നിങ്ങളുടെ അമ്മയെ കൊന്ന ആളുകളോട് നിങ്ങൾ എന്ത് പറയും? നിങ്ങൾക്ക് അവരോട് ക്ഷമിക്കാൻ കഴിയുമോ? കഴിഞ്ഞ ഒക്ടോബറിൽ ഇന്തോനേഷ്യൻ ജയിലിൽവച്ച് 17 -കാരിയായ സാറാ സൽസബിലയുടെ മനസ്സിലൂടെ കടന്നുപോയ ചോദ്യങ്ങളായിരുന്നു ഇവ.

ജക്കാർത്തയിലെ ഓസ്‌ട്രേലിയൻ എംബസി വഴി മോട്ടോർ ബൈക്കിൽ കടന്നുപോവുകയായിരുന്നു ഇവാൻ സെതിയവാൻ എന്ന ചെറുപ്പക്കാരന്‍. അതായത് സാറയുടെ ഉപ്പ. അയാളുടെ ശ്രദ്ധ മുഴുവൻ ഭാര്യയിലായിരുന്നു. പിന്നിലിരുന്ന ഗർഭിണിയായ ഭാര്യയുടെ കൈകൾ അയാളെ ചുറ്റിപ്പിടിച്ചിരുന്നു. നിറവയർ ചിലപ്പോഴെല്ലാം അദ്ദേഹത്തിന്‍റെ മുതുകിൽ അമരുന്നതായി അദ്ദേഹത്തിന് തോന്നി. അവരുടെ രണ്ടാമത്തെ കുഞ്ഞ് വരാൻ ഇനി ഏതാനും ആഴ്ചകളെ ബാക്കിയുള്ളൂ. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോവുകയായിരുന്നു അവർ. “പെട്ടെന്നാണ് അതിഭയങ്കരമായ ഒരൊച്ച കേട്ടത്. ഞങ്ങൾ വായുവിൽ തെറിച്ചുവീണു. എനിക്ക് ചുറ്റിലും രക്തം തളംകെട്ടിക്കിടന്നു. അതിനിടയിൽ ഒരു ഇരുമ്പിൻ കഷ്‍ണം വന്ന് എന്‍റെ ഒരു കണ്ണിൽ തറച്ചു. ആ കണ്ണ് പൂർണ്ണമായും തകരാറിലായി..." അദ്ദേഹം ഓർക്കുന്നു.

എന്നാൽ, അപ്പോഴൊന്നും അതൊരു ചവേറാക്രമണമായിരുന്നു എന്ന് ഇവാൻ അറിഞ്ഞിരുന്നില്ല. അൽ-ക്വൊയ്‍ദയുമായി ബന്ധമുള്ള Jemaah Islamiyah എന്ന പ്രാദേശിക ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായിരുന്നു ഇതിന്‍റെ പിന്നിൽ. 2002 -ൽ ലോകമെമ്പാടുമുള്ള 202 പേരെ കൊല്ലപ്പെടുത്തിയ ഇന്തോനേഷ്യയിലെ ബാലി ബോംബാക്രമണം ഉൾപ്പടെ നിരവധി ആക്രമണങ്ങൾക്ക് ഉത്തരവാദികളാണ് അവർ.    

ഗർഭിണിയായ ഇവാന്‍റെ ഭാര്യ ബൈക്കിൽ നിന്ന് തെറിച്ചു ദൂരെവീണു. ഇരുവരെയും ഉടനടി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്‍റെ ഭാര്യ ഹലീല സെറോജയെ പ്രസവമുറിയിലേക്ക് കൊണ്ടുപോയി. "പ്രസവവേദന തുടങ്ങിയതിനെ തുടർന്ന് അവരെ ഓപ്പറേറ്റിംഗ് റൂമിലേക്ക് മാറ്റി. പക്ഷേ, അല്ലാഹുവിന്‍റെ കൃപ. ഒരുവിധം അവൾക്ക് പ്രസവിക്കാൻ കഴിഞ്ഞു...” ഇവാൻ പറഞ്ഞു. അന്ന് രാത്രി റിസ്‍കി ജനിച്ചു. റിസ്‍കി എന്നാൽ 'അനുഗ്രഹം' എന്നാണ് അർത്ഥം. 

