Asianet News MalayalamAsianet News Malayalam

ഒരു ദലിത് സ്ത്രീയുടെ വിഷുവും ഓണവും!

Interview with pennuttiyamma a dalit woman in Kuttiady
Author
Thiruvananthapuram, First Published Apr 14, 2017, 7:59 AM IST

Interview with pennuttiyamma a dalit woman in Kuttiady

പത്തു കൊല്ലം മുമ്പ്, ഒരു വിഷുക്കാലത്താണ് പെണ്ണൂട്ടിയമ്മയെ കാണുന്നത്. വിഷുവിന്റെയും ഓണത്തിന്റെയും ആഘോഷത്തിമിര്‍പ്പുകളില്‍ നാമാവര്‍ത്തിക്കുന്ന, 'പണ്ടൊക്കെ എത്ര നല്ലതായിരുന്നു', എന്ന പറച്ചിലിനെ അടിമറിച്ചുകളയുന്ന അനുഭവമായിരുന്നു, ആ ദലിത് കര്‍ഷക തൊഴിലാളി സ്ത്രീയുമായുള്ള അഭിമുഖം. ഞങ്ങളുടെ നാട്ടില്‍ ജാതിയൊന്നും അത്ര തീവ്രമായിരുന്നില്ല എന്ന പറച്ചിലുകളെ അവര്‍ അനുഭവങ്ങള്‍ െകാണ്ട് തട്ടിത്തെറിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത തളീക്കര നടമുഖം വയലിലെ നടേമ്മല്‍ പെണ്ണൂട്ടി തുറന്നുപറഞ്ഞത് നമ്മുടെ ഗൃഹാതുര ഏമ്പക്കങ്ങളുടെ തനിനിറമായിരുന്നു. 

ജീവിതത്തിലാദ്യമായാണ് ഒരാളോട് ഇങ്ങനെയൊക്കെ പറയുന്നത് എന്ന് ചിരിച്ചുകൊണ്ടാണ് പെണ്ണൂട്ടിയമ്മ സംസാരിച്ചു തുടങ്ങിയത്. അങ്ങനെ അവര്‍ക്കു മുന്നിലെത്താന്‍ കാരണമായത് ഉറ്റ ചങ്ങാതി മണി ആയിരുന്നു. സാറാ ജോസഫ് എഡിറ്ററായി ആയിടയ്ക്ക് പ്രസിദ്ധീകരണം ആരംഭിച്ച 'മയൂരി' മാസികയ്ക്ക് വേണ്ടി ഇത്തരം ഒരു കുറിപ്പ് വേണമെന്ന് ആവശ്യപ്പെട്ടത് സുഹൃത്ത് ഗാര്‍ഗിയായിരുന്നു. കൃഷി എന്ന വിഷയത്തില്‍ പല തരം ആളുകളുടെ അനുഭവങ്ങള്‍ ഒന്നിച്ച് പ്രസിദ്ധീകരിക്കാനായിരുന്നു 'മയൂരി'യുടെ ശ്രമം. സ്‌റ്റോറി ഐഡിയ അവര്‍ അംഗീകരിച്ചശേഷം പറ്റിയ ഒരാള്‍ക്കു വേണ്ടിയുള്ള അന്വേഷണണമാരംഭിച്ചു. വീടിനടുത്തുള്ള പെണ്ണൂട്ടിയമ്മയെ പരിചയപ്പെടുത്തിയശേഷം, ഇതിലും നല്ലൊരാളെ നിനക്കിനി കിട്ടാനില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു, മണി. അങ്ങനെ ആ കുഞ്ഞുവീടിന്റെ മുന്നിലെത്തി. 

കുറിപ്പ് എഴുതി ഡെഡ്‌ലൈനിനുമുമ്പ് തന്നെ അയച്ചുവെങ്കിലും 'മയൂരി' എന്തുകൊണ്ടോ അത് പ്രസിദ്ധീകരിച്ചില്ല. പുറത്തിറങ്ങിയ 'മയൂരി' മാസികയില്‍ കൃഷിയുമായി ബന്ധപ്പെട്ട ഗൃഹാതുരത്വവും സവര്‍ണ്ണമായ തികട്ടലുകളും കുത്തിനിറച്ചതുകണ്ടപ്പോള്‍ അതിന്റെ കാരണം പിന്നെ ബോധ്യമായി. കുറച്ചു നാള്‍ കഴിഞ്ഞ്, ' വാരാദ്യമാധ്യമം'  ഇത് പ്രസിദ്ധീകരിച്ചു. 

