Asianet News MalayalamAsianet News Malayalam

എങ്ങനെയുള്ള സ്‌കൂളിൽ വിടണം നമ്മുടെ കുഞ്ഞിനെ?

ഇത് ഏതാണ്ട് കുട്ടികളുടെ അഡ്മിഷനുകൾ നടക്കുന്ന കാലമാണ്. പലയിടങ്ങളിലും അടുത്ത വർഷത്തേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന സമയം കഴിഞ്ഞിരിക്കുന്നു. നമ്മുടെ സോഷ്യൽ സംഗമങ്ങളിൽ പലതിലും സുഹൃത്തുക്കളെ കണ്ടുമുട്ടുമ്പോൾ സംസാരം പതിയെ കുടുംബവിശേഷങ്ങളിലേക്ക് നീങ്ങും. പിന്നെ, ചോദ്യങ്ങൾ സ്വാഭാവികമായും അവരുടെ സ്‌കൂളിനെക്കുറിച്ചും അവിടെ അഡ്മിഷൻ കിട്ടാൻ നമ്മളെടുത്ത പരിശ്രമങ്ങളെക്കുറിച്ചും ഒക്കെയാവും.

how to select school
Author
Thiruvananthapuram, First Published Jan 5, 2019, 6:45 PM IST

പുതുവര്‍ഷം തുടങ്ങി. അഞ്ച് മാസം കഴിയുമ്പോള്‍ പുതിയ അധ്യയന വര്‍ഷവും തുടങ്ങും. അതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആശങ്ക തുടങ്ങും, കുഞ്ഞിനെ ഏത് സ്കൂളില്‍ അയക്കണം എന്നതിനെ ചൊല്ലി. കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ്? 'എക്സ്പ്രസ്സ് പാരന്റിംഗി'ൽ അഖിലാ ദാസ് ബ്ളാ എഴുതിയ ലേഖനത്തില്‍ നിന്ന്. 

ഇന്നലെ പെറ്റിട്ട പോലാണ് ഓർമ്മ... നിന്ന നില്പിന് വളർന്നു പോയി കുഞ്ഞ്. വീടിനു തൊട്ടടുത്ത ഡേ കെയറിൽ തന്നെ കിൻഡർ ഗാർട്ടൻ കഴിഞ്ഞു. അവിടെ അതിനു മേലോട്ട് ക്‌ളാസ്സുകളില്ല. അപ്പോഴാണ് അതേപ്പറ്റി ഓർക്കുന്നത് പോലും. ഇപ്പോൾ മുന്നിലുള്ള ചോദ്യം ആകെ കുഴപ്പിക്കുന്നതാണ്. ഏത് സ്‌കൂളിൽ വിടണം കുഞ്ഞിനെ? 

ആരോടെങ്കിലും ചോദിക്കാമെന്ന് വെച്ചാൽ എല്ലാവർക്കും അവരവരുടേതായ ഉറച്ച അഭിപ്രായങ്ങളാണ്. ICSE, CBSE, ISC, സ്റ്റേറ്റ് സിലബസ്സ് എന്നിങ്ങനെയുള്ള പ്രാഥമികമായ തിരഞ്ഞെടുപ്പുകളാണ് ആദ്യഘട്ടം. പിന്നെ ഏത് സ്‌കൂൾ വേണമെന്നുള്ളതും. വീടിന് കഴിയുന്നതും അടുത്തായാൽ കൊണ്ടുവിടാൻ എളുപ്പം. എന്നുവെച്ച് ഖ്യാതിയിൽ ഒട്ടും പിന്നിലാവാൻ പാടില്ല. പഠിക്കുന്ന കുട്ടികളെപ്പറ്റി മോശം അഭിപ്രായവും ഉണ്ടാവരുത് പൊതുവിൽ. ആകെ നമ്മളെ കുഴപ്പിക്കുന്ന ഒരു സാഹചര്യമാണിത്. പലപ്പോഴും അച്ഛനമ്മമാരെ തമ്മിലടിപ്പിക്കുന്ന ഒരു തീരുമാനവും. നമ്മുടെ കുഞ്ഞിന്റെ ആദ്യത്തെ സ്‌കൂൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെയാണ് നമ്മൾ പരിഗണിക്കേണ്ടുന്നത്? 

