'ഇൻഡിഗോ എയർലൈൻസിനോട് തന്നെ തിരുവനന്തപുരം വരെ എത്തിക്കാമോ എന്ന് ഞാൻ  ചോദിച്ചു. എന്റെ നാടിനെ രക്ഷിക്കാൻ എനിക്ക് സാധിക്കുമെന്നും ഞാനവരെ അറിയിച്ചു. എന്റെ യൂണിഫോമിനെ അവർ ബഹുമാനിച്ചു. അതുകൊണ്ടാകാം ആഗസ്റ്റ് 19 ന് രണ്ട് മണിയോടെ ഞാൻ തിരുവനന്തപുരത്തെത്തി.'- ഹേമന്ത് പറയുന്നു.

ഓണം ആഘോഷിക്കാൻ ലീവിന് വന്നതാണ് ചെങ്ങന്നൂർ സ്വദേശിയായ മേജർ ഹേമന്ത് രാജ് എന്ന സൈനികൻ. ഇന്ത്യൻ ആർമിയിലെ 28 മദ്രാസ് സപ്ത് ശക്തി കമാൻഡ് വിംഗിലെ ഓഫീസറാണ് ഹേമന്ത് രാജ്. ചെങ്ങന്നൂരിലേക്ക് എത്തിച്ചേർന്ന സഹായഹസ്തങ്ങളെ ഏകോപിപ്പിച്ച് നിർത്തിയത് ഈ സൈനികന്റെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളായിരുന്നു. ലീവ് സംഘടിപ്പിച്ച് നാട്ടിലേക്ക് ഓടിയെത്തിയത് ഓണമാഘോഷിക്കാനാണെങ്കിലും ഹേമന്തിന്റെ നിയോഗം മറ്റൊന്നായിരുന്നു. നൂറ് കണക്കിന് ആളുകളെയാണ് മത്സ്യത്തൊഴിലാളികൾക്കും പൊലീസിനും ഒപ്പം നിന്ന് മേജർ ഹേമന്ത് രാജ് രക്ഷിച്ചെടുത്തത്. 

Add Asianetnews as a Preferred SourcegooglePreferred

ആഗസ്റ്റ് 18 നാണ് ഹേമന്തിന് ലീവ് അനുവദിച്ചത്. ദില്ലിയിൽ നിന്നും കൊച്ചിയിലേക്ക് ആയിരുന്നു ഫ്ലൈറ്റ്. ദില്ലിയിലെത്തിയപ്പോഴാണ് കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രളയക്കെടുതികളെക്കുറിച്ച് ഹേമന്ത് അറിയുന്നത്. തന്റെ കുടുംബാംഗങ്ങൾ എല്ലാവരും ദുരിതാശ്വാസ ക്യാംപിലാണെന്നും തന്റെ നാട് മുഴുവൻ പ്രളയക്കെടുതിയിലാണെന്നും ഹേമന്ത് അറിഞ്ഞു. അതുപോലെ തന്റെ കൊച്ചി ഫ്ലൈറ്റ് കാൻസലായെന്നും. 

'ഇൻഡിഗോ എയർലൈൻസിനോട് തന്നെ തിരുവനന്തപുരം വരെ എത്തിക്കാമോ എന്ന് ഞാൻ ചോദിച്ചു. എന്റെ നാടിനെ രക്ഷിക്കാൻ എനിക്ക് സാധിക്കുമെന്നും ഞാനവരെ അറിയിച്ചു. എന്റെ യൂണിഫോമിനെ അവർ ബഹുമാനിച്ചു. അതുകൊണ്ടാകാം ആഗസ്റ്റ് 19 ന് രണ്ട് മണിയോടെ ഞാൻ തിരുവനന്തപുരത്തെത്തി.'- ഹേമന്ത് പറയുന്നു.

തിരുവനന്തപുരത്ത് എത്തിയ ഉടൻ ഹേമന്ത് ആദ്യം ചെയ്തത് ആർമി അധികൃതരെ വിളിച്ച് ചെങ്ങന്നൂരിലേക്ക് എയർ ഡ്രോപ് എത്തിച്ചു തരാൻ ആവശ്യപ്പെടുകയായിരുന്നു. റോഡുകളും മറ്റ് ഗതാഗത സൗകര്യങ്ങളും താറുമാറായിക്കിടക്കുന്നതിനാൽ ഹെലികോപ്റ്റർ പോലെയുള്ള സംവിധാനങ്ങൾ മാത്രമേ സാധ്യമാകൂ എന്നും അറിയിച്ചു. അതുപോലെ മൊബൈൽ ഫോൺ റേഞ്ചും ഇവിടെ ലഭിക്കുന്നുണ്ടായിരുന്നില്ല. ചെങ്ങന്നൂരിൽ എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ സംസ്ഥാന ഗവൺമെന്റിന് പോലും ഒന്നും അറിയില്ലായിരുന്നു എന്ന് മേജർ രാജ് പറയുന്നു. 

