അവര്‍ക്കൊരു കുഞ്ഞിനെ വേണമെന്ന് ആഗ്രഹം തോന്നി. അവര്‍ നിറയെ മിന്നിത്തിളങ്ങുന്ന ആകാശത്തേക്ക് നോക്കി അവര്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു എന്നത്തേക്കും സ്നേഹിക്കാന്‍ അവര്‍ക്കൊരു കുഞ്ഞിനെ വേണമെന്ന്. 

മുംബൈ: കുഞ്ഞുങ്ങളില്ലാത്ത അച്ഛനും അമ്മയും കുഞ്ഞുങ്ങളെ ദത്തെടുക്കാറുണ്ട്. സ്വന്തം കുഞ്ഞുങ്ങളേക്കാള്‍ സ്നേഹിക്കാറുമുണ്ട്. ലോകത്തിലെ ഏറ്റവും സ്നേഹമുള്ള മാതാപിതാക്കളായും മക്കളായും അവര്‍ ജീവിക്കാറുമുണ്ട്. പക്ഷെ, ചിലരെങ്കിലും കുഞ്ഞിന് വേദനിക്കുമോ എന്ന് ഭയന്ന് ദത്തെടുത്തതാണെന്ന കാര്യം മറച്ചുവയ്ക്കാറുണ്ട്. എന്നാല്‍, അത് എത്രയും പെട്ടെന്ന് തുറന്നു പറയുന്നതാണ് നല്ലത്. അത്തരമൊരു കഥയാണ് 'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നൈഷ എന്ന പെണ്‍കുട്ടിയുടെ കഥയാണത്. ഒരു കോണ്‍വെന്‍റില്‍ നിന്നാണ് അവളെ ദത്തെടുത്തത്. അവള്‍ക്ക് കുഞ്ഞുനാളില്‍ അവരൊരു നക്ഷത്രത്തിന്‍റെ കഥ പറഞ്ഞുകൊടുത്തു. കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ അവരവളോട് പറഞ്ഞു. നീയാണ് ആ നക്ഷത്രം. കൂടാതെ അവളെ ദത്തെടുത്തതാണ് എന്നും പറഞ്ഞു. ഈ ലോകത്തിലെ സന്തോഷം നിറഞ്ഞവരാണ് താനും പപ്പയും മമ്മിയുമെന്നും അവള്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്: ഒരു രാത്രി, എനിക്ക് മൂന്നു വയസുള്ളപ്പോഴാണ്, അമ്മ എനിക്കൊരു പ്രത്യേകതയുള്ള കഥ പറഞ്ഞുതന്നു. അതിങ്ങനെയായിരുന്നു. അമ്മയും, അച്ഛനും ഒരു ബീച്ചിലൂടെ നടക്കുകയായിരുന്നു. അവര്‍ക്കൊരു കുഞ്ഞിനെ വേണമെന്ന് ആഗ്രഹം തോന്നി. അവര്‍ നിറയെ മിന്നിത്തിളങ്ങുന്ന ആകാശത്തേക്ക് നോക്കി അവര്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു എന്നത്തേക്കും സ്നേഹിക്കാന്‍ അവര്‍ക്കൊരു കുഞ്ഞിനെ വേണമെന്ന്. ദൈവം അവരുടെ പ്രാര്‍ത്ഥന കേട്ടു. ആകാശത്തില്‍ നിന്ന് ഏറ്റവും ഭംഗിയുള്ളൊരു നക്ഷത്രത്തെ തന്നെ പറിച്ചെടുത്ത് ഭൂമിയില്‍ അവര്‍ക്കരികിലേക്ക് അയച്ചു. അങ്ങനെ അവരുടെ കുഞ്ഞു കുടുംബം പൂര്‍ണമായി. അതു പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു. ഞാന്‍ കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അമ്മ എന്നോട് പറഞ്ഞു, ഞാനാണ് ആ കുഞ്ഞുനക്ഷത്രമെന്ന്. എന്നെ അവര്‍ ഒരു കോണ്‍വെന്‍റില്‍ നിന്ന് ദത്തെടുത്തതാണ്. ഞാന്‍ അവര്‍ക്ക് സ്പെഷ്യല്‍ ആയിരുന്നു. അവരെനിക്ക് നൈഷ എന്ന് പേരിട്ടു. എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥയും അതാണ്. കാരണം, എന്‍റെ പപ്പയും മമ്മയും എന്നെ കണ്ടെത്തിയത് പ്രത്യേകത നിറഞ്ഞതാണ്, അതുകൊണ്ടായിരിക്കാം നമ്മളെല്ലാവരും ഇത്ര സന്തോഷത്തോടെ ജീവിക്കുന്നത്.