ഇത് ഏതാണ്ട് കുട്ടികളുടെ അഡ്മിഷനുകൾ നടക്കുന്ന കാലമാണ്. പലയിടങ്ങളിലും അടുത്ത വർഷത്തേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന സമയം കഴിഞ്ഞിരിക്കുന്നു. നമ്മുടെ സോഷ്യൽ സംഗമങ്ങളിൽ പലതിലും സുഹൃത്തുക്കളെ കണ്ടുമുട്ടുമ്പോൾ സംസാരം പതിയെ കുടുംബവിശേഷങ്ങളിലേക്ക് നീങ്ങും. പിന്നെ, ചോദ്യങ്ങൾ സ്വാഭാവികമായും അവരുടെ സ്‌കൂളിനെക്കുറിച്ചും അവിടെ അഡ്മിഷൻ കിട്ടാൻ നമ്മളെടുത്ത പരിശ്രമങ്ങളെക്കുറിച്ചും ഒക്കെയാവും. അഡ്മിഷനുകളുടെ ലോകം വളരെ സങ്കീർണ്ണമാണ്. നമുക്കുമുന്നിൽ വരുന്ന വിവരങ്ങളെ യഥാവിധി വിശകലനം ചെയ്ത് യുക്തമായൊരു തീരുമാനമെടുക്കാൻ ചിലപ്പോൾ നമുക്ക് കഴിഞ്ഞെന്നു വരില്ല. അഥവാ, നമ്മൾ എടുത്ത തീരുമാനം നമ്മുടെ കുഞ്ഞിന്റെ ഭാവി സുരക്ഷിതമാക്കാൻ പോന്ന ഒന്നാണോ എന്ന് നിസ്സംശയം പറയാൻ നമുക്ക് പലപ്പോഴും കഴിഞ്ഞെന്നു വരില്ല. ഈ ഒരു അവസ്ഥയിലൂടെ കടന്നുപോവാത്തവരായി ആരുമില്ല. ഇങ്ങനെയുള്ള സന്നിഗ്ദ്ധഘട്ടങ്ങളിൽ നല്ലൊരു തീരുമാനത്തിലെത്താൻ നമ്മൾ പരിഗണിക്കേണ്ടതായ ചില ഘടകങ്ങളുണ്ട്. അവയിലൂടെ. 

പഠനത്തിനുള്ള വാർഷികച്ചെലവ് 

നിരവധി ഓപ്‌ഷനുകൾ മുന്നിലുണ്ടാവുമ്പോൾ നമുക്ക് പല ഘടകങ്ങളും പാലിക്കാത്തവ ഒന്നൊന്നായി ഒഴിവാക്കിക്കൊണ്ട് ഒടുവിൽ ശരിയായ ഒരു തെരഞ്ഞെടുപ്പിൽ എത്തിച്ചേരുന്ന രീതിയാവും നന്നാവുക. ഈ ഒഴിവാക്കൽ പ്രക്രിയയുടെ ആദ്യ പടി, വാർഷിക പഠനച്ചെലവ് തന്നെയാകും. നമുക്ക് കുഞ്ഞുങ്ങളുടെ പഠനത്തിനായി നീക്കിവെക്കാനാവുന്ന തുക ആദ്യം മനസ്സിൽ കാണണം. അതിനനുസരിച്ചുള്ള സ്‌കൂളുകളുടെ ഒരു ഷോർട്ട് ലിസ്റ്റ് തയ്യാറാക്കണം. ചില സ്‌കൂളുകളുടെ ഫീസ് വർഷത്തിൽ ലക്ഷങ്ങളാവും. ഫീസ് തുക കേട്ടാൽ അവിടെ കുഞ്ഞുങ്ങൾക്ക് സ്വർണ്ണപ്പാത്രത്തിൽ വെള്ളിക്കരണ്ടിയിൽ ഭക്ഷണം കൊടുക്കുന്നുണ്ടോ എന്ന് പോലും സംശയം തോന്നിപ്പോവും. നമ്മുടെ കുഞ്ഞുങ്ങളുടെ എണ്ണവും ഈ ബജറ്റ് നീക്കിവെപ്പിനെ സ്വാധീനിക്കും സ്വാഭാവികമായും. സ്‌കൂളിൽ ലഭ്യമായ സൗകര്യങ്ങളിലും പഠനനിലവാരത്തിലും കാര്യമായ വിട്ടുവീഴ്ചകൾ ചെയ്യാതെ നമ്മുടെ ബജറ്റിനുള്ളിൽ നിൽക്കുന്ന സ്‌കൂളുകളെ ആദ്യം കണ്ടെത്തണം. ചില സ്‌കൂളുകളിൽ ഫീസ് എല്ലാം ഉൾക്കൊള്ളുന്നതായിരിക്കും, മറ്റു ചിലതിൽ ഒളിഞ്ഞിരിക്കുന്ന ചെലവുകൾ പിന്നീട് കേറിവരാം. ഇതൊക്കെ കൃത്യമായി അന്വേഷിച്ച് മനസ്സിലാക്കണം.. സ്‌കൂൾ ബസ്സിന്റെ ഫീസ്, യൂണിഫോം, പുസ്തകങ്ങളുടെ ചെലവ്, ഫീൽഡ് ട്രിപ്പുകൾ, പ്രോജക്റ്റ് വർക്ക് എന്നിങ്ങനെ നമ്മുടെ കീശയ്ക്ക് ഓട്ടയുണ്ടാക്കുന്ന  പലതുണ്ട്. ഇതൊക്കെ പരിഗണിച്ചുവേണം നമ്മൾ ഒരു തീരുമാനത്തിലെത്താൻ. ആ സ്‌കൂളിൽ മുമ്പ് പഠിച്ച കുട്ടികളുടെ രക്ഷിതാക്കളുമായും മറ്റും സമ്പർക്കത്തിലേർപ്പെട്ടാൽ കൃത്യമായ വിവരങ്ങൾ കിട്ടും. ഫേസ്ബുക്കും വാട്ട്സാപ്പും ഒക്കെയുള്ള ഇന്നത്തെക്കാലത്ത് ഇതൊന്നും ഒട്ടും ബുദ്ധിമുട്ടുള്ള പണിയല്ല. 

