2016 ജൂൺ 30 -ന് അധികാരത്തിലേറിയ ശേഷം, ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് മയക്കുമരുന്നിനെതിരായി സന്ധിയില്ലായുദ്ധം പ്രഖ്യാപിക്കുകയുണ്ടായി. റെയ്ഡുകളിൽ 5,856 മയക്കുമരുന്ന് പ്രതികളെങ്കിലും കൊല്ലപ്പെട്ടതായും 256,000 -ൽ അധികം പേർ അറസ്റ്റിലായതായും പൊലീസ് റിപ്പോർട്ട് ചെയ്തു. അതേസമയം ഈ കൊന്നൊടുക്കലിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്ത് വന്നു. നിരപരാധികളെ കൊല്ലുന്നത് അവസാനിപ്പിക്കേണ്ടതുണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകി. ഇതിന്റെ പേരും പറഞ്ഞ് ആയിരക്കണക്കിന് സർക്കാർ സ്പോൺസർ കൊലപാതകങ്ങൾ നടക്കുന്നുവെന്നാണ് സംഘടനകൾ ആരോപിക്കുന്നത്. 

എന്നാൽ, ഈ കൊലപാതകങ്ങളെ ന്യായീകരിച്ചു കൊണ്ട് ഡ്യൂട്ടേര്‍ട്ട് രംഗത്തെത്തിരിക്കയാണ്. ഈ മരണങ്ങളുടെ പൂർണഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും, അതിന്റെ പേരിൽ ജയിലിൽ പോകാൻ വരെ താൻ തയ്യാറാണെന്നും വിമർശനങ്ങൾക്ക് മറുപടിയുമായി പ്രസിഡന്റ് പറഞ്ഞു. “അവിടെ കൊലപാതകം നടക്കുന്നുണ്ടെങ്കിൽ, ഞാൻ തന്നെയാണ് അതിന്റെ പിന്നിൽ... മയക്കുമരുന്ന് വേട്ടയുടെ പേരിൽ നടന്ന ഏതൊരു മരണത്തിനും നിങ്ങൾക്ക് എന്നെ ഉത്തരവാദിയാക്കാം” ഡ്യൂട്ടേര്‍ട്ട് പറഞ്ഞു.

മയക്കുമരുന്ന് തന്നെ പ്രകോപിപ്പിച്ചതിനാലാണ് മരണങ്ങൾ നടക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. "എന്നെ ജയിലിലടയ്ക്കാൻ കോടതിയിൽ കൊണ്ടുപൊയ്‌ക്കൊള്ളൂ. എനിക്ക് ഒരു പ്രശ്നവുമില്ല. എന്റെ രാജ്യത്തെ സേവിക്കുന്നതിന് ജയിലിൽ പോകേണ്ടി വന്നാൽ ഞാൻ സന്തോഷത്തോടെ പോകും" എന്നാണ് ഡ്യൂട്ടേര്‍ട്ട് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും കൂട്ടക്കൊലയ്‌ക്കും രണ്ട് പരാതികൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിയില്‍ പരിശോധിച്ചു വരികയാണ്. 

രണ്ട് വർഷം മുമ്പ് ഫിലിപ്പീൻസിനെ ലോക ട്രൈബ്യൂണലിൽ നിന്ന് പിൻ‌വലിച്ചുകൊണ്ട് ഡ്യൂട്ടേര്‍ട്ട് പരാതികൾക്ക് മറുപടി നൽകുകയുണ്ടായി. എന്നാൽ, ഈ നീക്കം ശിക്ഷാനടപടിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് വലിയ തിരിച്ചടിയായെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകൾ ആരോപിച്ചു. അതേസമയം ഫിലിപ്പീൻസിനെ ലോക ട്രൈബ്യൂണലിൽ നിന്ന് പിൻവലിച്ചാലും, മയക്കുമരുന്ന് കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറിയിച്ചു. എന്നാൽ 'എപ്പോഴാണ് മയക്കുമരുന്ന് മനുഷ്യത്വമായി മാറിയത്!' എന്നാണ് അതിന് മറുപടിയായി ഡ്യൂട്ടേര്‍ട്ട് ചോദിച്ചത്. മയക്കുമരുന്ന് ഭീഷണിയെ ദേശീയ സുരക്ഷയുടെ പ്രശ്‌നമായും, പൊതുഭീഷണിയായും ചിത്രീകരിച്ചുകൊണ്ട് ഡ്യൂട്ടേര്‍ട്ട് തന്റെ പ്രസ്താവനയെ ന്യായീകരിക്കുകയും ചെയ്‍തു.   

മയക്കുമരുന്നിൽ നിന്ന് രാജ്യത്തെ നിങ്ങൾ രക്ഷിക്കുന്നത് വഴി ഒരു പവിത്രമായ കടമയാണ് നിങ്ങൾ നിറവേറ്റുന്നതെന്ന് ഡ്യൂട്ടേര്‍ട്ട് പറഞ്ഞു. മയക്കുമരുന്നിന് അടിമകളായി ഫിലിപ്പീൻസിൽ 1.6 ദശലക്ഷം ആളുകളുണ്ടെന്ന മയക്കുമരുന്ന് വിരുദ്ധ ഏജൻസിയുടെ സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ചാണ് ഡ്യൂട്ടേര്‍ട്ട് ഇക്കാര്യം പറഞ്ഞത്. തുടക്കത്തിൽ ഇത് നാല് ദശലക്ഷമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസ് നടപടിക്കിടെ ഉണ്ടായ മയക്കുമരുന്ന് കൊലപാതകങ്ങൾക്ക് തന്നെ പ്രതിയാക്കണ്ട എന്നും ഡ്യൂട്ടേര്‍ട്ട് വ്യക്തമാക്കി. ഈ മരണങ്ങൾ സംഘർഷം മൂലമോ അല്ലെങ്കിൽ വൈരാഗ്യം മൂലമോ ഉണ്ടായതായിരിക്കുമെന്ന് അദ്ദേഹം വാദിച്ചു.    

അടിച്ചമർത്തലിനിടെ ഉണ്ടായ നിയമവിരുദ്ധമായ കൊലപാതകങ്ങളെക്കുറിച്ച് വ്യാപകമായ സംശയങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഡ്യൂട്ടേര്‍ട്ടും പൊലീസും അത് നിഷേധിക്കുകയാണ്. 2018 -ൽ, 17 വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കോടതി ശിക്ഷിക്കുകയുണ്ടായി. 17 -കാരന്‍ അക്രമാസക്തനായെന്നും അതിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് വെടിവച്ചതെന്നുമുള്ള പോലീസിന്റെ വാദം എന്നാൽ സുരക്ഷാ വീഡിയോ പരിശോധിച്ചപ്പോൾ തെറ്റാണെന് തെളിയുകയായിരുന്നു. നേരത്തെ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ വെടിവെച്ചു കൊല്ലുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡണ്ട് പറഞ്ഞതും ചര്‍ച്ചയായിരുന്നു.