പ്രായമാകുമ്പോൾ സ്നേഹിച്ച് വളർത്തിയ മാതാപിതാക്കളെ വൃദ്ധസദനത്തിൽ കൊണ്ടുപോയാക്കുന്ന ഒരു സംസ്‍കാരം ഇന്ന് ലോകത്തിൽ വേരുറച്ചിരിക്കുകയാണ്. മക്കളെല്ലാം വിദേശത്തുള്ള മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വാർദ്ധക്യം ഏകാന്തതയുടെയും ഒറ്റപെടലിന്‍റെയും ഒരു തടവറയാണ്. എന്നാൽ, അതിലും കഷ്‍ടമാണ് പ്രായമായ അനാഥരുടെ കാര്യം. നോക്കാൻപോലും ആരുമില്ലാത്ത അവർ എന്ത് ചെയ്യും? എവിടെ പോകും? ഈ അടുത്തകാലത്തായി വന്ന റിപ്പോർട്ട് പ്രകാരം ജപ്പാനിൽ നാല് ദശലക്ഷത്തിലധികം അമ്മൂമ്മമാരാണ് ഇങ്ങനെ ഒറ്റയ്ക്ക് താമസിക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനിലെ ആളുകൾക്ക് ആയുർദൈർഘ്യം കൂടുതലാണ്. പലരും നേരെ ആഹാരം കിട്ടാതെ, ഒന്ന് മിണ്ടാൻ പോലും ആരുമില്ലാതെ നരകിക്കുകയാണ്. എന്നാൽ, തങ്ങളെ കാർന്നുതിന്നുന്ന ഒറ്റപ്പെടലിൽനിന്നും പട്ടിണിയിൽ നിന്നും രക്ഷനേടാൻ അവരിൽ പലരും ഒരു പുതിയ മാർഗം കണ്ടെത്തി. വൃദ്ധസദനത്തിൽ പോകാൻ പണമില്ലാത്ത പാവം അമ്മൂമ്മമാർ കുറ്റകൃത്യങ്ങളിലേയ്ക്ക് വഴി മാറുകയാണത്രെ. എന്തിനെന്നോ ജയിലുകളിൽ എത്തിച്ചേരാൻ. ഒന്നുമില്ലെങ്കിലും സ്വസ്ഥമായി താമസിക്കാനും, കൂട്ടുകൂടാനും, വൈദ്യസഹായം ലഭിക്കാനും അവരുടെ കണ്ണിൽ ഇതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല എന്നവർ പറയുന്നു.  

കഴിഞ്ഞ 20 വർഷമായി ജപ്പാനിൽ 65 വയസ്സിനു മുകളിലുള്ള ആളുകൾ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ അനുപാതം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജപ്പാനിലെ ഗിഫുവിലെ കസമാത്സു ജയിലിലെ, മുന്നൂറിലധികം വരുന്ന വനിതാ തടവുകാരിൽ അഞ്ചിലൊന്ന് പേരും 65 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. “ഞാൻ വീട്ടിൽ തനിച്ചായിരുന്നു” 76 -കാരിയായ ഒരു അമ്മൂമ്മ പറഞ്ഞു. “ഒറ്റപ്പെടൽ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കുറേകരഞ്ഞു. ഒടുവിലാണ് ജയിൽ എത്തിച്ചേർന്നത്” അവർ പറഞ്ഞു. ഇപ്പോൾ അവർ ഷോപ്പ് കൊള്ളയടിച്ചതിന് രണ്ടാമത്തെ പ്രാവശ്യം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കയാണ്.

തകാക്കോ സുസുക്കി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു തടവുകാരി അക്കൂട്ടത്തിലുണ്ട്. രണ്ട് കുട്ടികളുടെ അമ്മയാണ് അവർ. എന്നാൽ, ഭർത്താവ് മരിച്ചപ്പോൾ രണ്ട് മക്കളും അവരെ വീട്ടിൽ നിന്നും പുറത്താക്കി. തീർത്തും ഒറ്റപ്പെട്ട് കഴിയുകയായിരുന്നു അവർ. എന്നാൽ, ജയിലിൽ ഇപ്പോൾ അവർ തനിച്ചല്ല. ഒരുപാടുപേർ ഇപ്പോൾ അവർക്ക് കൂട്ടായിട്ടുണ്ട്. ഡിമെൻഷ്യയുടെ ചികിത്സയിലാണ് സുസുക്കി ഇപ്പോൾ.  

സ്ത്രീകൾ മാത്രമല്ല ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാകുന്നത്. ഹിരോഷിമയിലെ 69 -കാരനായ തോഷിയോ ടകാറ്റ പറയുന്നു, "ജീവിക്കാൻ എന്റെ കൈയിൽ പണമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഈ വയസാംകാലത്ത് കുറ്റം ചെയ്യേണ്ടി വന്നത്. ജയിലിലാകുമ്പോൾ മൂന്നുനേരം ആഹാരമെങ്കിലും കിട്ടുമല്ലോ." അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ കൈയിലുള്ള സമ്പാദ്യമെല്ലാം തീർന്നു. അങ്ങനെയാണ് താൻ  ഇതിന് മുതിർന്നതെന്ന് അദ്ദേഹം പറഞ്ഞു. "ഒരു ദിവസം ഞാൻ ഒരു സൈക്കിൾ എടുത്ത് പൊലീസ് സ്റ്റേഷനിൽ പോയി പൊലീസുകാരനോട് പറഞ്ഞു: 'നോക്കൂ, ഞാൻ ഇത് കട്ടെടുത്തതാണ്.' ആ പദ്ധതി എന്തായാലും ഫലം കണ്ടു, അവർ എന്നെ പിടിച്ച് ജയിലിലടച്ചു..." പല്ലില്ലാത്ത മോണ കാട്ടി അപ്പൂപ്പൻ ചിരിച്ചുകൊണ്ട് പറഞ്ഞു. 62 വയസുള്ളപ്പോൾ തോഷിയോ ചെയ്‍ത ആദ്യത്തെ കുറ്റമാണിത്. പക്ഷേ, ജാപ്പനീസ് കോടതികൾ നിസ്സാര മോഷണത്തെ പോലും ഗൗരവമായി കണക്കാക്കുന്നു. അതിനാൽ അദ്ദേഹത്തിന് ഒരു വർഷത്തെ തടവ് ലഭിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം അടുത്ത കുറ്റകൃത്യങ്ങൾ നടത്താൻ തുടങ്ങി. ജയിലേയ്ക്ക് തിരിച്ചു വരാൻ ഇതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലായിരുന്നു.  

