'തിരുവിതാംകൂറിലെ അവസാനത്തെ മഹാറാണിയുടെ ജീവിതം ഏതാണ്ടൊരു ബോളിവുഡ് ത്രില്ലര്‍ പോലെയായിരുന്നു' 

തിരുവിതാംകൂറിലെ അവസാന മഹാറാണി പൂരാടം തിരുനാള്‍ സേതു ലക്ഷ്മി ബായിയെക്കുറിച്ചാണ് ഈ പരാമര്‍ശം. പുറത്തിറങ്ങി ഒരു വര്‍ഷം തികയുംമുമ്പ് നാലു പതിപ്പുകള്‍ ഇറങ്ങിയ 'ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍' എന്ന പുതിയ പുസ്തകമാണ്, തില്ലര്‍ പോലെ സംഭവബഹുലമായ ഈ റാണിയുടെ ജീവിതം പറയുന്നത്. 300 വര്‍ഷത്തെ തിരുവിതാംകൂര്‍ ചരിത്ര പശ്ചാത്തലത്തില്‍ കേരളത്തിന്റെ കൂടി ചരിത്രമാണ് ഈ 700 പേജുള്ള പുസ്തകം. 26 വയസ്സു മാത്രമുള്ള മനു എസ് പിള്ള എന്ന മലയാളി യാണ് ആറു വര്‍ഷമെടുത്ത് സമാനതകളില്ലാത്ത ഈ പുസ്തകം എഴുതിയത്. ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ട ഈ പുസ്തകം കേരളത്തില്‍ വായിക്കപ്പെട്ടുവെങ്കിലും കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ എഡിറ്റര്‍ എബി തരകന്‍ മനുവുമായി നടത്തിയ അഭിമുഖത്തിലാണ് തിരുവിതാംകൂറിലെ അവസാന മഹാറാണിയുടെ സംഭവബഹുലമായ ജീവിതം മനു തുറന്നുപറയുന്നത്. 

'അഞ്ച് വയസ്സില്‍ റാണിയായി അവരെ ഇന്‍സ്റ്റാള്‍ ചെയ്തു. 20ാം വയസ്സ് ഒക്കെ ആയപ്പോള്‍ രാജധാനിയിലെ എല്ലാ കാര്യങ്ങളിലും അവര്‍ സജീവമായി. 30 വയസ്സായപ്പോള്‍ ഭരണം തുടങ്ങി. 40 വയസ്സായപ്പോള്‍ ഭരണം അവസാനിച്ചു. പൂര്‍ണ്ണമായും അവരെ അരികിലേക്ക് മാറ്റി. 50 വയസ്സായപ്പോഴേക്കും ഇന്ത്യ സ്വതന്ത്രമായി. തിരുവിതാംകൂര്‍ തന്നെ ഇല്ലാതായി. 60 വയസ്സായപ്പോഴേക്കും കമ്യൂണിസം വന്നു. ഒരു വെളുപ്പിന് ഉണര്‍ന്നപ്പോള്‍ സ്വന്തം കൊട്ടാരത്തില്‍ കമ്യൂണിസ്റ്റ് പതാക ആയിരുന്നു. പല തട്ടുകളിലുള്ള വേലക്കാരെല്ലാം ചേര്‍ന്ന് കൊട്ടാരത്തിനകത്ത് അവര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. അഞ്ച് വയസ്സില്‍ മഹാറാണിയായ ഈ സ്ത്രീ, ഞാനൊരു ഡ്രൈവിന് പോവുകയാണെന്ന് നുണ പറഞ്ഞ് പുറത്തിറങ്ങി. അല്ലെങ്കില്‍ അവര്‍ വിടില്ലായിരുന്നു. പിടിച്ചു വെച്ചിരിക്കുകയായിരുന്നു. ഞാനൊരു ഡ്രൈവിന് പോവുകയാണ് എന്നു പറഞ്ഞ് നേരെ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് പോയി. അകത്തുകയറിയില്ല. ഗോപുരത്തിനടുത്തുനിന്ന്, എനിക്കിവിടെ നിന്നു പോവണം, ഇവിടെയിനി ജീവിക്കാനാവില്ല എന്നു പറഞ്ഞ്, കാണിക്കയിട്ട്, തിരുവനന്തപുരം സ്‌റ്റേഷനില്‍ പോയി ട്രെയിനില്‍ കയറി, ചെന്നെയില്‍പോയി. അവിടെ നിന്ന് പിന്നെ ബാംഗ്ലൂരില്‍ പോയി. അവരൊരിക്കലും തിരിച്ചു വന്നില്ല. 30 വര്‍ഷം കൂടി ജീവിച്ചിരുന്നു അവര്‍. പക്ഷേ, ഒരിക്കലും കേരളത്തിലേക്ക് തിരിച്ചുവന്നില്ല. കുറ്റബോധത്തോടെയാണ് അവര്‍ പോയത്. പക്ഷേ, അവിടെ ചെന്നപ്പോള്‍ അവരതെല്ലാം മറന്നു. സന്തോഷമായി കഴിഞ്ഞു. ഒരിക്കലും മടങ്ങി വന്നില്ല. വെള്ളായണിയിലെ കാര്‍ഷിക കോളജ് അവരുടെ കൊട്ടാരമായിരുന്നു. പൂജപ്പുരയിലെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അവരുടെ പ്രധാന കൊട്ടാരമായിരുന്നു. ഇപ്പോള്‍ കേസിലുള്ള കോവളത്തെ ഹല്‍സിയോണ്‍ കാസിലും അവരുടേതായിരുന്നു. പോത്തന്‍ കോട് ഒരു കൊട്ടാരമുണ്ടായിരുന്നു. ഉപേക്ഷിക്കപ്പെട്ട കൊട്ടാരം. അതും അവരുടേതായിരുന്നു. എല്ലാം ഉപേക്ഷിച്ച് അവര്‍ ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു.'-മനു തുടര്‍ന്നു പറയുന്നു. 

ഇതുമാത്രമല്ല, തിരുവിതാംകൂര്‍ രാജവംശത്തിന്റെയും കേരളത്തിന്റെയും ഇന്ത്യയുടെയും നാമറിയാത്ത അനേക കാര്യങ്ങളും മനു ഈ അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നു. 

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇതാ ഇവിടെ കാണാം.