ഭിന്നശേഷിക്കാരിയായതിന്റെ പേരിൽ നിരവധി പരിഹാസങ്ങൾ നേരിടേണ്ടി വന്ന 34 -കാരിയാണ് കവിത ഭോണ്ട്വെ. എന്നാൽ, തന്നെ പരിഹസിച്ച ആളുകളോട് അവൾ മധുരമായി പ്രതികാരം വീട്ടിയത് രണ്ട് ഗ്രാമങ്ങളുടെ സർപഞ്ചായി മാറിയായിരുന്നു. 25 -ാം വയസ്സിലാണ് നാസിക് ജില്ലയിലെ ദാഹെഗാവ്, വാഗ്ലുഡ് എന്നീ രണ്ട് ഗ്രാമങ്ങളിലെ സർപഞ്ചായി അവൾ ആദ്യം തെരഞ്ഞെടുക്കപ്പെടുന്നത്. ഇപ്പോൾ രണ്ടാം തവണയും കവിത വിജയിച്ചിരിക്കയാണ്. മറ്റുള്ളവരുടെ പരിഹാസവും, മുൻവിധികളും നേരിടേണ്ടി വന്നിട്ടും, ഗ്രാമീണരുടെ ജീവിതം മെച്ചപ്പെടുത്താൻ എല്ലാം മറന്ന് കവിത പരിശ്രമിച്ചു. റോഡുകളും കുടിവെള്ള വിതരണവും പാവപ്പെട്ടവർക്ക് വീടുകളും പ്രധാൻ മന്ത്രി ആവാസ് യോജന വഴി ലഭ്യമാക്കി. അവളുടെ ഈ നിസ്വാർത്ഥസേവനത്തിന് ഗ്രാമം രണ്ടാമതും അവളെ തന്നെ സർപഞ്ചായി തെരഞ്ഞെടുത്തു. 

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് ഒരു സ്ത്രീയെന്ന നിലയിൽ കവിതയ്ക്ക് ഒരുപാട് തടസ്സങ്ങൾ നേരിടേണ്ടിവന്നു. “ഞാൻ ക്രച്ചസിൽ നടക്കുന്നത് കണ്ടിട്ട് ആളുകൾ എന്നെ കളിയാക്കാറുണ്ടായിരുന്നു” കവിത പറഞ്ഞു. എന്നിട്ടും പക്ഷേ അവൾ തളർന്നില്ല. ഒരു സർപഞ്ചാകാനുള്ള അവളുടെ ലക്ഷ്യം നേടാൻ കഠിനമായി അവൾ പരിശ്രമിച്ചു. “ഞാൻ എന്റെ അച്ഛനിൽ നിന്നും, ഗ്രാമത്തിലെ മുതിർന്നവരിൽ നിന്നും പലതും പഠിച്ചു. 25 വയസ്സുള്ളപ്പോൾ ഞാൻ സർപഞ്ചായി മാറിയത് പലർക്കും ഇഷ്ടപ്പെട്ടില്ല. സ്വയം നോക്കാൻ സാധിക്കാത്ത നീ എങ്ങനെ ഗ്രാമത്തിലെ കാര്യങ്ങൾ നോക്കുമെന്ന് പറഞ്ഞ് പലരും കളിയാക്കാറുണ്ട്. എന്നാൽ ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ല. എന്റെ കുടുംബം എന്റെ കൂടെ നിന്നു" അവർ പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ടതു മുതൽ ഗ്രാമത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനായും കവിത വിശ്രമമില്ലാതെ പ്രവർത്തിക്കുന്നു. 
അവർ ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനത്തിൽ വിവിധ മാറ്റങ്ങൾ വരുത്തിയതായും, അനീതികൾക്കെതിരെ ശക്തമായ നിലപാടെടുത്തതായും ANI പറയുന്നു. രണ്ട് ഗ്രാമങ്ങളിലും വനിതാ സ്വാശ്രയ ഗ്രൂപ്പുകളും അവർ സ്ഥാപിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും കവിത അവബോധം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ഇതിനെല്ലാം പ്രോത്സാഹനമായി നിന്നത് 15 വർഷത്തോളം ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന അച്ഛൻ പുണ്ടാലിക് ആണ് എന്ന് കവിത പറയുന്നു. 

വിദ്യാഭ്യാസത്തിന്റെ അഭാവം മൂലം ബുദ്ധിമുട്ടുകൾ നേരിട്ട പുണ്ടാലിക് മകളോട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉപദേശിച്ചു. കവിതയ്ക്ക് ഇതിൽ യാതൊരു മുൻപരിചയം ഇല്ലാതിരുന്നിട്ടും, ഗ്രാമത്തലവനായി അവൾ ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ കാലാവധി പൂർത്തിയാക്കിയ ശേഷം രണ്ടാം തവണയും അവൾ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. "കവിത സർപഞ്ച് ആയതിനുശേഷം ഞങ്ങൾക്ക് കോൺക്രീറ്റ് റോഡുകൾ ലഭിച്ചു. ഗ്രാമങ്ങളിൽ ടോയ്‌ലറ്റുകൾ നിർമ്മിക്കപ്പെട്ടു. ഞങ്ങളുടെ ഗ്രാമത്തിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ അവർ എല്ലായ്പ്പോഴും മുൻകൈയെടുക്കുന്നു" ഒരു ഗ്രാമീണൻ പറഞ്ഞു.