അതു കഴിഞ്ഞ് പത്തുവര്‍ഷങ്ങള്‍. പെണ്ണൂട്ടിയമ്മ പറഞ്ഞ കാര്യങ്ങളുടെ ശരി പിന്നീടുള്ള ജീവിതം ബോധ്യപ്പെടുത്തി. ആഘോഷത്തിമിര്‍പ്പുകളുടെയും ഗൃഹാതുരവാഴ്ത്തുകള്‍ക്കുമിടയിലും നമ്മുടെ നാട് എങ്ങനെയൊക്കെയാണ് ജീവിച്ചിരുന്നത് എന്ന ആ പറച്ചില്‍, ബാക്കി വെച്ച്, ജീവിതത്തിലെ തന്റെ ആദ്യ അഭിമുഖം ബാക്കിവെച്ച്, ഇക്കഴിഞ്ഞ വര്‍ഷം പെണ്ണൂട്ടിയമ്മ മരിച്ചു. ഇന്നും പ്രസക്തമാണ് ആ അഭിമുഖം എന്ന ബോധ്യത്തില്‍ അതു പുന:പ്രസിദ്ധീകരിക്കുകയാണ് ഇവിടെ: 

Interview with pennuttiyamma a dalit woman in Kuttiady

'പഴേ കാലത്തെക്കുറിച്ച് അധികമൊന്നും പറയണ്ട!'

'പഴേ കാലത്തെക്കുറിച്ചെന്തിനാ അധികം പറയുന്നത്. അത് ഇനീം തിരിച്ചു കൊണ്ടുവരാനോ? വേണ്ട മോനെ, അതൊന്നും തിരിച്ചു വരേണ്ട. അത്ര കടുപ്പമാ അന്നൊക്കെ കാര്യങ്ങള്.'

ആശങ്കയുണ്ടായിരുന്നു പെണ്ണൂട്ടിയമ്മയ്ക്ക്. എന്തിനാ പഴങ്കഥകളൊക്കെ പൊടി തട്ടിയെടുക്കുന്നത്, പഴയ കാലം തിരിച്ചു കൊണ്ടു വരാനുള്ള വല്ല പരിപാടിയുമാണോ ഈ ചോദ്യവും ഉത്തരവും എന്നൊക്കെ.
പേടിക്കണ്ട, അതൊന്നും ഇനി തിരിച്ചു വരില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ ചിരിച്ചു. 'അല്ല, ഇനി വന്നാലും പ്രശ്‌നോന്നൂല്ല. അക്കളിയൊന്നും ഇനി നടക്കൂല്ല.'

വയസ്സു ചോദിച്ചപ്പോള്‍ 'ഒരു പത്തറുപതായിക്കാണും' എന്നായിരുന്നു മറുപടി.

അതുവിട്, അതൊക്കെ എന്നേ കഴിഞ്ഞെന്ന് പറഞ്ഞേപ്പോള്‍, എന്നാല്‍, ഒരു എണ്‍പതായിക്കാണും എന്നവര്‍ തിരുത്തി.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത തളീക്കര നടമുഖം വയലിലെ നടേമ്മല്‍ പെണ്ണൂട്ടി ദേശത്തെ മുന്തിയ വയല്‍പണിക്കാരിയാണ്. അടുത്ത കാലം വരെ അവരെ പണിക്ക് വിളിക്കാന്‍ ആളുകളെത്തുമായിരുന്നു. ഇപ്പോള്‍ വയസ്സൊക്കെ കുറച്ചായി. എങ്കിലും നല്ല ഉശിരും ഉണര്‍വും. കാര്യമായ അസുഖമൊന്നുമില്ല. വീട്ടുകാര്യങ്ങളുമായി ഇപ്പോഴും തിരക്ക്.

