ഭീകരമായൊരു മുഴക്കത്തോടെ മഞ്ഞുമലയിടിഞ്ഞു വീണു! ഇരുപത്തിയോരായിരം അടി ഉയരത്തില്‍, ഏവറസ്റ്റ് കൊടുമുടിയുടെ ഉച്ചിക്കു കീഴെ കൂടാരത്തില്‍ ഉറങ്ങികിടക്കുകയായിരുന്ന പതിനഞ്ചു പെണ്ണുങ്ങളുടെ മേലേയ്ക്ക്..!

1975 മെയ് 4. വീട്ടമ്മമാരും ജോലിക്കാരും അടങ്ങിയ 15 വനിതകള്‍ എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ തിരിച്ചതായിരുന്നു, ജപ്പാനിലെ ഒരു കൊച്ചു പട്ടണത്തില്‍നിന്ന്. ജന്‍കോ താബേയി എന്ന മുപ്പത്തഞ്ചുകാരിയായിരുന്നു സംഘത്തിലെ മിടു മിടുക്കി. രണ്ടര വയസ്സുള്ള മകള്‍ നോരിക്കോയെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച ശേഷമാണ് അവര്‍ സുഹൃത്തുക്കളെയും കൂട്ടി ലോകത്തെ ഏറ്റവും വലിയ കൊടുമുടിയുടെ ഉച്ചിയിലേക്ക് പുറപ്പെട്ടത്!

40 വര്‍ഷം മുന്‍പുള്ള ജപ്പാന്‍ തനി 'ആണ്‍ലോകം' ആയിരുന്നു. പിള്ളേരേം നോക്കി അടുക്കളപ്പണിയും ചെയ്ത് അകത്തളങ്ങളില്‍ മാത്രം ഒതുങ്ങിയ 'കുലീന കുടുംബിനികളുടെ' അച്ചടക്കലോകം.

'നാട് മുടിപ്പിക്കാന്‍ ഇറങ്ങിയ ധിക്കാരി പെണ്ണുങ്ങളുടെ തോന്ന്യാസം' പലരും എതിര്‍ത്തു. പക്ഷെ ജന്‍കോ താബേയി അതൊന്നും കാര്യമാക്കിയില്ല. 'നമുക്കു നമ്മുടേതായ ഉയരങ്ങളിലേക്ക് പോകാം, നമുക്കുവേണ്ടി..' എന്ന അവരുടെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ച കുറച്ചു കൂട്ടുകാരികള്‍ ഒപ്പംനിന്നു.

ദുരിതയാത്ര ആയിരുന്നു. പണമില്ലാത്തതിനാല്‍ പഴയ ടയര്‍ കീറി ഉണ്ടാക്കിയ കയ്യുറകള്‍, വിലകുറഞ്ഞ പക്ഷിത്തൂവലുകള്‍ വാങ്ങി പൊതിഞ്ഞു സ്വയം തുന്നിയ കുപ്പായങ്ങള്‍, ദാനം കിട്ടിയ പായ്ക്കറ്റ് ഭക്ഷണം...തവണകളായി തിരികെ നല്‍കണം എന്ന കരാറില്‍ ഒരു പത്രം അല്പം പണം നല്‍കിയത് മാത്രമായിരുന്നു ആശ്വാസം.

വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു: ഒടുവില്‍ എവറസ്റ്റിന്റെ ഉച്ചിയില്‍ കാലൂന്നിയ നിമിഷം എന്തുതോന്നി? മറുപടി: 'ഒന്നുമില്ല, ആശ്വാസം മാത്രം! പിന്നെ, ഇനിയിത്രയും ദൂരം തിരിച്ചിറങ്ങണമല്ലോ എന്ന ചിന്തയും!'

29,030 അടിയുള്ള എവറസ്റ്റിന്റെ 21,326 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് ഓര്‍ക്കാപ്പുറത്തു മഞ്ഞിടിച്ചില്‍. കൂടാരം തകര്‍ന്നു. ജന്‍കോ താബേയി അടക്കം നാലുപേര്‍ മഞ്ഞിനടിയില്‍പ്പെട്ടു!

