ഇന്ന് പുറത്ത് ജോലികളില്ലാതെ വീട്ടിലിരിക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടിയിട്ടുണ്ട്. അതുകൊണ്ട് സ്ത്രീകളെ മാത്രം വീട്ടമ്മ എന്ന് വിളിക്കേണ്ടതില്ലെന്നാണ് മില്‍സ് പറഞ്ഞത്.
ജോലിയില്ലാത്ത സ്ത്രീകളെ ഹൌസ് വൈഫ് (വീട്ടമ്മ) എന്ന് വിളിക്കുന്നത് സ്ത്രീ വിരുദ്ധമാണോ? അത് ലിംഗവിവേചനമാണോ? ആണെന്ന വാദം ബ്രിട്ടനില്‍ പുതിയൊരു ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അങ്ങനെ വിളിക്കുന്നത് ലിംഗവിവേചനമാണ് എന്ന 'സണ്‍ഡേ ടൈംസ് എഡിറ്റോറിയല്‍' ഡയറക്ടര്‍ എലെനോര്‍ മില്‍സിന്‍റെ പരാമര്‍ശമാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്. 'ഗുഡ് മോണിങ് ബ്രിട്ടനെ'ന്ന പരിപാടിയില്‍ നല്‍കിയ അഭിമുഖത്തിലാണ് എലെനോര്‍ മില്‍സ്, വീട്ടമ്മ എന്ന വാക്ക് സ്ത്രീ വിരുദ്ധമാണ് എന്ന് പറഞ്ഞത്.
ഇന്ന് പുറത്ത് ജോലികളില്ലാതെ വീട്ടിലിരിക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടിയിട്ടുണ്ട്. അതുകൊണ്ട് സ്ത്രീകളെ മാത്രം വീട്ടമ്മ എന്ന് വിളിക്കേണ്ടതില്ലെന്നാണ് മില്‍സ് പറഞ്ഞത്. വീട്ടമ്മ എന്ന വാക്കിന് പകരം 'ഡൊമസ്റ്റിക് സി.ഇ.ഒ' എന്നോ, 'ഹോം ഫ്രണ്ട് കമാന്‍ഡറെ'ന്നോ വിളിക്കാമെന്നും അവര്‍ അഭിപ്രായപ്പെട്ടു. വിവാഹശേഷമാണ് വീട്ടമ്മ എന്ന് സ്ത്രീകളെ വിളിക്കുന്നത്. വിവാഹവും ഭര്‍ത്താവും സ്ത്രീകളെ നിര്‍വചിക്കുന്നതുപോലെയാണ് അതുവഴി തോന്നുന്നതെന്നും മില്‍സ് പറഞ്ഞു.

മില്‍സിന്‍റെ പരാമര്‍ശം വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. പലരും പരാമര്‍ശത്തെ തമാശയായി ആണ് കണ്ടത്. ഹൌസ് വൈഫ് എന്ന് വിളിക്കുന്നതാണ് ഇഷ്ടമാണെന്നും പല സ്ത്രീകളും പറഞ്ഞു. അതുമായി ബന്ധപ്പെട്ട് ജി.എം.ബി ഒരു പോളും സംഘടിപ്പിച്ചു. അതില്‍ 38 ശതമാനം ഹൌസ് വൈഫ് എന്ന വാക്ക് കാലഹരണപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടു. പക്ഷെ, അത് ലിംഗവിവേചനമാണ് എന്ന് അഭിപ്രായപ്പെട്ടത് വെറും 12 ശതമാനമാണ്.
എന്നാല്‍, വീട്ടമ്മയായിരിക്കാന്‍ ആഗ്രഹിക്കുന്നവരെ എതിര്‍ക്കുകയല്ല താന്‍ ചെയ്തതെന്ന് മില്‍സ് വ്യക്തമാക്കി. അങ്ങനെ താല്‍പര്യമുള്ളവര്‍ക്ക് അങ്ങനെ ആയിരിക്കാം. അതൊക്കെ അവരവരുടെ ഇഷ്ടമാണ്. ഞാനുദ്ദേശിച്ചത് ഹൌസ് വൈഫ് എന്ന പദം സ്ത്രീവിരുദ്ധമാണ് എന്നാണെന്നും അവര്‍ വ്യക്തമാക്കി. പല സ്ത്രീകളും ആ പദം ഇഷ്ടപ്പെടുന്നില്ല. കാരണം അതവരെ നിയന്ത്രിക്കുന്ന തരത്തിലുള്ളതാണെന്നും മില്‍സ് പറഞ്ഞു.
എന്നാല്‍ ആ പദത്തില്‍ ലിംഗവിവേചനമില്ലെന്നാണ് മിക്കവരും പ്രതികരിച്ചത്.
