കലങ്ങിയ വെള്ളം ആണെങ്കിൽ അത് പൂർണമായും അടിഞ്ഞു, തെളിവെള്ളം ആയതിനു ശേഷമേ അണുനാശിനി ഉപയോഗിക്കാവൂ. അല്ലെങ്കിൽ അണുനാശനം പൂര്‍ണമാകില്ല. വെള്ളം കലങ്ങിയത് എന്ന് വച്ചാൽ, അതിൽ സൂക്ഷ്മ ജീവികൾ ആകാം, ജൈവ പദാർത്ഥങ്ങൾ ആകാം, അല്ലെങ്കിൽ നേർത്ത മണ്ണ് കലങ്ങിയത് ആവാം.
ക്യാമ്പ് വിട്ട് വീടുകളിലേക്ക് എത്തിയ ഉടനെ ചെയ്യുന്ന ഒരു കാര്യമാണ് കിണര്‍ വൃത്തിയാക്കല്‍. ഏറ്റവും ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണിത്. കാരണം, എവിടെനിന്ന്, എങ്ങനെയൊക്കെ, എന്തൊക്കെ ഒഴുകി കിണറിലേക്ക് എത്തിയെന്ന് പറയുക സാധ്യമല്ല. നന്നായി വൃത്തിയാക്കിയില്ലെങ്കില്‍ രോഗം പകരാനും കാരണമാകും. കിണര്‍ വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സുരേഷ് സി. പിള്ള ഫേസ്ബുക്കില്‍ കൃത്യമായി എഴുതുന്നു.
കിണറിന്‍റെ പരിസരമെല്ലാം സഞ്ചാരയോഗ്യമാക്കണം, കിണറിന്‍റെ അടുത്തേക്ക് പോകുന്നത് സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്തുക. ചിലപ്പോൾ തിട്ട ഇടിഞ്ഞു, കിണറ്റിലേക്ക് വീഴാം. കിണറുകളുടെ ഭിത്തി ദുർബ്ബലപ്പെട്ടിട്ടുണ്ടാവാം. ഇതെല്ലാം ഉറപ്പു വരുത്തിയിട്ടേ കിണറിന്‍റെ അടുത്തേയ്ക്ക് പോകാവൂ തുടങ്ങി കാര്യങ്ങളെ കൃത്യമായി എഴുതിയിരിക്കുകയാണ് സുരേഷ്.
ഫേസ്ബുക്ക് പോസ്റ്റ്: കിണറ്റിലോട്ട് നോക്കുമ്പോൾ
പ്രളയം ഉണ്ടായ സ്ഥലങ്ങളിൽ കുടിവെള്ളം പൂർണമായോ, ഭാഗികമായോ മലിനമാകാൻ (contaminate) സാധ്യത ഉണ്ട്. കക്കൂസ് മാലിന്യങ്ങൾ, ഓടവെള്ളം, പക്ഷി മൃഗാദികളുടെ വിസർജ്ജ്യങ്ങൾ ഇവകൊണ്ടെല്ലാം വെള്ളം മലിനമായിരിക്കാം. ഇവയിലെല്ലാം പല തരത്തിലുള്ള ബാക്റ്റീരിയകൾ, വൈറസുകൾ, ആൽഗകൾ എന്നിങ്ങനെ ആരോഗ്യത്തിനു ഹാനികരമായ പല സൂക്ഷ്മജീവികളും ധാരാളമായി കാണാം.
ഉടനടി ചെയ്യേണ്ടതായ ചില കാര്യങ്ങൾ ആണ് പങ്കുവയ്ക്കുന്നത്.
1. കിണറിന്‍റെ പരിസരം ആദ്യം സഞ്ചാരയോഗ്യമാക്കുക.
2. കിണറിന്‍റെ അടുത്തേക്ക് പോകുന്നത് സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്തുക. ചിലപ്പോൾ തിട്ട ഇടിഞ്ഞു, കിണറ്റിലേക്ക് വീഴാം. കിണറുകളുടെ ഭിത്തി ദുർബ്ബലപ്പെട്ടിട്ടുണ്ടാവാം. ഇതെല്ലാം ഉറപ്പു വരുത്തിയിട്ടേ കിണറിന്‍റെ അടുത്തേയ്ക്ക് പോകാവൂ.
3 . കിണറ്റിൽ പൊങ്ങിക്കിടക്കുന്ന ചപ്പു ചവറുകൾ, കുപ്പികൾ ഇവ എടുത്തു മാറ്റുക.
4. പറ്റുമെങ്കിൽ, വെള്ളം ഒരു പമ്പു വച്ച് പൂർണമായും നീക്കം ചെയ്യുക (ഏറ്റവും ഉത്തമമായ കാര്യം ഇതാണ്). ഇതു സാധ്യമല്ലെങ്കിൽ പറ്റുന്ന അത്രയും ആഴത്തിലുള്ള വെള്ളം തേകി കിണർ വൃത്തി ആക്കുക. ഇത് വളരെ പ്രധാനമാണ്. കുടിവെള്ളം തീർത്തും മലിനമായിട്ടുണ്ടാവാം.
