Asianet News MalayalamAsianet News Malayalam

ആശുപത്രി മുറിയിലെ ആ പത്ത് ദിവസം!

അവസാനം എന്തും നേരിടാനുള്ള മനക്കട്ടിയുണ്ടെന്നവരോട് ആവർത്തിച്ചതിന്റെ ഫലമായി ആ നഗ്നസത്യം അവരെന്നോട് പറഞ്ഞു. ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ ജീവിതം തന്നെ കാർന്നു തിന്നേക്കാവുന്ന ആ രോഗം പിടിമുറുക്കാതിരിക്കാൻ ഒരു ഓപ്പറേഷന്‍ അത്യാവശ്യം ആണെന്ന അറിവ്, മനസ്സിൽ ഒരു ആശങ്കയുണ്ടായിരുന്നതു കൊണ്ടോ, പ്രതീക്ഷിച്ചിരുന്നതു കൊണ്ടോ ഉൾക്കൊള്ളാനായതിനാൽ, ഡോക്ടറുടെ സൗകര്യവും, രാജീവേട്ടന്റെ സൗകര്യവും നോക്കി ഓപ്പറേഷനു വേണ്ടി ഏതാണ്ടൊരു ഡേറ്റ് കണ്ടാണ് ഞാനന്ന് മടങ്ങിയത്.

hospital days sudha
Author
Thiruvananthapuram, First Published Jan 18, 2019, 4:28 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

hospital days sudha

നാലഞ്ചു വർഷം മുമ്പെനിക്കൊരു വെറുപ്പിക്കുന്ന വയറുവേദന വരാറുണ്ടായിരുന്നു, ആശുപത്രി വരാന്തകളിൽ ഡോക്ടറുടെ റൂമിലേക്കുള്ള വിളിയും കാത്തോർത്തിരിക്കുന്നത് മടുപ്പിക്കുന്ന അവസ്ഥയായതിനാൽ കഴിവതും ഏതെങ്കിലും ഒറ്റമൂലി പരീക്ഷിക്കാറായിരുന്നു പതിവ്.

ഈ വയറുവേദന ആ പരിധി ഒക്കെ കടന്നതിനാൽ ഒരു കൂട്ടുകാരി സജസ്റ്റ് ചെയ്ത പ്രകാരം അവൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ഉള്ള ഡോക്ടറെ കാണാൻ തീരുമാനിക്കുകയും, അവളവിടെ ഉള്ള ധൈര്യത്തിൽ തനിച്ച് പോകുകയും ചെയ്തു. നല്ല തിരക്കുള്ള ഡോക്ടര്‍ ആയതിനാൽ കണ്ടിറങ്ങാൻ പകുതി ദിവസം തന്നെ വേണ്ടിവരുമെന്നതിനാലാണ് കൂടെ ആരെയും കൊണ്ടു പോവാതിരുന്നത്. ഡോക്ടറെ കണ്ടു, ടെസ്റ്റുകളും കഴിഞ്ഞപ്പോള്‍, കൂടെ ആരും ഇല്ലാത്തതു കൊണ്ട് അസുഖവിവരം എന്നോടു തുറന്നു പറയാൻ ഡോക്ടർക്കും എന്റെ കൂട്ടുകാരിക്കും എന്തോ ഒരു വൈക്ലബ്യം.

പനിയും വിറയലും വന്നതിനാൽ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആശുപത്രിയില്‍ കഴിയേണ്ടിയും വന്നു

അവസാനം എന്തും നേരിടാനുള്ള മനക്കട്ടിയുണ്ടെന്നവരോട് ആവർത്തിച്ചതിന്റെ ഫലമായി ആ നഗ്നസത്യം അവരെന്നോട് പറഞ്ഞു. ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ ജീവിതം തന്നെ കാർന്നു തിന്നേക്കാവുന്ന ആ രോഗം പിടിമുറുക്കാതിരിക്കാൻ ഒരു ഓപ്പറേഷന്‍ അത്യാവശ്യം ആണെന്ന അറിവ്, മനസ്സിൽ ഒരു ആശങ്കയുണ്ടായിരുന്നതു കൊണ്ടോ, പ്രതീക്ഷിച്ചിരുന്നതു കൊണ്ടോ ഉൾക്കൊള്ളാനായതിനാൽ, ഡോക്ടറുടെ സൗകര്യവും, രാജീവേട്ടന്റെ സൗകര്യവും നോക്കി ഓപ്പറേഷനു വേണ്ടി ഏതാണ്ടൊരു ഡേറ്റ് കണ്ടാണ് ഞാനന്ന് മടങ്ങിയത്.

