Asianet News MalayalamAsianet News Malayalam

'അങ്ങനെ ഞങ്ങളത് നേടി', എവറസ്റ്റ് കീഴടക്കിയ യുവാക്കള്‍ പറയുന്നു

കഠിനാധ്വാനികളായിരുന്നു ഓരോരുത്തരും. '' സ്കൂളിലെ കുട്ടികള്‍ക്ക് ട്രെയിനിങ്ങ് നല്‍കുകയായിരുന്നു. എല്ലാവരോടും ഓടാന്‍ നിര്‍ദ്ദേശിച്ചു. ഓട്ടം നിര്‍ത്താന്‍ പറയാന്‍ മറന്നുപോയി. ഒരു മണിക്കൂറിന് ശേഷം നോക്കുമ്പോഴും മനീഷ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. '' പരിശീലകന്‍ പറയുന്നു. 

indian teens conquered everest
Author
Maharashtra, First Published Aug 24, 2018, 1:30 PM IST

സ്വപ്നങ്ങളുണ്ടാകണം, അത് നേടിയെടുക്കാനുള്ള വാശിയും. അപ്പൊഴേ ജീവിതത്തിന് ഒരു ത്രില്ലൊക്കെയുണ്ടാകൂ. തോറ്റുകൊടുക്കരുതെന്ന് തോന്നൂ. ഈ അഞ്ച് പേരും ചെയ്തിരിക്കുന്നതും അതാണ്. പത്തുമാസത്തെ പ്രയത്നത്തിനൊടുവില്‍ ഈ അഞ്ച് യുവാക്കളും എവറസ്റ്റ് കീഴടക്കി. അതിലൊരാളാണ് പതിനെട്ടുകാരി മനീഷ ദുവെ. 

'ഞാനിപ്പോഴും സ്വയം നുള്ളിനോക്കുകയാണ് സംഭവിച്ചത് സ്വപ്നമല്ലല്ലോ എന്ന് ഉറപ്പു വരുത്താന്‍' മനീഷ പറയുന്നു. മെയ് 16ന് പുലര്‍ച്ചെ 4.30നാണ് മനീഷ തന്‍റെ സ്വപ്നത്തിലേക്കെത്തിച്ചേര്‍ന്നത്. ഒരു വര്‍ഷം മുമ്പ്, ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന സ്വപ്നമാണ് താന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നും മനീഷ പറയുന്നു. 'ഞാനെന്‍റെ അച്ഛനേയും അമ്മയേയും ഓര്‍ക്കുന്നു, സഹോദരങ്ങളെ ഓര്‍ക്കുന്നു, ഗ്രാമത്തെ ഓര്‍ക്കുന്നു, വീടിനെ ഓര്‍മ്മിക്കുന്നു, നമ്മുടെ കാടുകളെ ഓര്‍ക്കുന്നു, സ്കൂളിനെയും അധ്യാപകരെയും കൂട്ടുകാരെയും ഓര്‍ക്കുന്നു, നമ്മുടെ പരിശീലനവും പരിശീലകനേയും ഓര്‍ക്കുന്നു'വെന്നാണ് എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് മനീഷ പറയുന്നത്. 

പത്തുപേരുള്ള സംഘത്തിലൊരാളായിരുന്നു മനീഷ. അതില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് ലക്ഷ്യത്തിലെത്താനായത്. മനീഷ, ഉമാകാന്ത് ദേവി, പര്‍മേഷ് ആലെ, വികാസ് സോയം, കവിദാസ് കത്മോഠ് എന്നിവരായിരുന്നു ആ അഞ്ചുപേര്‍. 

കഠിനാധ്വാനികളായിരുന്നു ഓരോരുത്തരും. '' സ്കൂളിലെ കുട്ടികള്‍ക്ക് ട്രെയിനിങ്ങ് നല്‍കുകയായിരുന്നു. എല്ലാവരോടും ഓടാന്‍ നിര്‍ദ്ദേശിച്ചു. ഓട്ടം നിര്‍ത്താന്‍ പറയാന്‍ മറന്നുപോയി. ഒരു മണിക്കൂറിന് ശേഷം നോക്കുമ്പോഴും മനീഷ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. '' പരിശീലകന്‍ പറയുന്നു. 

8,848 മീറ്ററുള്ള എവറസ്റ്റ് കീഴടക്കുക ഒട്ടും എളുപ്പമല്ല. മാത്രമല്ല അപകടം പിടിച്ചതുമാണ്. ഇരുന്നൂറിലധികം പേരാണ് എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. ഈ യുവാക്കള്‍ പറയുന്നത്, ഇന്ത്യക്കാരിയായ മലാവത് പൂര്‍ണയാണ് അവരുടെ ലക്ഷ്യത്തിലേക്കുള്ള പ്രചോദനമായി മാറിയതെന്നാണ്. പതിമൂന്നാമത്തെ വയസിലാണ് മലാവത് പൂര്‍‌ണ എവറസ്റ്റ് കീഴടക്കുന്നത്. 

