ബാബു രാമചന്ദ്രൻ എഴുതുന്ന അനുഭവം  

തലസ്ഥാനത്തു ജോലിചെയ്യുന്ന വടക്കൻമാരുടെ ഒരു സൗഹൃദസദസ്സിൽ വെച്ചാണ് ഞാൻ പ്രകാശേട്ടനെ കാണുന്നത്. പ്രകാശേട്ടൻ തിരുവേഗപ്പുറക്കാരനാണ്. തൃശ്ശൂർ ഫൈനാർട്സ് കോളേജിൽ നിന്നും കൊല്ലങ്ങൾക്കു മുമ്പ് ചിത്രകല പഠിച്ചിറങ്ങിയതാണ് കക്ഷി. ഒന്നാന്തരമായി പോർട്രെയ്റ്റുകൾ വരക്കും. എന്നാൽ, തൊഴിൽ അതൊന്നുമല്ല. ഒരു സർക്കാർ ഡിപ്പാർട്ടുമെന്റിൽ ഗുമസ്തപ്പണിയാണ് പകൽ മുഴുവൻ. 

രാത്രിയായാൽ ചെറുതായൊന്നു മുറുക്കി വീട്ടിലിരുന്ന് വയലാറിന്റെ പാട്ടുകൾ കേൾക്കുകയോ വരക്കുകയോ ചെയ്യും. അസാധാരണമായ യന്ത്രസംവിധാനങ്ങളോടൊക്കെ വല്ലാത്തൊരു ഭയം ഉള്ളിൽ സൂക്ഷിക്കുന്നുണ്ട് പ്രകാശേട്ടൻ. കൊന്നാൽ തീവണ്ടിയിൽ കേറില്ല. ലിഫ്റ്റിൽ ആരെങ്കിലും കേറാൻ വിളിച്ചാൽ പതിയെ മുങ്ങി പടികേറി വരും. അതിനി പത്തു നിലയായാലും ശരി. വിമാനം താഴെനിന്നുമാത്രമേ ഇന്നുവരെ കണ്ടിട്ടുള്ളൂ. പിന്നെ, നാട്ടിൽ നിന്നും ജോലിസ്ഥലത്തുവരാൻ വേറെ നിവൃത്തിയില്ലാത്തതുകൊണ്ടുമാത്രം ബസ്സിനെ ആശ്രയിക്കും. അതും ആനവണ്ടിയെ മാത്രം. 

അങ്ങനെയൊക്കെയുള്ള, സദസ്സുകളിൽ പാടാനും പാട്ടിനെപ്പറ്റി നല്ലതുപറയാനും മാത്രമല്ലാതെ വായ തുറന്നുകണ്ടിട്ടില്ലാത്ത പ്രകാശേട്ടൻ അന്നാദ്യമായി ഒരു പാട്ടിനെപ്പറ്റി അതെഴുതിയ ആളോട് എതിരഭിപ്രായം വെട്ടിത്തുറന്നു പ്രകടിപ്പിക്കുന്നതുകണ്ടു. സിനിമ 'ഒടിയൻ'. പാട്ടെഴുതിയത് റഫീഖ് അഹമ്മദ്. പാട്ട് "കൊണ്ടോരാം.. കൊണ്ടൊരാം.. കൈതോലപ്പായ കൊണ്ടോരാം.. " 

പ്രകാശേട്ടൻ പറഞ്ഞു, " റഫീഖ് ജി.. ഇഷ്ടപ്പെട്ടില്ലെങ്കിലും വേണ്ടില്ല.. ഞാൻ ഒരഭിപ്രായം പറയുന്നു..  എനിക്ക്  ഒടിയനിലെ "കൊണ്ടോരാം.." ന്നുള്ള ആ പാട്ട് തീരെ ഇഷ്ടപ്പെട്ടില്ല." 

അതെന്തേ.. എന്നായി കവി. 

"അതിൽ അയാളുടെ ജാതിതൊഴിലിനെപ്പറ്റി പറയുന്നു.. അയാൾ ഒരു കൈതപ്പായ നെയ്യുന്ന പറയനാണെന്ന് പാട്ടിലും ഓർമ്മിപ്പിച്ചാലേ പറ്റുള്ളൂ എന്നുണ്ടോ..?" 