അധ്യയന രീതി 

ഇന്ത്യയിലെ വിദ്യാഭ്യാസ കമ്പോളത്തിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ രീതികൾ അവതരിച്ചിട്ട് അധികനാളായിട്ടില്ല. എവിടെത്തിരിഞ്ഞു നോക്കിയാലും ഇന്റർ നാഷണൽ സ്‌കൂളുകളുടെ ബഹളമാണ്. അവരുടെ നിരന്തര പരസ്യങ്ങളും നമ്മുടെ കൺവെട്ടത്ത് നിറഞ്ഞുകൊണ്ടിരിക്കുന്നു. പലപ്പോഴും ഈ സ്‌കൂളുകളിൽ വേണ്ടത്ര കുട്ടികളുണ്ടാവില്ല എന്നതും, ഫീസ് നമ്മുടെ ബജറ്റിന് പുറത്താവാറുണ്ട് എന്നതും ഇവിടേക്ക് കുട്ടികളെ വിടുന്ന രക്ഷിതാക്കളുടെ എണ്ണം ചുരുക്കമാണ്.  പിന്നെയുള്ളത് സെൻട്രൽ സിലബസ്സുകളായ CBSE, ICSE തുടങ്ങിയവയാണ്. ഇന്ത്യയിൽ ഉപരിപഠനം നടത്താൻ ഉദ്ദേശമുള്ളവർക്ക് ആവശ്യമായ അടിസ്ഥാനം പകർന്നു നൽകാൻ ഈ സിലബസ്സിലുള്ള പഠനവിഷയങ്ങൾ ധാരാളമാകും. ഇന്റർനാഷണൽ സിലബസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾ അവരുടെ തുടർ പഠനം  വിദേശ രാജ്യങ്ങളിൽ ആവാനാണ് സാധ്യത കൂടുതൽ. അത്തരം സ്‌കൂളുകൾ നമ്മുടെ പരമ്പരാഗത അധ്യയന രീതികളെ തിരസ്കരിക്കാനും കൂടുതൽ പരീക്ഷണാത്മകമായ രീതികൾ അവലംബിക്കാനും താത്പര്യം പ്രകടിപ്പിക്കാറുണ്ട്. ആദ്യത്തെ സ്‌കൂൾ തിരഞ്ഞെടുക്കുമ്പോൾ തന്നെ കുഞ്ഞിന്റെ ഉപരി പഠനത്തിനുള്ള നമ്മുടെ പദ്ധതികൾ കൂടി കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണെന്ന് സാരം. 