"എന്‍റെ അമ്മ ഭയങ്കര മനക്കരുത്തുള്ളൊരു വ്യക്തിയായിരുന്നു. അമ്മയുടെ എല്ലുകൾ എല്ലാം ഒടിഞ്ഞിട്ടും പ്രാണവേദനയുടെ ഇടയിലും അമ്മയ്ക്ക് എന്‍റെ സഹോദരനെ പ്രസവിക്കാൻ കഴിഞ്ഞു. എന്‍റെ അമ്മ വളരെ ധൈര്യമുള്ളവളായിരുന്നു..." അവരുടെ മൂത്ത കുട്ടി സാറാ കണ്ണീരോടെ പറഞ്ഞു. എന്നാൽ, ഹലീലയുടെ പരിക്കുകൾ ഒരിക്കലും ഭേദപ്പെട്ടില്ല. രണ്ട് വർഷത്തെ യാതനക്കൊടുവിൽ സാറയുടെ അഞ്ചാം ജന്മദിനത്തിൽ അവളുടെ അമ്മ മരിച്ചു. "എന്‍റെ ഉറ്റ ചങ്ങാതിയെ, എന്‍റെ ജീവന്‍റെ ജീവനെ, എന്‍റെ എല്ലാമായിരുന്നവളെ എനിക്ക് നഷ്ടപ്പെട്ടു. അതിനെക്കുറിച്ച് സംസാരിക്കാൻപോലും എനിക്ക് ശക്തിയില്ല" ഇവാൻ പറയുന്നു.

ആദ്യം ഇവാന് തന്‍റെ കുടുംബം തകർത്തവരോട് വല്ലാത്ത പകയും പ്രതികാര ബുദ്ധിയും തോന്നി. "അവശേഷിക്കുന്ന ചാവേറുകൾ എല്ലാം മരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ, അവരെ വേഗത്തിൽ കൊല്ലാൻ എനിക്ക് താല്‍പര്യമില്ലായിരുന്നു. അവരെ  വേദനിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലാൻ ഞാൻ ആഗ്രഹിച്ചു. എന്‍റെ ഭാര്യയെ കൊന്ന അവരെ വെട്ടിയരിഞ്ഞ് മുറിവുകളിൽ ഉപ്പ് വിതറാൻ ഞാൻ ആഗ്രഹിച്ചു. എന്‍റെ ഭാര്യ അനുഭവിച്ചത് അവരും അനുഭവിക്കണം. അങ്ങനെയെങ്കിലും അവർക്ക് ഒരു തിരിച്ചറിവുണ്ടാകും എന്ന് ഞാൻ പ്രതീക്ഷിച്ചു. അവർ നടത്തുന്ന ബോംബാക്രമണങ്ങൾ ഉണ്ടാക്കുന്ന ശാരീരികവും മാനസികവുമായ വേദനയെക്കുറിച്ച് അവരും ഒന്നറിയണം എന്ന് ഞാൻ ആഗ്രഹിച്ചു. എന്‍റെ മക്കളും ഞാനും ജീവിക്കാൻ വളരെയധികം കഷ്ടപ്പെട്ടു..." അദ്ദേഹം പറഞ്ഞു.

തീവ്രവാദികളെ കണ്ടുമുട്ടിയപ്പോൾ

2004 -ലെ ബോംബാക്രമണം കഴിഞ്ഞിട്ട്  ഇന്ന് 15 വർഷം തികയുന്നു. ഹലീല മരിച്ചിട്ട് 13 വർഷവും. സാറയുടെ സ്‍കൂള്‍ പഠനം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. റിസ്‍കി ഇപ്പോൾ ജൂനിയർ ഹൈസ്‍കൂളിലാണ്. ഇന്തോനേഷ്യയിലെ ഏറ്റവും ഉയർന്ന സുരക്ഷയുള്ള ജയിലായ ജാവയുടെ തീരത്ത്, കാടുകളാൽ മൂടപ്പെട്ടൊരു ദ്വീപിലേക്കുള്ള യാത്രയിലാണിപ്പോള്‍ ഇവാനും മക്കളും. ജാവ ജയിലിൽ വധശിക്ഷയ്ക്ക് വിധേയരായ രണ്ടുപേരെ കാണാൻ പോവുകയാണ് അവർ. തന്‍റെ കുട്ടികൾക്ക്  അമ്മയില്ലാതാക്കിയ, തനിക്ക് ഭാര്യയെ ഇല്ലാതാക്കിയ അവരെ കാണാന്‍ തന്നെയാണ് ഇവാൻ പോകുന്നത്. ആ കൊലയാളികളെ കോടതി ബോംബാക്രമണം നടത്തിയതിന് കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു.