സിനിമയ്ക്ക് പാട്ടെഴുതുമ്പോഴുള്ള പലവിധം പരാധീനതകളെപ്പറ്റി കവി ആസ്വാദകനെ പറഞ്ഞു മനസ്സിലാക്കാൻ പരിശ്രമിച്ചു. ഏറെക്കുറെ വിജയിക്കുകയും ചെയ്തു.. അപ്പോഴാണ് പ്രകാശേട്ടൻ തന്റെ ഒടിയൻ വിരോധത്തിന്റെ ബാക്കി കഥകൂടി വെളിപ്പെടുത്തിയത്.. 

പ്രകാശേട്ടൻ തുടർന്നു, "എനിക്ക് ഒടിയനെ ഇഷ്ടമല്ല. അതിന് കാരണണ്ട്..  കുറച്ച് പഴേ കാരണമാണ്.. കൃത്യമായിപ്പറഞ്ഞാൽ ഒരു മുപ്പത്തഞ്ചുകൊല്ലത്തെ. ഞാനന്ന് ഏഴാം ക്‌ളാസിൽ പഠിക്കുന്നു. എനിക്ക് അന്ന് ചെള്ളി എന്നുപേരുള്ളൊരു സഹപാഠി ഉണ്ടായിരുന്നു. എന്റെ ഉറ്റസുഹൃത്ത്. 'ചെള്ളി' അന്ന് കീഴ്ജാതിയെന്ന് വ്യവഹരിക്കപ്പെട്ടിരുന്ന, നായന്മാരുടെയും നമ്പൂരിമാരുടെയും ഒക്കെ അടിയാളപ്പണിയും മറ്റുമെടുത്തിരുന്ന, ഒരു ജാതിക്കാരനായിരുന്നു. അന്നൊരുദിവസം ഒരു  കുണ്ടനിടവഴിയിലൂടെ ഞങ്ങൾ നാലഞ്ചു സഹപാഠികൾ ഒന്നിച്ചു സ്‌കൂളിലേക്ക് നടന്നു പോവുന്നു. ഹെർക്കുലീസ് ഒരുവണ്ടിയിൽ ദാ എതിരേ വരുന്നു സ്‌കൂളിൽ പണ്ടു ഞങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരുന്ന റിട്ട. ഏഡ് മാസ്റ്റർ, നമ്പൂരി മാഷ്. ഞങ്ങളെക്കണ്ടതും സൈക്കിളിന്റെ വേഗം കുറച്ച് കണ്ണടയ്ക്കിടയിടയിലൂടെ തുറിച്ചു നോക്കുന്നു മാഷ്. ചെള്ളിയിൽ മാഷുടെ കണ്ണുടക്കുന്നു.. ഞങ്ങളെ ആകെ ഉഴിഞ്ഞൊന്നു നോക്കി തമാശയെന്ന മട്ടിൽ ചെള്ളിയോടായി മാഷുടെ ചോദ്യം.. 

"ചെള്ളിയല്ലേ..? അന്റെ അച്ഛൻ പ്പോ ഒടി മറയാനൊക്കെ പോക്കില്ല്യേ..?" 

'ഒടിമറയൽ' കീഴ്ജാതിക്കാരുടെ മാത്രം അഭ്യാസമാണ്. ആ പഴമക്കാലത്തെ ഏകാംഗ കൊട്ടേഷനാണ് ഒടിയൻ. അന്ന്,  അച്ഛന്റെ നാട്ടിൽ, സി കെ പാറയിൽ ബസ്സിറങ്ങി, മൺറോഡിലൂടെ അരക്കിലോമീറ്റർ നടന്നാൽ പരന്നുകിടക്കുന്ന പാടമായി. പിന്നെ നടത്തം ചേറിനു നടുവിലെ ഒറ്റവരമ്പിലൂടെയാണ്. പള്ള്യാലിനിടയ്ക്ക് ഒരു കനാലുണ്ട്, അതിനൊരു ചെറുപാലവും. അതും കടന്നു ചെന്നാൽ വീണ്ടും കുറെ ദൂരം പാടം തന്നെ. അതും കടന്നേ നാട്ടിലെ പ്രമാണിമാരായ നായന്മാരുടെ തെങ്ങും പുരയിടങ്ങളിലെത്തൂ. അതിനിടയിൽ ഇരുട്ടിന്റെയും വെള്ളത്തിന്റെയും ഒക്കെ ഒരുപാട് കെണികളുണ്ട്. അതിലെവിടെ വെച്ചും നമുക്കു മുന്നിൽ പ്രത്യക്ഷനാവാം കഴലായും, ഇല്ലിപ്പടിയായുമൊക്കെ, നമ്മുടെ ശത്രുക്കൾ പറഞ്ഞയച്ച ഒടിയന്മാർ. 