എങ്ങോട്ടുനോക്കിയാലും പച്ചകത്തുന്ന പാടങ്ങള്‍ മാത്രം കാണുന്നൊരോര്‍മയാണ് അവര്‍ക്ക് ജീവിതം. ഉടല്‍ തളരുംവരെ പാടത്ത് പണിയെടുത്തു. ജന്‍മിത്തവും പാര്‍ട്ടി ഭരണവും ഒക്കെ കണ്ടു. ഇപ്പോള്‍ വയലെല്ലാം കെട്ടിടമായി.

ഇല്ലാതായ വയലുകളെ കുറിച്ചും കൊണ്ട വെയിലിനെക്കുറിച്ചും ജാതിയെക്കുറിച്ചും പെണ്ണൂട്ടിയമ്മ പറയുന്നു:

എല്ലാരും വയലിലെ പണിക്കാര്. ഞാള് പൊലയികള്‍ക്കെല്ലാം അത് തന്നെയാ പണി.  

ഒരു ചായേം ചോറും കിട്ടും​
പണ്ടിവിടെ നിറയെ വയലായിരുന്നു. അതിന്റെ കരേലാണ് പുര. ഞാള് നാലാണും നാല് പെണ്ണുമാ. എല്ലാരും വയലിലെ പണിക്കാര്. ഞാള് പൊലയികള്‍ക്കെല്ലാം അത് തന്നെയാ പണി.  കൈതക്കുണ്ടയിലും വയലിന്റെ അടുത്തും ഒക്കെയാ അന്ന് പുര. ഏളേനെ (കിളി) പായിക്കാനാണ് വയലിന്റെ അടുത്ത് പാര്‍ക്കുന്നത്.

കല്യാണം നടന്നതൊന്നും ഓര്‍മയില്ല. പത്ത് പതിമൂന്ന് വയസ്സിലായിരിക്കണം അത്. ഭര്‍ത്താവ് കുങ്ക്വോന് കൈക്കോട്ട് പണിയായിരുന്നു. പുഴക്കക്കരെ തേക്കിന്‍ തോട്ടത്തിലാണ് മൂപ്പറെ പുര. കല്യാണം കഴിഞ്ഞ് അഞ്ച് കൊല്ലം കഴിഞ്ഞാ എന്റെ വയസ്സറീച്ചത്.

തീരെ ചെറുപ്പത്തിലേ ഞാന്‍ വയലിലെ പണിക്കിറങ്ങി. നെല്ലിയോട്ടുമ്മല്‍ ചീരു, കച്ചട്ടി ചാത്ത്വേട്ടന്റെ ഓള് ഇവരൊക്കെയാണ് പണി പഠിപ്പിച്ചത്. ഓലൊന്നും ഇന്നില്ല.

പുതിയ പറമ്പത്ത് അച്യുതന്നായരായിരുന്നു ജന്‍മി. അമ്മച്ചൂരുകാരുടെ വയലിലും പണിയെടുക്കും. രാവിലെ ആറ് മണിക്കിറങ്ങിയാല്‍ വൈകുന്നേരം ആറ് മണിക്ക് കയറും. ഒരു ചായേം ചോറും കിട്ടും. ചായക്ക് ചക്കയോ കപ്പയോ. ചോറിന് ചക്കക്കുരുവിന്റെ കറി.

നെല്ലിന്റെ കൊക്ക് മുളച്ചുവരും
മുണ്ടോന്‍, ചിറ്റേനി, മുത്തുപ്പട്ടള്‍ ഇതൊക്കെയാ അന്നത്തെ വിത്തുകള്. എല്ലാ കാലത്തും പണിയുണ്ടാവും. കന്നിയും മകരനും ആണ് പ്രധാനം.

മൂരിവെച്ചു കഴിഞ്ഞാല് കട്ട ഉടക്കാന്‍ ചെരിപ്പല വേണം. മൂരിക്കാരന്‍ അതിന്റെ മുകളില്‍കയറി നില്‍ക്കും. കട്ട തച്ചുപൊട്ടിക്കും. അതില് മുണ്ടോന്റെ വിത്ത് ബാളിക്കൊടുക്കും. വെള്ളമൊന്നും വേണ്ട. അത് പൊടിക്കും. നെല്ലിന്റെ കൊക്ക് മുളച്ചുവരും.