തോഷിയോയെപ്പോലെ, പ്രായമായ നിയമലംഘകരിൽ പലരും ആവർത്തിച്ച് കുറ്റം ചെയ്യുന്നവരാണ്. 2016 -ൽ ശിക്ഷിക്കപ്പെട്ട 65 കഴിഞ്ഞ 2,500 പേരും അഞ്ചിൽ കൂടുതൽ കുറ്റങ്ങൾ ചെയ്‍തവരാണ്. കൂടുതൽപേരും മോഷണക്കുറ്റമാണ് ചെയ്‍തത്. കൂടുതലാളുകളും പതിവായി സന്ദർശിക്കുന്ന ഒരു കടയിൽ നിന്ന് 3,000 യെൻ (£ 20) ൽ താഴെയുള്ള ഭക്ഷണം മോഷ്‍ടിക്കുന്നു. ടോക്കിയോ ആസ്ഥാനമായുള്ള റിസർച്ച് ഹൗസിലെ ഓസ്‌ട്രേലിയൻ വംശജനായ മൈക്കൽ ന്യൂമാൻ ചൂണ്ടിക്കാണിക്കുന്നത് ജപ്പാനിലെ സംസ്ഥാന പെൻഷൻ കൊണ്ട് മാത്രം ഒരാൾക്ക് ജീവിക്കാൻ സാധിക്കില്ല എന്നാണ്.  

അവിടത്തെ വാടക, ഭക്ഷണം, ആരോഗ്യ സംരക്ഷണം എന്നിവയുടെ ചെലവുകൾ പാവപ്പെട്ടവർക്ക് താങ്ങാനാകില്ല എന്ന് 2016 -ൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ അദ്ദേഹം പറയുന്നു. മുൻകാലങ്ങളിൽ കുട്ടികൾ മാതാപിതാക്കളെ പരിപാലിക്കുന്നത് ഒരു കർത്തവ്യമായി കണക്കാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ സാമ്പത്തിക പരാധീനതകൾ പല ചെറുപ്പക്കാരെയും മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഒടുവിൽ, മാതാപിതാക്കൾ തെരുവിൽ ഉപേക്ഷിക്കപ്പെടുന്നു. ആവർത്തിച്ചുള്ള കുറ്റം 'ജയിലിലേക്ക് മടങ്ങാനുള്ള' ഒരു മാർഗമാണവര്‍ക്ക്. പണമടക്കാതെ മൂന്നുനേരം ആഹാരം ലഭിക്കുമല്ലോ അവിടെ.

ഇത് കൂടാതെ പ്രായമായവരിൽ ആത്മഹത്യാ പ്രവണതയും കൂടിക്കൊണ്ടിരിക്കയാണ് എന്ന് ന്യൂമാൻ ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യം മാത്രമല്ല അവരുടെ പ്രശ്‌നം ഒറ്റപ്പെടലും അവരെ വേട്ടയാടുന്ന ഒരു കാര്യമാണ്. തോഷിയോ ലോകത്ത് തനിച്ചാണെന്നത് ഒരു സത്യമാണ്. തോഷിയോയും ഒരുപക്ഷേ ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ടാകാം. അദ്ദേഹത്തിന്റെ മാതാപിതാക്കൾ മരിച്ചു. അദ്ദേഹത്തിന് രണ്ട് മൂത്ത സഹോദരന്മാരുണ്ട്. പക്ഷേ, അനിയൻ ഒരു ഭാരമാകുമോ എന്ന് ഭയന്ന് അവർ ഇദ്ദേഹത്തെ ഉപേക്ഷിച്ചു. അവർ ഇപ്പോൾ ഫോൺ വിളിച്ചാൽ പോലും എടുക്കില്ലെന്ന് തോഷിയോ പറഞ്ഞു. ഒരു ഭാര്യയും കുടുംബവുമുണ്ടായിരുന്നുവെങ്കിൽ താങ്കൾ ഇത് ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു, "അവർ എന്നെ പിന്തുണയ്ക്കാൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇത് ഒരിക്കലും ചെയ്യുമായിരുന്നില്ല." പോകാൻ ഒരിടവുമില്ലാത്ത, ഒരു നേരത്തെ ആഹാരം പോലും വാങ്ങാൻ പണമില്ലാത്ത, മക്കളുണ്ടായിട്ടും ഒറ്റപ്പെട്ട് കഴിയേണ്ടി വന്ന ഒരുപിടി മനുഷ്യരുടെ കണ്ണില്‍ ജയിൽ ഇന്നൊരു ആശ്വാസം മാത്രമല്ല അതിജീവനത്തിനുള്ള ഏക മാർഗ്ഗം കൂടിയാവുകയാണ്. 

(വിവരങ്ങള്‍ക്ക് കടപ്പാട്: ബിബിസി, ന്യൂയോര്‍ക്ക് പോസ്റ്റ്)