ചുരുങ്ങിയത് അഞ്ചാറു ദിവസമെങ്കിലും ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നതിനാൽ, രാജീവേട്ടനു കൂട്ടായി എന്‍റെ ഏട്ടനും ദുബായിയിൽ നിന്നും അവധിയിൽ ആ സമയത്തോടനുസരിച്ച് എത്തിച്ചേരാമെന്ന് ധാരണയായി.

അങ്ങനെ ആശുപത്രിയില്‍ അഡ്മിറ്റായി. ഓപ്പറേഷന്‍ കഴിഞ്ഞു. പനിയും വിറയലും വന്നതിനാൽ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആശുപത്രിയില്‍ കഴിയേണ്ടിയും വന്നു. അഡ്മിറ്റായ ദിവസം മുതൽ ഏട്ടനും ഭാര്യയും രാവിലെ തന്നെ ഭക്ഷണം ഒക്കെ എടുത്തോണ്ടു വരും. അവർ വന്നാലുടൻ രാജീവേട്ടൻ വീട്ടിലേക്ക് പോയി കുറച്ച് ഉറങ്ങി, കുളിച്ചു മാറ്റി, രാത്രിയിലെക്കുള്ള ഫുഡും എടുത്തോണ്ടു വരും. മറ്റാരെയും ബുദ്ധിമുട്ടിക്കരുതെന്ന് കരുതിയതിനാൽ ആരോടും ഒരു സഹായവും ചോദിച്ചിരുന്നില്ല. എന്നിട്ടും കണ്ടറിഞ്ഞ് രാജീവേട്ടന്റെ ചേച്ചി അവർക്ക് ആവശ്യമുള്ളതൊക്കെ പൊതിഞ്ഞെടുത്ത് ആശുപത്രിയില്‍ വരികയും എന്നെ ഡിസ്ച്ചാർജ് ആയി വീട്ടിലെത്തിച്ച ശേഷമേ തിരികെ പോകുകയും ചെയ്തുള്ളൂ.

ആശുപത്രിയിലാണെന്ന മനംമടുപ്പിക്കുന്ന ചിന്തകള്‍ മനസ്സിൽ കടന്നു വരാതെ എന്റെ കൂട്ടുകാരിയും ഏറെ സഹായിച്ചു. സാമാന്യം തിരക്കുള്ള ആ ആശുപത്രിയിലെ ഏതൊക്കെ നല്ല റൂമുകളിലെ ആളുകൾ ഡിസ്ച്ചാർജ്ജായി പോവുന്നോ ആ റൂമിലെക്ക്, എന്നെ ഷിഫ്റ്റ് ചെയ്ത് ചെയ്ത് ഏതാണ്ട് പൂച്ച പ്രസവിച്ച കുട്ടികളെ തൂക്കി കൊണ്ടുപോവുന്ന പോലെ അവളെന്നെ കൊണ്ടുപോയി. മൊത്തം പത്തു ദിവസം അഡ്മിറ്റായിരുന്നെങ്കിൽ അഞ്ചോളം റൂമെങ്കിലും ഇങ്ങനെ മാറീട്ടുണ്ടാവും. അങ്ങനെ അവസാനം കിട്ടിയ ഒരു റൂം ആശുപത്രി കാൻറ്റീൻ കാണുന്ന വിധമായിരുന്നു.ഓരോ സമയങ്ങളിലെയും കറികളുടെയും മറ്റും മണങ്ങളങ്ങനെ നാസാരന്ധ്രങ്ങളിൽ അടിച്ചു കയറുമ്പോൾ, കഞ്ഞിയും റസ്കും ബ്രഡ്ഡും കഴിച്ച് രുചിമുകുളങ്ങൾ അടിച്ചു പോയ എന്റെ വായയിൽ കപ്പലോടും. വൈകുന്നേരം ആവുമ്പോഴുള്ള മണങ്ങളാണ് അസഹനീയം. നാലുമണി പലഹാരങ്ങൾ എണ്ണയിൽ കിടന്നു മൊരിഞ്ഞ്, ആളോളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന നേരം, എന്റെ നേരാങ്ങള നേരെ ഒരു പോക്കാണ് കാൻറ്റീനിലോട്ട്. പിന്നീട് വരുന്നത് വലിയൊരു കെട്ട് പലഹാരങ്ങളുമായാണ്. എന്നിട്ടു വെറും കഞ്ഞികുടിയത്തിയായ എന്റെ മുന്നിലിരുന്ന്, അവയൊക്കെ ആ സമയം അവിടെ ഉള്ളവർക്കൊക്കെ വീതിച്ചു കൊടുത്ത ശേഷം ഒരു വാനിഷ് ആക്കലാണ് പുള്ളിയുടെ ഹോബി. 