മഴക്കാലത്ത് പുഞ്ച ബാളുമ്പോള്‍ വിത്ത് ചാണക വെള്ളത്തില്‍ പോര്‍ത്തി വെക്കും. മൂന്ന് ദിവസം വാരിക്കെട്ടി എകരം വെക്കും. വേഗം പൊടിച്ചു വരാന്‍. പിറ്റേന്നത്തേക്ക് കള്ളി കള്ളിയായിട്ടുണ്ടാവും.

പിന്നെ എകരം ആവുമ്പോ പറിച്ചു നടണം. നല്ല മഴയായിരിക്കും. പനയുടെ പിരിയോല കൊണ്ട് മേല് മൊത്തം മൂടും. തീരെ നനയില്ല. നല്ല ചൂടുണ്ടാവും.
മുണ്ടോന് കതിര് മാത്രമേ വെട്ടിയെടുക്കൂ. എന്നിട്ട് കുടുക്കി കറ്റയാക്കും. പിന്നെയാ മെതി. ചോട് അരിഞ്ഞാണ് കൊണ്ടു വരിക. കറുത്ത ചിറ്റേനി ഒന്നിച്ചരിയും. അതിന വെളാല് എന്നു പറയും. മറ്റേതിന് കറ്റ എന്നും. 

മെതിക്കും മുമ്പ് മൂന്ന് കതിര് എടുത്ത് തലേല് വെച്ചു കൊണ്ടുപോവുന്ന ചടങ്ങുണ്ട്. പോവുംമുമ്പ് കുളിക്കണം. പിന്നെ കളത്തില്‍ വാഴത്തട കൊണ്ട് കളം പെരുക്കും. അത് ചെയ്യുക തീയമ്മാരാണ്.

കറ്റകള്‍ കൊണ്ടിട്ടാല്‍ ഓല കൊണ്ട് വെച്ചുകെട്ടും. മെതിച്ചു കഴിഞ്ഞാല് മുറത്തില് നെല്ലെടുക്കും. എന്നിട്ട് ചെരിയും. അപ്പുറത്തും ഇപ്പുറത്തും രണ്ട് പെണ്ണുങ്ങള് നില്‍ക്കും. ഓല മെടഞ്ഞുണ്ടാക്കുന്ന കിടില് കൊണ്ട് വീശണം. അന്നേരം തൂളിയും (പതിര്) നെല്ലും വെവ്വേറെയാവും. പുല്ലെല്ലാം കൂട്ടീട്ട് പുല്ലേരി വെക്കും. അതിന്റെ പണി വിഷമമാ. നല്ലോണം ചൊറിയും.

ജന്‍മിമാരെ പുരയില് പോയാലുംകയറാന്‍ പറ്റില്ല
പണി കഴിഞ്ഞ് പോവുമ്പോ ഇടങ്ങഴി നെല്ല് കിട്ടും. അത് തന്നെ പച്ച. പുഴുങ്ങിയെടുക്കണം. അതിന് ഇരുന്നാഴി അരി കിട്ടും. ചില ആള്‍ക്കാര് വരമ്പ്ന്ന് തന്നെ കൂലി തരും. ഇല്ലേല്, ജന്‍മിമാരെ പുരയില് പോവണം. പോയാലും അങ്ങോട്ട് കയറാന്‍ പറ്റില്ല. കണ്ടത്തില് തന്നെ നില്‍ക്കണം. അകത്ത് പോയാല് പൊലയാ.

കുറേ കഴിയുമ്പോള്‍ കൂലി കിട്ടും.  മറ്റ് വരുമാനമൊന്നുമില്ല. പണി ഇല്ലാത്ത നേരത്ത് കൈതോല മുറിച്ച് പായുണ്ടാക്കും. മുപ്പത്, അമ്പത് പൈസയൊക്കെ കിട്ടും ഒരു പായക്ക്. അന്നത് മതി. തേച്ചപ്പാടുണ്ടാവും. ഒരു കൊട്ട മീനിന് അന്ന് രണ്ട് പൈസയേ ഉള്ളൂ. അരപ്പലം, കാപ്പലം എന്നൊക്കെയാ തൂക്കം. ഒറ്റ ദിവസത്തേക്കുള്ള സാധനമേ വാങ്ങൂ. പിറ്റേന്നത്തേക്ക് ഉണ്ടാവില്ല.