"എന്‍റെ ഹൃദയം ശക്തിയായി മിടിക്കുന്നു. ഞാൻ വല്ലാതെ വികാരാധീനനാകുന്നു. എന്‍റെ മനസ്സിൽ എന്താണ് സംഭവിക്കുന്നതെന്ന് പറഞ്ഞറിയിക്കാൻ സാധിക്കില്ല" തുറമുഖത്ത് നിൽക്കുമ്പോൾ ഇവാൻ പറഞ്ഞു. തീവ്രവാദികളും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരകളായവരും തമ്മിൽ കൂടിക്കാഴ്‌ചകൾ സംഘടിപ്പിക്കുന്ന ഇന്തോനേഷ്യയുടെ ഡീറാഡിക്കലൈസേഷൻ പ്രോഗ്രാമിന്‍റെ ഭാഗമായാണ് ഇവാൻ വന്നിരിക്കുന്നത്. മുൻപ് ഇവാൻ ഇതുവഴി ഒരാളെ കണ്ടുമുട്ടിയിരുന്നു. എന്നാൽ, അദ്ദേഹത്തിന്‍റെ കുട്ടികൾ ആദ്യമായാണ് കൊലയാളികളെ കാണാൻ വരുന്നത്. "ഈ കൂടിക്കാഴ്ച തീവ്രവാദികളുടെ മനസ്സ് മാറ്റുമെന്നും, അവർ അല്ലാഹുവോട് ക്ഷമ ചോദിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. അവരുടെ തെറ്റുകൾ ഓർത്ത് അവർ പശ്ചാത്തപിക്കുന്നുണ്ടെങ്കിൽ, അത് മറ്റുള്ളവർക്കും ഒരു പാഠമാകും. ഇനി അത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനും ഇതുവഴി സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" ഇത് പറയുമ്പോൾ സാറയുടെ കണ്ണുകൾക്ക് വല്ലാത്ത തീക്ഷ്‍ണതയുണ്ടായിരുന്നു.

കൊലയാളികളിൽ ഒരാളായിരുന്ന ഇവാൻ ഡർമവാൻ മുണ്ടോ എന്ന റോയിസ് മുറിയിൽ ഇവാനെയും കുട്ടികളെയും കാത്തിരിക്കുന്നുണ്ടായിരുന്നു. അയാൾ വീൽചെയറിലാണ്. അടുത്തിടെ അയാൾക്ക് ഒരു ഹൃദയാഘാതം ഉണ്ടായി. അയാൾ തീരെ ദുർബലനായിരുന്നു. എന്നിട്ടും അയാളുടെ കാലുകളും കൈകളും വിലങ്ങിനാൽ ബന്ധിച്ചിരുന്നു. വിചാരണവേളയിൽ, കുറ്റവാളിയായ റോയിസ് വിധി പ്രഖ്യാപിച്ചതിന് ശേഷം ഇങ്ങനെ പറയുകയുണ്ടായി, "വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കാരണം ഞാൻ രക്തസാക്ഷിയായി മരിക്കും!" അയാള്‍ക്ക് ഒരു കുറ്റബോധവുമുണ്ടായിരുന്നില്ല. ഇറാഖിലെ യുദ്ധത്തിൽ  യുഎസുമായുള്ള സഖ്യം മൂലമാണ് ഇവര്‍ ഓസ്ട്രേലിയൻ എംബസി ലക്ഷ്യമിട്ടതെന്ന് കരുതപ്പെടുന്നു.