ഭാഗ്യത്തിന്, പെട്ടെന്നുതന്നെ സഹായികളായ ഷെര്‍പകള്‍ അവരെയെല്ലാം മഞ്ഞു മാന്തി പുറത്തെടുത്തു.

ബാക്കി കഥ ജന്‍കോ താബേയിയുടെ തന്നെ വാക്കുകളില്‍ കേള്‍ക്കൂ:
'...ഇരുട്ടായിരുന്നു. മരിച്ചു എന്നുതന്നെ തോന്നി. മോളുടെ കുഞ്ഞുമുഖം മാത്രം മനസില്‍. പിന്നെ അതും മാഞ്ഞു. കട്ടയിരുട്ട. കണ്ണുതുറന്നപ്പോള്‍ ചുറ്റും കൂട്ടുകാര്‍. 'ആര്‍ക്കും അപകടമില്ലല്ലോ?'- ഞാന്‍ ചോദിച്ചു.

'ഇല്ല.. ഭാഗ്യം'

അതുകേട്ട നിമിഷം ഞാന്‍ ഉറപ്പിച്ചു, ഈ യാത്ര പൂര്‍ത്തിയാക്കണം! കാരണം അപ്പോഴൊരു 'റിവേഴ്‌സ് എടുക്കാനുള്ള' ഇടം എന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല!

ആ അപകടത്തിന് കൃത്യം 12 ദിവസത്തിന് ശേഷം 1975 മെയ് 16 ന് ജന്‍കോ താബേയി എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ പെണ്ണായി! 1953ല്‍ ടെന്‍സിങ്ങും ഹിലാരിയും തൊട്ട ഭൂമിയുടെ നിറുകയില്‍ 22 വര്‍ഷങ്ങള്‍ക്കു ശേഷം പെണ്‍വിജയം.

പക്ഷേ, ഒട്ടും എളുപ്പമായിരുന്നില്ല അപകടശേഷമുള്ള ആ 12 ദിവസങ്ങള്‍. മഞ്ഞിടിഞ്ഞ അപകടത്തില്‍ ജന്‍കോ താബേയിയുടെ മുതുകിനും കാലിനും സാരമായ പരിക്കേറ്റിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു: ഒടുവില്‍ എവറസ്റ്റിന്റെ ഉച്ചിയില്‍ കാലൂന്നിയ നിമിഷം എന്തുതോന്നി?

മറുപടി: 'ഒന്നുമില്ല, ആശ്വാസം മാത്രം! പിന്നെ, ഇനിയിത്രയും ദൂരം തിരിച്ചിറങ്ങണമല്ലോ എന്ന ചിന്തയും!'

'എന്തിനായിരുന്നു പെണ്ണുങ്ങളുടെ മാത്രം ഒരു പര്‍വതാരോഹക സംഘം?'

ഫുജി പര്‍വതത്തിലേക്ക് ആയിരുന്നു അവസാന യാത്ര. കുറെ കുട്ടികളായിരുന്നു കൂട്ട്. അവര്‍ കുട്ടികളോട് പറഞ്ഞു: 'കൊടുമുടികള്‍ കാല്‍ക്കീഴിലാക്കുന്ന ആത്മവിശ്വാസം ഉണ്ടെങ്കിലേ എല്ലാം നഷ്ടമായതിന്റെ വേദനയെ അതിജീവീക്കാനാകൂ..'

'അതോ, ആണ്‍ സംഘങ്ങളുടെ അധിക്ഷേപം സഹിക്കാന്‍ വയ്യാതെ! കുട്ടിക്കാലം മുതലേ ഞാനൊരു ദുര്‍ബലയായിരുന്നു. വെറും നാലടി ഒമ്പതിഞ്ചു മാത്രം പൊക്കമുള്ള പെണ്ണ്. കൊടുമുടി കയറാനുള്ള എന്റെ മോഹം കേട്ട ആണുങ്ങള്‍ക്ക് എല്ലാം തമാശയായിരുന്നു.'

