ഇക്കിഗായ് എന്നത് ഒരു ജാപ്പനീസ് ആശയമാണ്. ഉഷാറായി ജീവിതത്തിരക്കുകളിൽ മുഴുകുന്നത്തിന്‍റെ സന്തോഷം എന്ന് അതിനെ ഏതാണ്ട് വിവർത്തനം ചെയ്യാം.

സ്പാനിഷ് എഴുത്തുകാരായ ഹെക്തർ ഗാർസിയയും ഫ്രാൻസെസ്ക് മിറാല്യെസും ഒരു മഴക്കാല രാത്രിയിൽ ടോക്യോയിലെ ഒരു ബാറിൽ വെച്ച് ആദ്യമായി കണ്ടുമുട്ടി. ആ കണ്ടുമുട്ടൽ ഇക്കിഗായ് എന്ന ഒരു കൃതി ജനിക്കുന്നതിന് കാരണമായി. പിന്നീട് ഇക്കിഗായ് വളർന്നു വലുതായി ഇന്‍റർനാഷണൽ ബെസ്റ്റ് സെല്ലർ ആയ ഒരു പുസ്തകമായി മാറി. 2016 മാര്‍ച്ചില്‍ ഇറങ്ങിയ ഇക്കിഗായ് പോലെ ഒന്ന് തനിക്ക് ഇനി എഴുതാന്‍ സാധിക്കില്ലെന്നാണ് ഫ്രന്‍സെസ്ക് ഈയിടെ നല്‍കിയ ഒരഭിമുഖത്തില്‍ പറഞ്ഞത്. അതോടെ ഇക്കിഗായ് വീണ്ടും ചര്‍ച്ചായായിരിക്കുകയാണ്.

ഇക്കിഗായ് എന്നത് ഒരു ജാപ്പനീസ് ആശയമാണ്. ഉഷാറായി ജീവിതത്തിരക്കുകളിൽ മുഴുകുന്നത്തിന്‍റെ സന്തോഷം എന്ന് അതിനെ ഏതാണ്ട് വിവർത്തനം ചെയ്യാം. ജപ്പാനിലെ ഒകിനാവ ദ്വീപ് നിവാസികളുടെ ജീവിത രീതിയുമായി ഈ ആശയത്തെ കൂട്ടിച്ചേർക്കാം, ഒക്കിനാവക്കാർക്ക് ഒരു പ്രത്യേകതയുണ്ട്. ജപ്പാൻകാർ, പ്രത്യേകിച്ച് ഒക്കിനാവക്കാർ അസാധാരണമായ ദീർഘായുസുള്ളവരാണ്, ഒകിനാവയിൽ ഒരോ ലക്ഷം പേരിലും 24 പേർ നൂറുവയസിനുമേൽ പ്രായമുള്ളവരാണ് -ആഗോള ശരാശരിയേക്കാൾ ഏറെ മുന്നിൽ. ഇതിന്‍റെയൊക്കെ പിന്നിലുള്ള ജീവിത രഹസ്യത്തെ കുറിച്ചാണ് ഇക്കിഗായ് എന്ന പുസ്തകത്തില്‍ പറയുന്നത്.