സായുധരായ രണ്ട് ജയിൽ കാവൽക്കാർ അയാളുടെ ഇരുവശത്തും നിൽക്കുന്നുണ്ടായിരുന്നു. അയാൾക്കെതിരെയുള്ള പ്ലാസ്റ്റിക് കസേരകളിൽ ഇവാനും, സാറയും, റിസ്‍കിയും  ഇരുന്നു. അവർ അയാളെ അഭിവാദ്യം ചെയ്‍തു. "എന്‍റെ  കുട്ടികൾക്ക് അവരുടെ അമ്മയെ നഷ്‍ടപ്പെടാൻ കാരണമായ വ്യക്തിയെ കാണാൻ കൗതുകമുണ്ടായിരുന്നു" ഇവാൻ പറഞ്ഞു. ഇതിന് മറുപടിയായി ബോംബാക്രമണം നടന്നപ്പോൾ ഇവാൻ എവിടെയായിരുന്നുവെന്ന് റോയിസ് ചോദിച്ചു. ഭാര്യ ഗർഭിണിയായിരുന്നുവെന്നും ബോംബാക്രമണം ഉണ്ടായ രാത്രിയിൽ അവൾ പ്രസവിച്ചുവെന്നും ഇവാൻ വിശദീകരിച്ചു. “അവൾ പ്രസവിച്ച കുട്ടിയാണിത്” റിസ്‍കിയെ ചൂണ്ടിക്കാണിച്ച് ഇവാൻ പറയുന്നു.

"എനിക്കും ഒരു കുട്ടിയുണ്ട്. വർഷങ്ങളായി ഞാൻ എന്‍റെ ഭാര്യയേയോ കുട്ടിയെയോ കണ്ടിട്ട്. ഞാൻ അവരെ ശരിക്കും മിസ് ചെയ്യുന്നു. ഞാൻ നിങ്ങളെക്കാൾ മോശം സ്ഥിതിയിലാണ്. നിങ്ങൾക്ക് നിങ്ങളുടെ കുട്ടികളെങ്കിലും ഉണ്ടല്ലോ അടുത്ത്. എന്‍റെ കുട്ടി പോലും എന്‍റെ അടുത്തില്ല, അറിയാമോ?" റോയിസ് ചോദിച്ചു. എന്തിനാണ് ഇത്തരമൊരു കാര്യം ചെയ്‍തതെന്ന് സാറ റോയിസിനോട് ചോദിച്ചു. എന്നാൽ, താൻ തെറ്റൊന്നും ചെയ്‍തിട്ടില്ലെന്നും പ്രായമാവുമ്പോൾ അത് മനസ്സിലാകുമെന്നുമാണ് റോയിസ് സാറയോട് പറഞ്ഞത്. മറ്റ് തടവുകാരെ സ്വാധീനിക്കുമെന്നതിനാൽ ഗാർഡുകൾ റോയിസിനെ പരമാവധി സുരക്ഷയുള്ള ജയിലിലെ ഒരു ഒറ്റപ്പെട്ട സെല്ലിലാണ് താമസിപ്പിച്ചിരുന്നത്. മുൻപ് തീവ്ര പ്രസംഗകനായ അമാൻ അബ്ദുറഹ്മാനുമായി അയാളൊരു സെൽ പങ്കിട്ടിരുന്നു. ജക്കാർത്തയിൽ ജയിലിനുള്ളിൽവെച്ചാണ് അവർ 2016 -ലെ ബോംബാക്രമണം ആസൂത്രണം ചെയ്‍തതെന്ന് സംശയിക്കുന്നു.

അയാളെ കണ്ട് ഇറങ്ങുമ്പോൾ ഇവാൻ വല്ലാതെ തകർന്നു പോയിരുന്നു. "താൻ ഇപ്പോഴും ശരിയായ കാര്യമാണ് ചെയ്‍തതെന്ന് അയാൾ വിചാരിക്കുന്നു. അവസരം ലഭിച്ചാൽ അയാൾ ഇത്തരം അക്രമണങ്ങള്‍ വീണ്ടും ചെയ്യുമെന്ന് എനിക്ക് ഭയമുണ്ട്" ഇവാൻ പറഞ്ഞു. ഇത്രയും പറഞ്ഞ് അദ്ദേഹം ഒന്നുനിന്നു. അതിനുശേഷം അടുത്ത കുറ്റവാളിയെ കാണാൻ അവർ യാത്രയായി. ഹസ്സൻ എന്നായിരുന്നു അയാളുടെ പേര്.