5. ഇനിയാണ് പ്രധാന കാര്യം. കലങ്ങിയ (turbid) വെള്ളം ആണെങ്കിൽ അത് പൂർണമായും അടിഞ്ഞു, തെളിവെള്ളം ആയതിനു ശേഷമേ അണുനാശിനി ഉപയോഗിക്കാവൂ. അല്ലെങ്കിൽ അണുനാശനം പൂര്‍ണമാകില്ല. വെള്ളം കലങ്ങിയത് എന്ന് വച്ചാൽ, അതിൽ സൂക്ഷ്മ ജീവികൾ ആകാം, ജൈവ പദാർത്ഥങ്ങൾ ആകാം, അല്ലെങ്കിൽ നേർത്ത മണ്ണ് കലങ്ങിയത് ആവാം. വെള്ളത്തിന്‍റെ കലക്കത്തിന്‍റെ അളവ് പറയുന്ന യൂണിറ്റ് ആണ് NTU, (nephelometric turbidity units). കുടിവെള്ളത്തിന് 1 NTU വിൽ താഴെ ആയിരിക്കണം എന്നാണ് അന്താരഷ്ട്ര പ്രസിദ്ധീകരങ്ങൾ പറയുന്നത്. 2 NTU വരെയും കുഴപ്പമില്ല എന്ന് പറയാം. പക്ഷെ അണു നശീകരണത്തിനായി ഉപയോഗിക്കുന്ന വെള്ളത്തിന് നിർബന്ധമായും 20 NTU വിൽ താഴെ ആയിരിക്കണം. അടുത്തുള്ള കൃഷി ഓഫീസറെയോ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസർമാരേയോ ഇതിനായി സമീപിക്കാം.
Turbidity മീറ്ററുകൾ അടുത്തുള്ള ലാബുകളിൽ ലഭ്യമാക്കണം. ഇത് വലിയ വിലപിടിപ്പുള്ള ഉപകരണം അല്ല. അല്ലെങ്കിൽ ഒരു ഗ്ലാസിൽ വെള്ളം എടുത്ത ശേഷം അതിൽ ഖര മാലിന്യങ്ങൾ ഇല്ല എന്ന് ഉറപ്പു വരുത്താം. വെള്ളത്തിന്‍റെ കലക്കൽ പലപ്പോഴും മണ്ണ് കൊണ്ട് ആണെങ്കിൽ ഒരാഴ്ച കൊണ്ട് പൂർണ്ണമായും 'സെറ്റിൽ' ആകും. അതുകൊണ്ട് ധൃതി പിടിക്കാതെ ഒരാഴ്ച എങ്കിലും സെറ്റിൽ ആകാൻ ഇടുക. എന്നിട്ടും തെളി ആയില്ലെങ്കിൽ അത് ഓർഗാനിക് മാറ്ററുകൾ അല്ലെങ്കിൽ ജൈവ വസ്തുക്കൾ ആകാം. അപ്പോൾ തീർച്ചയായും കിണർ വറ്റിച്ചു വെള്ളം പൂർണ്ണമായും നീക്കം ചെയ്തിട്ടേ അണുനശീകരണത്തിന് ശേഷം കുടിവെള്ളം ആയി ഉപയോഗിക്കാവൂ. ചിരട്ടക്കരി ഒക്കെ പഴമക്കാർ കിണറ്റിൽ ഇടുന്നത് വെള്ളത്തിന്‍റെ 'കലക്കൽ' മാറ്റാനാണ്. കരി ഒരു നല്ല adsorbant (അധിശോഷണം ചെയ്യുന്ന വസ്തു), പക്ഷെ ഒരു 'ഫലപ്രദമായ' അണുനാശിനി അല്ല.