തൊട്ടടുത്ത കോളേജ് ഗ്രൗണ്ടാണ് ഹെലിപാഡ് ആയി തെരഞ്ഞടുത്തത്. അവിടെത്തന്നെ ദുരിതാശ്വാസ ക്യാംപും പ്രവർത്തിച്ചിരുന്നു. ആദ്യം ചെയ്തത് സേവന സന്നദ്ധരായ കുറച്ച് വിദ്യാർത്ഥികളെയും വിമുക്തഭടൻമാരെയും കണ്ടെത്തുകയായിരുന്നു. പതിമൂന്ന് റെസ്ക്യൂ യൂണിറ്റുകളായി രക്ഷാപ്രവർത്തകരെ വിഭജിച്ച് വിമുക്ത ഭടൻമാരിൽ ഒരാളെ വീതം അവർക്കൊപ്പം അയച്ചു. ഭാഷയുടെ പ്രശ്നം പരിഹരിക്കാൻ വേണ്ടിയായിരുന്നു ഇത്. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളും ഇവർക്കൊപ്പം ചേർന്നു. അവർ ചെങ്ങന്നൂരിലെ തുരുത്ത് പോലെയുള്ള സ്ഥലങ്ങളിൽ വരെ പറന്നു ചെന്നു.

Scroll to load tweet…

ചെങ്ങന്നൂരിലെ പലയിടങ്ങളിലായി ഒറ്റപ്പെട്ട് കിടന്നവരെ രക്ഷിച്ച് കൊണ്ടുവന്നത് ഇവരായിരുന്നു. അതിൽ സ്ത്രീകളും ചെറിയ കുട്ടികളും ഉൾപ്പെട്ടിരുന്നു. മുപ്പത്തിയഞ്ചോളം വിമുക്തഭടൻമാരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. അതിനൊപ്പം കോളേജ് വിദ്യാർത്ഥികളും. ലാപ്ടോപ്പും ഫോണും എത്തിച്ച് താത്ക്കാലിക ഓപ്പറേഷൻ സെന്റർ സ്ഥാപിക്കാൻ മുൻകൈയെടുത്തത് വിദ്യാർത്ഥികളാണ്. സഹായം ചോദിച്ച് വരുന്ന പോസ്റ്റുകളും സന്ദേശങ്ങളും അപ്പപ്പോൾ തന്നെ വിലാസം ഉൾപ്പടെ ലോക്കേറ്റ് ചെയ്തു. 

രക്ഷാ പ്രവർത്തനത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് ശേഷമാണ് തന്റെ കുടുംബം എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞതെന്നും ഹേമന്ത് പറയുന്നു. ''ഈ ചിത്രങ്ങൾ കണ്ടിട്ടാണ് ഹേമന്തിന്റെ ഭാര്യ തീർത്ഥയും ഞാനെവിടെയാണെന്നും എന്ത് ചെയ്യുകയാണെന്നും അറിഞ്ഞത്. കോട്ടയത്തായിരുന്നു അവർ. വെള്ളപ്പൊക്കം മൂലം എവിടെയും എത്തിച്ചേരാൻ പറ്റാത്ത് അവസ്ഥയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ''

ടൺ കണക്കിന് ഭക്ഷണസാധനങ്ങളാണ് എയർ ഡ്രോപ്പ് വഴി ചെങ്ങന്നൂർ ഭാഗത്തേക്ക് സൈനികർ എത്തിച്ചുകൊടുത്തത്. രക്ഷാപ്രവർത്തനം പൂർണമായെങ്കിലും പ്രളയക്കെടുതികൾ ഒരിടത്തും അവസാനിച്ചിട്ടില്ല. ഇപ്പോഴും പതിനായിരക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാംപുകളിൽ പോകാൻ വീടില്ലാതെ കഷ്ടപ്പെടുന്നത്. സംസ്ഥാനത്തിന് സംഭവിച്ച നഷ്ടങ്ങൾ വളരെ വലുതാണ്. എന്നാൽ നാം ഇതിനെ അതിജീവിക്കുമെന്ന മേജർ ഹേമന്ത് രാജ് ആത്മവിശ്വാസത്തോടെ പറയുന്നു.