വിചാരണവേളയിൽ കാണിച്ച ചിത്രങ്ങളിൽ, ഹസ്സൻ കോടതിയിൽ നിന്ന് പുറത്തുപോകുമ്പോൾ സെക്യൂരിറ്റി ഗാർഡുകളും മാധ്യമപ്രവർത്തകരുടെ സംഘവും അയാളെ വലയം ചെയ്‍തിരുന്നു. അയാൾ ധിക്കാരപൂർവ്വം മുഷ്‍ടി ഉയർത്തി ക്യാമറയിൽ ഉറ്റുനോക്കുന്നതായി അതിൽ കാണാം. പക്ഷേ, ജയിലിൽ അയാളെ അവർ കണ്ടുമുട്ടിയപ്പോൾ അയാൾ തീർത്തും വ്യത്യസ്‍തനായ ഒരു മനുഷ്യനായിത്തീർന്നിരുന്നു. ഒരു നീണ്ട ഇസ്ലാമിക അങ്കിയും, പ്രാർത്ഥനാതൊപ്പിയും ധരിച്ച അയാൾ മൃദുവായി സംസാരിച്ചു. മുമ്പ് ഒരു തവണ അദ്ദേഹത്തെ കാണാൻ ഇവാൻ ജയിലിൽ പോയിട്ടുണ്ട്.

"എന്തുകൊണ്ടാണ് നിങ്ങൾ അവരുടെ അമ്മയെ കൊന്നത്, എന്‍റെ കണ്ണുകളിൽ ഒന്ന് നഷ്‍ടപ്പെടുത്തിയത് എന്നവർക്ക് അറിയണം" ഇവാൻ അയാളോട് പറഞ്ഞു. ഹസ്സൻ ആദരവോടെ തലയാട്ടി. "അവർക്ക് വളരെ ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ടതല്ലേ? അവർ തീർച്ചയായും അറിയണം." പിന്നെ, കുട്ടികള്‍ക്കുനേരെ തിരിഞ്ഞ് അവരോടായി ഹസ്സൻ പറഞ്ഞു. "ഞാൻ നിങ്ങളുടെ പിതാവിനോട് പറഞ്ഞിട്ടുണ്ട്, ഇപ്പോൾ നിങ്ങളോട് പറയാൻ എനിക്ക് ഒരവസരം ലഭിച്ചിരിക്കുന്നു. അല്ലാഹുവിന് നന്ദി. നിങ്ങളുടെ പിതാവിനെ വേദനിപ്പിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഇവാൻ ബൈക്കിൽ കടന്നുപോകുമ്പോൾ, ബോംബ് വഹിച്ചിരുന്ന എന്‍റെ സുഹൃത്ത് ആ സമയത്ത് ചാവേറായി. ഇവാന്‍റെ മക്കളായ നിങ്ങൾക്ക് എന്നോട് ക്ഷമിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" അയാൾ തുടർന്നു.

അയാളുടെ ശബ്‌ദം വിറച്ചു. "ഞാൻ ഒരു മോശപ്പെട്ട മനുഷ്യനാണ്. ഞാൻ നിരവധി തെറ്റുകൾ ചെയ്‍തിട്ടുണ്ട്" അയാൾ പറഞ്ഞു. അതുകേട്ട് സാറ അയാളെ വെറുതെ ഉറ്റുനോക്കികൊണ്ടിരുന്നു. സാറയ്ക്ക് വല്ലാത്ത ദേഷ്യം തോന്നിയെങ്കിലും മര്യാദ കൈവിടാതെ അവൾ ചോദിച്ചു "എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ ഒരു കാര്യം ചെയ്‍തത്? എന്തിനായിരുന്നു?''. "എനിക്കും എന്‍റെ സുഹൃത്തുക്കൾക്കും തെറ്റായ അറിവും വിദ്യാഭ്യാസവുമാണ് ലഭിച്ചത്. തിരിച്ചറിവുണ്ടായപ്പോഴേക്കും വളരെ വൈകി. അങ്ങനെയൊന്നും സംഭവിക്കാതിരുന്നെങ്കിലെന്ന് ഞാൻ ഇപ്പോൾ ആഗ്രഹിച്ചു പോവുകയാണ്" അയാൾ മറുപടി നൽകി.