എവറസ്റ്റിന് ശേഷവും താബേയി കൊടുമുടികളിലേക്ക് പൊയിക്കൊണ്ടേയിരുന്നു. 1992ല്‍ അമ്പത്തിമൂന്നാം വയസില്‍ അവര്‍ പുതിയ റെക്കോര്‍ഡ് നേടി. ഏഴു വന്‍കരകളിലെയും ഏറ്റവും ഉയര്‍ന്ന കൊടുമുടികള്‍ കീഴടക്കിയ ആദ്യ വനിത.

അറുപതാം വയസ്സില്‍ താബേയി പറഞ്ഞു: 'ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഏറ്റവും ഉയര്‍ന്ന കൊടുമുടികള്‍ തൊടണം. 56 രാജ്യങ്ങളിലെ ഒന്നാം കൊടുമുടികള്‍ ഞാന്‍ കീഴടക്കി. ഇനി 140 എണ്ണം ബാക്കിയുണ്ട്..'

നാല് വര്‍ഷം മുമ്പ് ഉദരത്തില്‍ പടര്‍ന്നുകയറിയ കാന്‍സര്‍, പരിശോധനയില്‍ തിരിച്ചറിഞ്ഞപ്പോഴും താബേയി പറഞ്ഞു: 'സമയം കുറവാണ്. കൂടുതല്‍ പര്‍വതങ്ങള്‍ കയറണം...' കീമോതെറാപ്പി സമ്മാനിച്ച അവശതകള്‍ കാര്യമാക്കാതെ പിന്നെയും പിന്നെയും അവര്‍ കൊടുമുടികളിലേക്ക് പോയി.

കഴിഞ്ഞ ശനിയാഴ്ച, ജപ്പാനിലെ സായ്താമാ നഗരത്തിലെ ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡില്‍ ആ കണ്ണുകളടഞ്ഞു. അവസാന നിമിഷവും ആ മനസില്‍ ഇനിയും കയറാനുള്ള കൊടുമുടികള്‍ ബാക്കി ഉണ്ടായിരുന്നിരിക്കണം.

ഒരു വര്‍ഷം മുന്‍പ് ഫുജി പര്‍വതത്തിലേക്ക് ആയിരുന്നു താബേയിയുടെ അവസാന യാത്ര. സൂനാമിയില്‍ എല്ലാം നഷ്ടമായ കുറെ കുട്ടികളായിരുന്നു കൂട്ട്. അവര്‍ കുട്ടികളോട് പറഞ്ഞു: 'കൊടുമുടികള്‍ കാല്‍ക്കീഴിലാക്കുന്ന ആത്മവിശ്വാസം ഉണ്ടെങ്കിലേ എല്ലാം നഷ്ടമായതിന്റെ വേദനയെ അതിജീവീക്കാനാകൂ..'

പുറത്തേക്കൊന്ന് ഇറങ്ങണമെങ്കില്‍ കുറഞ്ഞത് മൂന്നാളുടെ അനുവാദം വാങ്ങേണ്ട ഇന്നാട്ടിലെ പെണ്ണുങ്ങള്‍ക്ക് എങ്കിലും അറിയാന്‍കഴിയുമായിരുന്നു, മോഹിക്കുന്ന ഏതു കൊടുമുടിയും കീഴടക്കാന്‍ ചങ്കുറപ്പ് മാത്രം മതിയെന്ന്!

ജന്‍കോ താബേയി മരിച്ചതിന് പിറ്റേന്ന് മലയാള മാധ്യമങ്ങള്‍ അവരുടെ ഒരു ജീവിതകഥ നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു.

പക്ഷെ, എവിടെയും കണ്ടില്ല.

തീര്‍ച്ചയായും നല്‍കേണ്ടതായിരുന്നു.

ഇന്നും പുറത്തേക്കൊന്ന് ഇറങ്ങണമെങ്കില്‍ കുറഞ്ഞത് മൂന്നാളുടെ അനുവാദം വാങ്ങേണ്ട ഇന്നാട്ടിലെ പെണ്ണുങ്ങള്‍ക്ക് എങ്കിലും അറിയാന്‍കഴിയുമായിരുന്നു, മോഹിക്കുന്ന ഏതു കൊടുമുടിയും കീഴടക്കാന്‍ ചങ്കുറപ്പ് മാത്രം മതിയെന്ന്!

(ഫേസ്ബുക്ക് പോസ്റ്റ് )