സ്‌കൂളിന്റെ സാംസ്കാരിക പാരമ്പര്യം 

ഓരോ സ്‌കൂളിനും അവരുടെ അധ്യയന തത്വശാസ്ത്രം, മത്സരങ്ങളോടുള്ള  മനോഭാവം, കുഞ്ഞുങ്ങളെ  പരിചരിക്കുന്ന രീതി, അച്ചടക്കം, അക്കാദമിക്സിൽലുള്ള ശ്രദ്ധ, എക്സ്ട്രാ കരിക്കുലർ/ആർട്സ്/സ്പോർട്സ് വിഷയങ്ങളിലുള്ള ഊന്നൽ എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്ന തനതായ ഒരു സാംസ്കാരിക പാരമ്പര്യമുണ്ടാവും. നമ്മുടെ കുഞ്ഞുങ്ങളുടെ  വിദ്യാഭ്യാസത്തിനൊപ്പം അവരുടെ വ്യക്തിത്വത്തെയും വാർത്തെടുക്കുന്ന ഇടങ്ങളെന്ന നിലയിൽ ഈയൊരു സാംസ്കാരിക പാരമ്പര്യത്തെ പരിഗണിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. 

രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള സമ്പർക്കം 

പല സ്‌കൂളുകളും ഇക്കാര്യത്തിൽ പല പോളിസികളാണ് സ്വീകരിക്കുന്നത്. ചില സ്‌കൂളുകളിൽ 'ഓപ്പൺ' ഹൗസായിരിക്കും. എപ്പോൾ വേണമെങ്കിലും രക്ഷിതാക്കൾക്ക് സ്‌കൂളിൽ പോകാം. അവരുടെ കുഞ്ഞുങ്ങളുടെ അധ്യാപരെ കാണാം. തങ്ങളുടെ വേവലാതികളും നിർദ്ദേശങ്ങളുമെല്ലാം അറിയിക്കാം. പല സ്‌കൂളുകളും രക്ഷിതാക്കളിൽ നിന്നുള്ള ഇത്തരത്തിലുള്ള ഇൻപുട്ടുകളെ വളരെ താത്പര്യത്തോടെ പരിഗണിക്കാറുണ്ട്. എന്നാൽ മറ്റു ചില സ്‌കൂളുകളിൽ ഇങ്ങനെയുള്ള തുറന്ന മനസ്സ് കണ്ടെന്നുവരില്ല. വർഷത്തിൽ ഒന്നോ രണ്ടോ വട്ടം മുൻകൂട്ടി പ്ലാൻ ചെയ്തു വിളിച്ചു കൂട്ടുന്ന മീറ്റിംഗുകളിൽ മാത്രമാവും നിങ്ങളുടെ ഫീഡ്ബാക്കുകൾക്ക് സ്ഥാനമുണ്ടാവുക. അതുതന്നെ പലപ്പോഴും അവർ പരിഗണിച്ചെന്നു പോലും വരില്ല. കൂടുതൽ തുറന്ന മനസ്സ് കാണിക്കുന്ന സ്‌കൂളുകളെ തെരഞ്ഞെടുക്കണം എന്നത് തന്നെയാണ് അടിസ്ഥാന തത്വം. എന്നിരിക്കിലും അത് മറ്റൊരു സ്‌കൂളിനെ ഒഴിവാക്കാനായുള്ള നിർണ്ണായക കാരണവും ആക്കേണ്ടതില്ല. 

സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ 

സ്‌കൂളിലെ സൗകര്യങ്ങൾ പലപ്പോഴും ഫീസുമായി നേർ ബന്ധമുള്ളവയായിരിക്കും. ഉദാഹരണത്തിന് കുഞ്ഞുങ്ങൾക്ക് എയർകണ്ടീഷൻഡ് ബസ്സുകളും ക്‌ളാസ് മുറികളും ഒക്കെ തരുന്നുണ്ടെങ്കിൽ അതിനനുസരിച്ചുള്ള ഫീസുമുണ്ടായെന്നുവരും. കൊടുക്കുന്നതിനനുസരിച്ച് തിരിച്ചുകിട്ടും. എന്നാലും, ചില അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ പാടില്ല. സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള വലിപ്പം അവിടത്തെ പ്ളേ ഗ്രൗണ്ടിനുണ്ടോ..? അവിടെ നല്ലൊരു ലൈബ്രറിയുണ്ടോ..? കമ്പ്യൂട്ടർ ലാബിൽ വേണ്ടത്ര സിസ്റ്റങ്ങളുണ്ടോ.. ?ലാബുകൾ നിലവാരമുള്ളതാണോ..? ഡാൻസ്‌/സംഗീതം തുടങ്ങിയവ അഭ്യസിക്കാനും മത്സരങ്ങളിൽ പങ്കെടുക്കാനുമുള്ള സൗകര്യമുണ്ടോ..? സ്‌കൂൾ ബസ്സുകൾ സുരക്ഷിതമായാണോ പ്രവർത്തിക്കുന്നത്..? എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നമ്മുടെ മുൻഗണനാ ക്രമങ്ങൾ കൃത്യമായി ആലോചിച്ചുറപ്പിച്ച് തീരുമാനിക്കണം. 

