അതുവരെ അച്ഛനെന്നോട് അങ്ങനെയൊന്നും പെരുമാറിയിരുന്നില്ല  ഇതിനെ കുറിച്ച് അമ്മയോട് ഞാന്‍ കരഞ്ഞുപറഞ്ഞു അമ്മയെന്നോട് പറഞ്ഞു, നീയിതാരോടും പറയരുത്

പന്ത്രണ്ടാമത്തെ വയസില്‍ അച്ഛനാല്‍ പീഡീപ്പിക്കപ്പെട്ടു. പതിനഞ്ചാമത്തെ വയസില്‍ വീട്ടില്‍നിന്നും ഓടിപ്പോന്നു. പക്ഷെ, ചെന്നെത്തിയത് അതിലും അപകടം നിറഞ്ഞയിടത്താണ്. അഭയം നല്‍കാമെന്ന് പറഞ്ഞവര്‍ അവളെ വിറ്റുകളഞ്ഞു. വേദനയുടെ ഒരാഴ്ച. അതിനിടയില്‍ നടന്ന റെയ്ഡില്‍ അവളെ പോലീസ് രക്ഷിച്ചു. ലത എന്ന പെണ്‍കുട്ടിയുടെ കഥയാണിത്. 'ഹ്യുമന്‍സ് ഓഫ് ബോംബെ'യുടെ ഫേസ്ബുക്ക് പേജാണ് ലതയുടെ ജീവിതം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'സേവ് ദ ചില്‍ഡ്രന്‍ ഇന്ത്യ' എന്ന സന്നദ്ധ സംഘടന അവള്‍ക്ക് അഭയമായി. അവളിന്ന് എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയാണ്. പക്ഷെ, പഠിക്കാനാവശ്യമായ ഫണ്ടില്ലെന്നും എന്നെപ്പോലെ ഒരുപാട് പേരുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞാണ് പോസ്റ്റിട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് : ഞാന്‍ ജനിച്ചത് നാഗ് പൂരിലാണ്. അച്ഛനും അമ്മയ്ക്കും രണ്ട് അനുജന്മാര്‍ക്കുമൊപ്പം അവിടെ താമസിക്കുകയായിരുന്നു. എനിക്ക് പന്ത്രണ്ട് വയസുള്ളപ്പോഴാണ്, ഒരു രാത്രി മദ്യപിച്ചു വന്ന അച്ഛന്‍ എന്നെ ബലാത്സംഗം ചെയ്തു. അതുവരെ അച്ഛനെന്നോട് അങ്ങനെയൊന്നും പെരുമാറിയിരുന്നില്ല. ഇതിനെ കുറിച്ച് അമ്മയോട് ഞാന്‍ കരഞ്ഞുപറഞ്ഞു. അമ്മയെന്നോട് പറഞ്ഞു, നീയിതാരോടും പറയരുതെന്ന്. 

എനിക്ക് പതിനഞ്ച് വയസായപ്പോള്‍, വീട്ടുകാരെന്‍റെ വിവാഹം തീരുമാനിച്ചു. അതോടെ ഞാന്‍ വീട്ടില്‍ നിന്ന് ഓടിപ്പോരാന്‍ തീരുമാനിച്ചു. എന്‍റെ അടുത്ത സുഹൃത്ത് അവളുടെ ആന്‍റി ഭാരതിക്കൊപ്പം താമസിക്കാന്‍ സൌകര്യമൊരുക്കി. പക്ഷെ, ഞാന്‍ മറ്റാരുടേയും സഹായമില്ലാതെ ജോലി ചെയ്ത് ജീവിക്കണമെന്ന് തീരുമാനിച്ചിരുന്നു. ഒരു ദിവസം ഭാരതിയാണ് പറഞ്ഞത് അവളുടെ ഭര്‍ത്താവ് എനിക്കായി ഒരു ഹോട്ടലില്‍ ജോലി കണ്ടുപിടിച്ചിട്ടുണ്ടെന്ന്. അവരെന്നെ അവിടെ കൊണ്ടുപോയി. പക്ഷെ, അത് ചതിയായിരുന്നു. അവരെന്നെ ആ രാത്രി വിറ്റുകളഞ്ഞു. അയാളെന്നെ ഒരു ചെറിയ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. ക്രൂരമായി ഞാന്‍ പീഡിപ്പിക്കപ്പെട്ടു. 

വീട്ടിലെത്തിയ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. ആരോടെങ്കിലും എല്ലാം തുറന്നു പറയണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷെ, എനിക്കാരേം വിശ്വാസമില്ലായിരുന്നു. ആരെയാണ് ഞാന്‍ വിശ്വസിക്കുക. എന്‍റെ കാര്യം ഞാന്‍ നോക്കിയേ തീരൂ. എനിക്ക് ഞാന്‍ മാത്രമേയുള്ളൂ. ഭാരതിയോട് ഞാന്‍ പറഞ്ഞു. എന്നെക്കൊണ്ടിത് ചെയ്യിക്കരുത്. എനിക്കതിഷ്ടമല്ല. ഭാരതി എന്നെ ഭീഷണിപ്പെടുത്തി. അനുസരിച്ചില്ലെങ്കില്‍ എന്‍റെ അനിയന്‍മാരെ ഉപദ്രവിക്കുമെന്ന് പറഞ്ഞു. അവരെ രക്ഷിക്കാനായി എനിക്ക് അനുസരിക്കേണ്ടി വന്നു. പക്ഷെ, ദൈവാനുഗ്രഹം കൊണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ അവിടെയൊരു പോലീസ് റെയ്ഡുണ്ടായി. പോലീസ് ഓഫീസര്‍മാര്‍ എന്നെയൊരു അഭയകേന്ദ്രത്തിലാക്കി. പിന്നെ, ഞാന്‍ 'സേവ് ദ ചില്‍ഡ്രനി'ലെത്തി. 

ഇവിടെയെത്തിയപ്പോളെനിക്ക് തിരിച്ചുകിട്ടിയത് ജീവിതത്തിലുള്ള പ്രതീക്ഷയാണ്. എനിക്ക് മുമ്പ് അവിടെയെത്തിയവര്‍ എയര്‍ഹോസ്റ്റസും, അധ്യാപകരും, മാനേജര്‍മാരും ആയിട്ടുണ്ട്. എനിക്ക് അപ്പോഴാണ് മനസിലായത്. ലോകം അത്ര ചീത്തയല്ല. വളരെ കുറച്ചുപേര്‍ ക്രൂരന്മാരായിട്ടുണ്ടാകാം. പക്ഷെ, അധികവും നല്ല മനുഷ്യരാണ്. ഇപ്പോള്‍ ഞാന്‍ എഞ്ചിനീയറാവാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. 'സേവ് ദ ചില്‍ഡ്രന്‍ ഇന്ത്യ' എന്‍റെ വിദ്യാഭ്യാസത്തിനായി അവര്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. പക്ഷെ, എന്‍റെ കോളേജ് ഫീസ് നല്‍കാനും മാത്രമുള്ള ഫണ്ട് അവര്‍ക്കില്ല. എന്നെപ്പോലെയുള്ള നൂറുകണക്കിന് കുട്ടികള്‍ ഇവിടെയുണ്ട്. അവര്‍ക്കൊക്കെ വേണ്ടിയാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. 

ചിത്രത്തിന് കടപ്പാട്: ഹ്യുമന്‍സ് ഓഫ് ബോംബെ ഫേസ് ബുക്ക് പേജ്