കളത്തില്‍ പോയി മെതിച്ചാല്‍ ഏഴിന് ഒന്നാണ് കൂലി. ഏഴ് ഇടങ്ങഴി മെതിച്ചാല്‍ ഒരു ഇടങ്ങഴി. രാവിലെ മുതല്‍ വൈകിട്ട് വരെ പണി.

പണിയെടുക്കുമ്പോ, നായമ്മാര് വരമ്പത്ത് വന്ന് കുത്തിരിക്കും. പാട്ടു പാടാനൊക്കെ പറയും 

നായമ്മാരെ കൊറവാക്കാന്‍ ചില പാട്ടുണ്ട്​
അഞ്ചും പത്തും ആളുണ്ടാവും പണിക്ക്. എല്ലാ ജാതിക്കാരും. തമ്മാമ്മില് നല്ല ബന്ധം. പണിയെടുക്കാന്‍ മടുപ്പ് ഒന്നൂല്ല. തച്ചോളിപ്പാട്ടും പാടി അങ്ങനെ പോവും. മുന്‍പാട്ട് ഒരാള്‍ പാടും. ഒപ്പരമുള്ളവര്‍ ബയ്പ്പാട്ട് പാടും. പനച്ചിക്കുന്നുമ്മലെ പൊക്കി, പാറു ഇവരൊക്കെയാ അന്നത്തെ വല്യ പാട്ടുകാര്. കേട്ട് കേട്ട് പാട്ടൊക്കെ പഠിക്കും.

പണിയെടുക്കുമ്പോ, നായമ്മാര് വരമ്പത്ത് വന്ന് കുത്തിരിക്കും. പാട്ടു പാടാനൊക്കെ പറയും. എരച്ചം എന്നാ കാര്യസ്ഥമ്മാരെ അന്ന് പറയുക. ഒരു പണിയും എടുക്കാണ്ട് വെറുതെ വരമ്പത്ത് വന്ന് വര്‍ത്താനം പറയുന്ന നായമ്മാരെ കൊറവാക്കാന്‍ ചില പാട്ടുണ്ട്. ഞാളത് പാടും. 

വരമ്പത്തിരിക്ക്ന്ന നായരെ
കോണോത്തിന്റെ വാല്
എലി കടിച്ചോണ്ടോയി
ആളൊയക്കീച്ച നെല്ലെടുത്തിറ്റ്
ഒരു കോണോന്‍
മാങ്ങിച്ചോറോ'

പാട്ട് കുറേയുണ്ട്. കുറേ ഓര്‍മ്മേണ്ട്. ചിലതൊക്കെ മറന്നു. കോട്ടേലനന്തന്‍ എന്ന ആന കുറ്റ്യാടി മുക്കണ്ണന്‍ കുഴീല് മുങ്ങിപ്പോയ പാട്ടൊക്കെ എന്റെ എളേമ്മക്ക് അറിയാം.

വെള്ളം ചിരട്ടയിലാ തരിക. നമ്മക്ക് കണ്ടത്തില് വെച്ചു തരും. തീയമ്മാറ്ക്ക് കോലായയില്.

വിഷുവും ഓണവും ഇന്നത്തെ പോലെ വലിയ സംഗതിയൊന്നുമല്ല
വിഷുവും ഓണവും ഇന്നത്തെ പോലെ വലിയ സംഗതിയൊന്നുമല്ല. സ്വന്തം പുരയില് തിന്നാന്‍ ഒന്നും ഉണ്ടാവില്ല. പൈസ ഉണ്ടാവില്ല. പിന്നെ ഇന്നത്തെപോലെ കുപ്പായമില്ല. തോര്‍ത്തുമുണ്ടാ എല്ലാര്‍ക്കും.

