ഒരുമിച്ച് സമയം ചെലവഴിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്. അവളെപ്പോഴും അവളുടെ കൈ ദുപ്പട്ട കൊണ്ട് മറച്ചുപിടിച്ചാണ് നില്‍ക്കുന്നത്. ഒരു ഫോട്ടോയിലും ആ കൈ വരാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചിരുന്നു. 

പോളിയോ ബാധിച്ച ഒരാളുടെ ജീവിതം എങ്ങനെയായിരിക്കും? അവര്‍ക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനാകാത്ത വണ്ണം അപകര്‍ഷത നല്‍കുന്നവരായിരിക്കും ചിലപ്പോള്‍ ചുറ്റുമുള്ളവര്‍.

എന്നാല്‍, ഇദ്ദേഹത്തിന്‍റെ ജീവിതം മനോഹരമാണ്. നിറയെ സ്നേഹവും പ്രണയവും നിറഞ്ഞ ജീവിതം. തന്‍റെയും ജീവിതസഖിയുടേയും കുറവുകളൊന്നും കുറവുകളല്ലെന്നുള്ള ഉത്തമബോധ്യമാണ് ഇവരുടെ ജീവിതത്തിന്‍റെ വെളിച്ചം. 'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ് ബുക്ക് പേജിലാണ് ഈ മനോഹരമായ കഥ പങ്കുവെച്ചിരിക്കുന്നത്. നന്നേ ചെറുപ്പത്തിലാണ് പോളിയോ ബാധിച്ചത്. ഒരുപാട് കാര്യങ്ങളെ നേരിടേണ്ടി വന്നു. സ്കൂളുകളില്‍ പലതിലും പ്രവേശനം കിട്ടിയില്ല. ജോലി സ്ഥലങ്ങളിലും തഴയപ്പെട്ടു. പക്ഷെ, ഒടുക്കം ബാങ്കില്‍ ജോലി നേടി. ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. രണ്ടുപേര്‍ക്കും ശാരീരികമായി കുറവുകളുണ്ടെന്ന് മറ്റുള്ളവര്‍ പറയും. പക്ഷെ, ആ കുറവുകളൊന്നും കുറവുകളല്ലെന്ന് ഇവര്‍ ഒരുമിച്ചു പറയുന്നു. ഏതായാലും, ഇപ്പോള്‍ രണ്ടുപേരും സ്വിറ്റ്സര്‍ലന്‍ഡ് ടൂറൊക്കെ കഴിഞ്ഞിരിക്കുവാണ്.

ഫേസ് ബുക്ക് പോസ്റ്റില്‍ നിന്ന്: കുഞ്ഞായിരിക്കുമ്പോഴാണ് എനിക്ക് പോളിയോ ബാധിക്കുന്നത്. പക്ഷെ, എപ്പോഴും ഞാന്‍ ഒരു സാധാരണ ആളെ പോലെത്തന്നെയാണെന്ന് ഞാന്‍ വിശ്വസിച്ചു. അപ്പോഴും പലവിധത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വന്നു. പല സ്കൂളുകളിലും പ്രവേശനം നിഷേധിക്കപ്പെട്ടു. ജോലിക്കായുള്ള അഭിമുഖത്തില്‍ എന്‍റെ ക്രച്ചസ് വില്ലനായി. പക്ഷെ, ഞാനപ്പോഴെല്ലാം പൊസിറ്റീവായി ജീവിച്ചു. അതിന് ഏറ്റവുമധികം എന്നെ സഹായിച്ചത് എന്‍റെ അമ്മയാണ്. അങ്ങനെ, ഞാനൊരു ബാങ്ക് ജോലി നേടി. 

ഞാനറിയാതെ എന്‍റെ സഹോദരന്‍ ഒരു പരസ്യം പ്രസിദ്ധീകരിക്കാന്‍ നല്‍കിയത് ആ സമയത്താണ്. അത് ഭിന്നശേഷിക്കാരായവര്‍ക്കുള്ള മാട്രിമോണി കോളത്തിലായിരുന്നു. '37 വയസുള്ള യുവാവ്, ബാങ്കില്‍ ജോലി, ജാതി പ്രശ്നമില്ല' എന്നായിരുന്നു പരസ്യം. അവളുടെ കുടുംബം അതിനോട് താല്‍പര്യം പ്രകടിപ്പിച്ചു. അങ്ങനെയാണ് ഞാനവളെ ആദ്യം കാണുന്നത്. ഞാനവളോട് സംസാരിച്ചു. അവള്‍ക്ക് ഈ ബന്ധം താല്‍പര്യമുണ്ടാകില്ലെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ, അവള്‍ 'യെസ്' പറഞ്ഞു. 