ഒരു വര്‍ഷത്തിന് മുമ്പ് സ്വന്തം ഗ്രാമം വിട്ടുപോലും പുറത്തുപോകാത്തവരാണ് ഈ അഞ്ചുപേരും. അതുകൊണ്ടുതന്നെ അവര്‍ക്ക് സ്വയം വിശ്വസിക്കാനാകുന്നുമില്ല അവര്‍ എവറസ്റ്റ് കീഴടക്കിയെന്ന്. ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്ക് എവറസ്റ്റ് കീഴടക്കുന്നതിനായി 40 മില്ല്യണ്‍ അനുവദിക്കാമെന്ന ആശയം മുന്നോട്ട് വച്ചത് ജില്ലാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ അശുതോഷ് സലിലാണ്. ഈ പദ്ധതിക്ക് രൂപ വിനിയോഗിക്കാൻ മഹാരാഷ്ട്ര സർക്കാരിനെ പ്രേരിപ്പിച്ചതും അദ്ദേഹം തന്നെ. ഈ കുട്ടികളില്‍ ആത്മവിശ്വാസമുണ്ടാക്കാനും അത് മറ്റ് കുട്ടികള്‍ക്ക് പ്രചോദനമാവാനുമാണ് ഇങ്ങനെയൊരു പദ്ധതി കൊണ്ടുവന്നതെന്ന് സലില്‍ പറയുന്നു. 

ജില്ലയില്‍ നിന്ന് 47 കുട്ടികള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും പരിശീലനം പൂര്‍ത്തിയാക്കാനായത് പത്തുപേര്‍ക്കാണ്. തെലങ്കാനയിലെ ഭോങ്കിറിലാണ് അവര്‍ റോക്ക് ക്ലിമ്പിങ്ങില്‍ പരിശീലനം നേടിയത്. ഡാര്‍ജിലിങ്ങിലെ ഹിമാലയന്‍ മൌണ്ടനീറിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ടിലായിരുന്നു പരിശീലനം. അവസാനവട്ട പരിശീലനം ലഡാക്കിലും. 

ഒരുപാട് ഡ്രൈഫ്രൂട്ടുകളും മറ്റും അവര്‍ക്ക് കഴിക്കാനായി നല്‍കി. അതിന് മുമ്പ് അവരാരും അതൊന്നും കഴിച്ചിരുന്നില്ല. അവരുടെ വീട്ടുകാര്‍ക്ക് നല്ല ഭക്ഷണമോ പാലോ ഒന്നും വാങ്ങിനല്‍കാനുമാകുമായിരുന്നില്ല. പക്ഷെ, ഓരോ പരിശീലനവും അവര്‍ പൂര്‍ത്തിയാക്കുന്നത് വളരെ എളുപ്പത്തിലായിരുന്നു. 

ലക്ഷ്യത്തിലെത്തുന്നതിന് തൊട്ടുമുമ്പാണ് മനീഷ വഴിയിലൊരു മൃതദേഹം കണ്ടത്. അതവളെ തളര്‍ത്തിയിരുന്നു. പക്ഷെ, അവളുടെ ഗൈഡ് തീര്‍ച്ചയായും മുന്നോട്ട് നീങ്ങിയേ തീരൂവെന്ന് ഓര്‍മ്മിപ്പിച്ചതിനെ തുടര്‍ന്ന് അവള്‍ മുന്നോട്ടുതന്നെ നീങ്ങി. കുറച്ചുനേരത്തിനുള്ളില്‍ തന്നെ അവള്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. 

ലക്ഷ്യത്തിലെത്തിയവര്‍ക്ക് 2.5 മില്ല്യണ്‍ രൂപയാണ് കിട്ടുക. കവിദാസും പര്‍മേഷും ആ തുക വീട് നന്നാക്കാനും കര്‍ഷകരെ സഹായിക്കാന്‍ ഗ്രാമത്തിലൊരു കിണര്‍ കുഴിക്കാനും ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 

ഉമാകാന്ത് പറയുന്നത്, ആ തുകയുപയോഗിച്ച് തന്‍റെ ഗ്രാമത്തിലെ കുഞ്ഞുങ്ങള്‍ക്കായി ഒരു കളിസ്ഥലമൊരുക്കുമെന്നാണ്. മനീഷ ആ തുക കോളേജ് പഠനത്തിനായി ഉപയോഗിക്കുമെന്നും. 

ഏതായാലും അധികം വൈകാതെ കിളിമഞ്ചാരോ കയറാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. 

Follow Us:
Download App:
  • android
  • ios