അങ്ങനെ ഒരു തീര്‍ഥാടന പാത വരികയാണെങ്കില്‍ അത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ല് ആയിരിക്കുമെന്ന്  11 വര്‍ഷമായി ദേരയില്‍ ദര്‍ശനത്തിന് എത്തുന്ന ജഗ്താര്‍ സിങ് പറയുന്നു

ഗുരുദാസ്പുര്‍: ബൈനോക്കുലറിലൂടെ ദര്‍ശനം നടത്തുന്ന ആരാധനാലയങ്ങളുണ്ടാകുമോ? ഈ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ ആരാധനാലയത്തില്‍ ഭക്തര്‍ ദര്‍ശനം നേടുന്നത് ബൈനോക്കുലറിലൂടെയാണ്.

പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ ഇന്തോ-പാക് അതിര്‍ത്തിയിലാണ് ഗുരുദ്വാര ദർബാർ സാഹിബ്. വ്യക്തമായി പറഞ്ഞാല്‍ ഇന്ത്യന്‍ അതിര്‍ത്തിക്ക് അപ്പുറം. ലാഹോറിൽ നിന്നും 120 കി.മി അകലെയുള്ള കർതാർപൂരിലെ ഈ ഗുരുദ്വാര നില്‍ക്കുന്ന സ്ഥലത്താണ് ഗുരു നാനാക്ക് അദ്ദേഹത്തിന്‍റെ മിഷനറി പര്യടനത്തിനുശേഷം സിഖ് സമൂഹം സ്ഥാപിച്ചത്. ഇവിടെവെച്ചാണ് 1539 സെപ്റ്റംബർ 22 നു ഗുരു നാനാക്ക് മരിച്ചത് എന്നുമാണ് വിശ്വസിക്കപ്പെടുന്നത്. 

അതിനുശേഷം അവിടെ ഗുരുദ്വാര നിര്‍മിക്കപ്പെട്ടു. എന്തായാലും സിക്ക് സമൂഹത്തെ സംബന്ധിച്ചടത്തോളം ഏറ്റവും വിശുദ്ധമായ ആരാധനാലയങ്ങളില്‍ ഒന്നാണ് ദർബാർ സാഹിബ് കർതാർപൂർ ഗുരുദ്വാര. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നു ബൈനോക്കുലറിലൂടെയാണ് ഇവിടെ ദര്‍ശനം. എങ്കിലും രാജ്യത്തുടനീളമുള്ള ധാരാളം സിക്ക് മത വിശ്വാസികള്‍ ദര്‍ശനത്തിനായി ഇവിടെ വരുന്നു. ഗുരുദ്വാരയടെ കാഴ്ചയെ തടസ്സപ്പെടുത്തുന്ന വിധത്തിൽ രീതിയില്‍ വളര്‍ന്ന് നില്‍ക്കുന്ന ചെടികളും മരങ്ങളും പാകിസ്താൻ അധികാരികൾ സാധാരണയായി വെട്ടിമാറ്റാറുണ്ട്.

ഈ ഗുരുദ്വാരയിലേക്കുള്ള സിക്ക് മത തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ മന്ത്രി നവ ജ്യോതി സിങ് സിന്ധു കഴിഞ്ഞ മാസം ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഗുരുനാനാക്കിന്‍റെ 550 ാമത് ജന്‍മദിനം പ്രമാണിച്ച് അടുത്ത് വര്‍ഷം ഇന്ത്യയിലെ ദേര ബാബ നാനാക്കില്‍ നിന്നും ഗുരുദ്വാര ദർബാർ സാഹിബ് കർതാർപൂരിലേക്ക് ഒരു പാത തുറക്കാന്‍ പദ്ധതി ഉണ്ടെന്ന് പാകിസ്ഥാന്‍ കരസേന മേധാവി ജനറല്‍ ഖ്വമര്‍ ജാവേദ് ബജ്വ ഉറപ്പുനല്‍കിയിട്ടുണ്ട് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ഇന്ത്യയിലെ സിക്ക് തീര്‍ത്ഥാടകര്‍ക്ക് വിസയില്ലാതെ നേരിട്ടു ഗുരുദ്വാരയിലേക്കുള്ള പ്രവേശനത്തിനുള്ള സഹായം ഇമ്രാന്‍ഖാന്‍ ഗവണ്‍മെന്‍റിന്റെ പരിഗണനയില്‍ ഉണ്ടെന്ന് കഴിഞ്ഞ ആഴ്ച്ച പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവദ് അഹമദ് ചൌധരി പറഞ്ഞിരുന്നു. നിലവില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കായി ഒരു വ്യൂ പോയിന്‍റ് ആണ് ബി.എസ്.എഫ് സ്ഥാപിച്ചിരിക്കുന്നത്, തെളിച്ചമുള്ള ദിവസം ഭക്തര്‍ക്ക് ഇവിടെ നിന്നും അതിര്‍ത്തിക്ക് അപ്പുറമുള്ള വെളുത്ത ഗുരുദ്വാരയും മിനാരവും കാണാന്‍ കഴിയുന്നതാണ്. തീര്‍ത്ഥാടകര്‍ കൈകൂപ്പി ഗുരുദ്വാരയിലേക്ക് നോക്കി മുട്ടുകുത്തുന്നു. വ്യക്തമായ കാഴ്ചക്കായി അടുത്ത് തന്നെ ഒരു ജോഡി ബൈനോക്കുലറും സ്ഥാപിച്ചിരിക്കുന്നു. 

''ഗുരുദ്വാര ദർബാർ സാഹിബ് കർതാർപൂരിലേക്കും പാകിസ്ഥാനിലെ മറ്റ് ഗുരുദ്വാരകളിലേക്കും തടസ്സമില്ലാതെയുള്ള പ്രവേശനത്തിനായി ഓരോ സിക്ക് മത വിശ്വാസിയും ദിവസവും പ്രാര്‍ത്ഥിക്കാറുണ്ട്, നമ്മുടെ പ്രാര്‍ത്ഥന അടുത്തു തന്നെ കേള്‍ക്കും എന്നാണ് പ്രതീക്ഷ'' പട്യാലയില്‍ നിന്നുള്ള തീര്‍ഥാടകന്‍ ബല്‍ജിന്ദര്‍ കൌര്‍ പറയുന്നു. 

അങ്ങനെ ഒരു തീര്‍ത്ഥാടന പാത വരികയാണെങ്കില്‍ അത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ല് ആയിരിക്കുമെന്ന് 11 വര്‍ഷമായി ദേരയില്‍ ദര്‍ശനത്തിന് എത്തുന്ന ജഗ്താര്‍ സിങ് പറയുന്നു. എന്തായാലും രണ്ടുഭാഗത്തുമുള്ള സര്‍ക്കാരുകളില്‍ നിന്നും ഇതുവരെ ഔദ്യോഗികമായി തീരുമാനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.