അധ്യാപക/ വിദ്യാർത്ഥി അനുപാതം
 
ഒരു ശരാശരി പ്രൈമറി സ്‌കൂളിൽ കണ്ടുവരുന്ന അധ്യാപക വിദ്യാർത്ഥി അനുപാതം  1 : 30 ആണ്. നമ്മുടെ കുഞ്ഞിന് കൂടുതൽ വ്യക്തിഗത ശ്രദ്ധ വേണമെന്ന് തോന്നുന്നപക്ഷം കുഞ്ഞിനെ കുറേക്കൂടി കുറഞ്ഞ അനുപാതമുള്ള സ്‌കൂളിൽ ചേർക്കുക. അനുപാതം കൊടിയ സ്‌കൂളുകൾ പഠനത്തിൽ ഏറെക്കുറെ സ്വയം പര്യാപ്തിയുള്ള കുട്ടികൾക്കാണ് ചേരുക. നമ്മുടെ കുഞ്ഞിനെ ആദ്യം വിലയിരുത്തി യോജിക്കുന്ന അനുപാതമുള്ള സ്‌കൂളിൽ ചേർക്കാൻ ശ്രദ്ധിക്കണം. 

എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികൾ 

നമ്മുടെ കുഞ്ഞുങ്ങളെ ഒരു സ്പോർട്സ് താരമോ അല്ലെങ്കിൽ കലാ രംഗത്ത് ശോഭിക്കുന്ന ആളോ ആക്കാൻ നമുക്കൊക്കെ മോഹം കാണും. ചില സ്‌കൂളുകൾ പഠനത്തിൽ മാത്രം ശ്രദ്ധിക്കുന്നവയാവും. ചിലതിന് പ്രശസ്തി അവർ വളർത്തിക്കൊണ്ടിരിക്കുന്ന സ്പോർസ് താരങ്ങളുടെ പേരിലായിരിക്കും. വേറെ ചിലതിന് കലാ രംഗത്ത് പ്രശസ്തരായവരുടെ പേരിലാവും. കുഞ്ഞുങ്ങളില് അഭിരുചിയ്ക്ക് അനുയോജ്യമായ രീതിയിലുള്ള സ്‌കൂളുകളിൽ  ചേർത്താൽ അവർ അതാത് രംഗങ്ങളിൽ മുന്നേറ്റം നടത്താനുള്ള സാധ്യത വർധിക്കും. ഇത് സ്‌കൂൾ തിരഞ്ഞെടുക്കുന്നതിൽ ഒരു സുപ്രധാന മാനദണ്ഡമാണ്. 

കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം 

സ്‌കൂളിനുളിൽ അപരിചിതർ കടന്നു കേറുന്നുണ്ടോ..? സ്‌കൂൾ ബസ്സിലെ ഡ്രൈവർമാർ കുഞ്ഞുങ്ങൾ ഉപയോഗിക്കുന്ന ടോയ്‌ലറ്റുകളിൽ കേറുന്നുണ്ടോ..? സ്‌കൂൾ ബസ്സിൽ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ അറ്റൻഡർമാർ ഉണ്ടോ..? സ്‌കൂൾ ബസ്സിന്റെ വാതിൽ സദാ അടയ്ക്കാറുണ്ടോ..? ഐഡി കാർഡുകൾ കൃത്യമായി പരിശോധിക്കുന്നുണ്ടോ..? കുട്ടി സ്‌കൂളിൽ നിന്നും പുറത്ത് പോവാനുള്ള സാഹചര്യമുണ്ടോ..? സ്‌കൂൾ അധികാരികൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ രക്ഷിതാക്കളുമായി കൃത്യമായി സമ്പർക്കം പുലർത്തുന്നവരാണോ ? ഇതൊക്കെ അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. 