എന്റെ റൂമിലുണ്ടായിരുന്ന കൂട്ടുകാരി വിവരം അന്വേഷിച്ചു

ഏട്ടന്റെ ഈ പരിപാടിക്കൊരു മറുപണി കൊടുക്കണമെന്ന ഉദ്ദേശത്തോടെ, കൂട്ടുകാരി റൂമില്‍ വന്നപ്പോള്‍, സ്നേഹത്തോടെ ഏട്ടന്റെ ആരോഗ്യത്തിൽ ശ്രദ്ധയുള്ള കൂടപ്പിറപ്പായി, ഏട്ടനെ കൊണ്ട് ഫാസ്റ്റിംങ്ങ് ബ്ലഡ്ടെസ്റ്റെടുപ്പിക്കാനുള്ള കരുക്കൾ നീക്കി. ഭക്ഷണപ്രിയനായ മൂപ്പരു ബെഡ്ടെസ്റ്റ് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ മര്യാദരാമനാവുന്നത് മനസ്സിലോർത്ത് കിടന്ന ഞാൻ പിറ്റേദിവസം നേരം പുലർന്നയുടനെ വീട്ടിലേക്ക് വിളിച്ച് ഏട്ടനോട് കാലി വയറോടെ ആശുപത്രിയില്‍ എത്താൻ പറഞ്ഞപ്പോഴാണ് ഫോണെടുത്ത അമ്മ പറയുന്നത്, ''അവനെ ഇന്നലെ രാത്രിയില്‍ പഴുതാര കുത്തിയതിനാൽ ഇന്ന് മുഴുവന്‍ മരുന്ന് പുരട്ടി റസ്റ്റെടുക്കാൻ വൈദ്യർ പറഞ്ഞെന്ന്.'' എവിടെയാ പഴുതാര കുത്തിയതെന്ന് ചോദിച്ചപ്പോള്‍ മർമ്മത്തിനാണെന്നും അറിയിച്ചു.

അങ്ങനെ ബ്ലെഡ്ടെസ്റ്റ് എടുക്കാതെ രക്ഷപ്പെട്ട നേരാങ്ങള രണ്ടീസം കഴിഞ്ഞെത്തിയപ്പോൾ, എന്റെ റൂമിലുണ്ടായിരുന്ന കൂട്ടുകാരി വിവരം അന്വേഷിച്ചു. പുഴുതാരയുടെ ആക്രമണത്തെ പറ്റി അറിഞ്ഞപ്പോള്‍ മെഡിക്കല്‍ ഫീൽഡിലെ പരിചയം വച്ച് അവൾ, ''എവിടെയാ കാണട്ടെ'' എന്നു പറയുകയും എവിടെയെന്ന് പറയാനാവാതെ ഏട്ടൻ നിന്നു പതറുകയും, ആ പതറല്‍ കണ്ട കൂട്ടുകാരി മുഖം താഴ്ത്തി ഓടി മറയുകയും ചെയ്തതാണ് ആശുപത്രി ഓർമ്മകളെ കുറിച്ചോർക്കുമ്പോൾ എന്നിൽ ചിരി പർത്തികൊണ്ട് ഓടിയെത്തുന്നത്. 

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios