വ്യാജവാർത്തകൾ ഈ ദിവസങ്ങളിൽ കാട്ടുതീ പോലെയാണ് പടരുന്നത്. പണ്ടുമുതൽ തന്നെ തെറ്റായ വസ്‍തുതകൾ പ്രചരിച്ചിരുന്നുവെങ്കിലും ഇന്ന് സോഷ്യൽ മീഡിയയും മറ്റ് സാങ്കേതികവിദ്യയും വഴി അവ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് എത്തുന്നു. വ്യാജവാർത്തകൾ നമ്മുടെ തീരുമാനമെടുക്കലിനെയും വ്യത്യസ്‍ത കാര്യങ്ങളെക്കുറിച്ചുള്ള ദൈനംദിന ധാരണയെയും വളരെയധികം സ്വാധീനിക്കുന്നു. ഉദാഹരണത്തിന്, മുമ്പൊരിക്കൽ  ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഇൻഫിബീമിന്റെ ഓഹരികൾ 73% വരെ കുറയാൻ ഇടയാക്കിയ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. കമ്പനിയിൽ ഒരു ആഭ്യന്തര പ്രശ്‌നമുണ്ടെന്ന് ആരോപിക്കുന്ന ഒരു വ്യാജ വാട്ട്‌സ്ആപ്പ് സന്ദേശമായിരുന്നു അതിന് പിന്നിൽ.  

പലരും അന്യരുടെ രാഷ്ട്രീയ, മതവിശ്വാസപ്രമാണങ്ങളെ കരിവാരിതേക്കാൻ ഇത്തരം വ്യാജവാർത്തകൾ പടച്ചിറക്കാറുണ്ട്. നിരവധി ഇന്ത്യക്കാർക്ക് നമ്മുടെ ചരിത്രത്തെക്കുറിച്ച്, പ്രത്യേകിച്ച് രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് വികലമായ വീക്ഷണമുണ്ടാക്കുന്നതും ഒരുപരിധിവരെ ഇത്തരം വാർത്തകൾ ഒരു കാരണമാകാറുണ്ട്. കഴിഞ്ഞ വർഷം മൈക്രോസോഫ്റ്റ് നടത്തിയ ഒരു സർവ്വേയിൽ, ആഗോള ശരാശരിയായ 57 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 64 ശതമാനം ഇന്ത്യക്കാരും വ്യാജ വാർത്തകൾ എളുപ്പത്തിൽ വിശ്വസിക്കുന്നവരാണ് എന്ന് കണ്ടെത്തിയിരുന്നു.  

നമ്മൾ വളരുന്തോറും നമുക്ക് സ്വന്തമായ വിശ്വാസങ്ങളും ചിന്തകളും ഉണ്ടാകുന്നു. ചില മതങ്ങളിലോ ജാതിയിലോ വർഗ്ഗത്തിലോ ഉള്ള ആളുകളെക്കുറിച്ചുള്ള കഥകൾ കേട്ടുകൊണ്ടാണ് സമൂഹത്തിലെ മറ്റ് ആളുകളെക്കുറിച്ചുള്ള നമ്മുടെ ധാരണ രൂപപ്പെടുന്നത്. അത്തരം സാമൂഹികവൽക്കരണം കാരണം ഒരുപക്ഷേ നമ്മൾ പക്ഷപാതപരമായി ചിന്തിച്ചേക്കാം. മുൻ‌കാല അറിവുകളുടെയോ അനുഭവങ്ങളുടെയോ വെളിച്ചത്തിൽ കാര്യങ്ങളെ വേണ്ടവിധം വിശകലനം ചെയ്യാതെ എളുപ്പത്തിൽ ഒരു തീരുമാനത്തിൽ എത്തുന്ന രീതിയാണ് മനഃശാസ്ത്രത്തിൽ ‘ഹ്യൂറിസ്റ്റിക്സ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

നമ്മൾ പല സങ്കീർണ്ണമായ സാഹചര്യങ്ങളിലും തീരുമാനമെടുക്കുമ്പോൾ വിശകലനത്തിന് അധികം സമയം നൽകാതെ ഈ ഹ്യൂറിസ്റ്റിക്സ് എന്ന കുറുക്കുവഴി സ്വീകരിക്കുന്നു.  ചിലപ്പോൾ, ഈ മാനസിക കുറുക്കുവഴികൾ കാര്യങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കാനുള്ള നമ്മുടെ കഴിവിനെ പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യക്കാർ പൊതുവെ വൈകാരികതയുള്ള ആളുകളാണ്. വ്യക്തികൾ, ആശയങ്ങൾ, സ്ഥാപനങ്ങൾ, വിശ്വാസങ്ങൾ എന്നിവയുമായി നമ്മൾ പെട്ടെന്ന് ഇണങ്ങുന്നു. നമ്മുടെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്ന കാര്യങ്ങൾ മാത്രമേ നമ്മൾ തെരഞ്ഞെടുക്കുകയുള്ളൂ. അവയ്ക്ക് വിരുദ്ധമായവ നമ്മൾ പരമാവധി ഒഴിവാക്കുകയും ചെയ്യുന്നു.  ഇത് വ്യാജവാർത്തകൾ വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.  

നമ്മൾ കാണുന്ന വാർത്തകളുടെ ആധികാരികത പരിശോധിക്കാൻ നമ്മൾ പലപ്പോഴും തയ്യാറാകുന്നില്ല എന്നതും ഒരു പ്രശ്‍നമാണ്. നമ്മൾ വായിക്കുന്ന പല സന്ദേശങ്ങളും, വാർത്തകളും തൊണ്ടതൊടാതെ വിഴുങ്ങുകയാണ് നമ്മൾ ചെയ്യുന്നത്. വായിക്കുന്ന സന്ദേശങ്ങൾ വിശകലം ചെയ്യാൻ നമ്മൾ ചുരുങ്ങിയത് രണ്ട് മിനിറ്റെങ്കിലും ചെലവഴിച്ചിരുന്നുവെങ്കിൽ, വ്യാജവാർത്തകൾ ഇത്രത്തോളം വളരില്ലായിരുന്നു. എന്നാൽ, ഇപ്പോൾ വസ്‍തുതകളുടെ സാധുത പരിശോധിക്കുന്നതിനായി ഇന്ത്യയിൽ വിവിധ വെബ്‌സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. എന്തിരുന്നാലും, ഇന്ത്യയെപോലുള്ള ഒരു വലിയ രാജ്യത്ത്, ഇന്റർനെറ്റിൽ പ്രചരിക്കുന്ന എല്ലാ വാർത്തകളുടെയും സാധുത പരിശോധിക്കുക എന്നത് പ്രായോഗികമല്ല. എല്ലാ സന്ദേശങ്ങളും മറ്റുള്ളവരുമായി പങ്കിടുന്നതിന് മുമ്പ് അത് വ്യാജമാണോ അല്ലയോ എന്ന് ചിന്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.