വീട്ടിൽ നിന്നും സ്‌കൂളിലേക്കുള്ള ദൂരം 

പലപ്പോഴും നമുക്ക് നല്ല സ്‌കൂളുകൾക്കടുത്തുള്ള വാടകകൂടിയ വീടുകൾ താങ്ങാനായെന്നു വരില്ല. എന്നാലും കഴിവതും കുഞ്ഞുങ്ങളെ പറഞ്ഞയക്കാൻ ഉദ്ദേശിക്കുന്ന സ്‌കൂളുകളിൽ നിന്നും താരതമ്യേന കുറഞ്ഞ ദൂരങ്ങളിൽ വീടുകൾ കണ്ടെത്തുക. അല്ലെങ്കിൽ താമസിക്കുന്ന വീട്ടിൽ നിന്നും അധികം ദൂരെയല്ലാത്ത ഒരു സ്‌കൂൾ തിരഞ്ഞെടുക്കുക. സ്‌കൂൾ ബസ് മിസ്സാവുക എന്നത് സ്ഥിരമായി നടക്കാൻ പോവുന്നൊരു സംഭവമാണ്.  അങ്ങനെ വരുമ്പോൾ നേരത്തിന് കുഞ്ഞിനെ സ്‌കൂളിൽ കൊണ്ടുവിടാൻ പറ്റുന്നത്ര ദൂരത്തായിരിക്കണം വീട്. സ്‌കൂൾ ബസ്സുകൾ ഉണ്ടെങ്കിൽ തന്നെ മണിക്കൂറുകളോളം സ്‌കൂൾ ബസ്സിൽ ചെലവിടുന്നത് കുഞ്ഞുങ്ങളെ വല്ലാതെ ക്ഷീണിപ്പിക്കും. വീട്ടിൽ വന്നാൽ ഹോം വർക്ക് ചെയ്യാനോ പഠിക്കാനോ കളിക്കാനോ ഒന്നും പിന്നെ ഊർജ്ജം അവർക്കുണ്ടായെന്നു വരില്ല.  

നമ്മൾ ഇന്ന് ജീവിക്കുന്ന ഈ ലോകത്ത് കുഞ്ഞിന് ഒരു സ്‌കൂൾ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ കണക്കിലെടുക്കേണ്ടി വരുന്ന മാനദണ്ഡങ്ങൾ അതി സങ്കീർണ്ണമാണ്. ഒരു തിരഞ്ഞെടുപ്പ് പലപ്പോഴും അതീവ ദുഷ്കരമായിരിക്കും. അതിനും പുറമെ, നല്ലൊരു സ്‌കൂളിനായുള്ള ഡിമാൻഡ് പലപ്പോഴും നല്ല സ്‌കൂളുകളുടെ സപ്ലൈയെക്കാൾ ഒരുപാട് കൂടുതലായിരിക്കും. മേൽപ്പറഞ്ഞ കാര്യങ്ങൾ പരിഗണിക്കുമ്പോൾ ആ തിരഞ്ഞെടുപ്പ് ഒരല്പം എളുപ്പമായി എന്ന് വരാം. കൃത്യവും.  എന്തൊക്കെ ശ്രദ്ധ കൊടുത്ത് നമ്മൾ അത് തിരഞ്ഞെടുത്തെന്നു വരികിലും, സ്‌കൂളെന്നു പറയുന്നത് അവസാനം വരുമ്പോൾ ക്‌ളാസ് റൂമിൽ നമ്മുടെ കുഞ്ഞിനെ പഠിപ്പിക്കുന്ന ടീച്ചറിലേക്ക് ചുരുങ്ങും. അതാണെങ്കിൽ വർഷാവർഷം മാറിക്കൊണ്ടിരിക്കുകയും ചെയ്യും. നമ്മുടെ മനസ്സിന്റെ ഉൾവിളികളെ വിശ്വസിച്ച് നല്ലൊരു സ്‌കൂൾ തിരഞ്ഞെടുക്കാം. ഈ അടിസ്ഥാന വിഷയങ്ങളിൽ നമ്മളെ തൃപ്തിപ്പെടുത്തുന്ന ഒരു സ്‌കൂൾ എന്തായാലും നല്ലൊരു സ്‌കൂൾ തന്നെയായിരിക്കും, ഉറപ്പ്..!
 

Follow Us:
Download App:
  • android
  • ios