ഒരുമിച്ച് സമയം ചെലവഴിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്. അവളെപ്പോഴും അവളുടെ കൈ ദുപ്പട്ട കൊണ്ട് മറച്ചുപിടിച്ചാണ് നില്‍ക്കുന്നത്. ഒരു ഫോട്ടോയിലും ആ കൈ വരാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചിരുന്നു. ഞാനവളോട് തുറന്നു ചോദിച്ചു, 'എന്തുകൊണ്ടാണത്? നീ സുന്ദരിയല്ലേ, ആണ്, സുന്ദരി ആണ്.' നമുക്കൊരു കുഞ്ഞുണ്ടായപ്പോള്‍ നമ്മള്‍ സ്വന്തമായൊരു വീട്ടിലേക്ക് മാറി. ആരും സഹായത്തിനില്ലാതെ ജീവിക്കാനാകില്ലെന്ന് പലരും കരുതി. പക്ഷെ, ഞങ്ങളതൊക്കെ മറികടന്നു. മകളുടെ പിറകെ ഓടാന്‍, ഷെല്‍ഫില്‍ നിന്ന് എന്തെങ്കിലും എടുക്കാനൊക്കെ സഹായം ആവശ്യമായപ്പോള്‍ ഞാനവളെ വിളിച്ചു. പച്ചക്കറി അരിയാനോ, മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ അവള്‍ എന്‍റെ സഹായം തേടി. അങ്ങനെ ഞങ്ങള്‍ നമ്മുടേതായ മനോഹരജീവിതം ജീവിച്ചു തുടങ്ങി. 

വയ്യാതെ ഒരുമാസം ഞാന്‍ ബെഡ് റെസ്റ്റിലായിരുന്നു. അത് കഴിഞ്ഞ് ബാങ്കില്‍ പോവാന്‍ തുടങ്ങിയപ്പോള്‍ അവളിടക്കിടയ്ക്ക് എന്നെ വിളിച്ച് ഞാന്‍ ഓക്കേയല്ലേ എന്നു ചോദിച്ചു തുടങ്ങി. ഒരു ദിവസം ഞാനവളെ ജുഹു ബീച്ചില്‍ കൊണ്ടുപോയി. നമ്മള്‍ തിരകളുടെ തൊട്ടടുത്തുനിന്നു. 'ഞാനിപ്പോ കടലില്‍ വീണുപോയാലെന്ത് ചെയ്യും' ഞാനവളോട് ചോദിച്ചു. അങ്ങനെ പറയുന്നതിലൂടെ നമുക്ക് പരസ്പരം രക്ഷിക്കാനും, വിശ്വസിക്കാനും കഴിയുമെന്ന് അവളെ മനസിലാക്കിക്കൊടുക്കാനാണ് ഞാന്‍ ശ്രമിച്ചത്.

അടുത്തിടെ നമ്മളൊരു ഇന്‍റര്‍നാഷണല്‍ ട്രിപ്പ് തന്നെ നടത്തി. അത് സ്വിറ്റ്സര്‍ലാന്‍ഡിലേക്കായിരുന്നു. വിമാനം എടുക്കുമ്പോഴും പറന്നു തുടങ്ങിയപ്പോഴും അവള്‍ ഭയന്നിരുന്നു. അവളെന്‍റെ കയ്യില്‍ മുറുക്കെ പിടിച്ചു. ഞാനോരോ മിനിറ്റും ആസ്വദിച്ചു. ഇരുപത്തിയൊമ്പത് വര്‍ഷമായി ഈ ബന്ധം മുന്നോട്ട് പോകുന്നു. പരസ്പരമുള്ള സ്നേഹവും വിശ്വാസവും സന്തോഷവുമാണ് നമ്മളെ ഇങ്ങനെ നിലനിര്‍ത്തുന്നത്. അല്ലാതെന്ത്...