞാനും കൊണ്ടുവന്ന പൊതിച്ചോർ കഴിക്കുമ്പോൾ ചങ്ക് പറച്ചു തരണ ചങ്ങാതിമാർ വന്നു. അതു വരെ സംഭരിച്ചു വച്ചേക്കണ ധൈര്യം ഒക്കെ ചോർന്നു പോയി. ഞാൻ വിതുമ്പി വിതുമ്പി കരഞ്ഞു. അവർ എന്നെ സമാധാനിപ്പിച്ചു. 10 ദിവസം അപ്പൻ ആശുപത്രിയിൽ കിടന്നു. ദിനവും ഹോസ്പിറ്റൽ ചാപ്പലിൽ പോയി പ്രാർത്ഥിക്കും. അപ്പനെ തിരിച്ചു തരണമേ എന്ന്. പത്തു ദിവസം ഞാനും വീട്ടിൽ പോയില്ല. ഡ്യൂട്ടി കഴിഞ്ഞു അപ്പന് കൂട്ടിരുപ്പ്. മാറാനുള്ള ഡ്രെസ്സും ആഹാരവും പെങ്ങളും അമ്മയും കൊണ്ടുവരും. 

ഇന്ന് ഇപ്പൊ ആറ് വർഷം കഴിഞ്ഞിരിക്കുന്നു. പെങ്ങളെ കെട്ടിച്ചു, അവൾടെ രണ്ടു മക്കളെയും കളിപ്പിച്ചു. എനിക്കു ജോലി കിട്ടി. കല്യാണം കഴിഞ്ഞു. ഇനി ഒരു ഏഴ് മാസം കഴിഞ്ഞാല്‍ അപ്പന്റെ അടുത്ത പേരക്കുട്ടി വരും. ഇതിനിടയിൽ ഒരു ഹാർട്ട്‌ ബ്ലോക്കും അപ്പൻ അതിജീവിച്ചു. ഇന്നും അതെല്ലാം ഓർക്കുമ്പോൾ കണ്ണ് നിറയുമെങ്കിലും മനസ്സിൽ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ജന്മം തന്ന മാതാപിതാക്കൾക്ക് താങ്ങും തണലും ആവുന്നതിൽപരം ഒരു സന്തോഷം ഒരു മക്കൾക്കും വേറെ കിട്ടാനില്ല.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

 

Follow Us:
Download App:
  • android
  • ios