ഞാന്‍ ജോലിക്ക് പോവുകയും ഭര്‍ത്താവ് വീട്ടിലെ കാര്യങ്ങള്‍ നോക്കുകയും ചെയ്തു പലരും അതുകൊണ്ടുതന്നെ ഞങ്ങളെ കുറിച്ച് പലതും പറഞ്ഞു
ഒരു സാധാരണസ്ത്രീക്ക് എന്തൊക്കെ ചെയ്യാനാകും? ജോലി ചെയ്യാനാകും, വീട്ടിലെ കാര്യങ്ങള്‍ നോക്കാനുമാകും, ചിലപ്പോള്‍ പല അദ്ഭുതങ്ങളും കാണിക്കാനാകും. ഈ മുംബൈ സ്വദേശിനി പക്ഷെ, താന്‍ കാണുന്ന മാലിന്യം എടുക്കുന്നവര്‍ക്കായാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനായി അവര്‍ വീടുകള്‍ കയറിയിറങ്ങി മാലിന്യം റീസൈക്കിള്‍ ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുന്നു. കവറുകള്‍ ശേഖരിച്ച് റീസൈക്കിളിങ്ങിനെത്തിക്കുന്നു. ഓരോ മാലിന്യവും വലിച്ചെറിയുമ്പോള്‍ അതെടുക്കുന്നവരെ കുറിച്ച് ആരും ഓര്‍ക്കാറില്ല. പക്ഷെ, അവരുടെ ജീവിതം ഈ സ്ത്രീയെ വേദനിപ്പിച്ചു. അതുകൊണ്ടാണ് അവര്‍ ആ തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിച്ചത്. ഹ്യുമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്കില്‍ പങ്കുവച്ച ഇവരുടെ ജീവിതം ആര്‍ക്കും പ്രചോദനമാണ്.
ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: നന്നേ ചെറുപ്പത്തില്‍ തന്നെ എനിക്കെന്‍റെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു. എന്‍റെ അമ്മ വീട്ടിലെ എല്ലാക്കാര്യങ്ങളും തനിച്ച് ചെയ്യുന്നത് അന്നേ ഞാന്‍ കാണാറുണ്ട്. അവര്‍ പച്ചക്കറി വിറ്റു. മക്കളെ പഠിപ്പിക്കാനായി രാവും പകലും അധ്വാനിച്ചു. എല്ലാ ജോലിയിലും എത്തിക്സ് ഞാന്‍ പഠിക്കുന്നത് അവരിലൂടെയാണ്. ഞാനൊരു മില്ലിലെ ക്ലര്‍ക്കായി ജോലി ചെയ്തു തുടങ്ങി. എന്‍റെ വിവാഹം കഴിഞ്ഞു. അപ്പോഴും ഞാന്‍ ജോലി വിട്ടിരുന്നില്ല. കുറച്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനി അടച്ചുപൂട്ടി. വേറെ ജോലി നോക്കിയെങ്കിലും പെട്ടെന്നൊന്നും ശരിയായില്ല. അതോടെ സാമ്പത്തിക കാര്യങ്ങള്‍ എന്‍റെ ചുമലിലായി. ഞങ്ങള്‍ക്ക് മൂന്നു കുട്ടികളായിരുന്നു. അവരുടെ ചുമതലയെല്ലാം ഞാനേറ്റെടുത്തു. ഭര്‍ത്താവ് കുട്ടികളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്കി. അതിന്‍റെ പേരില്‍ നാട്ടുകാരൊക്കെ പലതും പറഞ്ഞു. ഭാര്യ ജോലിക്കു പോവുകയും ഭര്‍ത്താവ് വീട്ടിലെ ജോലി ചെയ്യുകയും ചെയ്യുന്നതുകൊണ്ട് ഞങ്ങളെ കുറിച്ച് അവരൊക്കെ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
പെട്ടെന്ന് തന്നെ ഞങ്ങള്‍ സ്വന്തമായി പാല്‍ വില്‍പ്പന തുടങ്ങി. വില്‍ക്കാന്‍ പോയിരുന്നത് ഭര്‍ത്താവാണ്. അപ്പോഴും എന്‍റെ കയ്യിലിഷ്ടം പോലെ സമയമുണ്ടായിരുന്നു. അങ്ങനെ ഞാന്‍ മാലിന്യം എടുക്കുന്ന തൊഴിലാളികളെ നല്‍കുന്ന ജോലി ചെയ്തു തുടങ്ങി. മാലിന്യം തള്ളുന്നയിടത്തൊക്കെ പോകേണ്ടിവരും. അവിടുത്തെ ദുര്‍ഗന്ധം അസഹ്യമായിരുന്നു. ജോലി നല്‍കുന്നതിനേക്കാള്‍ കൂടുതലായി ആ തൊഴിലാളികള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നിത്തുടങ്ങി. അതിനിടെ ടെട്രാ പാക് മാനേജര്‍ ഞങ്ങളുടെ ഓഫീസിലെത്തി അവരാണ് കവറുകളുടെ റീസൈക്ലിങ്ങിനെ കുറിച്ച് പറയുന്നത്. അത് മാലിന്യമെടുക്കുന്നവരുടെ ജോലിഭാരം കുറക്കുമെന്നും മാലിന്യത്തിന്‍റെ അളവ് കുറക്കുമെന്നും എനിക്ക് തോന്നി.
അങ്ങനെ ഞാന്‍ ഓരോ വീട്ടിലും പോയി റീസൈക്ലിങ്ങിന്‍റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞു. അവിടെ നിന്ന് കവറുകള്‍ ശേഖരിച്ചു. ആദ്യത്തെ രണ്ട് വര്‍ഷം നിരവധി വാതിലുകളാണ് എന്‍റെ നേര്‍ക്കടഞ്ഞത്. പക്ഷെ, ഞാനവരോട് വീണ്ടും വീണ്ടും പറഞ്ഞു. അങ്ങനെ ഓരോരുത്തരായി എന്നെ കേട്ടുതുടങ്ങി. അമ്പത് ടണ്‍ മാലിന്യം ഞാന്‍ റീസൈക്ലിങ്ങിനായി ശേഖരിച്ചു.
ഇപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്നു. വീട് നോക്കുന്നു. പാല്‍ ബിസിനസും നോക്കുന്നു. അതിനിടയില്‍ മാലിന്യമെടുക്കുന്നവരുടെ ജീവിതവും മാറി. അവര്‍ക്കിപ്പോള്‍ പഴയ അത്ര കഷ്ടപ്പെടേണ്ടതില്ല. അതെന്നെ സന്തോഷിപ്പിക്കുന്നു. ഞാനൊരു സാധാരണക്കാരിയാണ്. എനിക്കറിയാം ഇതൊന്നും അത്ര വലിയ കാര്യമൊന്നുമല്ലെന്ന്. പക്ഷെ, ഈ ലോകത്ത് അടയാളപ്പെടുത്തുന്നതെന്തെങ്കിലും ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നു. അതുകൊണ്ട് മാത്രമാണിത് ചെയ്യുന്നത്.