ചോറിന്റെ നേരത്ത് ചെന്നാല്, ജന്‍മി ചോറ് തരും. കണ്ടത്തില് നിക്കണം. അവിടെ ഒരു കുഴികുഴിച്ചിട്ട് അതില് ഇല വെക്കും. ജന്‍മീന്റെ പണിക്കാര് അതില് ചോറ് ഇടും. നെറയെ വെള്ളമായിരിക്കും. ഇലയില്‍ ഒരു കുത്തു വെച്ചുകൊടുത്താല്‍ ആ ഓട്ടയിലൂടെ വെള്ളം പോവും. ചോറ് പിന്നെ വാരിത്തിന്നും.

വെള്ളം ചിരട്ടയിലാ തരിക. നമ്മക്ക് കണ്ടത്തില് വെച്ചു തരും. തീയമ്മാറ്ക്ക് കോലായയില്. നമ്മള് അങ്ങോട്ട് കയറിക്കൂട. അവരെ പായില് നമ്മക്ക് ഇരുന്നുകൂട. എന്നാല്, അത് കീറിപ്പോയാല് നമ്മളെ വിളിക്കും. നന്നാക്കിക്കൊടുക്കാന്‍. നന്നാക്കി കൊണ്ടു ചെന്നാലും അത് അങ്ങോട്ട് കയറ്റാനാവില്ല. കഴുകണം.

ഓണത്തിന് പുറപ്പാട് കൊണ്ടുപോവണം. ഏഴുറുപ്പിക. പായ. മുറം. വാഴക്കുല, നെയ്യ്. ഇതൊക്കെ ഉണ്ടാവണം. എവിടെന്നെങ്കിലും ഒപ്പിക്കണം. പായ കൊണ്ടുക്കൊട്ത്താല്‍ അതിനും കുറ്റം പറയും. നല്ല പായ ആണെങ്കിലും പറയും, എന്താ ഇത് വെല്ലപ്പായ പോലെ ഉണ്ടല്ലോ എന്ന്. മുറം ഉണ്ടാക്കിയാല് അതിനും കേള്‍ക്കേണ്ടിവരും. നല്ലത് പറയൂല്ല.

ഓണപ്പൊട്ടന്‍മാരൊന്നും ഞാളെ പുരയില് വരില്ല. നായമ്മാറെയും തീയമ്മാറെയും പുരയില് വരും. ഇപ്പോ അതൊക്കെ മാറി. ഞാളെ പുരയിലും വരും ഓണപ്പൊട്ടന്‍. പൈസ കിട്ടുമല്ലോ.

വൈശ്യറ് മുത്തപ്പനാ ഞാളെ ദൈവം. ആള്‍ മാറാട്ടത്തിന്റെ ആളാ മൂപ്പറ്.

അങ്ങനെയാ ഒതേനന്‍ ആള്‍മാറാട്ടം പഠിച്ചത്
അമ്പലത്തിലൊന്നും പോവുന്ന പരിപാടിയില്ല. ഞാളെ പൊരേല് ഞാള് കൂളി കെട്ടും. തുടി കൊട്ടും. കുരുത്തോല കൊണ്ട് തൊപ്പി വെച്ച്, ചുവന്ന പട്ടുടുത്ത് ആട കെട്ടിയാണ് കൂളി കെട്ടല്‍. മരിച്ച മുത്താച്ചിമാരുടെ ആത്മാവ് ആണത്. അന്ന് കള്ളും അപ്പത്തരവും വേണമെന്നാണ്. അതിനൊന്നും പൈസ ഉണ്ടാവൂല്ല. കായ ചുട്ടത് ഉണ്ടാക്കും. മറ്റ് ജാതിക്കാറൊന്നും കൂളിക്ക് വരില്ല.

വൈശ്യറ് മുത്തപ്പനാ ഞാളെ ദൈവം. ആള്‍ മാറാട്ടത്തിന്റെ ആളാ മൂപ്പറ്. പണ്ട് തച്ചോളി ഒതേനന്‍ വയലില്‍ കൂടി പോവുമ്പോള്‍ മുത്തപ്പനെ കണ്ട കഥയ്ണ്ട്.

മുന്നീന്ന് മാറാത്തത് കണ്ടപ്പോ ഒതേനന് ദേഷ്യം വന്ന്.

മുന്നിന്ന് മാറെടാന്ന് ഒതേനന്‍. ഇല്ലെന്ന് വൈശ്യറ് മുത്തപ്പന്‍.