ജീവിത രീതിയിലെ വ്യത്യസ്തതകള്‍

ദക്ഷിണ ജപ്പാനിലെ ഒക്കിനാവ ദ്വീപിൽ കഴിയുന്നവർക്ക്, എന്തുകൊണ്ട് ഇത്ര ദീർഘായുസ് ലഭിക്കുന്നു എന്നതിന് ഉത്തരം ആരോഗ്യകരമായ ആഹാരക്രമം, ലാളിത്യം നിറഞ്ഞ ഭൗതിക ജീവിതം, ഗ്രീൻ ടീ ഇവകൂടാതെ ഇക്കിഗായ് എന്നാണ്. ചുരുക്കിപ്പറഞ്ഞാൽ അവര്‍ പാലിക്കുന്ന ജീവിത രീതി വളരെ വ്യത്യസ്തവും ആരോഗ്യകരവുമാണ്. മറ്റു ജനതയെക്കാള്‍ കൂടുതൽ കാലം അവർ ജീവിച്ചിരിക്കുന്നു എന്ന് മാത്രമല്ല, കാൻസർ, ഹൃദ്രോഗം, ഗുരുതരമായ മാരക രോഗങ്ങൾ എന്നിവ ഇവരിൽ കുറവാണ്. ലോകത്തില്‍ മറ്റെവിടെയും താമസിക്കുന്ന പ്രായമായവർക്ക് ചിന്തിക്കാൻ പോലും കഴിയാത്തവിധമുള്ള ആരോഗ്യസ്ഥിതിയും ഓജസ്സും അസൂയാർഹമായ വിധത്തിൽ ഈ നൂറ് വയസുകാർക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്. 
ആഗോള ശരാശരിയേക്കാൾ ഏറെ താഴെയാണ് ഇവിടെ മറവി രോഗത്തിന്‍റെ നിരക്ക്. കഠിന വ്യായാമങ്ങൾ അവർ ചെയ്യാറില്ല, എന്നാൽ അവർ ദിവസവും സഞ്ചരിക്കുന്നു, നടക്കുന്നു, സ്വന്തം പച്ചക്കറി തോട്ടങ്ങളിൽ പണിയെടുക്കുന്നു. എല്ലാവർക്കും പൊതുവായുള്ള ഒരു കാര്യം പൂന്തോട്ട പരിപാലനമാണ്, ഇത് ലളിതമായ ശാരീരിക വ്യായാമം അവർക്ക് നൽകുന്നു. ഭക്ഷണം കഴിക്കുന്നതിലെ ഇവരുടെ മിതത്വവും പ്രധാനപ്പെട്ട കാര്യമാണ്. 

മുന്നോട്ട് നയിക്കുന്ന ലക്ഷ്യം

നമ്മുടെ ജീവിതത്തിന് ലക്ഷ്യമില്ലാതാവുമ്പോഴാണ് അസ്തിത്വ സംബന്ധമായ നിരാശയുണ്ടാകുന്നത്. Man's search for Meaning എന്ന കൃതിയിൽ നീത്ഷേയുടെ പ്രശസ്തമായ ഒരു വാക്യം ഇങ്ങനെയാണ് "ജീവിച്ചിരിക്കാൻ ഒരാളുടെ കൈവശം, ഒരു കാരണം ഉണ്ടെങ്കിൽ, ജീവിതത്തെ എങ്ങനെയും അയാള്‍ക്ക് നേരിടാന്‍ കഴിയും. നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നതിൽ നമ്മുടെ ജീവിത ശൈലിക്ക് വളരെ വലിയ പങ്കുണ്ട്. പ്രത്യാശയോട് കൂടി മാത്രമേ മനുഷ്യർക്ക് ജീവിതത്തെ കീഴടക്കാൻ സാധിക്കുകയുള്ളൂ, ജർമനിയിലെ കോൺസൺട്രേഷൻ ക്യാമ്പുകളിലെ ചില മനുഷ്യർ ക്യാമ്പിന് പുറത്ത് തങ്ങൾക്ക് ചെയ്തുതീർക്കാനുള്ള മഹത്തായ കാര്യങ്ങളെ പറ്റി ഓർത്തതുകൊണ്ട് മാത്രമാണ് ആത്മാവ് വെടിയാതെ പിടിച്ചു നിന്നത് എന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു.

ഇക്കിഗായ് നിങ്ങള്‍ക്ക് തരുന്നത് ഒരു പുതിയ, നിറവുള്ള തുടക്കം തന്നെയായിരിക്കും.

ജീവിതത്തെ പ്രത്യാശയോടെ നോക്കിക്കാണാനുള്ള ഒരു പൊടികൈ - വീഡിയോ കാണാം

നൂറു വയസ്സിലും ഉഷാറായി ജീവിക്കുന്നവരുടെ ദേശം, അതിനു കാരണം ഇക്കിഗായ് ! | Ikigai