നാട്ടിലെ രണ്ടു പ്രമാണിമാർ തമ്മിൽ ശത്രുത മൂത്താൽ അവസാനത്തെ അടി, "നിനക്ക് ഞാൻ ഒടിവെച്ചിട്ടുണ്ടെടാ.. ഇന്നേക്ക് നാല്പത്തൊന്നാം നാൾ നീ തീരും." എന്നുള്ള ഭീഷണിയാണ്. അതോടെ എല്ലാവിധ ഭയഭക്തിവിശ്വാസങ്ങളും മൂത്ത എതിരാളി നിത്യ ഭീതിയിലാവും. അവന്റെ നെഞ്ചിടിപ്പ് നാലിരട്ടിയാവും. ഉത്കണ്ഠ ഏറി ഉറക്കം പോവും.. രാത്രിയിൽ സംബന്ധത്തിനു പോവും വഴി ഒടിയൻ വന്നു ചാടുകയായി പിന്നെ. ഒടിവെപ്പ് എന്ന  കലയുടെ പ്രകടനത്തിൽ ഭീതിയും ഉത്കണ്ഠയും അതിന്റെ പരമകാഷ്ഠ കാണും. പലർക്കും ആ നിമിഷത്തെ  അതിജീവിക്കാനാവില്ല. ഹൃദയം നിലച്ച് ചത്തുപോകും അവർ.

എന്നാൽ, കഴലായി വന്ന ഒടിയനെ ചൂരലുകൊണ്ടടിച്ചോടിച്ച കാരണവന്മാരുടെ കഥകളും കുറവല്ല. രാത്രിയിൽ ഒടിവെക്കാൻ വന്ന് പ്രമാണിയുടെ ചൂരലിനിരയായി അടുത്തദിവസം കാലിൽ വ്രണവുമായി നടക്കുന്ന അടിയാളനെ പിന്നെ ആ ദുഷ്‌പേര് ആജീവനാന്തം പിന്തുടരും. അവരുടെ മക്കളെയും.. മക്കളുടെ മക്കളെയും.. ഒക്കെ.. 

എനിക്കും ഏഴാം ക്‌ളാസിൽ പഠിക്കുന്ന ഒരു കുട്ടിയുണ്ട്.. എന്റെ മോനോട് അവന്റെ അദ്ധ്യാപകൻ സഹപാഠികളുടെ മുന്നിൽ വെച്ച് പരിഹാസസ്വരത്തിൽ അവന്റെ അച്ഛനിപ്പോൾ "ഒടിമറയാൻ പോക്കില്ലേ..?" എന്ന് ചോദിച്ചാൽ അവന്റെ മനസ്സ് എന്തുമാത്രം വേദനിക്കും എന്നെനിക്കൂഹിക്കാം. എന്റെ ആത്മസുഹൃത്ത് ചെള്ളിയെ അങ്ങനെ അന്ന് ആത്മപുച്ഛത്തിന്റെ പടുകുഴിയിലേക്കിറക്കിവിട്ട നമ്പൂരി മാഷെയും, അതിന് മാഷ് ആയുധമാക്കിയ 'ഒടിയനെ'യും എനിക്ക് വെറുപ്പാണ്... തീർത്താലും തീരാത്ത വെറുപ്പുമാത്രം..!! "