6. അണുനാശനം: വെള്ളം തെളി ആയാൽ ഉടനെ അണുനാശനം നടത്താം. ഇപ്പോൾ നമുക്ക് ലഭ്യം ആയതിൽ ഏറ്റവും ഫലപ്രദമായ മാർഗ്ഗം 'ക്ലോറിനേഷൻ' ആണ്. അത് സാമാന്യം എളുപ്പം ആയി 'ബ്ലീച്ചിങ് പൗഡർ (Bleaching powder, or chlorinated lime)' ഉപയോഗിച്ചു പ്രാവർത്തികം ആക്കുകയും ചെയ്യാം. ബ്ലീച്ചിങ് പൗഡറിൽ നിന്നും ഏകദേശം 30% chlorine വാതകം ലഭ്യമാണ്. പക്ഷെ, WHO പറയുന്ന ഈ കാര്യം കൂടി ശ്രദ്ധിക്കുക, ബ്ലീച്ചിങ് പൗഡറിന്‍റെ ക്യാൻ (സീൽ ചെയ്ത കുപ്പി) ഓപ്പൺ ചെയ്ത ഉടനെ ഉപയോഗിക്കുക. തുറന്നു വച്ചാൽ അതിൽ നിന്നും അന്തരീക്ഷത്തിലുള്ള ഈർപ്പവും ആയി പ്രവർത്തിച്ചു ക്ലോറിന്‍ വാതകം നഷ്ടമാകും. ബ്ലീച്ചിങ് പൗഡർ അഥവാ Calcium hypochlorite [Ca(ClO)2]. ഇത് വെള്ളവും ആയി പ്രവർത്തിക്കുമ്പോൾ ക്ലോറിൻ ഗ്യാസ് ഉണ്ടാക്കുകയും അത് അണു നാശിനി ആയി ഭവിക്കുകയും ചെയ്യും. Ca(OCl)Cl+H2O ---> Ca(OH)2+Cl2. അതായത് ഇത് വെള്ളം ഇല്ലാതെ പൗഡർ ആയി ഉപയോഗിച്ചാൽ അണുനാശിനി അല്ല എന്നർത്ഥം. 1 % ആക്റ്റീവ് ക്ലോറിൻ ലായനി തയ്യാറാക്കുന്ന വിധം. ഒരു വലിയ ടേബിൾ സ്പൂൺ / അല്ലെങ്കിൽ മൂന്നു, നാല് ടീ സ്പൂൺ ബ്ലീച്ചിങ് പൗഡർ കുറച്ചു വെള്ളത്തിൽ ലയിപ്പിച്ച ശേഷം അതിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിക്കുക. ഏകദേശം പത്തു പതിനഞ്ചു മിനിട്ട് വച്ചതിനു ശേഷം ഈ ലായനി ഉപയോഗിക്കാം. (Ref. Collecting, preserving and shipping specimens for the diagnosis of avian influenza A(H5N1) virus infection, Guide for field operations, October 2006). കിണർ ഒരു സിലണ്ടർ ആയി കണക്കാക്കാം. സിലിണ്ടറിന്‍റെ volume (വ്യാപ്തം) pi(r square) h. ഇത് ഉപയോഗിച്ച് നിങ്ങളുടെ കിണറ്റിലെ വെള്ളത്തിന്‍റെ അളവും ഒരു ഹൈസ്കൂൾ വിദ്യാർത്ഥിക്കു കണക്കാക്കാവുന്നതേ ഉള്ളൂ. കൂടുതൽ വിവരങ്ങൾക്കും കണക്കു കൂട്ടലുകൾക്കും താഴെയുള്ള റഫറൻസുകൾ നോക്കുക.
7 പൈപ്പുകൾ, വാട്ടർ ടാങ്ക് എന്നിവ വെള്ളം അടിച്ചു കളഞ്ഞു രണ്ടു മൂന്നു പ്രാവശ്യം എങ്കിലും ക്ലീൻ ചെയ്യാൻ മറക്കാതെ ഇരിക്കുക.
8. തിളപ്പിക്കൽ: വെള്ളം 'ക്ലോറിനേഷൻ' നടത്തി അണുനാശനം നടത്തി എങ്കിലും ഒരു ആറുമാസത്തേയ്ക്ക് ഉറപ്പായും തിളപ്പിച്ചേ കുടിക്കാവൂ. അഞ്ചു മിനിറ്റെങ്കിലും വെള്ളം തിളയിൽ നിൽകാൻ അനുവദിക്കുക. തിളപ്പിക്കൽ ഒരു നല്ല അണുനാശന പ്രക്രിയ ആണ്. മിക്കവാറും സൂക്ഷ്മ ജീവികളെ എല്ലാം തിളപ്പിക്കൽ പ്രക്രിയ കൊണ്ട് ഒഴിവാക്കാം.
എഴുതിയത്: സുരേഷ് സി. പിള്ള
കൂടുതൽ വായനയ്ക്ക്
TECHNICAL NOTES ON DRINKING-WATER, SANITATION AND HYGIENE IN EMERGENCIES, WHO, WHO by WEDC. Authors: Sam Godfrey and Bob Reed. Series Editor: Bob Reed. Editorial contributions, design and illustrations by Rod Shaw
Line illustrations courtesy of WEDC / IFRC. Additional graphics by Ken Chatterton.
Water, Engineering and Development Centre Loughborough University Leicestershire LE11 3TU UK
Hunter, Paul R. "Household water treatment in developing countries: comparing different intervention types using meta-regression." Environmental science & technology 43.23 (2009): 8991-8997.
Luby, Stephen P., et al. "Difficulties in bringing point-of-use water treatment to scale in rural Guatemala." The American journal of tropical medicine and hygiene 78.3 (2008): 382-387.
Smieja, Joanne A. "Household water treatments in developing countries." Journal of Chemical Education 88.5 (2011): 549-553.