തുടർന്ന് സാറാ അവളുടെ കഥ അയാളോട് പറയാൻ തുടങ്ങി. അഞ്ചാം ജന്മദിനത്തിൽ അമ്മ എങ്ങനെ മരിച്ചുവെന്നും, നാല് മണിക്ക് അവർ പിറന്നാൾ പാർട്ടി നടത്താനിരിക്കെ, ആ സന്തോഷമെല്ലാം എങ്ങനെ നിരാശയിലേക്ക് വഴിമാറി എന്നെല്ലാം അവൾ അയാളോട് പറഞ്ഞു. "എന്‍റെ ഉമ്മ എവിടെയെന്ന് ഞാൻ എപ്പോഴും എന്‍റെ ബാപ്പയോട്  ചോദിക്കും. അവൾ അല്ലാഹുവിന്‍റെ വീട്ടിലാണെന്ന് ഒരിക്കൽ ബാപ്പ എന്നോട് പറഞ്ഞു. അമ്മയെ കാണാതെ വിഷമിച്ചിരുന്ന എനിക്ക് സന്തോഷമായി. അല്ലാഹുവിന്‍റെ വീട് എവിടെയാണ് എന്ന് ഞാൻ ബാപ്പയോട് വീണ്ടും ചോദിച്ചു. അപ്പോൾ ബാപ്പ പറഞ്ഞു പള്ളിയാണ് അല്ലാഹുവിന്‍റെ വീട് എന്ന്.''

"അവിടെ എന്‍റെ ഉമ്മ എന്നെ കാത്തിരിക്കുന്നുണ്ടാകും എന്നോർത്തു ഞാൻ പള്ളിയിലേക്ക് ഓടി. ഞാൻ കുറേനേരം ഉമ്മയെ കാത്ത് പള്ളിയിൽ നിന്നു. എന്നാൽ ഞാൻ വീട്ടിൽ തിരിച്ചെത്താതായപ്പോൾ എന്‍റെ ഉമ്മൂമ്മ എന്നെ അന്വേഷിച്ചു പള്ളിയിൽ വന്നു. എന്‍റെ ഉമ്മയെ ഞാൻ കാത്തിരിക്കുകയാണെന്ന് ഉമ്മൂമ്മയോട് ഞാൻ പറഞ്ഞു. ഉമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാമെന്നും ഞാൻ സ്വപ്നം കണ്ടു. പക്ഷേ, ഉമ്മ പിന്നീടൊരിക്കലും ഞങ്ങളെ കാണാൻ വന്നില്ല" സാറ പറഞ്ഞു.

ഇതുകേട്ട സമയം അയാൾ കണ്ണുകളടച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. സാറ തന്‍റെ കഥകൾ പറയുമ്പോഴെല്ലാം അയാൾ അല്ലാഹുവിനോട് മാപ്പപേക്ഷിച്ചു കൊണ്ടിരുന്നു. “ഞാൻ നിങ്ങളെ കണ്ടുമുട്ടണമെന്നും, ഇതെല്ലാം വിശദീകരിക്കണമെന്നും അള്ളാഹു നിശ്ചയിച്ചിട്ടുണ്ടാകാം" അദ്ദേഹം പറഞ്ഞു. "പക്ഷേ, എനിക്ക് അത് നിങ്ങളോട് വിശദീകരിക്കാൻ കഴിയില്ല, എനിക്ക് മാപ്പ് തരണം. എനിക്ക് കരച്ചിൽ അടക്കാൻ പറ്റുന്നില്ല. ഞാൻ നിന്നെ എന്‍റെ സ്വന്തം കുഞ്ഞായിട്ടാണ് കാണുന്നത്. ദയവായി നീ എന്നോട് ക്ഷമിക്കണം" അയാൾ കരഞ്ഞുകൊണ്ട് പറഞ്ഞു. അവിടെ ഇരുന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.