എന്നാ കാണിച്ചുതരാന്ന് ഒതേനന്‍. ഒറ്റ വീശല്.

നോക്കുമ്പോ മുത്തപ്പന്‍ വേറെ സ്ഥലത്ത്.

ഒതേനന് ദേഷ്യം കൂടി. പിന്നേം വീശി. നോക്കുമ്പോ മുത്തപ്പന്ണ്ട് അപ്പുറത്ത്.

ഒതേനന് കാര്യം തിരിഞ്ഞു.ഒതേനന്‍ പറഞ്ഞു.

'ഇഞ്ഞി ആള്‍മാറാട്ടക്കാരനാല്ലേ.അതൊന്ന് എന്നേം പഠിപ്പിച്ചു തരണം'

മുത്തപ്പന് സാധുത്തരം തോന്നി. പഠിപ്പിച്ചു കൊടുത്തു.

അങ്ങനെയാ ഒതേനന്‍ ആള്‍മാറാട്ടം പഠിച്ചത്.

ഓല മുന്നില് അങ്ങനെ നടന്നാല് കാലക്കേടാ

അടിച്ചു വാരാനാ ഞാന്‍ ആകെ ആ മിറ്റത്ത് പോയത്
ചെരിപ്പൊന്നും ചവിട്ടി നായമ്മാറെയും നമ്പൂരീന്റെയും മുന്നില് പോയിക്കൂട. ഓല മുന്നില് അങ്ങനെ നടന്നാല് കാലക്കേടാ. പുതിയ മുണ്ടു കിട്ടിയാലും ഉടുത്തു കൂട. അത് പുകയത്ത് വെച്ച് കറുപ്പിക്കണം. എന്നാലേ ഉടുക്കാനാവൂ.

നമ്പൂരിമാര്ക്ക് നമ്മളെ അടിക്കാന്‍ പറ്റൂല, നായമ്മാര്‍ക്കും പറ്റൂല. തീയമ്മാറക്കൊണ്ടാണ് ഓല് അടിപ്പിക്കുക. അതിന്റെ അധികാരം തീയമ്മാറ് കാണിക്കും.

കാലം മാറിയ നേരം എന്റെ അമ്മാവന്‍ പഠിക്കാന്‍ പോയി. വേളത്ത് ഇസ്‌കൂളില്. അന്ന് ഓലെല്ലാം കൂടി എറിഞ്ഞ് പായിച്ചു.

പിന്നെ, മക്കള് വലുതായപ്പോ ഇസ്‌കൂളില് പോയി. മേലെ ജാതിക്കാര്ട കുട്ടികള് ഓലെ പന്ത് കളിക്കാന്‍ കൂട്ടും. പന്തിനുള്ളില് കല്ല് വെച്ചിട്ട് എറിയും.
ഞാന്‍ ഇസ്‌കൂളിന്റെ മുറ്റത്ത് കയറിയിട്ടില്ല. അതിനുള്ള ധൈര്യം ഇല്ല. പോയാല് ഓല് എറിഞ്ഞു പായിക്കും. അടിച്ചു വാരാനാ ഞാന്‍ ആകെ ആ മിറ്റത്ത് പോയത്.

പണ്ടേ കോങ്ക്‌റസ്സാ. ജന്‍മിമാര് പറഞ്ഞു തന്നത് അങ്ങനെയാ

കമ്യൂണിസ്റ്റകാരൊന്നും ഞാളെ അടുത്ത് വന്നിട്ടുമില്ല
ഞാളൊന്നും കമ്യൂണിസ്റ്റ് അല്ല. പണ്ടേ കോങ്ക്‌റസ്സാ. ജന്‍മിമാര് പറഞ്ഞു തന്നത് അങ്ങനെയാ. പിന്നെ, കമ്യൂണിസ്റ്റകാരൊന്നും ഞാളെ അടുത്ത് വന്നിട്ടുമില്ല. പണ്ട് വോട്ടിനൊക്കെ പോവുമ്പോ ജന്‍മി പറയും കോങ്ക്‌റസ്സിന് കുത്താന്‍. അന്ന് അരിയെല്ലാം കിട്ടും.

Follow Us:
Download App:
  • android
  • ios