ഹസ്സന്‍റെ കണ്ണീര് അവരെ എത്രമാത്രം സ്പർശിച്ചെന്ന് ഇവാൻ പറഞ്ഞു. "അയാൾ കരയുന്നത് കണ്ടപ്പോൾ അയാൾ ഒരു നല്ല വ്യക്തിയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. മറ്റുള്ളവരുടെ കഷ്ടപ്പാടുകളും വേദനയും അയാൾക്ക് മനസ്സിലാകും. ഒരുപക്ഷേ, തെറ്റായ ആശയങ്ങളും, തെറ്റായ ആളുകളും അദ്ദേഹത്തെ സ്വാധീനിച്ചിരിക്കാം, ഇപ്പോൾ അദ്ദേഹം ഹൃദയം തുറന്നു" ഇവാൻ പറഞ്ഞു. പോകുന്നതിന് മുൻപ് അവർ ഒരുമിച്ച് ഒരു ഫോട്ടോ എടുത്തു. അവർ എല്ലാം പൊറുത്തു പരസ്‍പരം കൈ കൊടുത്തു. അവർക്കിടയിൽ നിലനിന്ന ക്ഷമയുടെ ആഴം പ്രവചിക്കാൻ സാധിക്കില്ല.

 

“വധശിക്ഷ നൽകിയതുകൊണ്ട് മാത്രമായില്ല. ഞങ്ങൾ അനുഭവിച്ച വേദന അവരും അനുഭവിക്കണമെന്നും മറ്റും ഞാൻ എപ്പോഴും പറയുമായിരുന്നു. എന്നാൽ, ക്ഷമിക്കാൻ കഴിയുന്ന അനുയായികളോടൊപ്പം അല്ലാഹു എന്നുമുണ്ടാകും" ഇവാൻ പറയുന്നു. കവിളിൽ കൂടി ഒലിച്ചിറങ്ങുന്ന കണ്ണുനീർ ഒപ്പി ഞങ്ങൾ പുറത്തേയ്ക്ക് ഇറങ്ങി. താമസിയാതെ ഞങ്ങൾ മിലിട്ടറി ബസ്സിൽ തിരിച്ചെത്തി. ജയിലുകൾക്ക് പിന്നിൽ ഈ ദ്വീപിൽ പ്രസിദ്ധമായ ഒരു ബീച്ച് ഉണ്ട്. അന്തേവാസികൾ ഒരിക്കലും കാണാനാകാത്ത ഒരു സ്ഥലം. ഇതിനെ പെർമിസൻ ബീച്ച് അഥവാ വൈറ്റ് ബീച്ച് എന്നാണ് വിളിക്കുന്നത്. അവിടെയാണ് രാജ്യത്തെ പ്രത്യേക സേന പരിശീലനം നടത്തുന്നത്. സാറയ്ക്കും റിസ്‍കിക്കും ഇവാനും ബീച്ച് കാണാൻ മോഹം തോന്നി. കൈകൾ കോർത്ത് പിടിച്ച് സാറയും റിസ്‍കിയും ഇവാനും ആ മണലിലൂടെ നടന്നു. "സാറ ഇതുപോലെ ചിരിക്കുന്നത് ഞാൻ മുമ്പ് കണ്ടിട്ടില്ല" ഇവാൻ പറഞ്ഞു.

"ഇന്നത്തെ അഭിമുഖം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ക്ഷമിക്കണം, ഞാൻ ചെയ്‍തതിൽ ഖേദിക്കുന്നുവെന്ന് ഹസ്സൻ പറഞ്ഞു. ഒരാൾക്ക് വളരെ ഭയാനകമായ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും, അവർക്ക് അതിൽനിന്ന് പിന്തിരിയാൻ സാധിക്കുമെന്നും ഞാൻ മനസ്സിലാക്കി. ഞാൻ അയാളോട് മനസ്സുകൊണ്ട് ക്ഷമിച്ചു. ഞാൻ ഇപ്പോൾ വളരെയധികം സന്തോഷവതിയാണ്. കാരണം ഞാൻ അറിയാൻ ആഗ്രഹിച്ചത്, ഇത്രയും കാലം ഞാൻ ചോദിക്കാൻ ആഗ്രഹിച്ചത് എല്ലാത്തിനും എനിക്ക് ഉത്തരം ലഭിച്ചു" സാറയും പറയുന്നു.